മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

0
111

Editor’s View

കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ വാസതവത്തെക്കുറിച്ച് വലിയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഈ വിഷയത്തില്‍ നിയമസഭയില്‍ കടുത്ത വാക്‌പോര് നടന്നതോടെയാണ് മദ്യപാനത്തെക്കുറിച്ചും മദ്യവരുമാനത്തെക്കുറിച്ചും ഉള്ള സത്യകഥ കുറച്ചുപേര്‍ക്കെങ്കിലും ബോധ്യമായത്. നിയമസഭയില്‍ അവതരിപ്പിച്ച കാര്യങ്ങള്‍ രേഖകളായി മാറുമെന്നതിനാല്‍ മന്ത്രി നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാപരമാണ്.

മഗ്നിറ്റൂട്ട് ഓഫ് സബ്സ്റ്റന്‍സ് യൂസ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണ് എക്‌സൈസ് വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ കണക്കുകള്‍ അവതരിപ്പിച്ചത്. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അുസരിച്ച് മദ്യ ഉപയോഗത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം ഛത്തിസ്ഡഢാണ്. 35.6 ശതമാനമാണ് മദ്യ ഉപയോഗത്തിന്റെ നിരക്ക്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ത്രിപുര, ഗോവ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളാണ് ഉള്ളത്. മദ്യം കഴിക്കുന്ന പുരുഷന്മാരുടെ മാത്രം കണക്കെടുത്താല്‍ അതില്‍ മുന്നില്‍ ത്രിപുരയും രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ ഛത്തിസ്ഡഢും അരുണാചല്‍പ്രദേശുമാണ്. കണക്കുകള്‍ പ്രകാരം കേരളത്തിന്റെ മദ്യ ഉപയോഗം ആകെ 12.4 ശതമാനമാണ്. പിന്നെ എങ്ങനെയാണ് മദ്യ ഉപയോഗത്തിന്റെയും മദ്യവരുമാനത്തിന്റെയും കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന പ്രചാരണത്തിന് ഇത്ര പ്രചാരം ലഭിച്ചത്?

മദ്യ ഉപഭോഗത്തിന്റെ ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് കേരളത്തിന്റെ മദ്യ ഉപയോഗം. ദേശീയ ശരാശരി 14.6 ശതമാനമാണെന്ന് ഓര്‍ക്കുക. രാജ്യത്തെ ആകെ പുരുഷന്മാരുടെ 27.3 ശതമാനവും മദ്യം കഴിക്കുന്നവരാണെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റ് ലഹരികളുടെ കാര്യമെടുത്താല്‍ ഒന്നാം സ്ഥാനത്തുള്ളത് സിക്കിം (7.3 ശതമാനം) ആണ്. നാഗാലാന്‍ഡ്, ഒറീസ, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. കഞ്ചാവ്, ഛരസ്സ്, ഭാംഗ് തുടങ്ങിയ വിവിധങ്ങളായ ലഹരി ഉല്പന്ന ഉപയോഗത്തിന്റെ ദേശീയ ശരാശരി 1.2 ശതമാനമാണെന്നും കേരളത്തില്‍ ഇത്തരം ലഹരികളുടെ ഉപയോഗം 0.1 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യം, ലഹരി എന്നിവയുടെ ഉപയോഗത്തില്‍ രാജ്യത്തെ മറ്റഉ സംസ്ഥനങ്ങളേക്കാള്‍ പുറകിലാണ് കേരളമെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. പിന്നെ എങ്ങനെയാണ് ഇത്തരം പ്രചാരണങ്ങള്‍ ശക്തമായത്? മറ്റൊരു പ്രധാന വസ്തുത എന്താണെന്നുവെച്ചാല്‍, കേരളത്തിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ മദ്യ വില്‍പനയില്‍ 8.1 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ്. 2011-16 കാലത്ത് കേരളത്തിലുണ്ടായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്പ 1149 ലക്ഷം കെയ്‌സ് ആണെങ്കില്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 1036 ലക്ഷം കെയ്‌സായി കുറഞ്ഞു. 113 ലക്ഷം കെയ്‌സിന്റെ കുറവാണ് വില്‍പനയില്‍ സംഭവിച്ചിരിക്കുന്നത്.

കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പന്നത്തിന്റെ 0.3 ശതമാനമാണ് മദ്യവില്‍പനയില്‍ നിന്നും ലഭിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഇത് 2.4 ശതമാനമാണ്. പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലും എക്‌സൈസ് വരുമാനം കേരളത്തേക്കാള്‍ കൂടുതലാണ്. എക്‌സൈസ് നികുതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ 23-ാം സ്ഥാനമാണ് കേരളത്തിന്. കേരളത്തിന്റെ ആകെ റവന്യു വരുമാനത്തിന്റെ 13.4 ശതമാനമാണ് മദ്യത്തില്‍ നിന്ന് ലഭിക്കുന്നത്. യൂഡിഎഫ് ഭരിച്ചിരുന്ന കാലത്ത് ഇത് 18.21 ശതമാനമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാറിന്റെ പ്രധാന വരുമാനം മദ്യവും ലോട്ടറിയും മാത്രമാണെന്ന ധാരണ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് എം ബി രാജേഷ് ഈ കണക്കുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുമ്പോള്‍ വസ്തുതകളെന്താണെന്ന് പരിശോധിക്കുന്നത് നല്ലതാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here