മൊകേരി: അന്താരാഷ്ട്ര സൈദ്ധാന്തികനും സാഹിത്യ വിമർശകനും ആയ ജോനഥൻ കള്ളർ ഫെബ്രുവരി ഒന്നാം തീയതി ഗവ. കോളജ് മൊകേരിയിൽ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിൽ സംസാരിക്കുന്നു. അപനിർമാണം എന്ന സിദ്ധാന്തശാഖയുടെ സ്ഥാപകചിന്തകരിൽ ഒരാൾ ആണ് ജോനഥൻ കള്ളർ. ഇദ്ദേഹത്തിന്റെ ഘടനാവാദപരമായ കാവ്യയുക്തി (Structuralist Poetics) ലോകമെമ്പാടുമുള്ള സാഹിത്യവിദ്യാർത്ഥികളുടെ പ്രധാന പാഠപുസ്തകമാകുന്നു. ഭാഷയുടെ ശാസ്ത്രവും ലീലയും ആധാരമാക്കി ഒട്ടേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള കള്ളർ ഇന്ന് ജീവിച്ചിരിപ്പുള്ള ദെറിദിയൻ വ്യാഖ്യാതാക്കളിൽ ഏറ്റവും പ്രധാനപ്പെട്ട പേരാണ്. ഇതാദ്യമായാണ് കള്ളർ ഇന്ത്യയിൽ എത്തുന്നത്.
‘ലേണിങ് ഫ്രം ദെറിദ’ എന്ന് ശീർഷകം നൽകിയിട്ടുള്ള തന്‍റെ പ്രബന്ധം കോളജ് സെമിനാർ ഹാളിൽ പത്ത് മണിയോടെ അവതരിപ്പിച്ചതിന് ശേഷം ശ്രോതാക്കളുമായി സംവദിക്കുന്നതിനും സമയം അനുവദിച്ചിട്ടുണ്ട്. പരിപാടിയിൽ ദിലീപ് രാജ്, ഇ പി രാജഗോപാലൻ തുടങ്ങിയവരും സംബന്ധിച്ച് പ്രസംഗിക്കുന്നുണ്ട്. പ്രമുഖ പണ്ഡിതയും എഴുത്തുകാരിയും ആയ സാഹിറ റഹ്‌മാൻ, കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി കെ എം കുഞ്ഞമ്മദ് എന്നിവർ മാധ്യസ്ഥരായി “ക്ലാസ് റൂമിൽ സാഹിത്യ സിദ്ധാന്തം” എന്ന ഒരു ചർച്ചയും കള്ളർ ഉൾപ്പെട്ട സെമിനാറിൽ സംഘടിപ്പിക്കുന്നുണ്ട്. സെമിനാറിൽ രജിസ്‌ട്രേഷൻ സൗജന്യം ആണ്.
കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക
അരുൺലാൽ മൊകേരി (9744949790)