സങ്കുചിത മത, വർഗീയ താത്പര്യങ്ങൾക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രതിഭകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാൽപ്പത്തിയെട്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയത നിർവീര്യമാക്കുന്നതിൽ കലാ, സിനിമാപ്രവർത്തകർക്ക് വലിയ പങ്കുണ്ട്. ഏതു കലാകാരനും നിർഭയം കലാപ്രവർത്തനം നടത്താവുന്ന നാട് എന്ന പേര് നമുക്ക് നിലനിർത്താനാകണം. അദ്ദേഹം കൂട്ടിച്ചേർത്തു.
മാറിയ കാലത്തിന്റെ മൂല്യത്തിനനുസരിച്ച് മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നത് നല്ല പ്രവണതയാണ്. ഇത്തരം കലാകാരൻമാരിലാണ് സമൂഹത്തിന്റെ പ്രതീക്ഷ. ഇവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കാൻ സമൂഹത്തിന്റെ ജാഗ്രതാപൂർണമായ ഇടപെടൽ വേണം.
ചലച്ചിത്രരംഗത്തിന്റെ പുരോഗമനസ്വഭാവത്തിനുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാർഡുകൾ. ഉന്നത മാനവമൂല്യം പുലർത്തുന്ന സൃഷ്ടികൾ അംഗീകാരം കിട്ടിയവയിൽ ഏറെയുണ്ട്. തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവർ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാർഡുകളാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ മോഹൻലാൽ പങ്കെടുത്തു.