കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍
ഡോ. രോഷ്നി സ്വപ്ന
“ഒരേ സമയം
എന്റെ കവിതയും
മറ്റൊരാളുടെ കവിതയും
തോളിൽ കയ്യിട്ട്
അനശ്വരതയെക്കുറിച്ച് പാടുന്നു.
നൃത്തം ചെയ്യുന്നു”
കറുത്ത മഷി കൊണ്ട് കോറിയ ഒരു അടയാളമായി കവിത മാറുന്നതിന്റെ ഒരു ചിത്രമുദ്ര.
തീരെ ചെറിയ മുദ്രകളെ കുറിച്ച് എഴുതുമ്പോൾ വെളിപ്പെടുന്ന കാഴ്ചകളുടെ വിശാലമായ അനുഭവമാണ് എൻ. ജി. ഉണ്ണികൃഷ്ണൻറെ കവിതകൾ.
“ഒന്നുകിൽ ഏഴിതളുള്ള നക്ഷത്രം കണ്ടെന്ന്!
നക്ഷത്രം വീണിടം കുഴിഞ്ഞെന്ന് !
അവിടെ ആമ്പലു വിടർന്നെന്ന് !”
ഇങ്ങനെ ഈ കവിതകൾ നുണ പറയുന്നു. ഈ നുണകൾ കവിതയുടെ സൗന്ദര്യത്തിന്‍റെ അതിസൂക്ഷ്മ ബിന്ദുക്കളാകുന്നു
2008 ലാണ് എൻ. ജി. ഉണ്ണികൃഷ്ണന്റെ ‘ചെറുത് വലുതാവുന്നത്’ എന്ന സമാഹാരം വരുന്നത്. 2020 ലാണ് ‘കടലാസ് വിദ്യ’ എന്ന സമാഹാരം വരുന്നത്. ഈ വർഷങ്ങൾക്കിടയിൽ ഞാൻ എൻ.ജി. ഉണ്ണികൃഷ്ണനെ വായിച്ചു കൊണ്ടേയിരുന്നു, ..ഒരക്ഷരം ഈ കവിതകളെക്കുറിച്ച് പറയേണ്ടതില്ല എന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിനെ മറി കടക്കേണ്ടതുണ്ട് എന്നും ബോധ്യപ്പെട്ടു. കാരണം
“നന്നെ ചെറിയ, വിളർത്ത ഒരു പക്ഷി
വീടിൻറെ വൈദ്യുതി പായുന്ന കമ്പിവേലികൾ
മുട്ടിയും തട്ടിയും ചിറകുകൾ ഇടറി
വീഴുന്നേരം കൊണ്ട് മാറി മറിയാവുന്ന ലോകമാണ്” എന്നെഴുതുമ്പോൾ ജീവന്റെ നിലനിൽപ്പിന്റെ ക്ഷണികത വെളിപ്പെടുന്നു.
സമയത്തെയും ജീവനെയും ഇത്ര എളുപ്പം ചേർത്തുവയ്ക്കുന്ന കവിതകൾ കുറവാണ്. വെളുത്ത സിമൻറ് ചുവരിൽ ചിത്രം വരയ്ക്കും എന്ന് പേടിച്ച് മനുഷ്യക്കുട്ടികളെ വളർത്താൻ പേടിക്കുന്ന സമയമാണ്. മനുഷ്യനു പകരം മൃഗം പെരുമാറുന്ന സമയമാണ്.
മഹമൂദ് ദർവീഷിൻറെ ഒരു കവിതയിൽ കുഴികളും വളവുകളും ഉള്ള ഒരു കിളിക്കൂടിലേക്കുള്ള വഴി അന്വേഷിക്കുന്ന ഒരു അനുഭവമുണ്ട് ജീവിതത്തിൻറെ സമസ്ത അര്‍ത്ഥങ്ങളും ആ കിളിക്കൂട് ആവുകയാണ്.
