വിദ്യാരംഭം എന്ന മഹനീയകര്‍മ്മത്തിന് സാര്‍വ്വത്രികമാനം നല്‍കി ക്ഷേത്രാങ്കണത്തിനു പുറത്തെത്തിച്ചിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. സാക്ഷരതയും വായനയും സാര്‍ത്ഥകമാക്കുന്നതിനായി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിനും നവീനമാതൃക നല്കി ഡി സി ബുക്‌സിന്റെ അങ്കണത്തിലെ സരസ്വതീമണ്ഡലപത്തില്‍ നൂറുകണക്കിന് കുട്ടികളെ എഴുത്തിനിരുത്തലിന് നേതൃത്വം നല്കിയത്. ഇന്നും ആ മാതൃക ഡി സി ബുക്‌സ് പിന്തുടരുന്നു. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ആ മാതൃക പിന്തുടര്‍ന്നു.
വിദ്യാദാനം മഹാദാനമെന്ന സങ്കല്പത്തിന് ഊന്നല്‍ നല്‍കിയുള്ള ഈ സാംസ്‌കാരികപ്രക്രിയയ്ക്ക് സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും ഇന്നേവരെ ലഭിച്ച പിന്തുണകളും വളരെ വലുതാണ്. മലയാളത്തിന് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയ സാഹിത്യകാരന്‍ ഒ.വി വിജയന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ ഭൂമികയായ തസ്രാക്കില്‍ വെച്ചായിരിക്കും ഇത്തവണ മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിക്കുക. ഡി സി ബുക്‌സിന്റെയും ഒ.വി. വിജയന്‍ സ്മാരകസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാദാനത്തില്‍ പ്രഗത്ഭരാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നതിനായി എത്തുക. ഒക്ടോബര്‍ എട്ടാം തീയതി രാവിലെ എട്ടു മണിക്ക് ഒ.വി.വിജയന്‍ സ്മാരകത്തിലെ എഴുത്തുപുരയില്‍ വെച്ച് സാഹിത്യകാരന്‍ വി.കെ ശ്രീരാമന്‍, നിരൂപകനായ ഡോ. പി.കെ. രാജശേഖരന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ ടി.ആര്‍ അജയന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. തുടര്‍ന്ന് കുട്ടികള്‍ക്കായി കഥയരങ്ങും ഇവിടെവെച്ച് സംഘടിപ്പിക്കുന്നു.
വിദ്യാരംഭദിനങ്ങളോടനുബന്ധിച്ച് ഒരു നോവല്‍ ശില്പശാലയും ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ തസ്രാക്കില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന പുതിയ എഴുത്തുകാര്‍ക്കും സാഹിത്യാഭിരുചിയുള്ളവര്‍ക്കും എഴുത്തിന്റെയും വായനയുടെയും ഗൗരവകരമായ ചിന്തകള്‍ സമ്മാനിക്കുന്നതായിരിക്കും പ്രഗത്ഭര്‍ നയിക്കുന്ന ഈ ശില്പശാല.വരും വര്‍ഷങ്ങളിലും കുരുന്നുകള്‍ക്കെന്ന പോലെ നാളെയുടെ വാഗ്ദാനങ്ങളായ പുതുതലമുറയുടെ ബഹുമുഖമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള അരങ്ങാകും ഈ എഴുത്തുശില്പശാല . ഇതൊരു സാംസ്‌കാരികപ്രക്രിയ കൂടിയാണെന്ന തിരിച്ചറിവില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിരവധി ശില്പശാലകളും ക്രിയാത്മകമായ ചര്‍ച്ചാവേദികളും അവസരങ്ങളും ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കും.