ഓർമ്മക്കുറിപ്പുകൾ
ആമിർ അലനല്ലൂർ
നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് നാനാ ജാതി മത വിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഉണ്ട്. ഇവർക്കെല്ലാം അവരുടേതായ രീതിയിൽ ഉള്ള മതാചാര പ്രകാരമുള്ള ആഘോഷങ്ങളും ഉണ്ട്. ഇത് തന്നെയാണ് നമ്മുടെ ഇന്ത്യയുടെ സംസ്കാരത്തിന്റെ സവിശേഷതയും മനോഹാരിതയും.
മുസ്ലിം മത വിശ്വാസികളുടെ രണ്ട് സവിശേഷ ദിവസമാണ് ചെറിയ പെരുന്നാളും വലിയ പെരുന്നാളും. ഈ വിശേഷ ദിവസങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ വർഷങ്ങളായി പറ്റാത്ത ഒരുപാട് പ്രവാസികളുടെ കൂട്ടത്തിലെ ഒരു പ്രവാസിയാണ് ഞാനും. വർഷങ്ങൾ എന്ന് പറയുമ്പോൾ അത്ര കൂടുതലൊന്നും ആയിട്ടില്ല 4 വർഷം. പക്ഷെ എനിക്ക് ഈ 4 വർഷം ഒരുപാട് ഓർമകൾ നഷ്ടപ്പെട്ട പോലെയാണ് ഇതിലും കൂടുതൽ വർഷം പെരുന്നാൾ നാട്ടിൽ കൂടാത്ത സ്വന്തം കുടുബത്തോടൊപ്പം കൂടാൻ കഴിയാതെ സങ്കടം ഉള്ളിൽ ഒതുക്കി വീഡിയോ കാൾ വഴിയും ഫോൺ വഴിയും മാത്രം പെരുന്നാൾ ആഘോഷിക്കുന്ന പ്രവാസികൾ ഒരുപാട് ഉണ്ട്.
ഞാൻ ഇവിടെ ഗൾഫിൽ വന്നിട്ടാണ് പെരുന്നാൾ. ദിവസം പെരുന്നാൾ നിസ്കാരവും ഭക്ഷണവും നാട്ടിലേക്കുള്ള വിളിയും കഴിഞ്ഞു നാല് ചുമരുകൾക്കിടയിൽ ഉറങ്ങി തീർക്കുന്ന ഒരു കൂട്ടം ആളുകളെ കാണുന്നത്. ഒരോ പ്രവാസിയുടെയും തലയിണകൾക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ തലയിണകൾ പറയുമായിരുന്നു അവരുടെ സങ്കടങ്ങളും വിഷമങ്ങളും. കാരണം തലയിണകളായിരിക്കും അവരുടെ കണ്ണുനീർ കൂടുതലും തുടച്ചു നീക്കിയിട്ടുണ്ടായിരിക്കുക.
ഒരു 15 വർഷം മുൻപ് ജീവിച്ചിരുന്ന പ്രവാസികളെ താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുള്ള പ്രവാസി കൂടുതൽ ഭാഗ്യവാന്മാരാണ് എന്ന് പറയാം. പക്ഷെ കുടുബത്തോടൊപ്പം ഉള്ള പെരുന്നാൾ എന്നുള്ളത് വല്ലാത്ത ഒരു ആനന്ദം തന്നെയാണ്. എനിക്ക് ഏറ്റവും കൂടുതൽ നഷ്ട ബോധം തോന്നിയിട്ടുള്ളതും അത് തന്നെയാണ്.
ഇവിടെ ദുബായിൽ വന്നിട്ട് 6 പെരുന്നാൾ കഴിഞ്ഞു. ഓരോ പെരുന്നാൾ സുദിനം വരുമ്പോഴും മനസ്സിന്റെ ഉള്ളിൽ ഒരു നീറ്റലാണ്. 2 തവണ പെരുന്നാൾ നാട്ടിൽ കൂടാൻ ആഗ്രഹിച്ചു കഴിഞ്ഞ വർഷം ലീവ് പ്രശ്നമായി. ഈ വർഷം പെരുന്നാൾ കുടുംബത്തോടൊപ്പം കൂടാമെന്ന അടങ്ങാത്ത ആ ആഗ്രഹം കൊണ്ട് കമ്പനിയിൽ സംസാരിച്ച് നേരത്തെ ടിക്കറ്റ് എടുത്തു വെച്ചു പക്ഷെ covid എന്ന ദൈവത്തിന്റെ പരീക്ഷണത്തിന്റെ മുന്നിൽ ആ ആഗ്രഹവും ത്യജിക്കേണ്ടി വന്നു. വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ നല്ല വിഷമം ഉണ്ട്, പക്ഷെ നമ്മൾ ആഗ്രഹിക്കുന്നത് പോലെ അല്ലാലോ കാര്യങ്ങൾ. ഞാൻ എന്ന ഒരു വ്യക്തി മാത്രമല്ല പ്രയാസം അനുഭവിക്കുന്നത് ലോകത്തിന്റെ പല ഭാഗത്തുള്ളവർ പല രീതിയിലാണ് അനുഭവിക്കുന്നത്. ഈ സമയവും കടന്നു പോവും നല്ല ഒരു നാളേക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാം.
ഈ എഴുത്ത് ഒരോ പ്രവാസിക്കും സമർപ്പിക്കുന്നു പെരുന്നാൾ നാട്ടിൽ കുടുംബത്തോടൊപ്പം കൂടാൻ പറ്റാത്ത ഒരോ പ്രവാസിക്കും. അടുത്ത പെരുന്നാൾ എങ്കിലും കൂടാൻ കഴിയട്ടെ എന്ന് എല്ലാ പ്രവാസികൾക്കും. ആശംസിക്കുന്നു ഞാനും ആ പ്രതീക്ഷയിലാണ്. നമുക്ക് നല്ലതിനെ പ്രതീക്ഷിക്കാം. പ്രതീക്ഷയും ആഗ്രഹങ്ങളും സ്വപ്നങ്ങളും മാത്രമാണ് മുന്നോട്ടുള്ള ജീവിത യാത്രക്കുള്ള ഇന്ധനം.
സ്നേഹത്തോടെ
ആമിർ അലനല്ലൂർ