Homeകേരളംശൈശവ വിവാഹ കണ്ണീരുകള്‍

ശൈശവ വിവാഹ കണ്ണീരുകള്‍

Published on

spot_imgspot_img

റസീന റാസ്

വളരെ ചെറുപ്പത്തിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കണ്ടും കേട്ടുമാണ് വളർന്നത്. എന്റെ മൂത്തമ്മാന്റെ (ഉമ്മയുടെ മൂത്തസഹോദരി ) കല്യാണം നടക്കുമ്പോൾ അവർക്കു പതിനൊന്ന് വയസ്സാണത്രെ പ്രായം. ഭർത്താവിന്റെ ഉമ്മയാണ് ഉറങ്ങുമ്പോൾ വിരൽ ഉണ്ണുന്ന അവരുടെ ശീലം മാറ്റിയെടുത്തത്. പറഞ്ഞുകേട്ട ഈ കഥയ്ക്ക് സമാനമായ രീതിയിൽ തന്നെ അവരുടെ മകളുടെ, (എന്റെ കുഞ്ഞാത്ത യുടെ ) വിവാഹവും നടക്കുകയുണ്ടായി. അന്നവൾ ഒമ്പതിലും ഞാൻ ആറിലും ആണ്. കല്യാണത്തിന്റെ തലേ കൊല്ലത്തെ വേനലവധിക്ക് എന്റെ വീട്ടിൽ വിരുന്നു വന്ന അവളെ പൊട്ടകിണറ്റിൽ ഉന്തിയിട്ടതിന് ഇനി നിന്റെ വീട്ടിൽ വിരുന്നുവരില്ലെന്ന് എന്നോട് പിണങ്ങി പോയ അവൾ പിന്നെ മൂന്ന് കൊല്ലം കഴിഞ്ഞു അവളുടെ രണ്ടുവയസുകാരി മോൾക്കൊപ്പമാണ് വിരുന്നു വന്നത്. പിന്നയങ്ങോട്ട് എത്രയോ താത്തമാർ, അനിയത്തിമാർ,ബന്ധുക്കളായ കുട്ടികൾ, കൂടെപഠിച്ചവർ, കൂട്ടുകാരികൾ, അയൽവാസികൾ.

പതിനഞ്ചിലും പതിനാറിലും അവരൊക്കെ വിവാഹിതരായി. പതിനെട്ട് തികയും മുമ്പ് പ്രസവിച്ചു. അവരുടെ ഇടയിൽ അവിവാഹിതയായി പഠനം തുടർന്ന എന്നെനോക്കി പതിനാറു കഴിഞ്ഞാൽ പെൺകുട്ടികൾ മൊഞ്ച് കെട്ടുപോവും എന്ന് പലരും അടക്കം പറഞ്ഞിരുന്നു. അക്കാലത്തൊക്കെ അത് ശരിയാണെന്നു തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഇരുപത് വയസ്സൊക്കെ കഴിഞ്ഞപ്പോൾ ‘ഇരുപത് കഴിഞ്ഞാൽ പെണ്ണൊടഞ്ഞുപോവും ‘എന്ന് സിദ്ധാന്തം ചമച്ചവരോട് ഒടയാൻ ഞാൻ ചില്ലുഭരണിയല്ലല്ലോ എന്ന് തിരിച്ചടിക്കാനുള്ള അഹങ്കാരം ഒക്കെ കൈവന്നിരുന്നു. T.V ചന്ദ്രന്റെ “പാഠം ഒന്ന് ഒരു വിലാപം” ഒന്നും എനിക്കൊരു സിനിമക്കാഴ്ചയെ ആയിട്ടില്ല. എനിക്കെന്നല്ല, ഏറനാട്ടിൽ ജീവിക്കുന്ന ആർക്കും. ബാലവിവാഹ നിരോധനനിയമം എന്ന് പത്രത്തിൽ അച്ചടിച്ചിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന ഏതോ നിറം കൊണ്ടാണെന്നൊക്കെ തോന്നിയതേ ഉള്ളൂ. പതിനാറുകാരുടെ വിവാഹങ്ങൾ ഇവിടെ നിർബാധം തുടർന്നു.

