(ഇടവഴിയിലെ കാല്‍പ്പാടുകള്‍)
സുബൈര്‍സിന്ദഗി പാവിട്ടപ്പുറം
ഏറെ കാലത്തെ മയമദ്‌ന്റെ പൂത്യായിരുന്നു പേര്‍സക്ക് പോണംന്ന്. കുറെ കാലം നാട്ടുപണിക്കൊക്കെ പോയി മയമദ് കാലങ്ങളങ്ങനെ നീക്കി. കുടുംബ പ്രാരാബ്ദം താങ്ങാതെ വന്നപ്പോള്‍ മയമദ് ഉള്ളിലെ പൂതി കാണുന്നോരോടൊക്കെ പറയാന്‍ തൊടങ്ങി.
ചേലോലൊക്കെ ‘ജ്ജ്യന്റെ പാസ്‌പോര്‍ട് കോപ്പി കൊണ്ടാ…. നോക്കട്ടെ’യെന്ന് പറഞ്ഞു. ചെലെ ആള്‍ക്കാര് പറഞ്ഞു; ‘അനക്ക് വയസ്സിമ്മിണി ആയില്ലേ? ഞ്ഞെവുടുക്ക വിസ? ള്ള പണിം കൊണ്ട് നാട്ടീ കൂടാന്‍ നോക്ക്’ എന്ന് ഉപദേശിച്ചു.
വിസ നോക്കീട്ടും നോക്കാണ്ടും കാലങ്ങളങ്ങനെ പോയി. ഇതിന്റെടക്ക് ഒരു സ്ഥിരം പണിന്നുള്ള ആഗ്രഹം അയാളെ മരമില്ലിലെ പണിക്കാരനാക്കി.
അടക്കാന്‍ പറ്റാത്ത സന്തോഷം കൊണ്ട് മയമദ് പടച്ചോനോട് നന്ദിയും പറഞ്ഞു. ജോലി വാങ്ങി കൊടുത്തോന്‍ക്ക് ഒരു ചായിം പഴം പൊരീം വാങ്ങി കൊടുത്തു. അയിന്റെ പൈസീം മയമദ്‌ന്റെ പൈസീം കൂടെ ഓനൊക്കൊണ്ടെന്നേ കൊടുപ്പിച്ചു. കറ പരന്ന പല്ല് കൊണ്ട് നല്ലൊരു ചിരീം ചിരിച്ചു നാളെ മരമില്ലീന്ന് കാണാന്നും പറഞ്ഞു പിരിഞ്ഞു.
മര മില്ലിലെ പണിക്കിടയിലും പേര്‍സക്ക് പോകാന്‍ അയാള്‍ ആഗ്രഹിച്ചു. പേര്‍സക്ക് പോയാല്‍ തന്റെ ജീവിതം മെച്ചപ്പെടുമെന്ന് അയാള്‍ സ്വപനം കണ്ടു. ലീവിന് നാട്ടിലെത്തുന്നവര്‍ക്കും, പ്രവാസ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് കാലെടുത്ത് വെക്കുന്നവര്‍ക്കും മയമദ് പാസ്‌പോര്‍ട്ട് കോപ്പി കൊടുത്തുകൊണ്ടേയിരുന്നു. കാരണം, ജീവിതം മികച്ചതാക്കണമെന്ന ചിന്തയായിരുന്നു അയാളിലെപ്പോഴും.
ഒരു ദിവസം മയമദ് മില്ലിലേക്കെത്തിയത് അത്യാഹ്ലദത്തോടെയാണ്. തുള്ളിച്ചാടണം എന്ന് മൂപ്പര്‍ക്ക് നല്ല പൂതി തോന്നി. എന്നിട്ടും അയാള്‍ അടങ്ങി ഒതുങ്ങി നിന്നു. മമ്മദ് മുതലാളിയോട് പറഞ്ഞു ‘ക്ക് വിസ കിട്ടി. പെട്ടന്ന് തന്നെ പോകും’.
‘പടച്ചോന്‍ അനുഗ്രഹിക്കട്ടെ’ മുതലാളി പ്രാര്‍ത്ഥിച്ചു.
ദുആ കേട്ടോലും മയമദും ആമീന്‍ എന്ന് നീട്ടി പറഞ്ഞു. മയമദേ ജ്ജ്യെന്നാപോണ്ന്ന്ട്ട്’ എന്ന കൂട്ടത്തിലുള്ള ഒരാളുടെ ചോദ്യത്തിന് ‘ഞാന്‍ പോണേന്റെ തലേസം വരെ ബടെ പണിക്ക്ണ്ടാവും’ എന്ന് മറുപടീം കൊടുത്തു.