വഴികളും ലക്ഷ്യങ്ങളും അടഞ്ഞ മനുഷ്യൻറെ കൈയ്യൊപ്പുകളെയാണ് കവി അടയാളപ്പെടുത്തുന്നത്. ആത്മാവിൽ ചെറിയ പോറലുകൾ തീർക്കുന്ന അനുഭവങ്ങളെ ഈ കവി കണ്ടെത്തുന്നു. മറുത്ത് ഒരക്ഷരം പറയാതെ ആവിഷ്കരിക്കുന്നു.
“എന്നെ കണ്ടാൽ
കറുകറാ കവിള്
കൂര്‍പ്പിക്കുന്ന അപ്പൻ
റബ്ബർ പന്ത് ഞെങ്ങും പോലെ മുഖം മാറ്റി
ചിരി വരുത്തി
ഒരു പട്ടിയെ സ്നേഹിച്ചിരുന്നു”
‘അപ്പനും പട്ടിയും’ എന്ന കവിതയിൽ സ്നേഹവും അധികാരവും വിധേയത്വവും ഇടകലർന്നു വരുന്നു.
ഈ കവിതയിൽ മാത്രമല്ല മറ്റു പല കവിതകളിലും ഉണ്ട്, മൃഗങ്ങൾ മനുഷ്യർക്കൊപ്പമോ ഒപ്പത്തിലേറെയോ തെളിഞ്ഞുനിൽക്കുന്ന കാഴ്ചകൾ കാണാം.
“ഒരു കുരുവി,
കുരുവിയ്ക്ക്
ചില്ലയായി
ഏതെങ്കിലും മരം
മരത്തിൻറെ വേരിന്…
പിന്നെ ഇലകൾക്ക്
നിഴലിച്ച്..
ചിത്രമായീടുവാൻ
ജല ഹൃദയം”
ഇവക്ക് കൂട്ടായ്മയാണ് പുരുഷനും പെണ്ണും എല്ലാം പിന്നീട് കടന്നുവരുന്നത്. ക്രമരാഹിത്യത്തിന്റെ വല്ലാത്തൊരു സൗന്ദര്യം എൻ. ജി. യുടെ കവിതകൾക്ക് വരുന്നത് അങ്ങനെയാണ്.
“കണ്ണീർ പാടത്ത്
തൂവെള്ള കൊക്കുകൾ
പൊട്ടി വിരിഞ്ഞതായി തോന്നി
രക്തo
ആർത്ത്
പാടുന്നതായി തോന്നി”
എന്ന് “കാറ്റാടി” യില്‍ ഇമൈര്‍ കുസ്തോറിക്കയുടെതു പോലുള്ള
ചലച്ചിത്ര ദൃശ്യമായി, ചുവപ്പിൽ വെളുത്തു വെളുത്ത കൊക്കുകൾ!.
ദ്വന്ദങ്ങളോ വൈരുദ്ധ്യങ്ങളോ ആയല്ല കവി ഇത്തരം കാവ്യഭാഷയെ, നിറക്കൂട്ടുകളെ കാഴ്ചകളെ കൊരുക്കുന്നത്.
അത് ഭാഷയിൽ അയാൾ നടത്തുന്ന, കവിതയിൽ അയാൾ നടത്തുന്ന സംസ്കാരത്തില്‍, ചരിത്രത്തിൽ അയാൾ നടത്തുന്ന വലിയ രാഷ്ട്രീയ തിരുത്തലുകളുടെ ഭൂപടങ്ങളായി മാറുകയാണ്. അപ്പോഴാണ് അയാൾക്ക്
“കസേര എന്നത് നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ഒരു നരഭോജി സസ്യം ആണെന്ന്” പറയാൻ കഴിയുന്നത് (കസേര)
“കടലാസ് വിദ്യ” യിലേക്ക് എത്തുമ്പോൾ കവിയുടെ കാഴ്ച മാറുന്നുണ്ട് കവിതയെയും ഭാഷയെയും വാക്കിനെയും സംബന്ധിച്ചുള്ള ആകുലതകൾ മാറുന്നുണ്ട്.
