ശരണ്യ എം ചാരു
ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ ദാദസാഹിബ് ഫാല്‍ക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാല്‍ക്കെ ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ് (മറാത്തി: दादासाहेब फाळके).
1913 ല്‍ ഇറങ്ങിയ ‘രാജാ ഹരിശ്ചന്ദ്ര’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കന്നിസംരംഭം. ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചര്‍ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു. 95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും പത്തൊമ്പതു വര്‍ഷക്കാലയളവിലെ ചലച്ചിത്ര ജീവതത്തില്‍ ഫാല്‍ക്കെ സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ് മോഹിനി ഭസ്മാസുര്‍ (1913), സത്യവാന്‍ സാവിത്രി (1914), ലങ്ക ദഹന്‍ (1917), ശ്രീകൃഷ്ണ ജനം (1918), കാളിയ മര്‍ദ്ദന്‍ (1919) എന്നിവ.
1969 ല്‍ ഭാരതസര്‍ക്കാര്‍ ദാദാസാഹിബ് ഫാല്‍ക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഈ പുരസ്‌കാരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്‌കാരമാണ്. ഭാരതീയ ചലച്ചിത്രത്തിന് നല്‍കപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
ഫാല്‍ക്കെ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു പുരോഹിത കുടുംബത്തില്‍ 1870 ഏപ്രില്‍ 30 ആണ് ജനിച്ചത്. ജെ. ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലും ബറോഡയിലെ കലാഭവനിലും പഠിച്ചു. പിന്നീട് ആര്‍ക്കിടെക്ചറും അഭ്യസിച്ചു. പെയിന്റിങ്ങിലും നാടകാഭിനയത്തിലും മാജിക്കിലും താത്പര്യം. അച്ചടിശാല തുടങ്ങിയ ഫാല്‍ക്കെ പിന്നീട് സിനിമയിലേക്കു തിരിഞ്ഞു. പ്രഥമ ഇന്ത്യന്‍ കഥാചിത്രം രാജാ ഹരിശ്ചന്ദ്ര (1913) നിര്‍മിച്ചു. ഭസ്മാസുരമോഹിനി, ഗംഗാവതാരം, സാവിത്രി, ലങ്കാദഹന്‍, ശ്രീകൃഷ്ണജന്മ, സേതുബന്ധനം തുടങ്ങി നൂറോളം ചിത്രങ്ങള്‍ പിന്നീട് ഇദ്ദേഹത്തിന്റെതായി ലോകത്തിന് മുന്നിലെത്തി. ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചതും ധുന്ദിരാജ് ഗോവിന്ദ് ഫാല്‍ക്കെയാണ്.
1944 ഫെബ്രുവരി 16 ന് ജീവിതത്തോടും സിനിമാലോകത്തോടും ഇദ്ദേഹം വിട പറഞ്ഞു.