കവിത
ധന്യ ഇന്ദു
മനുഷ്യാ,
എനിക്കും നിനക്കുമിടയിലെന്ത്?
എത്രയോ പരിചിതവും
അത്രയും അസ്വസ്ഥവുമായ
ചോദ്യം, അല്ലേ?
രണ്ടു ദിക്കുകളിലെ
അനന്തതയിൽ
ഒളിച്ചിരുന്ന രണ്ടു ബിന്ദുക്കൾ
ഒരായുസിന്റെ പകുതിയുരുക്കി –
ചേർത്തുവിളക്കിയെടുത്ത
ജീവൽ രേഖ
നമ്മുക്കിടയിൽ
എത്രയെത്ര പച്ചകൾ
എത്രയെത്ര മഞ്ഞകൾ
കടലെന്നു കേൾക്കുമ്പോൾ
ഇളം നീലയിലെ
പവിഴപുറ്റുകളോർക്കുന്ന
ഞാനും,
ഒരൊറ്റ നിമിഷത്തിൽ
കരയനാഥമാക്കി മടങ്ങിയ
തിരമാലകളോർക്കുന്ന നീയും.
നമ്മുക്കിടയിൽ
എത്രയെത്ര ആകാശങ്ങൾ
എത്രയെത്ര അഗ്നിപർവതങ്ങൾ
നിർദ്ധാരണത്തിന്
ഒരെളുപ്പ വഴിയുമില്ലാത്ത
എത്രയെത്ര സമവാക്യങ്ങൾ
ഉൾപ്പെരുക്കങ്ങളിൽ
ഒഴുകി പരക്കുന്ന
എത്രയെത്ര ലാവാപ്രവാഹങ്ങൾ
എന്നിട്ടും
മനുഷ്യാ
എനിക്കും നിനക്കുമിടയിലെന്ത്?
ഓരോ ദിവസവും
സൂര്യനും ഭൂമിക്കുമിടയിലെ
പ്രകാശവർഷങ്ങളുടെ ദൂരം
നെഞ്ചിലേറ്റു വാങ്ങി,
നമ്മളെന്ന ആകാശഗംഗയിലേക്ക്
ഒന്നിച്ചു നടക്കുന്ന നിമിഷമാണ്, മനുഷ്യാ
എനിക്കും നിനക്കുമിടയിലെ
ജീവശ്വാസം
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