“എഴുത്തും വായനയും” എന്ന കവിതയിൽ
“പറഞ്ഞു ഞാൻ
ഒരു വാചകം
ഒന്ന് രണ്ട് വാക്കുകൾ അവൻ ചേർത്ത്
അത് മറ്റൊരു വാചകമായി
കെട്ടിക്കയറി സൗഹൃദം… സംവാദം…
പെരുക്കത്തിൽ
ഞാൻ
മറ്റൊരു വാക്ക്
വീണ്ടും അവൻ
ഒരു വാക്ക്
അങ്ങനെ
അവനും ഞാനും
ഓരോന്ന് ചേർത്ത് ചേര്‍ത്ത്…
പല കർതൃത്വങ്ങൾ പൊളിഞ്ഞു
വാശികൾ മടങ്ങി
ഞാനോ അവനോ ഇല്ലാതായി”
എന്നെഴുതുന്നുണ്ട്,.
ജീവിതം എന്ന മാന്ത്രിക തടാകത്തിൽ മുങ്ങി നിവരുമ്പോഴാണ് ആണ്, പെണ്ണ്, ആണും പെണ്ണും അല്ലാത്തത് എന്നൊക്കെയുള്ള വിഭജനങ്ങള്‍ ഉണ്ടാവുന്നത് എന്ന ചിന്തയാണ് “സാധാരണ ജന്മം” എന്ന കവിതയിൽ.
സ്വപ്നത്തിൽ സാധാരണ കയറി വരാറുള്ള പൂക്കൾക്കും തുമ്പികൾക്കും അണ്ണാനും കാക്കക്കും പകരം ഒരു പുലി വരട്ടെ എന്നും, അതിനെ നെഞ്ചോടു ചേർക്കാൻ ആവട്ടെ എന്നും കവിത ആഗ്രഹിക്കുന്നുണ്ട്. ഭാവനയെക്കാള്‍ ഏറെ അനുഭവത്തിന് തന്നെയാണ് എൻ. ജി. കവിതകളിൽ സ്ഥാനം.
“ചിലപ്പോൾ മുഖം കഴുകി
നിവരുമ്പോൾ
കണ്ണാടിയിൽ
വിറകുകൊള്ളിക്കാലുകൾ
കൈകൾ
കാലുകൾക്കിടയിൽ
ചെമ്പിച്ച ഗുഹ്യരോമം
ആണടയാളമോ പെണ്ണടയാളമോ
കാണുന്നില്ല എന്ന വിധത്തിൽ പരന്നുകിടക്കുകയോ”(പ്രേതം)
“കണ്ണുകൾ തിളങ്ങുന്നവരുടെ
ഒരു ഗ്രാമം
മുഴുവനായി പങ്കെടുക്കുന്ന നാടകത്തിന്
നേരമായി
കത്തുന്ന പുലിവാല് ഉള്ളതുകൊണ്ട്
വേറെ ചമയം വേണ്ട ”
(നേരമായി)
എന്ന ആഴത്തിലുള്ള തിരിച്ചറിവായും
ചിലപ്പോൾ മാത്രം കേൾക്കുന്ന പക്ഷിക്കലമ്പലായും (രാപ്പാടി)
കവിത സ്വയം വെളിപ്പെടുന്നു
കവിതയിലൂടെ ധ്വനിപ്പിക്കേണ്ടത് എന്ത്? ഓർമ്മിക്കേണ്ടത് എന്ത് എന്ന എന്ന ചോദ്യത്തിന് ബോർഹസ് ചൂണ്ടിക്കാണിക്കുന്ന ഒരു മറുപടിയുണ്ട്. “ജീവിതത്തിൻറെ എല്ലാ തുറസ്സുകളെയും സ്വാംശീകരിക്കാനുള്ള ഊർജ്ജം” എന്നാണ് ബോർഹസിൻറെ ചിന്തയുടെ കേന്ദ്രം. എക്സ്ട്രാക്ട് എന്നാണ് അദ്ദേഹം ഉപയോഗിക്കുന്ന പദം.
ഇതേ ഗുണം എന്‍. ജി. യുടെ കവിതകളിലുണ്ട്.
മലയാളകവിതയുടെ വഴികളിൽ നിന്നും മാറിയാണ് എന്‍ ജി കവിതകൾ സഞ്ചരിക്കുന്നത്.
