നിധിന്‍ വി.എന്‍.
ചില ജീവിതങ്ങള്‍ നമ്മെ പൊള്ളിച്ച് കടന്നുപോകും. നാം നിത്യവും കാണുന്നുവെങ്കിലും കാണാത്ത കാഴ്ചകളിലേക്ക് അത് നമ്മെ ക്ഷണിക്കും. ഇതെല്ലാം സ്ഥിരം കാണുന്നതല്ലേ എന്ന ചോദ്യത്തെ മടക്കി ചിന്തിക്കാനവസരം തരാതെ, നാം കാണാത്ത കാഴ്ചകളിലേക്ക് കൂട്ടും. അതെ, യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞുപോകുന്ന ചിത്രങ്ങള്‍ വിരളമാണ്. അവിടേയ്ക്കാണ് ‘A Known Story’ വരുന്നത്.
പേരുപറഞ്ഞ് പരിചയപ്പെടുത്താന്‍ കഴിയുന്ന കഥാപാത്രങ്ങളാരുമില്ല. എന്തിന് കഥാപാത്രങ്ങളുടെ മുഖം തന്നെയില്ല. ചില കഥകള്‍ പറയാന്‍ സംഭാഷണങ്ങള്‍ ആവശ്യമുണ്ടാവില്ല. ചിത്രത്തിലും സംഭാഷണങ്ങള്‍ ഉപയോഗിച്ചിട്ടില്ല. എന്നുകരുതി ചിത്രത്തിലെ കഥാപാത്രത്തിന് ശബ്ദമില്ലെന്ന് മാത്രം കരുതരുത്.
മാര്‍ച്ച് ഒന്നിന് യൂട്യൂബില്‍ റിലീസായ ചിത്രം ഇതിനകം തരംഗമായികൊണ്ടിരിക്കുകയാണ്. ഒരു ഹോട്ടല്‍ ജീവനകാരന്റെ ഒരു ദിവസത്തെ (ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ദിവസങ്ങളുടെ) കഥയാണ് ചിത്രം പറയുന്നത്. തൊഴിലിടത്തില്‍ അയാള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അയാളതിനെ നേരിടുന്നതുമാണ് ചിത്രത്തിന്റെ കഥ. നാല് മിനിറ്റ് ഇരുപത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ഓരോ കാഴ്ചകാരനെയും ചിന്തിപ്പിക്കുന്നു.
നിരവധി ഷോര്‍ട്ട് ഫിലീം ഫെസ്റ്റുകളില്‍ പങ്കെടുത്ത് പുരസ്‌കാര നേട്ടങ്ങളോടെയാണ് ചിത്രം യൂട്യൂബിലെത്തിയിരിക്കുന്നത്. അജ്മല്‍ ഷാഹുല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഹസിഫ് ഹക്കീം കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ്: ബിജിഷ് ബാലകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: ഗണേഷ് മാരാര്‍.