കവി ചെമ്മനം ചാക്കോ അന്തരിച്ചു

0
618

കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിത്തിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ രാത്രി 11.50 ഓടെയായിരുന്നു അന്ത്യം.

1926 മാർച്ച് 7-ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ ജനിച്ചത്. കുടുംബ പേരാണ് ചെമ്മനം. പിതാവ് യോഹന്നാൻ കത്തനാർ വൈദികനായിരുന്നു. പിറവം സെന്റ് ജോസഫ്സ് ഹൈസ‌്‌കൂൾ,​ ആലുവ യു.സി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. അതിന് ശേഷം പിറവം സെന്റ്. ജോസഫ്സ് ഹൈസ്‌കൂൾ, പാളയംകോട്ട സെന്റ് ജോൺസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി നോക്കി. 1968 മുതൽ 86 വരെ കേരളസർവകലാശാലയിൽ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടറായും ജോലി നോക്കി.

1940കളിലാണ് സാഹിത്യ ജീവിതത്തിന് തുടക്കം കുറിച്ചത്. 1946ൽ ചക്രവാളം മാസികയിൽ ‘പ്രവചനം ‘എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. 47ൽ വിളംബരം എന്ന കവിതാസമാഹാരം പുറത്തിറക്കി. 1965ൽ പ്രസിദ്ധീകരിച്ച ‘ഉൾപ്പാർട്ടി യുദ്ധം’ എന്ന കവിതയിലുടെയാണ് ചെമ്മനം ചാക്കോ വിമർശഹാസ്യത്തിലേക്ക് തിരിഞ്ഞത്. 1967ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഇരുപത്തിരണ്ടോളം കവിതാഗ്രന്ഥങ്ങലും ബാലസാഹിത്യ കവിതകളും കഥകളും രചിച്ചിട്ടുണ്ട്. ഇതോടൊപ്പം വിമർശനഹാസ്യ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. തോമസ് വയസ് 28 എന്ന ചെറുകഥാസമാഹാരവും പുറത്തിറക്കി. ഹാസ്യസാഹിത്യ അവാർഡ്,​ മഹാകവി ഉള്ളൂർ കവിതാ അവാർഡ്,​ സഞ്ജയൻ പുസ്കാരം,​ കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here