ചരിത്ര പരിണാമങ്ങളെ പ്രത്യക്ഷത്തിൽ അല്ല കവി ഉൾക്കൊള്ളുന്നത്. സ്വന്തം ജീവിതം, കാലം, ഭൂമി, പരിചിത ഗന്ധങ്ങൾ തുടങ്ങിയ ബിന്ദുക്കളിലൂടെ അലസമായി യാത്ര ചെയ്ത് കവിതയുടെ രാഷ്ട്രീയത്തെ, നിലനിൽപ്പിനെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.
കാറിന് മുകളിലേക്ക് ചാടിയ കുരങ്ങന്റെ മരണം അദൃശ്യമാകുമ്പോഴും ആ മരണത്തെ ഗുജറാത്ത് കലാപവുമായി ചേർത്ത് വായിക്കാൻ പ്രേരിപ്പിക്കുന്നത് ഈ ബോധ്യമാണ്.
കുതിരാൻ ഇറങ്ങി കുറെ ചെന്നതാണ്.
ഒരു കുഞ്ചി രാമൻ
തെറിച്ചു പൊന്തി.
കുത്തുബുദീൻ അൻസാരിയുടെ
അതേ തൊഴുകൈ.
ഇരക്കുന്നവന്റെ
കോമാളിക്കിറി
പൊടുന്നനെ അതിനെ കാണാതായി…..
………………..
“കാറിൻറെ ചില്ലിൽ
ചോര തെറിച്ചാലും
അലർജി ഉണ്ടാകുമോ?”
സമകാലിക ഇന്ത്യയിലെ ഓരോ മനുഷ്യനും ബാധകമായ അലർജിയാണ് ഇത്. പ്രണയത്തിൻറെയും അപരത്വത്തിന്റെയും കവിതകൾ കടലാസുവിദ്യയില്‍ ഒരുപാടുണ്ട്. ചിലപ്പോൾ അത് കാഫ്കയുടെ രൂപ പരിണാമത്തിലേതുപോലെ അവനവനിലേക്ക് തന്നെ ആഴ്ന്നിറങ്ങുന്ന പൂമ്പാറ്റയാകുന്നു. അല്ലെങ്കിൽ കണ്ണാടിയിൽ കാണുന്ന മറ്റാരോ ആവുന്നു.
ആൾമാറാട്ടം എന്ന കവിത ക്രാഫ്റ്റ് ന്‍റെ കയ്യൊതുക്കം കൊണ്ട് ഒളിഞ്ഞിരിക്കുന്ന ഒരു അനുഭവമാകുന്നുണ്ട്. കവിയെ നോക്കുമ്പോൾ അദ്ദേഹവും മിന്നൽ കൊടിയും അന്യോന്യം പുഞ്ചിരിച്ച് കാപ്പി കുടിക്കുന്നതില്‍ നിന്നാണ് ഈ കൗതുകം കവിതയിൽ വെളിപ്പെടുക.
സൈക്കിൾ ചവിട്ടുകയും ഇരുമ്പ് സ്പർശിച്ച വിധം പരുക്കൻ കൈ കൊണ്ട് കവിതകൾ എഴുതുകയും ചെയ്യുന്ന കവിയെ നോക്കുന്ന ആഖ്യാതാവ്! ഒരിക്കൽപോലും സൈക്കിൾ ചവിട്ടുകയോ കവിത എഴുതുകയോ ചെയ്യാത്ത അയാൾ! പരസ്പര പൂരകങ്ങൾ ആകുന്ന രണ്ട് കർതൃത്വങ്ങളില്‍ ആരാണ് ആരുടെ അപരൻ?. കവിതയിൽ സൗന്ദര്യം എന്നത് ആത്യന്തികമായി ഭാഷതന്നെയാണ്. എന്നിട്ടും, ഒരു നിമിഷം നാം നമ്മുടെ ഭാവനയിലേക്ക് തന്നെ തിരിച്ചു കയറി പരതി നോക്കിയേക്കാം. അവനവനെത്തന്നെ ഒരു നിമിഷം മറന്നേക്കാം
അപ്പോഴാണല്ലോ ഉത്സവപ്പറമ്പിലെ ആള്‍ക്കൂട്ടത്തിനിടയിൽ ജനഗണമന കേൾക്കുമ്പോൾ അറ്റൻഷൻ ആയിരിക്കാൻ നമുക്ക് ആവുക.
