സഹപാഠിക്കൊരു ചങ്ങാതിപ്പൊതി: രണ്ടാംഘട്ടം

0
525

പ്രളയദുരിതത്തിൽപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ‘സഹപാഠിക്കൊരു ചങ്ങാതിപ്പൊതി’ പദ്ധതി പ്രകാരം സഹായകിറ്റുകളുമായി രണ്ടാംഘട്ടം യാത്രയാകുന്ന വാഹനങ്ങൾ സഹകരണ, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ചങ്ങാതിപ്പൊതികൾ ഇന്ന് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കൈകളിൽ എത്തിച്ചേരും.

ഡി.പി.ഐ.യുടെ നിർദ്ദേശാനുസരണം തിരുവല്ല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂൾ, ഗവ. ഹൈസ്‌കൂൾ നെടുമ്പ്രം, കണ്ണശ്ശ സ്മാരക ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, കടപ്ര ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂൾ,  നിരണം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ, തേവര സെന്റ് തോമസ് ഹൈസ്‌കൂൾ, പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ, തിരുവല്ല എസ്.എൻ.വി.എസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ 1500ലധികം കുട്ടികളിലാണ് തിരുവനന്തപുരത്തെ ചങ്ങാതിമാരുടെ സ്‌നേഹ സമ്മാനമായ  ചങ്ങാതിപ്പൊതികൾ എത്തുക. കുട്ടികളിൽ നിന്നും എസ്.പി.സി അംഗങ്ങളിൽ നിന്നും  പൊതു സമൂഹത്തിൽ നിന്നും സമാഹരിച്ച പഠനോപകരണങ്ങളാണ് ചങ്ങാതിപ്പൊതികളാക്കി മാറ്റിയത്.

ഒരു ബാഗും 8 നോട്ടുബുക്കും 5 പേനയും 5 പെൻസിലും ഇന്‍സ്ട്രുമെന്റ്‌ ബോക്‌സും ഒരു ചോറ്റുപാത്രവും മറ്റു പഠനോപകരണങ്ങളും അടങ്ങുന്ന കിറ്റാണ് ചങ്ങാതിപ്പൊതി. നേരത്തെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ 10 സ്‌കൂളുകളിൽ ചങ്ങാതിപ്പൊതികൾ എത്തിയിരുന്നു.

ജില്ലാ ട്രഷറർ ജി.എൽ. അരുൺ ഗോപി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി. ദീപക്, ഇൻസ്പിരിറ്റ് ഐഎഎസ് അക്കാഡമി എം.ഡി. സംഗീത് കെ, എസ്.പി.സി. റൂറൽ ഓഫീസർ ശ്രീജിത്ത്,  സംസ്ഥാന ശിശുക്ഷേമ സമിതി പ്രോഗാം ഓഫീസർ ശശിധരൻ എന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി മടത്തറ സുഗതൻ സ്വാഗതവും വൈസ് പ്രസിഡന്റ് സി. ഗാഥ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here