കഴിഞ്ഞ കുറേ ആഴ്ചകളായി ഇതൊക്കെ വീണ്ടും വീണ്ടും ഓർത്തു സ്വയം ശപിക്കുന്നു. ‘ഓൾക്കിഷ്ടല്ല….എന്നാലും പ്രായം കൂടല്ലേ, അതുകൊണ്ടാണ് ‘എന്ന മുഖവുരയോടെ ക്ഷണിക്കപ്പെട്ട എത്രയോ വിവാഹങ്ങൾ… ചുറ്റുപാടും നടക്കുന്ന പല അതിക്രമങ്ങളോടും കണ്ണടക്കുന്ന കൂട്ടത്തിൽ, എന്റെ കയ്യിൽ നിൽക്കുന്ന കാര്യമല്ലല്ലോ എന്ന വരുത്തിക്കൂട്ടിയ നിസ്സഹായതയുടെ പേരിൽ ചിന്തിക്കാതെയും, പ്രതികരിക്കാതെയും വിട്ട എത്ര ബാലവിവാഹങ്ങൾ. ഇക്കഴിഞ്ഞ മാർച്ചിൽ, Plus One കെമിസ്ട്രി പരീക്ഷയുടെ അന്ന് രാവിലെ, സ്കൂൾ മുറ്റത്തുവെച്ചു, ഒരുവൾ വന്നെന്നെ കെട്ടിപിടിച്ചു കരയും വരെ ഈ കഥകളൊന്നും എന്റെ ഉടലിനെ ഇത്രക് പൊള്ളിച്ചിട്ടില്ല. അത്രക്കു ആഴമുണ്ടായിരുന്നു അവളുടെ കരച്ചിലിന്. എന്നെ രക്ഷിക്കുമോ ടീച്ചറെ എന്ന ചോദ്യത്തിന്… പരീക്ഷ എഴുതിക്കഴിഞ്ഞവൾ എന്റെ വീട്ടിലേക്കാണ് വന്നത്. നാലു മാസം മുമ്പ് രഹസ്യമായി അവളുടെ നികാഹ് നടന്നു കഴിഞ്ഞിരുന്നു. അവൾ അഴിച്ചിട്ട സങ്കടകടലിൽ രണ്ടു മൂന്ന് ദിവസം മുങ്ങിപ്പോയി. വൈകുന്നേരം വരെ കരഞ്ഞുകൊണ്ട് അവൾ പറഞ്ഞ കാര്യങ്ങൾ എല്ലാംക്കൂടി ഒറ്റ വാചകത്തിലിങ്ങനെ എഴുതാം “വീട്ടുകാരുടെ അനുവാദത്തോടെ, നികാഹിന്റെ പിൻബലത്തിൽ അവൾ നിരന്തരം ബലാൽസംഗം ചെയ്യപ്പെടുന്നു ”

പീന്നീട്, അന്വേഷിച്ചുനോക്കിയപ്പോൾ വിദ്യാലയത്തിൽ പല പെൺകുട്ടികളും പ്ലസ് വൺ പ്രവേശനം നേടുന്നതോടെ നികാഹ് ചെയ്യപ്പെടുന്നു എന്ന് മനസിലായി. വിദ്യാലയത്തിലെ ഈ പ്രവണതയുടെ ആധിക്യം ചൂണ്ടി കാണിച്ചു ബന്ധപ്പെട്ട വകുപ്പുകളിലേക്കെല്ലാം മാർച്ച് മാസത്തിൽ തന്നെ പരാതികൾ അയച്ചു. പക്ഷെ, ഇത്തരം വിവാഹങ്ങൾ തടയുവാനായി യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിക്കപ്പെട്ടിട്ടില്ല. ആ പെൺകുട്ടിയുടെ വീട്ടിലേക്കോ അവളിലേക്കോ ഒരന്വേഷണവും, ഒരു താക്കീതായിപോലും എത്തിയില്ല. അവളുടെ മുതിർന്ന സഹോദരിയും ഇതേപോലൊരു ബാലവിവാഹത്തിന്റെ ഇരയാണ്. ഇനിയുമുണ്ട് ഒരാൾകൂടി. നികാഹ് നടത്തിയ പള്ളി ഏതെന്നു പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും തിരക്കിയതുപോലും ഇല്ല. ചൈൽഡ്‌ലൈൻ, ബാലാവകാശ പ്രവർത്തകർ ഒക്കെയുമായി സംസാരിച്ചിരുന്നു. ഇരയുടെ മൊഴി, നികാഹിന്റെ ഫോട്ടോ, തെളിവില്ലായ്മ, എന്നിങ്ങിനെ ഉള്ള മുട്ടാന്‍ ന്യായങ്ങളല്ലാതെ പ്രശ്നത്തിനുള്ള പരിഹാരമോ പ്രതിവിധിയോ എവിടേനിന്നും കേൾക്കുക പോലും ഉണ്ടായില്ല.