ഞാൻ ഒരു ദേശസ്നേഹിയാണ് എന്ന് അവനവനിൽ തന്നെ മന്ത്രിക്കാനും സ്വയം സമാധാനിക്കാനും ആവുക.
“സാധാരണ ജന്മം” എന്ന കവിതയിൽ ജീവിതം ഒരു മാന്ത്രിക തടം ആണ് എന്ന് ഉറപ്പിക്കുന്നുണ്ട് കവി .
ജീവിതത്തെക്കുറിച്ചുള്ള ഇത്തരം കണ്ടെത്തലുകൾ മിക്ക കവിതകളിലും. ഉണ്ട് വിശപ്പും ദാഹവും രതിയുമായി ഒരു സാധാരണ ജന്മം ആണെന്നും, മുഖം കഴുകി നിവരുമ്പോൾ കണ്ണാടിയിൽ വിറകുകൊള്ളിക്കാലും കാലുകൾക്കിടയിൽ ചെമ്പിച്ച രോമങ്ങളും ഉള്ള അനുഭവമാണ് എന്നും കത്തുന്ന പുലിവരയുള്ളതിനാൽ വേറെ ചമയം വേണ്ടാത്ത ജന്മം ആണെന്നും കവി കണ്ടെത്തുന്നു.
മനുഷ്യനായി പിറന്നവന്‍റെ
പൊതു വിധി
എന്ന് ‘പാലം‘ എന്ന കവിതയിൽ എഴുതുന്നു
പക്ഷേ കവി എന്ന നിലയിൽ താൻ തെരഞ്ഞെടുക്കുന്ന വാക്കുകൾ, സ്വന്തം, നക്ഷത്രം, സ്വന്തം ജാതകം, സൂര്യൻ, ചന്ദ്രൻ ……….സമസ്ത ജീവജാലങ്ങളുടെയും തോളിൽ കയ്യിട്ടുള്ള നൃത്തം കവി ആസ്വദിക്കുന്നുണ്ട്.
എങ്കിലും മറ്റൊരുവനെ കൂടി പ്രതീക്ഷിക്കുന്നുണ്ട്. മനുഷ്യനെന്ന നിലയിലുള്ള തൻറെ അസ്ഥിത്വത്തെ നിസ്സാരമാക്കാന്‍ പ്രാപ്തനായ തക്ഷകനെ പ്രതീക്ഷിക്കുകയാണ് “തക്ഷകൻ “എന്ന കവിത. മനുഷ്യരിൽ നിന്നും മതങ്ങളിൽ നിന്നും കീടാണുവിൽ നിന്നും ഓടി ഒളിച്ചാലും നാരങ്ങയിൽ പുഴുവിന്റെ രൂപത്തിലാണ് മനുഷ്യൻറെ ഘാതകന്‍ എത്തുക. അല്ലെങ്കിൽ മറ്റൊരാൾ എപ്പോഴും ഈ കവിതകളുടെ പിന്നിലൂടെ സഞ്ചരിക്കുന്നു.
“കത്തിച്ചു വിട്ട പോലെ കുതിച്ചു പാഞ്ഞ
കവലയിൽ വന്നിരിക്കുന്ന ഒരാൾ,,,
അരങ്ങത്ത് വീണു മരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ”
ഒരേസമയം എൻറെ കവിതയും മറ്റൊരാളുടെ കവിതയും
എന്ന പരിഗണന കവിയിലുണ്ട്
“നിൻറെ ഞാനായിരിക്കുമ്പോഴും
എൻറെ നീ ആയിരിക്കുമ്പോഴും
ഞാൻ എനിക്കായ് മാത്രമല്ല
നീ നിനക്കുമായല്ലേ”
എന്ന നിലയില്‍ അത് പരക്കുകയും പടരുകയും ചെയ്യുന്നു. എലിയറ്റ് ലും, ബ്ലേക്കിലും, കാഫ്കയിലും ആറ്റൂരിലും
ആർ. രാമചന്ദ്രനിലുമൊക്കെയുള്ള അപരനെ കുറിച്ചുള്ള / മറ്റൊരാളെ കുറിച്ചുള്ള സഹജാവബോധം അതേ അളവിലോ അതിലേറെയോ എൻ. ജി. ഉണ്ണികൃഷ്ണൻ കവിതകളിൽ കാണാം.
