കുഞ്ഞിച്ചട്ടിയിലെ ‘റ’ യും മൊന്തയിലെ ‘പായസ’വും

0
258

ലേഖനം

പ്രസാദ് കാക്കശ്ശേരി

(വിശപ്പും നീതിയും പ്രമേയമാകുന്ന കോവിലന്റെ കഥകളെക്കുറിച്ച് )

“ഈ ലോകത്തിലെ ഓരോ മനുഷ്യനും ഒരിക്കലെങ്കിലും പഴക്കമെത്തിയ ഒരു ശവക്കുഴി മാന്തണം എന്ന് എനിക്ക് അഭിപ്രായമുണ്ട്.”

(കോവിലൻ -‘ഒരു കഷ്ണം അസ്ഥി ‘ )

ഉള്ളറിഞ്ഞതും കണ്ടറിഞ്ഞതും പൊരുളുള്ള കഥകളായി തോറ്റിയുണർത്തിയ മലനാട്ടുപുലവരാണ് കോവിലൻ. കണ്ടാണശ്ശേരിയുടെ ചെമ്മൺ തറയിൽ നിന്ന് ഹിമാലയത്തിലേക്കുയർന്ന നാട്ടുവഴിയുടെ ഉശിരുണ്ട് കോവിലന്റെ കഥകളിൽ. മലയാളസാഹിത്യത്തിലെ അപൂർവ ജനുസ്സായി കോവിലൻ അടയാളപ്പെട്ടത് അഭൂതപൂർവമായ വാക്കിന്റെ ഉൾക്കരുത്തുകൊണ്ടു കൂടിയാണ്. കണ്ടാണശ്ശേരിയുടെ പ്രകൃതിയും നാട്ടടയാളങ്ങളായ തറകളും കാവുകളും മഹാശിലാ പൈതൃകങ്ങളും മാത്രമല്ല മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഉത്തരേന്ത്യൻ ഭൂഭാഗദൃശ്യങ്ങളും കോവിലന്റെ രചനകളുടെ അടിയാധാരമായി വർത്തിച്ചു. നീതിബോധവും മനുഷ്യാന്തസ്സും സഹജീവി കാരുണ്യവും നാട്ടുവിനിമയങ്ങളും ഭാവിദർശനമായി രചനകളിൽ ലയിച്ച് ചേർന്നു. ആഖ്യാനത്തിലെ പരുക്കൻ നേരുകൾ കൊണ്ട് അളിഞ്ഞ കാല്പനികതയെ നേരിട്ടതും കോവിലനാണ്.

മനുഷ്യാന്തസ്സിനെ കീഴ്പ്പെടുത്തുന്ന വിശപ്പിനെ പറ്റി പറയുമ്പോൾ കോവിലന്റെ വാക്കുകൾക്ക് സിദ്ധമാകുന്ന ധർമ്മബോധത്തിന്റെ അടരുകൾ ഉൾച്ചേരുന്ന കഥയാണ് ‘റ ‘. ബഷീറും നന്തനാരും പൊൻകുന്നം വർക്കിയും വിശപ്പ് പ്രമേയമാക്കി കഥകൾ എഴുതിയിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി കുഞ്ഞുങ്ങളെ വിശപ്പു മുറിവേൽപ്പിക്കുമ്പോൾ പൊടിയുന്ന ചോരയുടെ കണക്കിലാണ് കോവിലന്റെ കഥകൾ വേറിട്ടതാകുന്നത്. വിക്ടർയൂഗോവിന്റെ ‘പാവങ്ങൾ’ വായിക്കുമ്പോൾ ഉള്ള നടുക്കത്തിന്റെ തോത് ഒട്ടും കുറയുന്നില്ല വിശപ്പിനെ കുറിച്ചുള്ള ‘റ ‘എന്ന കോവിലൻ കഥ വായിക്കുമ്പോൾ. പരിക്കേറ്റവരെക്കുറിച്ചും പിഴുതെറിയപ്പെട്ടവരെക്കുറിച്ചും ചവിട്ടിയരയ്ക്കപ്പെട്ടവരെ ക്കുറിച്ചും പതിതരായ സമസ്ത ജീവജാലങ്ങളെയും കുറിച്ച് പറയുമ്പോൾ കോവിലന്റെ ഭാഷയ്ക്ക് കൈവരുന്ന ഹൃദയ ദ്രവീകരണക്ഷമത ‘റ ‘എന്ന കഥയിലും ഉണ്ട്. ‘ഈ ജീവിതം അനാഥമാണ്’ എന്ന വിങ്ങൽ തന്നെയാണ് ബുദ്ധ വചനം പോലെ ഓർമ്മപ്പെടുത്തുന്നത്. ഒട്ടും സങ്കീർണമല്ല ‘റ’ എന്ന കഥ. പക്ഷേ വിശപ്പും നിരാധാരത്വവും അരക്ഷിതത്വവും എത്രമേൽ സങ്കീർണമാണെന്ന് ബോധ്യപ്പെടുത്തുന്ന നേരിന്റെ ലളിത യുക്തി കൊണ്ടാണ് കഥ പറയുന്നത്.

