നിധിൻ.വി.എൻ
മഷിയെഴുതാത്ത കണ്ണുകൾക്കുടമയുമായി പ്രണയത്തിലാകുന്നത് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ പഠന കാലത്താണ്. അടങ്ങാത്ത ആവേശത്താൽ അറിയാൻ ശ്രമിച്ച ചരിത്രം ഗുരുവായൂരപ്പൻ കോളേജിന്റെയാണ്. അത്രമേൽ സ്വാധീനം ചെലുത്തിയിരുന്ന ആ കോളേജ്. തിരശീലയിൽ കോളേജ് ദൃശ്യമാകുന്ന ഓരോ അവസരത്തിലും സ്വയം അഭിമാനിച്ചു തുടങ്ങിയത് എപ്പോൾ മുതലാണെന്ന് അറിയില്ല. “ശാലിനി എന്റെ കൂട്ടുകാരി, ഗുൽമോഹർ, റെഡ് വയിൻ, KL 10 പത്ത്, ക്യാപ്റ്റൻ ” എന്നീ ചിത്രങ്ങൾ കോളേജിന്റെ ദൃശ്യഭംഗിയെ പകർത്തിയെടുത്തിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ഭംഗിയായി തോന്നിയത് “ശാലിനി എന്റെ കൂട്ടുകാരി” എന്ന ചിത്രത്തിലെ ദൃശ്യങ്ങളായിരുന്നു. ഒരു ZGC-യനെ സംബന്ധിച്ച് അവന്റെ നൊസ്റ്റാൾജിയയെ തൊട്ടുണർത്താൻ പാകത്തിൽ കോളേജിനെ പൂർണമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ചിത്രവും ഇതുതന്നെയാണ്. ഈ ചിത്രത്തിലൂടെയാണ് ശോഭയെന്ന നടിയെ ആദ്യമായി കാണുന്നതും, മഷിയെഴുതാത്ത അവരുടെ മിഴികളിലേക്ക് ആകർഷിക്കപ്പെടുന്നതും. തുടർന്നുള്ള അന്വേഷണം അവരെ കുറിച്ചായി. തിരഞ്ഞെടുപ്പുകൾ അവരുടെ സിനിമകളായി.
കെ.പി. മേനോന്റെയും അഭിനേത്രിയായിരുന്ന പ്രേമയുടെയും മകളായി 1962 സെപ്റ്റംബർ 23-ന് ജനിച്ച മഹാലക്ഷ്മി എന്ന ശോഭയ്ക്ക് തന്റെ പതിനേഴാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്തുകൊണ്ടാണെന്ന്‍ ചിന്തിച്ച് രാവു വെളുപ്പിച്ചു. പശി എന്ന തമിഴ് ചിത്രത്തിൽ ശോഭയവതരിപ്പിച്ച മുഷിഞ്ഞ പെൺകുട്ടിയെ കാണുമ്പോൾ വിശപ്പിനെ തൊട്ടറിഞ്ഞ നിമിഷങ്ങളിലായിരുന്നു ഞാൻ. പശിയെന്ന ചിത്രത്തിലൂടെ തന്റെ 17-ാം വയസ്സിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ശോഭയുടെ ആത്മഹത്യയുടെ കാരണങ്ങൾ സ്വയം കണ്ടെത്താനാകാതെ വന്ന അവസരത്തിലാണ് “ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്” എടുത്ത് കാണുന്നത്. കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ചിത്രം ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കിയായിരുന്നു.
ജെ.പി. ചന്ദ്രഭാനു സംവിധാനം ചെയ്ത തട്ടുങ്കൽ തിറക്കപ്പെടും എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തെത്തിയ ശോഭ, ഉദ്യോഗസ്ഥ എന്ന മലയാള ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. ഉത്രാടരാത്രി-യിലൂടെ ശോഭ നായികയായി അരങ്ങേറ്റം കുറിച്ചു.എന്നാൽ, ശാലിനി എന്റെ കൂട്ടുകാരി -യെന്ന ചിത്രത്തിലൂടെയാണ് ശോഭ മലയാളക്കരയുടെ മനം കവർന്നത്. ബാലതാരമായിരിക്കേ ബേബി മഹാലക്ഷ്മി എന്ന പേരിൽ അഭിനയിച്ചിരുന്ന ഇവർ പിന്നീട് ശോഭ എന്ന പേരിലേക്ക് മാറുകയായിരുന്നു. സംവിധായകൻ ബാലു മഹേന്ദ്രയെയാണ് ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത ചില കാരണങ്ങളാൽ തന്റെ 17ാം വയസ്സിൽ 1980 മേയ് – 1 ന് ശോഭ ആത്മഹത്യ ചെയ്തു.