കായികം
റിയാസ് പുളിക്കൽ
നാല് ലോകകപ്പ് നേടിയ ഇറ്റലിയേയും, നാല് ലോകകപ്പ് നേടിയ ജർമ്മനിയെയും എല്ലാം ഞങ്ങൾക്കറിയാം. പക്ഷേ അഞ്ച് ലോകകപ്പ് നേടിയ, നാല് കോൺഫെഡറേഷൻ കപ്പ് നേടിയ, ഒമ്പത് കോപ്പ അമേരിക്ക നേടിയ ബ്രസീലിനെ നിങ്ങൾക്ക് വമ്പൻമാരായി കാണാൻ കഴിയുന്നില്ലെങ്കിൽ.. രണ്ട് ലോകകപ്പ് നേടിയ, ഒരു കോൺഫെഡറേഷൻ കപ്പ് നേടിയ, പതിനഞ്ച് കോപ്പ അമേരിക്ക നേടിയ അർജന്റീനയെ നിങ്ങൾക്ക് വമ്പൻമാരായി കാണാൻ കഴിയുന്നില്ലെങ്കിൽ.. രണ്ട് ലോകകപ്പ് നേടിയ, പതിനഞ്ച് കോപ്പ അമേരിക്ക നേടിയ ഉറുഗ്വേയെ നിങ്ങൾക്ക് വമ്പൻമാരായി കാണാൻ കഴിയുന്നില്ലെങ്കിൽ.. ഇറ്റലിയേയും ഇംഗ്ലണ്ടിനെയും ഒന്നും വമ്പൻമാരായി കാണാൻ ഞങ്ങൾക്കും സൗകര്യമില്ല.
ഞങ്ങൾ സ്നേഹിച്ചത് ഫുട്ബോളിനെയാണ്. അവിടെ യൂറോപ്യൻ ടീമുകൾ മാത്രം എലീറ്റുകളെന്നും ലാറ്റിനമേരിക്കൻ ടീമുകളെല്ലാം കണ്ടം കളിക്കാർ എന്നും വിഭാഗീയത കൊണ്ടുവന്നത് നിങ്ങളാണ്. ഇതുവരെ നടന്ന 21 ലോകകപ്പുകളിൽ ഒമ്പത് തവണ ലാറ്റിനമേരിക്കൻ ടീമുകളും, പന്ത്രണ്ട് തവണ യൂറോപ്യൻ ടീമുകളും ചാമ്പ്യൻമാരായി. 32 ടീമുകൾക്ക് മാത്രം യോഗ്യത നേടാൻ കഴിയുന്ന ലോകകപ്പിൽ 13 സ്ഥാനങ്ങൾ യൂറോപ്യൻ രാജ്യങ്ങൾക്ക് നൽകുമ്പോൾ വെറും നാല് സ്ഥാനങ്ങൾ മാത്രമാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് നൽകിയിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എന്നിട്ടും 21 ലോകകപ്പുകളിൽ ഒമ്പതെണ്ണം കടുത്ത ദാരിദ്ര്യത്തിൽ നിന്നും പന്തു തട്ടി വളർന്നു വന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങൾ നേടിയെങ്കിൽ അത് അവരുടെ പോരാട്ട മികവ് തന്നെയാണ്. അപ്പോഴും യുറോപ്പിലെ രാജ്യങ്ങളുടെ എണ്ണവും ഉയർത്തിക്കാണിച്ച് വരുന്ന എലീറ്റ് ആരാധകരോട് എനിക്ക് പറയാനുള്ളത്.. 54-ൽ പരം രാജ്യങ്ങളുള്ള ആഫ്രിക്കൻ വൻകരയ്ക്ക് വെറും അഞ്ച് സ്ഥാനങ്ങളും 49-ൽ പരം രാജ്യങ്ങളുള്ള ഏഷ്യൻ വൻകരയ്ക്ക് വെറും നാല് സ്ഥാനങ്ങളും മാത്രമാണ് ലോകകപ്പിൽ ഫിഫ അനുവദിച്ചിട്ടുള്ളത്.
ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ യോഹാൻ ക്രൈഫിനെയും ഫ്രാൻസ് ബെക്കൻബോവറെയും പൗലോ മാൽദീനിയെയും ഫെറങ്ക് പുഷ്കാസിനെയും സിദാനെയും മിഷേൽ പ്ലാറ്റിനിയെയും ബെക്കാമിനെയും ജിയാൻ ലൂയിജി ബഫണിനെയും ആന്ദ്രേ ഇനിയെസ്റ്റയെയും സാവിയെയും ഒലിവർ ഖാനെയും ഗെർഡ് മുള്ളറെയുമൊക്കെ ഞങ്ങൾ ഇഷ്ടപ്പെട്ടത് വൻകരയിലെ എലീറ്റിസം നോക്കിയായിരുന്നില്ല, അവർ കളിച്ച ഫുട്ബോളിലെ സൗന്ദര്യം കണ്ടായിരുന്നു. ഇപ്പോൾ ക്രിസ്റ്റിയാനോ റൊണാൾഡോയെയും റോബെർട്ടോ ലെവന്റോവ്സ്കിയെയും കീലിയൻ എംബാപ്പെയെയും സെർജിയോ റാമോസിനെയും ലൂക്കാ മോഡ്രിച്ചിനെയും ഹാരി കെയ്നെയും ക്രിസ്റ്റ്യൻ ബെയിലിനെയും കരീം ബെൻസേമയെയും ഏദൻ ഹസാർഡിനേയും ടോണി ക്രൂസിനെയും അന്റോണിയോ ഗ്രീസ്മാനെയുമൊക്കെ ഞങ്ങൾ ഇഷ്ടപ്പെടുന്നതും അതുകൊണ്ട് മാത്രമാണ്.
ഫുട്ബോളിന്റെ സൗന്ദര്യം മാറ്റി വെച്ച് രാഷ്ട്രീയം നോക്കിയോ അവരുടെ മുൻകാല ചരിത്രം നോക്കിയോ രാജ്യങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങിയാൽ ഇംഗ്ലണ്ടിനെയും പോർച്ചുഗലിനെയും സ്പെയ്നിനെയും ഇറ്റലിയേയും ഫ്രാൻസിനെയും ജർമ്മനിയെയുമൊക്കെ ഇഷ്ടപ്പെടാൻ ഒരാൾക്ക് എങ്ങനെ കഴിയും? ഫുട്ബോളിൽ എലീറ്റിസം ചാർത്താൻ ശ്രമിക്കുക ചിലരുടെ മനോഭാവത്തെ എനിക്ക് വിളിക്കാൻ തോന്നുന്നത് വർഗ്ഗീയതയെന്നോ വർണ്ണ വിവേചനമെന്നോ എന്നൊക്കെയാണ്. പോർച്ചുഗലിന്റെയും ഇംഗ്ലണ്ടിന്റെയും സ്പെയ്നിന്റെയുമൊക്കെ സാമ്രാജ്യത്വം ചവച്ചു തുപ്പിയ ദാരിദ്ര്യത്തിൽ ജനിച്ചു തെരുവിൽ കളിച്ചു വളർന്ന ലാറ്റിമേരിക്കൻ രാജ്യങ്ങൾ ലോക ഫുട്ബോളിലെ അതികായന്മാരാവുമ്പോൾ അവരോട് എനിക്കുള്ളത് ആരാധനയ്ക്കപ്പുറം ബഹുമാനമാണ്. അവരുടെ കളിയെ “കണ്ടം കളി” എന്ന് ആക്ഷേപിച്ച് അവരെ രണ്ടാം തരക്കാരായി കാണുന്നവരുടെയുള്ളിൽ എനിക്ക് കാണാൻ കഴിയുന്നത് പഴയ ആര്യ വംശ പാരമ്പര്യം വീമ്പു പറഞ്ഞു മറ്റുള്ളവരെ അടിയാളന്മാരായി കണ്ടിരുന്ന അതേ ഫാസിസ്റ്റ്-നാസിസ്റ്റ് വാദികളെ തന്നെയാണ്. അവർ ബാക്കി വെച്ച സാമ്രാജ്യത്ത്വത്തിന്റെ വിഴുപ്പ് ഭാണ്ഡങ്ങൾ മാത്രം.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.