ഡിസ്‌ലെക്‌സിക്ക് ആയ ഒരു കുട്ടിക്ക്, ഈ ലോകം എങ്ങനെ അനുഭവപ്പെടുക എന്നറിയാമോ?

0
363

രമേഷ് പെരുമ്പിലാവ്

2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ‘താരെ സമീൻ പർ’ ആമിർ ഖാൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ ഭാര്യയായ ദീപാ ഭാട്ട്യയും ചേർന്നാണ് രൂപവത്കരിച്ചത്.

എട്ട് വയസ്സായ ഇഷാൻ (ദർശീൽ സഫാരി) എന്ന കുട്ടി ഡിസ്ലെക്സിയ (dyslexia) എന്ന പഠനവൈകല്യ പ്രശ്നം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും, മാതാപിതാക്കളോ മറ്റു അദ്ധ്യാപകരോ തിരിച്ചറിയാതിരുന്ന ഈ അസുഖം, പുതുതായി വന്ന നികുംഭ് (ആമിർ ഖാൻ) എന്ന അദ്ധ്യാപകൻ മനസ്സിലാക്കി പഠനവൈകല്യത്തിൽ നിന്ന് ഇഷാനെ മോചിപ്പിക്കുന്നതും അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ്‌ ‘താരെ സമീൻ പർ’ എന്ന ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

ഈ സിനിമയുടെ സാമൂഹിക പ്രസക്തി മനസ്സിലാക്കിയ ഡൽഹി സർക്കാർ ഈ ചിത്രത്തെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഇഷാൻ നന്ദകിഷോർ അവസ്തി എന്ന എട്ടു വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിക്ക് സ്കൂളിൽ പോകുന്നതും പഠിക്കുന്നതും എപ്പോഴും തീരെ അസുഖകരമായി അനുഭവപ്പെടുന്നു. എല്ലാ വിഷയങ്ങളും അവന്‌ ബുദ്ധിമുട്ട് നിറഞ്ഞതും, പരീക്ഷകളിലൊക്കെ അവൻ പരാജയപ്പെടുകയുമാണ്‌.

പന്ത് ഒരു നേ‌ർ‌വരയിലൂടെ എറിയുന്നത് പോലുള്ള സാധാരണ കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ഇഷാന്‌ പിഴക്കുകയാണ്‌. എന്നാൽ അദ്ധ്യാപകരും ഇഷാന്റെ സഹപാഠികളും അവനെ മറ്റുള്ളവരുടെ കൂടെയെത്താനും പഠനകാര്യങ്ങളിൽ ശ്രദ്ധയുള്ളവനാക്കാനും ശ്രമിക്കുന്നതിന്‌ പകരം അവനെ കളിയാക്കാനും വേദനിപ്പിക്കാനുമാണ്‌ താത്പര്യം കാട്ടുന്നത്. അതേസമയം ഇഷാന്റെ സ്വകാര്യ ലോകം നിറങ്ങളുടെയും വരകളുടെയും മായാജാലം കൊണ്ട് സമ്പന്നമാണ്‌. മറ്റുള്ളവരാരും ഇഷാനെ ഇതിലൊന്നും അഭിനന്ദിക്കുന്നുമില്ല.

വീട്ടിലായാലും കാര്യം വ്യത്യസ്തമല്ല. അച്ഛനും അമ്മയും ഇഷാനെ കുറിച്ച് വലിയ പ്രതീക്ഷയാണ്‌. ഇഷാന്റെ മൂത്ത സഹോദരൻ മിടുക്കനും പഠനകാര്യത്തിൽ മാത്രമല്ല കായിക ഇനങ്ങളിലും മികവ് കാണിക്കുന്നവനാണ്‌. അതിനാൽ മാതാപിതാക്കൾ മൂത്തമകന്റെ മിടുക്കും ചുറുചുറുക്കും ഇഷാനെ ഇടക്കിടക്ക് ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും.

സ്കൂളിലെ മോശം പ്രകടനം കാരണം മകനെ ബോർഡിംഗിൽ‍ ചേർത്ത് കൂടുതൽ അച്ചടക്കവും പഠനനിലവാരവും നൽകാൻ തീരുമാനിക്കുകയാണ്‌ മതാപിതാക്കൾ. എന്നാൽ ബോർഡിംഗ് സ്കൂളിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഭയവും നിരാശയും അതോടൊപ്പം രക്ഷിതാക്കളെ പിരിഞ്ഞ് നിൽക്കുന്നതും അവന്റെ കാര്യം കൂടുതൽ വഷളാക്കി.

ആ ഇടക്കാണ്‌ സ്കൂളിൽ താത്കാലികമായി പുതിയ കലാദ്ധ്യാപകന്‍ റാം ശങ്കർ നികുംഭ് എന്ന നികുംഭ് സർ വരുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിൽ പ്രത്യേക ശൈലി സ്വീകരിക്കുന്നതിനാൽ നികുംഭ് പെട്ടെന്ന് തന്നെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട സാർ ആയി മാറി. ക്ലാസിൽ സന്തോഷവാനല്ലാതെയും ഒന്നിലും പ്രതികരിക്കാതെയും ഇരിക്കുന്ന ഇഷാനെ നികുംഭ് സാർ ആദ്യമേ ശ്രദ്ധിച്ചിരുന്നു.

ഇഷാന്റെ മുൻ ക്ലാസുകളിൽ ചെയ്ത വർക്കുകളും മറ്റും പരിശോധന നടത്താൻ ഇത് നികുംഭിനെ പ്രേരിപ്പിച്ചു. അതിൽ നിന്ന് മനസ്സിലായത് ഇഷാന്റെ ഈ പരാജയം ഡിസ്ലെക്സിയ എന്ന പഠന വൈകല്യത്തിന്റെ പ്രതിഫലനമാണ്‌ എന്നായിരുന്നു.

ഒരു ദിവസം നികുംഭ് ഇഷാന്റെ മാതാപിതാക്കളെ സന്ദർശിച്ച് അവന്റെ ചിത്രരചനകളുടെ കൂടുതൽ ശേഖരം കാണുണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. നികുംഭ് ഇഷാന്റെ ചിത്രരചനകൾ‍ കണ്ട് അത്ഭുതപ്പെടുകയാണ്‌. ഇഷാൻ പ്രതിഭയുള്ള കുട്ടിയാണെന്നും പക്ഷേ അവന്റെ ബുദ്ധിയിൽ മറ്റുകുട്ടികളെപോലെയല്ല വിവരങ്ങളുടെ പ്രക്രിയ നടക്കുന്നതെന്നും വ്യത്യാസമുണ്ടെന്നും നികുംഭ് ഇഷാന്റെ രക്ഷിതാക്കളെ പറഞ്ഞ് മനസ്സിലാക്കുന്നു. ഡിസ്ലെക്സിയ എന്നത് ബുദ്ധിക്കുറവുമായി ബന്ധപ്പെട്ടതെല്ലന്നും അത് ഞരമ്പ് സംബന്ധമായ ഒരു പ്രത്യേക അവസ്ഥയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇഷാന്റെ പഠന വിജയത്തിനായി പ്രത്യേക ട്യൂഷൻ നൽകാൻ ഒരുക്കമാണെന്ന് നികുംഭ് രക്ഷിതാക്കളെ അറിയിക്കുന്നു. മകന്റെ പ്രശ്നം എന്താണെന്നുള്ളത് ഒരു ഉദാഹരണത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു പെട്ടിക്ക് മുകളിലായി എഴുതിയിട്ടുള്ള ജപ്പാൻ ഭാഷയിലുള്ള വാചകം വായിക്കാൻ ഇഷാന്റെ അച്ഛനോട് നികുംഭ് ആവശ്യപ്പെടുന്നു. തനിക്ക് അത് വായിക്കാൻ കഴിയില്ല എന്ന് പറയുന്ന ഇഷാൻറെ അച്ഛൻ നന്ദ കിഷോറിനെ കളിയാക്കുകയാണ്‌ നികുംഭ്. ഇതേ സാഹചര്യമാണ്‌ നിങ്ങളുടെ മകൻ ഓരോ ദിവസവും അനുഭവിക്കുന്നതെന്നും നികുംഭ് ബോധ്യപ്പെടുത്തുന്നു.

ഒരു ദിവസം നികുംഭ് ക്ലാസിൽ ഡിസ്ലെക്സിയ എന്ന വിഷയം വിശദീകരിക്കുകയും ഡിസ്ലെക്സിയ ബാധിച്ച പ്രഗല്ഭരായ ചില ആളുകളുടെ ലിസ്റ്റ് കുട്ടികൾക്ക് നൽകുകയും ചെയ്തു. അവയിൽ ആൽബർട്ട് ഐൻസ്റ്റൈൻ, ലിയനാർഡോ ഡാ വിഞ്ചി, വാൾട്ട് ഡിസ്നി, അഗത ക്രിസ്റ്റി, തോമസ് ആൽ‌വ എഡിസൺ, പാബ്ലോ പിക്കാസോ എന്നിവർ ഉൾപ്പെടുന്നു.

അന്ന് ക്ലാസ് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോവുമ്പോൾ ഇഷാനെ പ്രത്യേകം വിളിച്ച് നിൽക്കാൻ‍ പറയുകയും താനും ഡിസ്‌ലക്സ്യയാണ്‌ അനുഭവിക്കുന്നതെന്നും ഇഷാനോട് പറയുന്നു. സ്കൂൾ പ്രിൻസിപ്പലിനേയും നികുംഭ് ഈ വിവരം അറിയിക്കുന്നു. പ്രിൻസിപ്പലിന്റെ അനുമതിയോടെ ഇഷാന്‌ പ്രത്യേക രീതികൾ (ഡിസ്‌ലക്സ്യയുടെ രംഗത്തുള്ളവർ വികസിപ്പിച്ച ടെക്‌നിക്) സ്വീകരിച്ച് പരിശീലനം നൽകുന്നു.

അധികം വൈകാതെ ഇഷാൻ ഭാഷാപഠനത്തിലും ഗണിതത്തിലും താത്പര്യം കാണിക്കുകയും പഠന നിലവാരം മെച്ചപ്പെടുകയും ചെയ്തു. സ്കൂൾ വാർഷികത്തിൽ നികുംഭ് സർ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ഒരു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മത്സരത്തിന്റെ വിധികർത്താവ് ലളിത് ലജ്‌മിയായിരുന്നു. ആ മത്സരത്തിൽ ഇഷാൻ തന്റെ അപാരമായ രചനാ വൈഭവം കൊണ്ട് ഒന്നാംസ്ഥാനം നേടി. ഇഷാന്റെ ചിത്രം വരച്ച നികുംഭ് സർ ആയിരുന്നു മത്സരത്തിലെ രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ടത്..

സ്കൂളിലെ അവസാന ദിനത്തിൽ നികുംഭ് സാറിനെ കണ്ട ഇഷാന്റെ രക്ഷിതാക്കൾക്ക് തങ്ങളുടെ മകനിലുണ്ടായ അപാരമായ മാറ്റത്തെ കുറിച്ച് പറയാൻ വാക്കുകളില്ലായിരുന്നു. ഇഷാനെ വായുവിലേക്ക് നികുംഭ് വാരിയെറിയുന്ന ഒരു ഫ്രീസ് ഫ്രൈം ഷോട്ടിലൂടെ ചിത്രത്തിന്റെ തിരശ്ശീല വീഴുന്നു.

तारे ज़मीन पर
താരെ സമീൻ പർ
(നക്ഷത്രങ്ങള്‍ ഭൂമിയില്‍ എന്നര്‍ത്ഥം)

2007-ല്‍ പുറത്തിറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോളെന്ത് കാര്യമെന്നാവും ചിന്തിക്കുന്നത്. കാര്യമുണ്ട് അതിലേക്ക് വരാം.

2019 മാർച്ച് രണ്ടാം തീയതി ഐ ഐ ടി ഖരഗ്‌പൂറിലെ വിദ്യാർത്ഥികളുമായി ‘ഹാക്കത്തോൺ’ എന്ന പരിപാടിയിൽ വെച്ച് സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെവെച്ചാണ്
ഡെറാഡൂണിലെ ദിക്ഷ എന്നൊരു ബി ടെക്ക് വിദ്യാർത്ഥിനി തന്റെ പ്രോജക്ടിനെപ്പറ്റി പ്രധാനമന്ത്രിയോട് പറയുന്നത്. ‘ഡിസ്‌ലെക്‌സിയ’ എന്ന അസുഖം ബാധിച്ച കുട്ടികൾക്ക് പഠനത്തിന് സഹായമേകുന്ന ഒരു നൂതന സങ്കല്പമായിരുന്നു ദിക്ഷയുടെ പ്രോജക്ടിന്റെത്.

എന്നാൽ പരിമിതികൾ അനുഭവിയ്ക്കുന്ന സഹജീവികൾക്ക് ഉപകരിക്കുന്ന എന്തെങ്കിലും ചെയ്യാൻ പരിശ്രമിക്കുന്ന ഒരു കോളേജ് വിദ്യാർത്ഥിനിയുടെ അക്കാദമിക് ഭാവനയെപ്പോലും തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഏറുവടിയായി മാറ്റാനാണ് ആദരണീയനയായ നമ്മുടെ പ്രാധാനമന്ത്രി അവിടെ ശ്രമിച്ചത്.

മോദിയിൽ നിന്നും ഉടൻ വന്ന മറുചോദ്യം ഇങ്ങനെയായിരുന്നു. “നാൽപതു വയസ്സുള്ള കുട്ടികൾക്ക് ഉപകരിക്കുന്ന ഇതുപോലുള്ള പ്രോജക്ടുകൾ ഉണ്ടാക്കിക്കൂടെ..?” തികച്ചും ഇൻസെന്സിറ്റീവ് ആയ ആ തമാശ മോദിയുടെ ഒരു ചിരിയുടെ അകമ്പടിയോടെ വന്നപ്പോൾ തങ്ങളും ഈ സന്ദർഭത്തിൽ ചിരിക്കുകയാണ് വേണ്ടത് എന്ന് സദസ്സിലിരുന്ന വിദ്യാർത്ഥികൾക്ക് മനസ്സിലായി. അവർ വിനയപൂർവം ആ തമാശയോട് സഹകരിച്ചു.

പ്രതികരണത്തിൽ ആവേശം കേറി മോദി തമാശയുടെ ബാക്കി കൂടി പറഞ്ഞു തീർത്തു ,”എങ്കിൽ, ആ കുട്ടികളുടെ അമ്മമാർക്ക് വളരെ സന്തോഷം തോന്നും.. ” അതിനും കിട്ടി സദസ്സിന്റെ വക നിറഞ്ഞ പൊട്ടിച്ചിരിയും കയ്യടികളും.

പ്രധാനമന്ത്രി ആ പരിഹാസത്തിലൂടെ ആരെയാണ് അപമാനിക്കാന്‍ ശ്രമിച്ചതെന്ന് വളരെ വ്യക്തമായിരുന്നു.

എന്നാൽ രാജ്യത്തിൻറെ പല കോണുകളിലായി ഇത് തത്സമയം കണ്ടുകൊണ്ടിരുന്ന പല അമ്മമാരുടെയും ഇടനെഞ്ചിലേക്ക് ആ തമാശ ഒരു കഠാരി പോലെയാണ് തുളഞ്ഞിറങ്ങിയത്. കാരണം അവരിൽ പലരുടെയും മക്കൾ ഡിസ്‌ലെക്‌സിക് ആയിരുന്നു. അല്ലെങ്കിൽ ഓട്ടിസം ബാധിച്ചവർ ആയിരുന്നു. അതുമല്ലെങ്കിൽ ഡൗൺ സിൻഡ്രം പോലുള്ള പലവിധം അസുഖങ്ങളാൽ അവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായിരുന്നു. ആ വ്യത്യസ്തതകളുടെ പേരിൽ പലവട്ടം പൊതുസദസ്സുകളിൽ, കുടുംബച്ചടങ്ങുകളിൽ ഒക്കെ തലകുനിച്ച് നിൽക്കേണ്ടി വന്നിട്ടുള്ള അവർക്ക് ഒട്ടും ദഹിക്കുന്നതല്ലായിരുന്നു ഈ തമാശ. അവർക്ക് ഒട്ടും ചിരി വരുന്നുണ്ടായിരുന്നില്ല.

ഒരു കുട്ടിയെ വ്യത്യസ്തനാക്കുന്നത് ഓട്ടിസമോ, ഡിസ്‌ലെക്‌സിയയോ, ഡൗൺ സിൻഡ്രമോ അസുഖം എന്തുമാട്ടെ.. പരിമിതി ശാരീരികമോ മാനസികമോ ആവട്ടെ.. തങ്ങളുടേതല്ലാത്ത പിഴകളാൽ അത് അനുഭവിക്കാൻ വിധിക്കപ്പെട്ടവർ, ആത്യന്തികമായി മനുഷ്യജന്മങ്ങളാണെന്ന് ആ പരിമിതികളുടെ പേരിൽ പരിഹാസങ്ങൾ മെനയുന്നവർ നിമിഷനേരത്തേക്കെങ്കിലും മറന്നുപോവുന്നു.

ഡിസ്‌ലെക്‌സിക്ക് ആയ ഒരു കുട്ടിക്ക്, ഈ ലോകം എങ്ങനെ അനുഭവപ്പെടുക എന്നറിയാമോ? അകാരണമായ ‘ഉത്കണ്ഠ.. അതിലാണ് ഓരോ ദിവസത്തിന്റെയും തുടക്കം.. സദാ പടപടാ മിടിച്ചുകൊണ്ടിരിക്കും കുട്ടിയുടെ ഹൃദയം. വായിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. അക്ഷരങ്ങൾ പിടിതരാതെ ആടിയുലഞ്ഞു കൊണ്ടിരിക്കും.. ചിലപ്പോൾ അവ മേലോട്ടും താഴോട്ടും പാഞ്ഞു കളിക്കും, ചിലപ്പോൾ വശങ്ങളിലേക്ക് പാളിക്കൊണ്ടിരിക്കും.. ചില അക്ഷരങ്ങൾ കണ്ണാടിയിൽ കാണുമ്പോലെ തിരിഞ്ഞും മറിഞ്ഞും കാണും. ഏറെ നേരം തുറിച്ചു നോക്കിയാലേ ഓരോ വാക്കും മുന്നിൽ അനങ്ങാതെ ഒന്ന് നിന്നു തരൂ. അപ്പോഴാണ് തലച്ചോർ അതിന്റെ ‘ഫോട്ടോ’യെടുക്കുന്നത്. അപ്പോൾ മാത്രമാണ് കുട്ടി അതിനെ വായിക്കുന്നത്. അതിന്റെ അർഥം മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെ മാത്രമേ വായിക്കാൻ പറ്റൂ.. ക്‌ളാസിൽ മറ്റുള്ള പിള്ളേർ പേജുകൾ മറിച്ച് വായിച്ചോടിപ്പോവുമ്പോൾ, കൂടെയെത്താൻ പറ്റാതെ ഉള്ളിൽ വിതുമ്പി നിൽക്കും. ഈ കുട്ടികള്‍.

ടീച്ചർമാരും സഹപാഠികളും കളിയാക്കിക്കൊണ്ടിരിക്കും ഈ കുട്ടികളെ. അച്ഛനുമമ്മയും അടിച്ചു നേരെയാക്കാൻ നോക്കും. ആ കുരുന്നകളെയത് അവരില്‍ നിന്നും അകല്‍ച്ചയുണ്ടാവനേ ഉപകിക്കുകയുള്ളു. അവരുടെ കളിപ്പാട്ടങ്ങള്‍ എടുത്തുമാറ്റും, അവര്‍ നന്നാവാന്‍ വേണ്ടി. കൂട്ടുകാരുമൊത്ത് കളിക്കാന്‍ വിടില്ല. വരയ്ക്കാന്‍ വിടില്ല. ഇതെല്ലാം ഇത്തരം കുട്ടികളെ വീര്‍പ്പുമുട്ടിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു.

അല്ലെങ്കിലും ഇതൊന്നും നമ്മുടെ പ്രധാനമന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ല. നല്ല കാലത്തങ്ങേര് പെണ്ണും പെടക്കോഴിയുമെല്ലാം ഡിസ് ലൈക്ക് ചെയ്ത് നടക്കായിരുന്നല്ലോ. എഴരവെളുപ്പിനെഴുന്നേറ്റ് ഹിമാലയത്തിലെ മഞ്ഞില്‍ ധ്യാനവും, വനാന്തരങ്ങളില്‍ നായാട്ടും. പിന്നെയപ്പോഴോ സമയം കിട്ടിയപ്പോള്‍ ഡിഗ്രികള്‍ വാരിക്കൂട്ടുന്ന തിരക്കിലും പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here