കവിത
സ്മിത സൈലേഷ്
നക്ഷത്രങ്ങളെ വാസനിച്ചു
വസന്തത്തിന്റെ
വിഷം കുടിച്ച് മരിച്ചവളേ…
നീ നടന്ന് തീർത്ത വഴികളിലെങ്ങും
പുൽനാമ്പുകളിൽ
സുഗന്ധമുള്ള
നക്ഷത്രങ്ങൾ
പൂത്തിരിക്കുന്നു.
മഴ നിറയെ പൂക്കളണിഞ്ഞ
മുകിലുകൾ
ഈ കുന്നിൻ ചെരിവാകെ
പെയ്തിറങ്ങുന്നു..
പ്രിയപ്പെട്ടവളേ…
നിന്നിൽ നിന്നും
അടർന്നു വീണ
നിന്റെ സ്വപ്നങ്ങളുടെ
നീലകറ പുരണ്ട
നിലാവിപ്പോൾ
ഒരു രാവിലും
അസ്തമിക്കാത്ത
പൗർണ്ണമിയായി
ഈ താഴ്വരയെ
ചുംബിക്കുന്നു…
പ്രിയപ്പെട്ട പെൺകുട്ടീ..
നിന്റെ മരണകുറിപ്പ്
നിത്യ വസന്തത്തിന്റെ
ഉടമ്പടിയായി
വീണ്ടും വീണ്ടും
കണ്ടെടുക്കപ്പെടുകയാണ് .
നിന്റെ കവിതകളിലെ
എണ്ണമറ്റ ശലഭങ്ങൾ
പ്രണയികളുടെ
ആത്മാവുകൾ നീളേ
കുടിയേറിയിരിക്കുന്നു
നിന്റെ കരിനീല
വിഷാദങ്ങളൊക്കെയും
വിരഹികളുടെ
ഹൃദയത്തിൽ
പൊഴിഞ്ഞ
ഇതളുകളുടെ സംഗീതമായി
കൊത്തിവെക്കപ്പെട്ടിരിക്കുന്നു
നിന്റെ നെറ്റിത്തടത്തിലെ
വിളർത്ത വെയിലുകൾ
നിന്റെ ഉള്ളംകൈയിലെ
തണുത്ത കാറ്റുകൾ
ജനാലകളും വാതിലുകളും
അടച്ചു പൂട്ടിയ നിന്റെ
ഹൃദയത്തിലെ കടലുകൾ
പാദസരങ്ങളിൽ
നീയൊളിപ്പിച്ചു വെച്ചനദികൾ…
നിന്റെ കണ്ണുകളിലെ
വാൽനക്ഷത്രങ്ങൾ…
ശ്വാസത്തിലെ
ധ്യാന സമുദ്രങ്ങൾ
പ്രിയപ്പെട്ട പെൺകുട്ടീ..
നിന്റെ പാതി നിർത്തിയ
പാട്ടിലെ കുയിലുകൾ
പാടി പാടി ഈ ഭൂമി
ഒരു കാടായി.. മാറിയിരിക്കുന്നു..
ചിറകുള്ള
പെൺകുട്ടീ
നിന്റെ ആകാശങ്ങൾ
നിന്റെ സ്വപ്നങ്ങളുടെ
വിത്തുകൾക്ക് മേൽ
അടയിരിക്കുന്ന
പക്ഷിയാവുന്നു…
നീ മരിച്ചുറങ്ങുന്ന
ഭൂഭാഗം നീളെ
അപ്പൂപ്പൻ താടികൾ
നിറഞ്ഞിരിക്കുന്നു
പ്രിയമുള്ളവളെ
ഇപ്പോൾ
നിന്റെ ഓർമ്മയുടെ
മഴവില്ലിനെ..
ഹൃദയത്തിൽ
തൂക്കിയിട്ടൊരു
മഴ.. അവസാനിക്കാതെ
പെയ്യുന്ന..
കനവും കടലും
മാത്രമായി ഞാൻ
രൂപാന്തരപ്പെടുകയാണ്…
ഉടൽ മുഴുവൻ
മൃതി വാസനിക്കുന്ന
എന്നെ നീ
നിന്റെ കവിതയിലേക്ക്
ചിരബന്ധിതമായി
പകർത്തിയെഴുതുക.. .
വിഷാദം കൊണ്ടും
പ്രണയം കൊണ്ടും
സമ്പൂർണ്ണമായ
മൃതിയേ.. എന്ന്
എന്റെ കവിതയെ
പേര് ചൊല്ലി വിളിക്കുക…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
മനോഹരം ????
മനോഹരം