ചേറില്‍ നിന്നുണ്ടായ മുത്ത്: ‘ചേക്കുട്ടി’

0
971

അനഘ സുരേഷ്‌

ഭാരത ഐതിഹാസിക കഥകള്‍ പ്രകാരം ജനക മഹാരാജാവിന്, മണ്ണ് ഉഴുതു മറിയ്ക്കുമ്പോഴാണ് ഭൂമി ദേവിയുടെ പുത്രി എന്നറിയപ്പെടുന്ന സീതയെ ലഭിക്കുന്നത്. കുട്ടികളില്ലാത്ത രാജാവിന് ഈ കാഴ്ച വലിയൊരു സന്തോഷവും പ്രതീക്ഷയും പകരുന്നതായിരുന്നു. ഇത് പോലെ വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിനൊരു കുട്ടിയെ കിട്ടി. മണ്ണില്‍ നിന്നും. അല്ല ചേറില്‍ നിന്നും എന്ന് പറഞ്ഞാലെ അതില്‍ പൂര്‍ണ്ണത വരുള്ളൂ. ഇപ്പോള്‍ അത് പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി മാറിയിരിക്കുകയാണ്.

പറഞ്ഞു വരുന്നത് ചേന്ദമംഗലത്തുകാരുടെ കുട്ടിയെ കുറിച്ചാണ്, ‘ചേക്കുട്ടി’യെ കുറിച്ച്. ചേറിനെ അതിജീവിച്ച കുട്ടി, ചേറില്‍ നിന്ന് തുന്നിക്കൂട്ടിയെടുത്ത കുട്ടി ഇങ്ങനെ നിരവധിയാണ് ചേക്കുട്ടിയ്ക്ക് വിശേഷണങ്ങള്‍. പ്രളയബാധിതരെ കൈപിടിച്ച് ഉയര്‍ത്താന്‍ കേരളം കണ്ടതില്‍ ഏറ്റവും മനോഹരവും ക്രിയാത്മകവുമായ ആശയങ്ങളില്‍ ഒന്നു തന്നെയാണിത്. കൊത്തിയ പാമ്പില്‍ നിന്ന്‍ വിഷമിറക്കുന്ന രീതി തന്നെയാണ് ഇവിടെയും. ഇങ്ങനെയൊരു ആശയത്തിന് ജീവന്‍ പകര്‍ന്നത് കൊച്ചി സ്വദേശികളായ ദി ബ്ലൂ യോണ്ടര്‍ എന്ന ട്രാവല്‍ കമ്പനി ഉടമ ഗോപിനാഥ് പാറയിലും ഫാഷന്‍ ഡിസൈനറായ ലക്ഷ്മി മേനോനും ചേര്‍ന്നാണ്.

കേരളത്തിലെ വിരലിലെണ്ണാവുന്ന കൈത്തറി ഗ്രാമങ്ങളില്‍ ഒന്നാണ് ചേന്ദമംഗലം. ഓണ വിപണി ലക്ഷ്യമിട്ടു കൊണ്ട് ഇവിടുത്തെ നെയ്ത്തുകാര്‍ പകലന്തിയോളമിരുന്ന് നിറം പകര്‍ന്ന സ്വപ്‌നങ്ങളും നെയ്‌തെടുത്ത തുണിത്തരങ്ങളും ആണ് നോക്കിനില്‍ക്കെ ഇല്ലാതായത്. ഇവര്‍ക്ക് താങ്ങാവുകയാണ് ചേക്കുട്ടിയിലൂടെ, രണ്ട് ആളുകളില്‍ നിന്നാരംഭിച്ച ഒരു കൂട്ടം ആളുകള്‍.

ചെളി പുരണ്ട തുണിത്തരങ്ങള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയതിന് ശേഷം തികച്ചും ഉപയോഗശൂന്യമായവ എടുത്താണ് പാവ നിര്‍മ്മാണം. അല്ലാത്തവ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. ‘യാതൊരു വിധ അലങ്കാര വസ്തുക്കളൊന്നും തന്നെയുപയോഗിക്കാതെ പൂര്‍ണ്ണമായും ചേന്ദമംഗലത്ത് നിന്നുള്ള വസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചതും. അതായത് എല്ലാം കൊണ്ടും ഇതൊരു ചേന്ദമംഗലം കുട്ടി തന്നെ.