ഏകദേശം സമപ്രായക്കാരായ മൂന്നും നാലും പെണ്മക്കള്‍ ഉണ്ടാവുക, കുടുംബത്തിന് സ്ഥിരവരുമാനത്തിന് നിവൃത്തിയില്ലാതാവുക, തുടങ്ങി ദാരിദ്രത്തിന്റെ തോതനുസരിച്ചു വിവാഹപ്രായം കുറയും. ഇളം പ്രായക്കാർക്ക് മാർക്കറ്റ് കൂടുതലുള്ള ചില സമുദായങ്ങളുണ്ട്. അത്തരം വിവാഹ വിപണിയിൽ വിറ്റഴിക്കപ്പെടേണ്ട കുട്ടികളാണെങ്കിൽ പിന്നെ പതിനഞ്ചിലെ ദല്ലാൾമാർ വീടുകേറിയിറങ്ങിത്തുടങ്ങും. ദാരിദ്ര്യം മൂലമുള്ള സമ്മർദ്ദം, വീട്ടുകാരുടെ ഭീഷണി, ഇത്തരം വിവാഹങ്ങൾ നിരവധി കണ്ട പരിചയം, സ്വാഭാവികമായ ഭയം, ഇതെല്ലാം വിവരങ്ങൾ മറച്ചു പിടിക്കാൻ പെൺ കുട്ടികളെ പ്രേരിപ്പിക്കുന്നു. അങ്ങേയറ്റം രഹസ്യമായി നടക്കുന്ന വിവാഹങ്ങൾ നേരത്തെ കണ്ടെത്തി തടയുക വളരെ ശ്രമകരമായ ജോലി തന്നെ ആണ്. ഇത്‌ കണ്ടെത്താനോ തടയാനോ വേണ്ട ഒരു സംവിധാനവും വിദ്യാലയങ്ങളിൽ ഫലപ്രദമായി നടപ്പിലാവുന്നില്ല. കുട്ടികളുടെ ബാഗുപരിശോധിക്കുക, അവരാരെയെങ്കിലും പ്രേമിക്കുന്നുണ്ടോ എന്ന് ഗവേഷണം നടത്തുക, ഉണ്ടെങ്കിൽ തടയുക, ചുരിബോട്ടം മാറ്റി ലൂസ് പാന്റ്സ് തയ്പ്പിക്കുക, എന്നിങ്ങിനെ ഉള്ള ജോലികൾക്കൊന്നും കാണിക്കുന്നത്ര ഉത്സാഹം ഈ വിഷയത്തിൽ ഉണ്ടാവാനിടയില്ലല്ലോ ? പതിനെട്ട് തികയുന്നതോടെ നിയമ സാധുത കൈവരികയും അതുവരെ ശിക്ഷാർഹമായി നില നിൽക്കുകയും ചെയ്യുന്ന വിചിത്രമായ നീതിക്കിടയിൽ കണ്മുന്നിൽ എത്ര കൗമാരങ്ങളാണുടഞ്ഞുപോയിരിക്കുന്നത് ? മൂപ്പെത്തും മുമ്പ് പ്രാപിക്കാനുള്ള ആൺ കൊതിക്കും, ആ ആൺ കൊതികൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട സമൂഹത്തിനും എന്റെ ജീവിതം തകർന്നുപോയി ടീച്ചറെ എന്ന കരച്ചിൽ മനസിലാവേണ്ട കാര്യമില്ല.

പതിനെട്ടു കഴിയാത്ത പെൺകുട്ടികളുടെ നിക്കാഹിന് രഹസ്യമായി പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കുന്ന പള്ളി മഹല്ലുകൾ, (ഈ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകർ തന്നെയാണ് പറഞ്ഞത്) കുഞ്ഞുശരീരങ്ങളെ അവരുടെ സമ്മതം കൂടാതെ കിടപ്പുമുറികളിലേക്ക് തള്ളിയിട്ട് കൊടുക്കുന്ന മാതാപിതാക്കൾ, എല്ലാറ്റിനും ഒത്താശപാടുന്നപള്ളികമ്മറ്റിക്കാർ. ഇവർക്കെതിരെ ഒന്നുംപരാതി ഉണ്ടാവില്ല. പരാതിപ്പെട്ടാലും തെളിവുണ്ടാവില്ല, ആരും പ്രതിസ്ഥാനത്തു വരികയുമില്ല. പതിനെട്ട് തികയുന്നതോടെ ഭർതൃവീടുകളിലേക്ക് അയക്കപെടുന്ന പെൺകുട്ടികളിൽ പലരുടെയും പഠനം അതോടെ തടസ്സപ്പെടുന്നു. അവർ കണ്ടു വളർന്ന ജീവിതം ആവർത്തിക്കുക എന്നതിനപ്പുറം അവർക്കൊന്നും ചെയ്യാനുണ്ടാവില്ല. പതിനാറുകാരിക്ക് വരനായി എത്തുന്നത് ഇരുപത്തിമൂന്നുകാരനൊ ഇരുപത്തിനാലുകാരനൊ ഒക്കെ ആയിരിക്കും. അവർ നടത്തുന്ന പാരന്റിങ് പരീക്ഷണങ്ങളുണ്ടാകുന്ന പൊല്ലാപ്പുകളാണ് ഇന്ന് കൗൺസിലിങ് സെന്ററുകൾക്കുമുമ്പിലെ നീണ്ട വരിയെന്നൊക്കെ ആർക്കാണറിയാത്തത് ?

പെൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമായതുകൊണ്ട് ഇത്തരത്തിലുള്ള വിവാഹങ്ങളുടെ എണ്ണം കുറേകൂടി കൂടുതലാണ്. ആൺ പെൺ ഇടകലരലിനെ കൂടി ഭയക്കുന്ന കുടുംബ, മത, സാമൂഹിക പശ്ചാത്തലമുള്ള വീടുകളിൽ നിന്നെത്തുന്ന വിദ്യാർത്ഥിനികൾ തന്നെയാണ് ഇത്തരം വിവാഹത്തിന്റെ ഇരകളാവുന്നവരിൽ അധികവും.

എനിക്കുമുമ്പിൽ പരാതിയുമായി എത്തിയ പെൺകുട്ടി തിളക്കമുള്ള കണ്ണുകളുമായി പത്താം തരത്തിൽ ക്ലാസ്സ്മുറിയെ സജീവമാക്കിയിരുന്നു. ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച അവൾക്ക് ജോലിനേടുക, അനിയത്തിയെ പഠിപ്പിക്കുക എന്നിങ്ങനെ സ്വപ്‌നങ്ങൾ ഒരുപാടുണ്ടായിരുന്നു. സമ്മതമില്ലാതെ നടന്ന വിവാഹത്തെ കരച്ചിൽകൊണ്ടും പട്ടിണികിടപ്പുകൊണ്ടും പ്രതിരോധിക്കാൻ അവൾ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. വീട്ടിൽ വന്നപ്പോൾ അവളുടെ കണ്ണുകൾ ചുറ്റും കറുപ്പ് വീണ് കരുവാളിച്ചിരുന്നു. അപമാനിക്കപ്പെട്ടവളെ പോലെയാണ് അവളുടെ നിൽപ്പുപോലും. അവൾക്ക് നഷ്‌ടമായ സ്വപ്നങ്ങൾ…. അവളൊരാളല്ല. ഒരിക്കൽ മൊഴിചൊല്ലപ്പെട്ടു രണ്ടാം വിവാഹം കഴിഞ്ഞവൾ, ഭർതൃ വീട്ടിൽ നിന്നും സ്കൂളിൽ എത്തുന്നവർ, യൂറിനറി ഇൻഫെക്ഷൻ പോലുള്ള ലൈംഗിക രോഗങ്ങൾ സഹിക്കുന്നവർ, ഗർഭാരംഭ അവശതകൾ ഉള്ളവർ, പെണ്ണുകാണൽ, മിട്ടായി കൊടുപ്പ്, ഇങ്ങിനെ വിവാഹത്തിന്റെ മുന്നോടിയായ നാട്ടുനടപ്പിന്റെ പല ഘട്ടങ്ങൾ കഴിഞ്ഞു നിൽക്കുന്നവർ ഒക്കെ ഉണ്ട് ക്ലാസ്സ്മുറികളിൽ. ഇവരെയാണ് കെമിസ്ട്രിയും ചരിത്രവും പഠിപ്പിക്കാൻ വിദ്യഭ്യാസ വകുപ്പ് പണം ചിലവാക്കുന്നത്.

ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും ഫോണിലേക്കെത്തുന്നുണ്ട്, കഴിഞ്ഞമൂന്നു കൊല്ലം എന്റെ മുമ്പിലുണ്ടായിരുന്ന, മെന്‍റ്റലി റീടാർഡെഡ് ആയ, I Q ടെസ്റ്റിൽ മുപ്പത്തിലും താഴെ ആയതുകൊണ്ട് സഹായി മുഖേന പരീക്ഷ എഴുതിജയിച്ച ഒരുവൾ. അവളുടെ നികാഹ് നടന്ന വിവരം വോയിസ് മെസ്സേജ് ആയി അവള്‍ തന്നെയാണ് എന്നെ അറിയിച്ചത്. ആരോടും പറയണ്ട ആള്‍ക്കാര്‍ക്കൊക്കെ കുയിന്താവും ടീച്ചറെ എന്നുപദേശവും ഉണ്ട് കൂട്ടത്തിൽ. സ്വന്തം ചോറ്റുപാത്രം തുറക്കാൻ പരസഹായം വേണമായിരുന്ന, ഒരു പൈതലിനെ പോലെ നിഷ്കളങ്കമായിച്ചിരിക്കുന്ന അവളെ കിടപ്പറയിലേക്കെത്തിക്കുന്ന യുക്തിയോട് സംവദിക്കുവാൻ ഏതു ഭാഷ വേണമെന്ന് ഇതെഴുതുമ്പോഴും നിശ്ചയം പോരാ. സ്വയം തീരുമാനമെടുക്കാനാവാത്ത പ്രായത്തിൽ കുട്ടികൾക്കു സമ്മതമാണെന്ന വാദം അപ്രസക്തമാണെന്ന് അധ്യാപകർക്കുപോലും മനസിലാവില്ലങ്കിൽ പിന്നെ ??

ഇത്രമേൽ നിരാശയോടെ ഒരു അധ്യയന വർഷവും ആരംഭിച്ചിട്ടില്ല. മാനവ വിഭവശേഷിയുടെ പകുതിയെയും പ്രസവയന്ത്രങ്ങളും, ലൈംഗികോപാധികളും മാത്രമാക്കിമാറ്റി ഒതുക്കിക്കളഞ്ഞ ഒരു സമൂഹത്തിൽ അധ്യാപനത്തിന് വലിയതെന്തൊക്കയോ ചെയ്യാനുണ്ടെന്ന് തോന്നിയിരുന്നു. വിദ്യാഭ്യാസംകൊണ്ട് വലിയ വിപ്ലവങ്ങൾ സാധ്യമാവും എന്ന് വിശ്വസിച്ചിരുന്നു. പൂർണ വളർച്ച പോലും എത്തും മുമ്പ് കിടപ്പറയിലെത്തിക്കുവാനുള്ള ശരീരങ്ങൾ മാത്രമാവുന്ന പെൺകുട്ടികളെ….. പുതിയ യൂണിഫോമിൽ, പുതിയ പുസ്തകങ്ങളുമായി നിങ്ങൾ വരണം. ഒരു കൊല്ലം നീട്ടിയെടുത്ത പ്രസവാവധി കഴിഞ്ഞു ഞാനും ഒരുങ്ങുകയാണ്, നമുക്കൊരുമിച്ചു മൈലാഞ്ചിയെക്കാൾ ചുവന്ന രക്തത്തിന്റെ നിറം കൊണ്ട് എഴുതപെട്ട കവിതകൾ വായിക്കണം , കഥകളിലെ രാജകുമാരിമാർക്ക് പതിനെട്ടു തികഞ്ഞോ എന്ന് രജിസ്റ്റര്‍ പരതിനോക്കണം.

(റസീനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്) 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...