ഈ മ യൗ: മരണത്തിന്റെ മൂർച്ചയുള്ള ദൃശ്യം

0
570

നിധിൻ. വി.എൻ

അങ്കമാലി ഡയറീസിനുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് “ഈ.മ.യൗ”. പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി റെക്കോർഡ് തീർത്ത സിനിമ, ദേശീയ പുരസ്കാര ജേതാവായ പി.എഫ്.മാത്യൂസിന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്. സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സംവിധായകനും, മികച്ച സഹനടിക്കും, സൗണ്ട് ഡിസൈനിങിനും അടക്കമുള്ള പുരസ്കാരങ്ങൾ നേടി ആരാധകരിൽ ആവേശമുണർത്തിയ “ഈ.മ.യൗ”, അസാമാന്യമായ കാഴ്ചാനുഭവം പകർന്നു നൽകുന്നു. പി.എഫ്.മാത്യൂസിന്റെ “ചാവുനിലം” എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ രചിച്ച സ്ക്രിപ്റ്റ്, കൊച്ചിയുടെ തീരപ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കൻ ജീവിതത്തെ അതിന്റെ എല്ലാവിധ കലക്കത്തോടെയും, തെളിച്ചത്തോടെയും പകർത്തിയിട്ടുണ്ട്.

“എടാ,നീ എന്റെ അപ്പന്റെ ശവമടക്ക് കണ്ടിട്ടുണ്ടോ?” മകൻ ഈശിയിലേക്ക് മദ്യമണമുള്ള വാവച്ചൻ ആശാരിയുടെ ചോദ്യമെത്തുന്നു. ” ആലവട്ടോം, വെഞ്ചാമരോം, ബാന്റ് മേളോം, മെത്രാനച്ചന്റെ ആശീർവാദോം…ഹോ…! ആ ശവമടക്ക് കണ്ടാൽ ആർക്കാണെങ്കിലും ഒന്നുമരിക്കാൻ പൂതി തോന്നും”. അങ്ങനെ മരിക്കാൻ പൂതി തോന്നിയൊരു അപ്പന്റെയും, അപ്പന്റെ ആഗ്രഹത്തിനു വേണ്ടി സഞ്ചരിക്കുന്ന മകന്റെയും കഥയാണ് “ഈ.മ.യൗ”.

ഇത് വെറുമൊരു ശവമടക്കിന്റെ കഥയല്ല. സാധാരണക്കാരനായ ഒരാളുടെ സ്വാഭാവികമെന്ന് തോന്നുമെങ്കിലും അസ്വാഭാവികമായ മരണത്തിൽ തുടങ്ങി, സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന മൂർച്ചയുള്ള ദൃശ്യമാണ്. ഒരസ്തമനത്തിൽ തുടങ്ങി, രാത്രിയിലെ മരണവും, പിറ്റേന്നത്തെ പകലുമാണ് “ഈ.മ.യൗ”വിന്റെ പശ്ചാത്തലം. ഇടയ്ക്കിടയ്ക്ക് വീട്ടിൽ നിന്നും പുറത്തുപോകുകയും കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം തുറയിലും വീട്ടിലും തിരിച്ചെത്തുന്ന വാവച്ചനാശാരിയുടെയും മകന്റെയും ആത്മബന്ധത്തെ ഭംഗിയായി വരച്ചിട്ട ചിത്രത്തിൽ, വാവച്ചനാശാരിയായി കൈനക്കരി തങ്കരാജും, മകൻ ഈശിയായി ചെമ്പൻ വിനോദും തകർത്തു.

മെമ്പർ അയ്യപ്പനായി വിനായകനും, വികാരിയച്ചനായി ദിലീഷ് പോത്തനും, പെണ്ണമ്മയായി പൗളി വിത്സണും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. മുറുകിയും അയഞ്ഞും, വീണ്ടും മുറുകിയും സങ്കടങ്ങളുടെ, പരിഹാസത്തിന്റെ, വാശിയുടെ മേള പെരുക്കമായി തീരുകയാണ് “ഈ.മ.യൗ”. സിറ്റി ഓഫ് ഗോഡ് എന്ന നോൺലീനിയർ സിനിമയൊരുക്കിയ ലിജോ ഏറ്റവും ലീനിയറായി ഒരുക്കിയ ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളാണ് ഷൈജു ഖാലിദിന്റെ ക്യാമറാവർക്ക്, പ്രശാന്ത് പിള്ളയുടെ ബിജിഎം, ദീപു ജോസഫിന്റെ എഡിറ്റിംഗ് തുടങ്ങിയവ.

ലൈറ്റിംഗ് ഉപയോഗിക്കാതെയുള്ള ലോങ്ങ് ഷോട്ട് ദൃശ്യങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ ടെക്നിക്കൽ ബ്രില്യൻസ് വിളിച്ചു പറയുന്നുണ്ട്. മനുഷ്യനും പ്രകൃതിയും ഒരു പോലെ കഥാപാത്രങ്ങളാകുന്ന, ഓരോ കഥാപാത്രവും സ്വയമോരോ നായകരാകും വിധം സവിശേഷ സ്വഭാവമുള്ള ചിത്രമാണ് “ഈ.മ.യൗ”. 2 മണിക്കൂറുള്ള സിനിമയുടെ അവസാന മുപ്പതു മിനിറ്റിൽ ചെമ്പൻ വിനോദ് തീർക്കുന്ന വിസ്മയത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അത്രമേൽ ഭംഗിയായി മകന്റെ നിസ്സഹായത അവതരിപ്പിക്കുന്നു.

നിസ്സഹായനായ മകന്റെ നിസ്സഹായനായ കൂട്ടുകാരനായി വിനായകൻ ‘we’-നായകനാണെന്ന് ഉറപ്പിക്കുന്നുണ്ട്. സിനിമയല്ല, തീരപ്രദേശത്തെ ഒരു മരണവീട്ടില്ലെന്ന വിധം അനുഭവവേദ്യമാകുന്നുണ്ട് “ഈ.മ.യൗ”. മരണം, മരിച്ചവന്റെ വീട്ടുകാരിലും ചുരുക്കം ചിലരിലും സങ്കടങ്ങളായി മാറുമ്പോൾ മറ്റുള്ളവരിൽ എന്തനുഭവമാണ് ഉളവാക്കുന്നതെന്ന് “ഈ.മ.യൗ” വെളിവാക്കുന്നു. മരണത്തിന്റെ ഈ വിചിത്രസ്വഭാവത്തെ ലൈവല്ലാത്തതും വിരസമായതുമായ നേരങ്ങൾ ഒട്ടും തന്നെയില്ലാത്ത വിധത്തിൽ ഒരുക്കിയെടുത്ത ജീവിതം തിയ്യറ്ററിൽ നിന്നുതന്നെ കാണുന്നതായിരിക്കും ഉചിതം.

LEAVE A REPLY

Please enter your comment!
Please enter your name here