”ക്ലോറിനേറ്റ് ചെയ്ത് കിട്ടുമ്പോള്‍ പോലും തുണികളില്‍ മുഴുവനും കറകളും, പാടുകളുമൊക്കെയുണ്ടായിരുന്നു. അപ്പോള്‍ ഇതിനെ എങ്ങനെയാണ് ഒരു പ്രസ്ന്റബിള്‍ സ്റ്റേജിലാക്കുമെന്ന് ഓര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു. അപ്പോഴാണ് ഓര്‍ത്തത് അതിന്റെ നെഗറ്റീവ്‌സിനെ തന്നെ ഹൈലൈറ്റ് ചെയ്യാമെന്ന്. കാരണം മലയാളികളുടെ മനസ്സില്‍ ആ ചേറ് അത്രയ്ക്കും ക്ലിയറായി കിടക്കുകയാണ്. അപ്പോള്‍ അത് മാഞ്ഞ് പോകുന്നതിന് മുന്‍പ് തന്നെ അതിന്റെ പ്രതീകമായിട്ട് ഒരു ക്യാരക്ടറിനെ കൊണ്ട് വരണമെന്ന് തോന്നി”. അങ്ങനെയാണ് ചേക്കുട്ടി ഉണ്ടായതെന്ന് ലക്ഷ്മി മോനോന്‍ പറഞ്ഞു. ”ഒരു പാവക്കുട്ടി ആണെങ്കില്‍ അതിനെപ്പോഴും ഒരു ഓമനത്തമുണ്ട്. പിന്നെ നിര്‍മ്മിക്കാന്‍ എളുപ്പവും. അങ്ങനെയാണ് ചേക്കുട്ടിയിലെത്തുന്നത്”. ലക്ഷ്മി മോനോന്‍ കൂട്ടിച്ചേര്‍ത്തു.

”ഒരു ചേക്കുട്ടിപ്പാവയ്ക്ക് 25രൂപ വില നിരക്കിലാണ് വില്‍പന. ഇങ്ങനെയുള്ള 360 പാവകളാണ് 1500 വിലയുള്ള ഒരു സാരിയില്‍ നിന്നും ഉണ്ടാക്കുന്നത്. എന്നു വച്ചാല്‍ 9000 രൂപ ഒരു സാരിയില്‍ നിന്ന് സമ്പാദിക്കാന്‍ കഴിയുന്നു. ഈ തുക, പ്രളയത്തില്‍ മുങ്ങിയ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന്റെ പുനര്‍ജീവനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. കേടായ തുണിത്തരങ്ങള്‍ മാലിന്യക്കൂമ്പാരത്തിലേക്ക് വരുന്നുമില്ല, കിട്ടുമായിരുന്ന തുകയുടെ ആറിരട്ടി സമ്പാദിക്കാനുമാകുന്നു”. സംഘാടകരില്‍ ഒരാളായ ഗോപിനാഥ് പാറയില്‍ പറഞ്ഞു.

സംഭവം അങ്ങ് ഹിറ്റായതോടെ നമ്മുടെ മുഖ്യമന്ത്രിയും ഈ സംരംഭത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. വിവിധ മേഖലകളില്‍ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തി നമുക്ക് സംരക്ഷിക്കാനാകും. സ്റ്റാര്‍ട് അപ് മിഷനുകളുമായി ചേര്‍ന്ന് ഇത്തരം പദ്ധതികള്‍ കണ്ടെത്താന്‍ ഐടി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ചേക്കുട്ടിയെ ഓണ്‍ലൈന്‍ വഴിയും ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഓരോ മലയാളിയും ഒരു ചേക്കുട്ടിയെ എങ്കിലും സ്വന്തമാക്കണം. കാരണം നമ്മുടെ ആയുസ്സില്‍ ഇനിയൊരിക്കലും നേരിടേണ്ടി വരാന്‍ സാദ്ധ്യതയില്ലാത്ത (നേരിടാതിരിക്കട്ടെ) ഒരു ചരിത്രസംഭവത്തിന്റെ അടയാളവും ഓര്‍മ്മയുമാണ് ചേക്കുട്ടി. നമുക്കതിനെ വാഹനങ്ങളില്‍ തൂക്കാം, ബാഗുകളില്‍ തൂക്കാം, ഷോകേസുകളുടെ ഭാഗമാക്കാം…

(ഫോട്ടോ കടപ്പാട്)

LEAVE A REPLY

Please enter your comment!
Please enter your name here