മയമദിന്റെ യാത്രക്ക് ഒരുക്കങ്ങളായി. വിസ കൊടുത്ത കൂട്ടുകാരന്റെ ഒരു ഉപദേശം വന്നു,
‘മയമദേ ജ്ജി വരുമ്പോ അറബിക്കൊരു ചക്ക കൊണ്ടേരെണ്ട്. അറബി വീട്ടിലാണ് പണി, ഞമ്മടെ അറബി ചക്ക ഇത് വരെ തിന്ന്ട്ട്ല്ല’. മയമദ്‌ന് ഇത് കേട്ടപ്പോ വല്ലാത്ത സന്തോഷം കാരണം അറബി വീട്ടിലേക്കാണ് വിസ, കേറി ചെല്ലുമ്പോ തന്നെ അറബി ഇന്ന് വരെ തിന്നാത്ത ചക്ക സമ്മാനമായിട്ട് കൊടുക്കാന്‍ പറ്റും. മൂപ്പര്‍ക്കാണെങ്കി അതൊരു സന്തോഷം കൂട്യാവും.
ഞമ്മടെ നാട്ടിലാണെങ്കില്‍ ഇത് കണ്ടമാനം കിട്ടാനുണ്ട്. അങ്ങനെ ചൊവ്വാഴ്ച മയമദ് പേര്‍സക്ക് പോകും. തിങ്കളാഴ്ച വരീം പണിക്ക് പോയി. പണി സ്ഥലത്തുള്ള കൂട്ടുകാരന്‍ നല്ലൊരു ചക്ക നിലം തൊടാതെ മണ്ണും പൊടീം ആവാതെ മയമദ്‌ന്റെ പൊരേലെത്തിച്ചു. മയമദ് അതിന്റെ മുള്ളൊക്കെ ചെത്തി വൃത്തിയാക്കി പാക്ക് ചെയ്തു. പിറ്റേന്ന് സ്വപ്ന ഭൂമികയിലേക്ക് പറന്നുയര്‍ന്നു.
മയമദ്‌ന്റെ സ്വപ്നം പൂവണിഞ്ഞ സന്തോഷം കൂട്ടുകാര്‍ ചര്‍ച്ചയാക്കി, വീട്ടുകാര്‍ ആഹ്ലാദത്തിലായി, നാട്ടുകാരും സന്തോഷിച്ചു. ‘ഓന്‍ നയിച്ച് പരിചയള്ളോനാണ.് എല്ലാരിമ്പോലെ ആവൂല’ എന്ന രീതിയിലുള്ള അഭിപ്രായങ്ങളൊക്കെ സജീവമായി.
കറക്റ്റ് ഒരാഴ്ച. പിറ്റേ തിങ്കളാഴ്ച കാലത്ത് കയ്യില്‍ ഒരു കവറില്‍ ചോറ് പാത്രവുമായി മര മില്ലിലേക്ക് പോകുന്ന മയമദിനെ കണ്ട ആളുകള്‍ അമ്പരന്ന് മൂക്കത്തും, തലയിലും വായിലും, കടയുടെ തൂണിലും പിന്നെ എവിടെയൊക്കെയോ കൈ വെച്ച് അന്താളിച്ചു നില്‍പായി.
മരമില്ലിലേക്ക് അതിരാവിലെ വരുന്ന മയമദിനെ കണ്ടു ആദ്യമായി അന്ന് പണിക്കാരും മുതലാളിയും എഴുനേറ്റ് നിന്നു. മയമദ് ഞെട്ടിയില്ല കാരണം പണിയായിരുന്നു മെയിന്‍.
‘ഇക്ക ക്ക് ന്ന് മുതല്‍ക്ക് പണിക്ക് കേറണം’ മയ്മദ് പറഞ്ഞു.
വാ തുറന്ന് പിടിച്ചു നിന്ന മുതലാളി പെട്ടന്ന് ചോയിച്ചു; ‘മയമദേ കയിഞ്ഞ തിങ്കളാഴ്ച പണി നിര്‍ത്തി പേര്‍സക്ക് പോയതല്ലേ ജ്ജ്, അതും അറബിക്ക് ഇഷ്ടപ്പെട്ട ചക്കയുമായി? എന്തായാലും ഇബ്ടുത്തെ കടുപ്പള്ള പണ്യോന്നും അറബിടെ പെരേലുണ്ടാവുല്ലല്ലോ? അനക്ക് നിന്നോടായിനോ?’
‘ചക്ക കാരണം അറബി വിസ കേന്‍സലാക്കി കാക്ക’.
‘പടച്ചോനെ ചക്ക കാരണോ?’ അതാരാ പറഞ്ഞത് ന്ന് മയമദിനറിയില്ല ന്നാലും മറുപടി പറഞ്ഞു.
അറബി ചക്ക ആദ്യമായി കണ്ട സന്തോഷം കൊണ്ട് തുള്ളി ചാടി. വിസ തന്നോന്‍ ചക്കടെ മഹിമ അറബീല്ങ്ങനെ വിളമ്പികൊടുത്തപ്പോ അറബിക്ക് അപ്പൊ തന്നെ മുറിക്കണം തിന്നണം. അറബിക്കുള്ള സന്തോഷം ഓനിക്ക് മലയാളത്തിലും വിശദീകരിച്ചു തന്നപ്പോ അറബി ഞ്ഞിന്നെ പിടിച്ചു അറബിടെ മാനേജറാക്കോന്നൊക്കെ ഞാനും പേടിച്ചു. ഞാന്‍ മുറിച്ചു കൊടുക്കാന്ന് പറഞ്ഞപ്പോ കൂടെള്ളോന്‍ പറഞ്ഞു അത് വേണ്ട മൂപര് മുറിക്കാ പറഞ്ഞു. ഞമ്മള് കയ്യോണ്ട് തൊട്ട്ട്ട് ഒരു മുഷിപ്പ് തോന്നണ്ട പറഞ്ഞു. ഞാനും കരുതി, അറബീടെ ള്ള സന്തോഷം കളയണ്ടന്ന്. ഞാന്‍ ന്റെ റൂമില്‍ക്കും പോയി.
ഡ്രസ്സ് മാറി കുളിച്ചു ഭക്ഷണം കഴിച്ചു. റൂമിലിങ്ങനെ ഇരിക്കുമ്പോണ്ട് രണ്ട് കയ്യിമ്മലും അറബിടെ നീളന്‍ കുപ്പായത്തിലും ആകെ വെളഞ്ഞീനൊണ്ട്. നാശ കോഷാക്കീട്ട് വന്ന്ക്ക്ണ്..
ക്കാണെങ്കി ഇത് കണ്ടപ്പോ ചിരിക്കാതിരിക്കാനും പറ്റീല്ല. അങ്ങനെ കൂടെ വന്നോന്‍ പറഞ്ഞു ഡ്രസ്സ് മാറിക്കോ ബാഗൊക്കെ എടുത്തേന്ന്.
താമസം വേറെ എവിടെങ്കിലും ആവുന്നു കരുതി ഞാനും ഒന്നും മുണ്ടാണ്ട് ഓന്റെ കൂടെ പോയി വേറൊരു കൂട്ടേരെന്റെ റൂമില്‍ കൊണ്ടാക്കി. ഓന്‍ പിന്നെ വന്നത് മിഞ്ഞാന്നാണ്. നാട്ടില്‍ വരാനുള്ള ടിക്കറ്റ് ണ്ടാര്‍ന്ന് കയ്യില്‍. അറബിടെ മേല് ചക്കടെ വെളഞ്ഞീനായതും ന്റെ ചിരീം മൂപ്പര്‍ക്ക് പറ്റീല്ല. അങ്ങനെ ചക്കടെ വെളഞ്ഞീന്‍ കാരണം ന്റെ വിസ പോയി. കേട്ടോര്‍ക്ക് ചിരിക്കണം എന്നുണ്ട്. മയമദ്‌ന്റെ മാനസികാവസ്ഥ മനസ്സിലാക്കി അപ്പോ ചിരിച്ചില്ല. മയമദ് മൂത്രോഴിക്കാന്‍ പോയ സമയത്തും, മയമദ്ല്ലാത്ത ചായക്കട അടക്കമുള്ള ഇടങ്ങളിക്കും ചക്കയും അറബിയും ചര്‍ച്ചയായി പൊട്ടി ചിരികള്‍ ഉയര്‍ന്നു.
മയമദ് ഇടക്കിതോര്‍ത്ത് അടക്കി ചിരിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല