Editor’s View
Two roads diverged in a wood and
I took the one less traveled by,
And thet has made all the difference
അമേരിക്കന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ഈ വരികള്‍ വിഎസ് അച്യുതാനന്ദന്റെ ജീവിതത്തിന് ആമുഖമാക്കാവുന്നതാണ്. അത്രമേല്‍ വിഎസിന്റെ യാത്രകളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ വരികള്‍. ആധുനിക കേരളചരിത്രത്തിനൊപ്പം നടന്ന വിഎസ് എക്കാലത്തും രാഷ്ട്രീയധാര്‍മികത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു. ആധുനിക കേരളത്തെ സംബന്ധിച്ച് സാര്‍വ്വലൗകികതയുടെ കൊടിയുയര്‍ത്തിയ കമ്മ്യൂണിസ്റ്റുകാരനായിരുന്നു വിഎസ്. അദ്ദേഹം ഒരിക്കലും കോര്‍പറേറ്റുകളുടെ ആജ്ഞാനുവര്‍ത്തിയായിരുന്നില്ല. തന്റേതായ വഴിയിലൂടെ നടന്ന കലാപകാരിയായിരുന്നു. വ്യവസ്ഥിതികളോട് നിരന്തരം കലഹിച്ച് മുന്നേറിയ ആ വിപ്ലവ നക്ഷത്രത്തിന് നൂറ് വയസ്സ് തികഞ്ഞിരിക്കുകയാണ്.
1964-ല്‍ സി.പി.ഐ കേന്ദ്ര സമിതി സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എമ്മിന് രൂപം നല്‍കിയ 32 പേരില്‍ ഇന്നിപ്പോള്‍ വി.എസും തമിഴ്‌നാട്ടുകാരന്‍ എന്‍. ശങ്കരയ്യയുമാണ് ജീവിച്ചിരിക്കുന്നത്. 102 കാരനായ ശങ്കരയ്യ ഇപ്പോള്‍ ചെന്നൈയില്‍ വിശ്രമജീവിതത്തിലാണ്. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ അധികാരവിഭാഗീയമത്സരത്തിന്റെ ഒരു പക്ഷത്തെ നയിച്ച വ്യക്തി എന്ന നിലയില്‍ രാഷ്ട്രീയരംഗത്ത് വിഎസിന് സിവശേഷ സ്ഥാനമുണ്ട്. അഴിമതി, ചങ്ങാത്ത മുതലാളിത്തത്തിനോടും മത-ജാതിശക്തികളോടുമുള്ള അനുരഞ്ജനത്തിന് അദ്ദേഹം തയ്യാറായില്ല. ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും വിഎസിനെ പാര്‍ട്ടിയിലേക്കും സര്‍ക്കാരിലേയും തിരുത്തല്‍ ശക്തിയാക്കി. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലായ്മ പാര്‍ട്ടിക്കുള്ളില്‍ പോലും എതിരാളികളെ സൃഷ്ടിച്ചെങ്കിലും വിഎസ് എന്ന രണ്ടക്ഷരം ജനങ്ങളുടെ ഹൃദയത്തിലേക്കാഴ്ന്നിറങ്ങുകയായിരുന്നു.
മുഖ്യമന്ത്രി പദത്തിലേക്ക്
1965 മുതല്‍ 2016വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വിഎസ് അച്യുതാനന്ദന്‍ വിജയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല. പലപ്പോഴും പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയോ വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്തു എന്നതിനാലാണ് അത്. 1967 ലെ തിരഞ്ഞെടുപ്പില്‍ അമ്പലുപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ. അച്യുതനെ പരാജയപ്പെടുത്തി അദ്ദേഹം ആദ്യമായി നിയമസഭയിലെത്തി. 2006ല്‍ മലമ്പുഴയില്‍നിന്ന് 20,017 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിഎസ് അച്യുതാനന്ദന്‍ കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി. 2016ല്‍ പാര്‍ട്ടിയെ തോളിലേറ്റി വിജയിച്ചെങ്കിലും മുഖ്യമന്ത്രി പദത്തിലേക്കുള്ള രണ്ടാമൂഴത്തിന് പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചില്ല.
വിവാദങ്ങളുടെ തോഴന്‍
പാര്‍ട്ടിക്കുള്ളിലും പുറത്തും സഖാവ് റിബലായിരുന്നു. മറ്റു നേതാക്കന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സമാനതകളില്ലാത്ത പാര്‍ട്ടി നടപടികള്‍ക്ക് വിഎസ് വിധേയനായിട്ടുണ്ട്. 1964ലാണ് അദ്ദേഹം ആദ്യമായി അച്ചടക്ക നടപടിക്ക് വിധേയനാകുന്നത്. അക്കാലത്ത് ചൈനീസ് ചാരനെന്ന പേരില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനിന്നതായിരുന്നു ഈ ജയില്‍ വാസം. ഈ കാലഘട്ടത്തില്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന ജവാന്മാര്‍ക്ക് രക്തം ദാനം ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് ജയിലിനുള്ളിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷത്തിനിടയാക്കി. ജയില്‍ മോചിതനായ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തി.