Who is the third who always walks behind you എന്ന് എലിയറ്റ് ആകുലപ്പെട്ടതുപോലെ,
“എൻറെ മുഖത്തുണ്ടോ
ലോകം മൊത്തം ചൂരലുമായി
തേരാപ്പാര നടക്കുന്ന ഒരു പുള്ളി“?
എന്ന് എൻ. ജി. ആത്മവിമർശനത്തിന് തയ്യാറാകുന്നു.
പല മനുഷ്യരുടെ വഴികളിലൂടെ തനിക്ക് ലോകം തുറന്നു കിട്ടണേ എന്ന പ്രാർത്ഥനയാകുന്നു കവിക്ക് ചിലപ്പോൾ കവിത
പലയിടങ്ങളിലായി ഏറെനാൾ ചിതറിക്കിടക്കുന്ന തന്നെ ചേർത്തുപിടിക്കാൻ കവിതയ്ക്ക് മാത്രമേ കഴിയുമെന്ന തിരിച്ചറിവുണ്ട് “ഒടുവിൽ ചങ്ങാതിയെ വിളിച്ചപ്പോൾ” എന്ന കവിതയിൽ ആവിഷ്കരിക്കുന്നത് ആത്മദംശനങ്ങളോ ഓർമ്മകളോ അനുഭവത്തിന്റെ ഉറവകളോ വാക്കിൻറെ കണ്ടെടുക്കലുകളോ, എന്തുമാകട്ടെ, ചിലപ്പോഴെങ്കിലും ഒരു കുഞ്ഞിനെ അരികത്തു നിർത്തേണ്ടി വരുമെന്ന അലിവാകട്ടെ ഭാഷയുടെ ഉള്‍ക്കാടുകളില്‍ നിന്ന് ചിലത് കണ്ടെത്തലാകട്ടെ,
പുഴുക്കൾ നിലവിളിക്കുമോ എന്ന ആധിയാകട്ടെ അതെല്ലാം കവിതയുടെ ഊടും പാവും ഉറപ്പിക്കുന്നതിനുള്ള സൂക്ഷ്മ സ്പർശങ്ങൾ ആവുകയാണ്. ഉറക്കെ പറയാതെ, പതിയെ പറഞ്ഞ് ഉറപ്പിക്കുകയാണ് ഈ കവിതകൾ. തൻറെതായ വഴിയിൽ സ്വന്തം നിഴലിനെ പിന്തുടർന്നിരുന്നതിന്റെ നിശബ്ദമായ ഒച്ചകള്‍ കേൾക്കാം എന്‍ ജിയുടെ കവിതകളിൽ നിന്ന്.
ഓരോ വാക്കിലും ആ വാക്കിൻറെ ചരിത്രവും ഓർമയുണ്ട് എന്ന് അനുഭവിക്കും വിധമാണ് ഈ കവി ലോകത്തെ ആവിഷ്കരിക്കുന്നത്. വാക്കിലേക്ക് ഒളിക്കുകയില്ല വാക്കിലൂടെ ഉയർന്നു പറക്കുകയാണ് എൻ ജി ഉണ്ണികൃഷ്ണന്‍റെ കവിതകൾ.
അത് കവിതയായി മാത്രമല്ല കാലമായും ജീവിതമായും പ്രപഞ്ചമായുമെല്ലാം പടർന്നു പന്തലിക്കുന്ന ഏറെ ശക്തമായ ഒരു നിശബ്ദതയായി കൂടി വായനയെ നയിക്കുന്നു.
…
https://athmaonline.in/roshniswapna/