നിധിന്‍ വി.എന്‍.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകി എന്ന ചിത്രം ഹരിയെ തേടിയുള്ള ദിവ്യയുടെ അന്വേഷണങ്ങള്‍ ആണ് വരച്ചിടുന്നത്. ദിവ്യ പ്രെഗ്നന്റ് ആണ് എന്ന സൂചനകളിലൂടെ തന്നെയാണ് ചിത്രം തുടങ്ങുന്നത്. പതിയെപതിയെ ദിവ്യയുടെ അവസ്ഥ കാഴ്ചക്കാരെ അസ്വസ്ഥരാക്കുന്നു. രോഗിയായ ദിവ്യയുടെ അമ്മ, വിദ്യാര്‍ത്ഥിയായ ദിവ്യ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലേ എന്നുമാത്രം ചിന്തിക്കുന്ന അവളുടെ അച്ഛന്‍ തുടങ്ങി പലരും അവളുടെ സ്വപ്നങ്ങളെ ഇടയ്ക്കുവെച്ച് മുറിക്കുന്നു. എക്സാം സമയങ്ങളില്‍ ഇടയ്ക്കിടെ ടോയ്ലറ്റില്‍ പോകേണ്ടിവരുന്ന ദിവ്യയുടെ അവസ്ഥ, ഹരിയെ ഫോണിലോ നേരിട്ടോ ബന്ധപ്പെടാന്‍ കഴിയാത്ത വേദന, നിധി എന്ന സുഹൃത്തിന്റെ ഉപദേശം എന്നിങ്ങനെ വല്ലാത്ത ഒരവസ്ഥയിലൂടെ സഞ്ചരിക്കുന്ന ദിവ്യ. അവളുടെ ജീവിതം. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള 63-ാമത് National Film Award നേടിയ കാമുകി പ്രണയത്തില്‍ സംഭവിക്കാവുന്ന വേദനകളെ പകര്‍ത്തി വെക്കുന്നു.
ശ്രീരാജ് രാജീവ് എസും, ക്രിസ്റ്റോ ടോമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥിന്റെയാണ് ക്യാമറ. ഗൗതം നെരസുവാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. കൃഷ്ണകുമാര്‍, മിഥുന്‍ നളിനി, മോഹന്‍ കൃഷ്ണന്‍, തങ്കം മോഹന്‍, കുഞ്ഞില എന്നിവരാണ് കാമുകിയിലെ പ്രധാന അഭിനേതാക്കള്‍.