കവിത
മധു. ടി. മാധവൻ
കോമരം തുള്ളുന്നു..
ചെമ്പട്ടിന്റെ കടും ചുവപ്പിൽ,
അരമണിയുടെ കിലുക്കത്തിൽ,
അസുരവാദ്യത്തിന്റെ ചടുലമാം താളത്തിൽ
കോമരമുറഞ്ഞു തുള്ളുന്നു…
വിയർപ്പിൽ കുതിർന്ന ഭസ്മത്തിൻ –
ഗന്ധം പേറിയ നാട്ടുവഴികളിൽ
ആഭിചാരത്തിൻ കലശകുടമുടഞ്ഞു
ചുവന്ന തെച്ചിപ്പൂക്കൾ ചിതറിയ പാതയിൽ
മന്ത്രവാദത്തിന്റെ തോരണം തൂക്കിയ
ഉച്ചാടനത്തിന്റെ പത്മകളങ്ങളിൽ
കഴുത്തറ്റ ഇരയുടെ രക്തം മണക്കുന്ന
വാളും ചിലമ്പും വിറയ്ക്കുന്ന കൈകളാൽ,
പറ കൊട്ടി ഉറയുന്ന ചങ്കിലെ നോവിലും
ചടുലമായ് മണ്ണിൽ ചവിട്ടുന്ന കാലുകൾ
രൗദ്രമായ് നെറ്റിയിലടിക്കുന്നു വാളിനാൽ
മണ്ണിൽ തെറിക്കുന്നു ചുടുനിണ തുള്ളികൾ
മൂർത്തിയുടെ ഭാവമൊഴിഞ്ഞൊരു വേളയിൽ
അവശനായ് പതിയെ പതിക്കുന്നു ഊഴിയിൽ
ബോധം തെളിഞ്ഞൊരീ സായാഹ്ന സന്ധ്യയിൽ
കണ്ണിൽ കലർന്നു കല്ലുപ്പിന്റ തുള്ളികൾ
വാളും ചിലമ്പും നടക്കലിൽ വച്ചിട്ടു
സ്രാഷ്ടാംഗമോടെ നമിക്കുന്നു കാൽകളിൽ
വെളിച്ചമെരിഞ്ഞു തീരുന്നയന്തിയിൽ
തിരികെ നോക്കാതെ നടന്നുപോയ് തേങ്ങലിൽ
കണ്ണുനിറഞ്ഞു, വിറയ്ക്കുന്ന ചുണ്ടിനാൽ
ഉരുക്കഴിക്കുന്നു കലികാലത്തിൻ മന്ത്രങ്ങൾ
നേരിപ്പോട് പോലെയെരിയുന്നയുള്ളത്തിൽ
അരമണികിലുങ്ങുന്ന ശബ്ദകോലാഹലം
ഈരാറുരാശികൾ പാശമായ് നിൽക്കവേ
മടക്കം കുറിക്കുവാനുള്ളിൽ തിടുക്കമായ്.
ചെമ്പട്ടു ചുറ്റിയരപട്ടയും കെട്ടി
ഒരു കച്ച താലിയായ് കയ്യിൽ പിടിക്കുന്നു
ആലിന്റെ ചില്ലയെ വേളി കഴിച്ചുകൊ-
-ണ്ടൊരു രാത്രി തമ്മിൽ പുണർന്നു ശയിക്കുന്നു.
ചുംബനത്തിന്റ സീൽകാര ശബ്ദമായ്
ആലിലകളിൽ നാണം പൊഴിച്ചുവോ
ബീജമൊഴുകി തളർന്നു മരവിച്ച
പ്രാണനായകൻ ധ്വജമായ് ശയിക്കുന്നു.
താളമേളങ്ങളില്ലാത്ത വേളയിൽ,
താലിപോൽ തൂങ്ങിയാടിയ നേരത്ത്
നിങ്ങൾ കേട്ടുവോ
പുലകാക്ക തൻ രോദനം.
ആർക്കരശ്മികൾ മണ്ണിൽ പതിക്കവേ
കണ്ടുവോ നിങ്ങൾ ഒരു നരച്ചീലിനെ
നാവു നീട്ടി മരവിച്ചുറങ്ങുന്ന
പുതിയ കാലത്തിനന്യമാം ജീവിയെ
പുതിയ കാലത്തിന്റെ ശീലുകൾക്കന്യമാം
എണ്ണവറ്റിയ കരിന്തിരിവിളക്കുകൾ
ചങ്കിലുറയും ചിലമ്പിന്റെ ശബ്ദങ്ങൾ
മണ്ണിൽ തൊടാത്തയീ മരവിച്ചകാലുകൾ
കാറ്റിലാടുന്ന ആലിന്റെ ശിഖരത്തിൽ
തൂങ്ങിയാടുന്നു ജീവിത സത്യങ്ങൾ
വെളിച്ചം വെറുത്ത കലികാലക്കരിമ്പടം
കാർമേഘമുരുളുന്ന കൂരിരുൾ മണ്ഡലം
ചെറുമൺ ചെരാതിനാൽ വെട്ടം കൊടുക്കുവാൻ
പൊരുതിയൊരു ഭ്രാന്തന്റെ ജഡമിതാ കാണുക.
കൂരിരുൾ മാറ്റുവാൻ രാത്രിയിൽ പാറിയ
ചെറുമിന്നാമിനുങ്ങിന്റെ മരണമായ് കാണുക…
…
വളരെ ശക്തമായ വരികൾ. മികച്ച അവതരണം