സ്കൂളിൽ പോയാൽ കിട്ടുന്ന ഉപ്പുമാവിന്റെ രുചിയുടെ ബലത്തിൽ ക്ലാസിൽ തളർന്നിരിക്കുന്ന കുട്ടിയും അവന്റെ വിശപ്പുകൾക്ക് മേൽ നിർദയം അശ്രദ്ധരാകുന്ന സമൂഹവും ചേർന്നൊരുക്കുന്ന ഒരിക്കലും പൂർണമാവാത്ത സങ്കടവൃത്തമാണ് ‘റ’
പാട്ടുകെട്ടി വിശപ്പിനെ മറികടക്കാൻ, കുചേലവൃത്തത്തിന്റെ തുഴയെറിയാൻ കുഞ്ഞുങ്ങൾക്ക് ആവില്ലല്ലോ.

വിശന്നു പൊരിയുമ്പോൾ ബാജി വിചാരിക്കാറുണ്ട് -താനൊരു കാക്കക്കുഞ്ഞും അമ്മ ഒരു കാക്കയും ആയിരുന്നെങ്കിൽ എന്ന് .അങ്ങനെയെങ്കിൽ എന്തെങ്കിലുമൊന്ന് കൊക്കുകൾക്കിടയിൽ ഒളിച്ചുവെച്ച് അമ്മ കൊണ്ടുവരുമായിരുന്നു. മരിച്ചുപോയാൽ വിശപ്പ് അറിയില്ലല്ലോ എന്ന ആശ്വാസത്തിന്റെ തുരുത്തിലാണ് ബാജിയുടെ ജീവിതം. വിശന്നു പൊരിയുന്ന കുഞ്ഞുങ്ങൾക്ക് മുന്നിൽ അക്ഷരമല്ല, ഭക്ഷണത്തിന്റെ നിറമാണ് പ്രധാനമെന്ന് കഥാകൃത്തിന്റെ നൈതിക ബോധ്യം വിരൽ ചൂണ്ടുന്നു. വിദ്യാലയങ്ങൾ സർവ്വത്രികവും സൗജന്യവുമായ ഉച്ചഭക്ഷണ പദ്ധതിയിലൂടെയാണ് അറിവിന്റെ പ്രകാശഗോപുരം ആകുന്നതെന്ന് നാം ഇപ്പോൾ അറിയുന്നുണ്ട്. സ്ലേറ്റിനേക്കാൾ നിറവുറ്റതായി കാണാൻ കൊതിക്കുന്ന കുഞ്ഞിച്ചട്ടിയിലാണ് ബാജിയുടെ ശ്രദ്ധ. എപ്പോഴാണ് ഉച്ച മണിയടിക്കുക എന്ന വെമ്പലിനും താഴെ, ബെഞ്ചിനും താഴെ ബാജിയുടെ കുഞ്ഞിച്ചട്ടി ‘റ’ പോലെ കിടക്കുകയാണ്. ടീച്ചർക്കു മുന്നിൽ നമസ്തേ പോലും പറയാനാകാതെ ക്ഷീണിച്ചിരിക്കുന്ന ബാജിയെ നാം കാണുന്നു. പട്ടിണിപ്പാവങ്ങളുടെ നഗ്നതയും അവരേറ്റ അപമാനവും മറയ്ക്കാൻ ദേശീയ പതാകയ്ക്ക് പോലും ആവില്ലെന്ന കാവ്യ നൈതിക യുക്തിയുടെ സ്വരവും നാം കേട്ടതാണല്ലോ. പ്രഘോഷിക്കപ്പെടുന്ന ആചാര മര്യാദകളും ദേശീയ ബോധ്യ പ്രകമ്പനങ്ങളും സംസ്കാര മഹിമാ വാചാടോപങ്ങളും പാർശ്വവൽകൃത ജീവിതയാഥാർത്ഥ്യങ്ങളുടെ മുന്നിൽ എത്രമേൽ വൃത്തികെട്ടതാണെന്ന് കഥയിലെ ഒരൊറ്റ സന്ദർഭം കൊണ്ട് വിമർശനാത്മകമായി രേഖപ്പെടുത്തി. നിരാധാരനും റേഷൻ കാർഡ് ഇല്ലാത്തവനും അനാഥനും ബാല്യത്തിൽ റെയിൽപാളത്തിൽ മലം നക്കി തിന്ന അനുഭവവുമുള്ള ഇന്ത്യൻ പ്രജയെ പറ്റി ബാലചന്ദ്രൻ ചുള്ളിക്കാട് കവിതയെഴുതി. കവിതയുടെ പേര് ‘ഇന്ത്യൻ ‘ താൻ കണ്ട കാര്യങ്ങൾ ഡോക്യുമെന്റ് ചെയ്തതാണ് ആ കവിതയെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് .ബാജിയും ഒരു ഇന്ത്യൻ പ്രജയാണ്. ബാജി സി.സി എന്ന് ടീച്ചർ വിളിക്കുമ്പോൾ ഹാജർ പറയാൻ വെമ്പുമ്പോഴും അവന്റെ മനസ്സിൽ കുഞ്ഞിച്ചട്ടി ആയിരുന്നു. കോവിലൻ പറയുന്നു : “ഈ ചട്ടി അവന്റെ ആദ്യപാഠമാകുന്നു. റ! ഒരു റായുടെ ഉള്ളിൽ അവന്റെ ജീവിതം തുടങ്ങുന്നു. അതേ റായ്ക്കുള്ളിൽ അവന്റെ ജീവിതം അവസാനിക്കുന്നു. ‘റ ‘
കൈവിലങ്ങുമാകുന്നു. ‘റ’ എന്ന് എഴുതി തുടങ്ങുന്ന ശിക്ഷണത്തിൽ നിന്ന് ‘ റ ‘ പോലെ ചുരുണ്ട് തീരുന്ന മരണത്തിലേക്കുള്ള ജീവിതത്തിന്റെ അപൂർണ്ണതയെ അഭിവ്യഞ്ജിക്കുകയാണ് കോവിലൻ.

വിശപ്പിന്റെ ആധിക്യത്തിൽ ‘ ‘റ’ പോലെ വിയർത്തു വളയുന്ന, തലകറങ്ങിപ്പോകുന്ന ബാജിയെ ശ്രദ്ധിക്കാൻ ടീച്ചർക്കായില്ല. അവർ അരിയേഴ്സിന്‍റെയും ശമ്പളപരിഷ്കരണത്തിന്റെയും ഓപ്ഷൻ ഡേറ്റിന്റേയും ലോകത്തായിരുന്നു. ഓഫീസിൽ റവയും പാൽപ്പൊടിയും ഉണ്ടായിട്ടും വിറക് ഇല്ലാത്തതുകൊണ്ട് അന്ന് ഉപ്പുമാവ് ഇല്ല. വയറ്റിലാളുന്ന വിശപ്പ് ഒരു ഇന്ധനം തന്നെയാണെന്ന് ദരിദ്രൻ നിരന്തരം ഓർക്കേണ്ടിവരുന്നു.

തട്ടകത്തെ മഹാശിലാ പൈതൃകങ്ങൾ

ടീച്ചർമാർ ഊണുകഴിക്കുമ്പോൾ ഉച്ചഭക്ഷണമില്ലാതെ പൂമരത്തിന്റെ ചുവട്ടിലും വരാന്തയിലും ചുറ്റിത്തിരിയുന്ന കുട്ടികളെ ‘പായസം ‘എന്ന കഥയിൽ കോവിലൻ അവതരിപ്പിക്കുന്നുണ്ട്. ഉള്ളത് തിന്നുതീർക്കാൻ ബദ്ധപ്പെടുന്ന ടീച്ചർമാർ പൂമരക്കുരു പെറുക്കുന്ന കുട്ടികളെ ഗൗനിക്കുന്നതേയില്ല. യാഥാർത്ഥ്യങ്ങളോടു മുഖം തിരിക്കുന്ന ടീച്ചർമാരെ മാത്രമല്ല, ഭരണകൂട വ്യവസ്ഥയെ തന്നെയാണ് കോവിലൻ ലക്ഷ്യം വെക്കുന്നത്. ഇല്ലത്തെ ദാരിദ്ര്യം മറികടക്കാൻ ടീച്ചർമാർക്ക് പായസം വിൽക്കുന്ന കുട്ടിയുടെ ചിത്രം ദാരിദ്ര്യത്തിന്റെ സങ്കടം മാത്രമല്ല പറയുന്നത്. ഫ്യൂഡൽ വ്യവസ്ഥിതിക്ക് ശേഷം കേരളീയ സമൂഹത്തിൽ ഉണ്ടായ അപ്രത്യരോ ധ്യമായ ധ്രുവീകരണത്തിന്റെ നേർചിത്രം കൂടിയാണ്. ജന്മിത്വം തകർന്നതും കുടിയാൻ സ്കൂൾ മാനേജരായി മറ്റൊരു ഫ്യൂഡൽ വ്യവസ്ഥിതി ആരംഭിച്ചതും വിശപ്പിന്റെ രാഷ്ട്രീയം മുൻനിർത്തി പര്യാലോചിക്കുന്നു .കുഞ്ഞുങ്ങളുടെ മനസ്സും അവരേൽക്കുന്ന അനാഥത്വം, വിശപ്പ്, അവഗണന എന്നിവ വ്യഥകളായി രൂപപ്പെടുത്തുമ്പോൾ കോവിലിന്റെ കഥകൾക്ക് കൈവരുന്ന സ്പർശനക്ഷമത വേറിട്ടതാണ്.

ഹൃദയമറിയാത്ത വിദ്യാഭ്യാസ വ്യവസ്ഥയും നീതിബോധമില്ലാത്ത ഭരണകൂട താൽപര്യങ്ങളും അനുകമ്പയില്ലാത്ത നേതൃലോകങ്ങളും സുസ്ഥിരമല്ലാത്ത വികസനാജണ്ടകളും ഇപ്പോഴും നമ്മെ ഭരിച്ച് കീഴ്പ്പെടുത്തുമ്പോൾ കോവിലന്റെ കഥകൾ ജൈവ രാഷ്ട്രീയമായി പൊരുതുക തന്നെ ചെയ്യും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here