ആഭ്യന്തര വകുപ്പിന്റെ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികൾക്ക് അക്രഡിറ്റേഷൻ

0
190

ആഭ്യന്തര വകുപ്പിന് കീഴിലുള്ള എറണാകുളം, കോഴിക്കോട് റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികൾക്ക് ഫോറൻസിക് ലബോറട്ടറികൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം ഫോറൻസിക് പരിശോധനാ രംഗത്ത് നടപ്പിലാക്കിയതിനാലാണ് ബഹുമതി. 2018ൽ തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയ്ക്ക് അക്രഡിറ്റേഷൻ ലഭിച്ചിരുന്നു. വകുപ്പിന്റെ മൂന്നു ലാബുകൾക്കും ഇതോടെ അക്രഡിറ്റേഷനായി. ഗുണമേന്മാ അംഗീകാരം ലഭിച്ചതോടെ കേന്ദ്ര ലബോറട്ടറികൾ ഉൾപ്പെടെയുള്ള വൻ രാസപരിശോധനാ ലാബുകളുടെ നിലവാരത്തിലേക്ക് കേരളത്തിലെ ലബോറട്ടറികൾ ഉയർന്നിരിക്കുകയാണ്.
മാനുഷികവിഭവശേഷി, അത്യാധുനിക ഉപകരണങ്ങളുടെ ലഭ്യത, ഗുണമേൻമ,  ഉപയോഗിക്കുന്നതിലുള്ള വൈദഗ്ധ്യം, കാലികമായ നവീകരണം, ഗുണമേന്മാ നിലവാരം ഉറപ്പിക്കൽ, രാസപരിശോധനാ സംവിധാനങ്ങളുടെ ആധുനികവത്കരണം, പരിശോധനാ സംബന്ധമായ രേഖകളുടേയും റിക്കോർഡുകളുടേയും കുറ്റമറ്റ കമ്പ്യൂട്ടർവത്കരണത്തോടെയുള്ള സുരക്ഷിതവും സുതാര്യവുമായ പരിപാലനം, ജീവനക്കാരുടെ ആരോഗ്യപരിപാലനം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം, സേവനം ലഭ്യമാകുന്ന വ്യക്തികളുടേയും നീതിന്യായ കോടതികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടേയും സംതൃപ്തി എന്നിവയിൽ അടിസ്ഥാനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് അംഗീകാരത്തിനായി ദേശീയ ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കിയത്.
എറണാകുളം ലാബിലെ ജോയിന്റ് കെമിക്കൽ എക്‌സാമിനർ ശിവൻകുട്ടി.എം.വി, കോഴിക്കോട് ലാബിലെ ജോയിന്റ് കെമിക്കൽ എക്‌സാമിനർ ഡോ.ആർ.രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ഹൈദ്രാബാദ് സെൻട്രൽ ഫോറൻസിക് ലാബ് മുൻ ഡയറക്ടർ കെ.പി.എസ് കർത്തയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് എല്ലാ ജീവനക്കാരും ഒരുമിച്ചു നടത്തിയ ചിട്ടയായ പ്രവർത്തനത്തിലൂടെയും ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ്ണ പിന്തുണയോടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ചീഫ് കെമിക്കൽ എക്‌സാമിനർ ആർ.ജയകുമാരൻ നായർ അറിയിച്ചു.
ഇന്ത്യയിലെ 90 ഫോറൻസിക് ലാബുകളിൽ പത്തെണ്ണത്തിനു മാത്രമാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതിൽ തന്നെ  ISO/IEC 17025:2017  ലെ പുതിയ മാനദണ്ഡമനുസരിച്ച് ഈ ബഹുമതി നേടുന്ന ആദ്യത്തെ ഫോറൻസിക് ലാബുകളാണിത്.
മയക്കുമരുന്ന്, ആന്തരികാവയവ പരിശോധന, മദ്യ പരിശോധന, ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട സാമ്പിളുകൾ, സ്‌ഫോടക വസ്തുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, കോൺക്രീറ്റ് തുടങ്ങി വിവിധ കേസുകളുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് ലബോറട്ടറിയിൽ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ഓരോ വർഷവും 30000 ത്തിൽ അധികം വിവിധ കേസുകളിലെ ഒരു ലക്ഷത്തിൽപരം സാമ്പിളുകളാണ് സംസ്ഥാനത്ത് മൂന്ന് ലബോറട്ടറികളിലായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്. വിദഗ്ധരായ 58 ശാസ്ത്രഞ്ജരാണ് ഇതിനായി പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here