1998ല്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലെ വെട്ടിനിരത്തലിന്റെ പേരിലായിരുന്നു രണ്ടാമത്തെ നടപടി. പാര്‍ട്ടിയിലെ വിരുദ്ധ പക്ഷക്കാരോട് വിഎസ് കാണിക്കുന്ന ശത്രുതാ മനോഭാവം ഉപേക്ഷിക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. സിപിഎമ്മിലെ വിഭാഗീയതയുടെ പേരില്‍ 2007 മെയ് 26ന് വിഎസിനെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതാണ് അടുത്ത നടപടി. അന്ന് വിഎസിനൊപ്പം പിണറായി വിജയനും ഇതേ നടപടിക്ക് വിധേയനായി. ലാവ്‌ലിന്‍ വിഷയത്തില്‍ പരസ്പരം വാക്‌പോര് നടത്തിയതിന്റെ പേരിലായിരുന്നു നടപടി. 2007 ഒക്ടോബറില്‍ തിരിച്ചെടുത്തെങ്കിലും സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചെന്ന് ആരോപിച്ച് 2009 ജൂലായ് 13ന് വിഎസിനെ വീണ്ടും പിബിക്ക് പുറത്താക്കി. അക്കാലയളവില്‍ വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ എഡിബിയില്‍ നിന്ന് വായ്പയെടുക്കുന്നതിനെതിരേ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിലായിരുന്നു നടപടി. ടിപി ചന്ദ്രശേഖരന്റെ വധക്കേസില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരേ പറഞ്ഞതിന് പാര്‍ട്ടി ശാസന നേരിട്ടതായിരുന്നു അവസാന നടപടി.
പരാജയങ്ങളില്‍ നിന്നുയര്‍ത്തെഴുന്നേറ്റ വിപ്ലവ നക്ഷത്രം
പരാജയങ്ങള്‍ ഭക്ഷിച്ച മനുഷ്യന്‍ എന്നാണ് എംഎന്‍ വിജയന്‍ വി.എസ് അച്യുതാനന്ദനെക്കുറിച്ച് പറഞ്ഞത്. ജീവിതം വരച്ചിട്ട ദുഃഖങ്ങളുടെ കനലില്‍ ചവിട്ടിനടന്നാണ് വിഎസ് കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യനായി ജ്വലിച്ച് നിന്നത്. ചെറുപ്പം മുതല്‍ ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമെല്ലാം കൂടെയുണ്ടായിരുന്ന വിഎസിന് തന്റെ നാലാം വയസ്സിലാണ് അമ്മയെ നഷ്ടമായത്. വസൂരി വന്നായിരുന്നു അമ്മയുടെ മരണം. അന്ന് വസൂരിക്ക് ചികിത്സയില്ല. വസൂരി ബാധിതരെ ഒരു കുടിലേക്ക് മാറ്റും. അവിടെ കിടന്നാണ് വസൂരി വന്നവര്‍ മരിക്കുക. ഒരു തോടിനപ്പുറത്തുള്ള കുടിലില്‍ തനിച്ചു കഴിയുന്ന അമ്മ ജനല്‍ പഴുതിലൂടെ ഇങ്ങേക്കരയില്‍ നില്‍ക്കുന്ന തന്നെ ഉറ്റുനോക്കാറുണ്ടായിരുന്നതിനെക്കുറിച്ച് വി.എസ് എഴുതിയിട്ടുണ്ട്. വിഎസിനെ എക്കാലത്തും പിന്തുടര്‍ന്ന ഓര്‍മ്മയായിരുന്നു അത്.

പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതോടെ വിഎസിന് പഠനം അവസാനിപ്പിച്ച് ജ്യേഷ്ഠന്‍ ഗംഗാധരന്റെ തയ്യല്‍ക്കടയില്‍ സഹായിയാകേണ്ടിവന്നു. പിന്നീട് ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായ വിഎസ് 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. 1940ല്‍ പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പുന്നപ്ര വയലാര്‍ സമരത്തിന്റെ ഭാഗമായി 1946 ഒക്ടോബര്‍ 28ന് പോലീസിന്റെ പിടിയിലാവുകയും പൂഞ്ഞാര്‍ ലോക്കപ്പില്‍വച്ച് കൊടിയ മര്‍ദനത്തിന് ഇരയാവുകയും ചെയ്തു. പൊലീസ് തോക്കിന്റെ ബയണറ്റ് അദ്ദേഹത്തിന്റെ കാല്‍വെള്ളയില്‍ തുളച്ചിറക്കി. കാലുകള്‍ ജയിലഴികള്‍ക്കിടയില്‍ കെട്ടിവെച്ചു കാല്‍പാദങ്ങള്‍ തല്ലിപ്പൊളിച്ചു. വിഎസ് മരിച്ചെന്ന് കരുതിയ പോലീസുകാര്‍ അദ്ദേഹത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പുന്നപ്ര വയലാര്‍ സമരത്തിന്റെ പേരില്‍ വിഎസ് മൂന്നുവര്‍ഷം ശിക്ഷിക്കപ്പെട്ടു. പിന്നീട് 1963ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ട ജയില്‍വാസത്തിന് വിധേയനായി. 1975ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം അനുഭവിച്ചു. അങ്ങനെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വിഎസ് അഞ്ചുവര്‍ഷവും എട്ടുമാസവും ജയില്‍ജീവിതവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്.
വിഎസ് എന്നും ശരിയുടെ പക്ഷത്താണെന്ന് സാധാരണകാര്‍ വിശ്വസിക്കുന്നു. തന്റെ ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ രാഷ്ട്രീയ ജാഗ്രതയുടെ ഭാഗമായാണ് ഇത്തരമൊരു വിശ്വാസം ആളുകളിലുടലെടുത്തത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല