അനഘ സുരേഷ്
നാളേക്ക് കുറേ സമ്പാദിക്കണം. എന്നിട്ട് വേണം എനിക്ക്… അങ്ങനെ പറയാന്‍ മാത്രമുള്ള സ്വപ്നങ്ങളോ നാളെയെ കുറിച്ചുള്ള വ്യാകുലതകളോ ഭാവിയെ കുറിച്ച് ഭൂതങ്ങളോടുള്ള വര്‍ത്തമാനങ്ങളൊന്നും ഇല്ലാത്ത ഒരാളാണ് ഈ കോഴിക്കോട്ടുകാരി. മടപ്പള്ളി കോളേജില്‍ നിന്നും ഗണിതത്തില്‍ ബിരുദവും എന്‍.ഐ.ടിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി, മറ്റുള്ളവര്‍ക്ക് നല്ല സ്വപ്നങ്ങള്‍ സമ്മാനിക്കുന്നതില്‍ വ്യാപൃതയാണിപ്പോള്‍. പറഞ്ഞു വന്നത് ശ്രേയയെ കുറിച്ചാണ്.
ഒരു ന്യൂ ഇയര്‍ ചലഞ്ചിന്റെ ഭാഗമായാണ് ഡ്രീംകാച്ചര്‍ നിര്‍മ്മാണത്തത്തിലേക്ക് ശ്രേയ കടന്നത്. പുതു വര്‍ഷത്തിന്റെ ഭാഗമായി ‘അലമ്പ് പയലുകള്‍’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് പുതിയതായി എന്തെങ്കിലും ചെയ്യണം എന്ന തീരുമാനം കൈകൊണ്ടു. ഇതിന്റെ ഭാഗമായി ‘കച്ചറ’ എന്ന പേരിലൊരു ചലഞ്ച് ശ്രേയ മുന്നോട്ടു വെയ്ക്കുകയായിരുന്നു. പാഴ് വസ്തുക്കളെ കൊണ്ട് പുതിയവ നിര്‍മ്മിക്കുക എന്നാണ് ഇതുകൊണ്ടുദ്ദേശിച്ചത്. ചലഞ്ച് ഏറ്റെടുത്ത് പൊട്ടിയ കണ്ണാടിചില്ലുകള്‍, പഴയ അരിപ്പ, വളകള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങളാണ് രൂപം മാറി ഗ്രൂപ്പ് അംഗങ്ങളുടെ മുന്നിലേക്ക് എത്തിയത്. ശ്രേയയുടെ പക്കലില്‍ നിന്നുള്ള ഡ്രീം കാച്ചറും അതിലൊരിടം കരസ്ഥമാക്കി. ചലഞ്ചിന്റെ ഭാഗമായി എന്ത് നിര്‍മ്മിക്കുമെന്നാലോചിക്കുമ്പോള്‍ ഒരു സുഹൃത്താണ് ഡ്രീം കാച്ചര്‍ പരീക്ഷണത്തിലേക്ക് ശ്രേയയെ കൊണ്ടു പോയത്. ഇതിന്റെ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ ശ്രേയയുടെ കൈവശം ആകെയുണ്ടായിരുന്നത് അതിന്റെ ഒരു ഫോട്ടോ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ നിര്‍മ്മാണം ഫോട്ടോ നോക്കികൊണ്ടായിരുന്നു. പിന്നീട് അതില്‍ ഒരു കൗതുകം തോന്നുകയും അതിനെ കൂടുതല്‍ പരിപോഷിപ്പിക്കാനും പരിപാലിക്കാനും തുടങ്ങി. അങ്ങനെ ഒന്നും അറിയാത്തവര്‍ക്ക് ബാലപാഠം നിര്‍ദേശിക്കുന്ന ഗുരുക്കളില്‍ പ്രധാനികളിലൊരാളായ യൂട്യൂബിനെ തന്നെ കൂട്ടുപിടിച്ചു. പിന്നെയുള്ള അടിസ്ഥാന പഠനങ്ങള്‍ അവിടുന്ന് തന്നെ. ഡ്രീം കാച്ചറിനോടുള്ള സ്നേഹം കൂടുന്നതിനാലും യൂട്യൂബില്‍ കാണിക്കുന്ന മാതൃകയില്‍ ഉപയോഗിക്കുന്ന പല ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവും കാരണം നാട്ടിലും ഓണ്‍ലൈനായും ലഭ്യമാകുന്ന വസ്തുക്കളില്‍ നിന്നായി പരീക്ഷണങ്ങളും അലങ്കാരങ്ങളും.
കേരളത്തില്‍ ഡ്രീം കാച്ചറുകള്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നേയുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍, അമേരിക്ക എന്ന് തന്നെ എടുത്ത് പറയാം. അവിടങ്ങളില്‍ ഇതൊരു വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണ്. നമ്മള്‍ വീട് അലങ്കരിക്കാനും കാറ് അലങ്കരിക്കാനും ഇതുപയോഗിക്കുമ്പോള്‍, അവര്‍ അവരുടെ സംസ്‌കാരത്തെ ഇതിലൂടെ ചേര്‍ത്തു പിടിക്കുകയാണ്. എങ്ങനെയാണ് വലപോലുള്ള ഈ സാധനം വിശ്വാസത്തിന്റെ ഭാഗമായത് എന്നതിന് പിന്നില്‍ രസകരമായൊരു കഥ തന്നെയുണ്ട്.
അമേരിക്കയിലെ പരമ്പരാഗത ഗോത്ര വര്‍ഗക്കാരുടെ കുഞ്ഞുങ്ങളെ സ്വപ്‌നങ്ങള്‍ നിരന്തരം അലട്ടിയിരുന്നു. ഇതവരെ മാനസികമായി ബുദ്ധിമുട്ടിച്ചതിനാല്‍ ആശങ്കാകുലരായ മാതാപിതാക്കള്‍ അവിടുത്തെ മഹാമാന്ത്രികനെ സമീപിച്ചു. പരിഹാരം ആലോചിച്ച് ധ്യാനത്തിലിരുന്ന മാന്ത്രികനോട് അവര്‍ ആരാധിച്ചു പോന്നിരുന്ന ചിലന്തി മുത്തശ്ശി പറഞ്ഞു, കുഞ്ഞുങ്ങളിലേക്കെത്തുന്ന സ്വപ്‌നങ്ങളെ പിടിച്ച് നിര്‍ത്താനുള്ള ഒരു പ്രത്യേക വല താന്‍ നെയ്ത് തരാമെന്ന്. കുഞ്ഞുങ്ങളുടെ സ്വപ്നങ്ങള്‍ വഹിച്ച് വായുവും വൃത്തത്തിനുള്ളില്‍ സ്വപ്നങ്ങളെ ഒതുക്കി നിര്‍ത്തി ഭൂമിയും സ്വപ്നങ്ങളെ കഴുകി നല്ലതും ചീത്തയും ആക്കി വേര്‍തിരിച്ച് ജലവും ചീത്ത സ്വപ്‌നങ്ങളെ എരിച്ച് കളയാന്‍ സൂര്യനും സഹായത്തിനെത്തി. ഇങ്ങനെ നെയ്‌തെടുത്ത ഡ്രീം കാച്ചറുമായാണ് മാന്ത്രികന്‍ ധ്യാനത്തില്‍ നിന്നുണര്‍ന്നത്. ഈ ഡ്രീം കാച്ചറുകള്‍ കുട്ടികള്‍ ഉറങ്ങുന്ന മുറിയില്‍ സൂര്യ പ്രകാശം ഏല്‍ക്കുന്നിടത്ത് തൂക്കിയിടുകയും ഇതുവഴി വരുന്ന നല്ല സ്വപ്‌നങ്ങള്‍ അവയുടെ താഴെയായുള്ള തുവലുകള്‍ വഴി കുഞ്ഞുങ്ങളിലേക്ക് എത്തുകയും ചെയ്തു. പിന്നീട് കുഞ്ഞുങ്ങളെ ദുസ്വപ്‌നങ്ങള്‍ വേട്ടയാടിയിട്ടില്ല എന്നാണ് വിശ്വാസം.
കേട്ടിരിക്കാന്‍ രസം തോന്നുന്ന കഥയാണെങ്കിലും ജീവവായു പോലെ ഇതിനെ മുറുകെ പിടിക്കുന്നവരുമുണ്ട്. അമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ നിര്‍മ്മിക്കുന്ന ഡ്രീം കാച്ചറുകളുടെ വില അതിനുള്ള ഉത്തമ തെളിവാണെന്ന് വേണം പറയാന്‍.
വിശ്വാസങ്ങള്‍ക്കപ്പുറം അലങ്കാരത്തിനും ഉപയോഗിച്ചു തുടങ്ങിയതിനാല്‍ ഡ്രീം കാച്ചറുകള്‍ക്ക് നല്ല വിപണന സാധ്യതയും ഉണ്ട്. സുഹൃത്തുക്കള്‍ വഴി ഡ്രീം കാച്ചറുകള്‍ വിറ്റു തുടങ്ങിയപ്പോള്‍ തസ്ലീം എന്ന സുഹൃത്താണ് ശ്രേയയ്ക്ക് ഇതിന്റെ വിപണന സാധ്യത പറഞ്ഞു കൊടുത്തത്. പിന്നീടുള്ള ഓരോന്നിലും ആകൃതിയിലും, മുത്തുകളിലും, ബാന്റിലും, എന്തിന് നൂലുകളില്‍ വരെ വ്യത്യസ്തതകള്‍ നിറച്ചു. പേപ്പര്‍ പെന്‍, ബാഗ്, കുരുത്തോല ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ നിര്‍മ്മിക്കുമെങ്കിലും ഡ്രീം കാച്ചറുകളോടാണ് കൂടുതല്‍ ഇഷ്ടം തോന്നിയതെന്ന് ശ്രേയ പറയുന്നു. ഇത് നിര്‍മ്മിക്കാന്‍ അത്യാവശ്യം ക്ഷമയും സമയവും വേണമെങ്കില്‍ കൂടി ആ നിമിഷങ്ങള്‍ തരുന്ന സംതൃപ്തി അതാണ് തന്നെ പിടിച്ചു നിര്‍ത്തുന്നത്. എന്‍.ഐ.ടിയില്‍ നിന്നൊക്കെ പി.ജി പൂര്‍ത്തിയാക്കിയിട്ടും ഈ കുട്ടി എന്താ അതിന്റെ സാധ്യതകള്‍ നോക്കാത്തെ എന്ന് നെറ്റി ചുളിക്കുന്നവര്‍ക്കുള്ള ഉത്തരവും മറ്റുള്ളവര്‍ക്കുള്ള പ്രചോദനവുമാണ് ഈ വാക്കുകള്‍.
കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നവര്‍ക്ക് സ്വയം വിപണി കണ്ടെത്താന്‍ സഹായിക്കുന്ന തരത്തില്‍ ഒരു വെബ്‌സൈറ്റും ( www.scraftz.com ) ഫേസ്ബുക്ക് ( Fb.me/scraftz ) , ഇന്‍സ്റ്റഗ്രാം ( Instagram.com/scraftz.in ) എന്നിവയില്‍ ഇതിനായുള്ള പേജുകളും ശ്രേയ ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റിന്റെ പണികള്‍ പൂര്‍ത്തിയായി വരുന്നെയുള്ളൂവെങ്കിലും ഫേസ്ബുക്ക് വഴിയും ഇന്‍സ്റ്റഗ്രാം വഴിയും ആവശ്യക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ പൂര്‍ണ്ണ പിന്തുണയേകി ജീവിത പങ്കാളി ദീപക്കുമുണ്ട്.
ഡ്രീം കാച്ചറുകള്‍ നല്ല സ്വപ്‌നങ്ങള്‍ ശ്രേയയ്ക്ക് സമ്മാനിക്കുമ്പോള്‍ അതിലെ തൂവലായി സ്വയം മാറി, മറ്റുള്ളവര്‍ക്ക് നല്ല സ്വപ്‌നം കാണാനുള്ള അവസരം ഒരുക്കാനും അവള്‍ മറന്നില്ല…
ഫോട്ടോ: നിധിന്‍ വി.എന്‍