തിരുവനന്തപുരം: പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളെ നാല്‍ചക്ര വാഹനത്തിന്റെ മുന്‍സീറ്റിലിരുത്തി യാത്രചെയ്യുന്നത് ബാലാവകാശകമ്മീഷന്‍ വിലക്കി. അപകടങ്ങളില്‍ പരുക്കേല്‍ക്കാനും ജീവഹാനി ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് കണ്ടാണ് നടപടി.
സംഗീതജ്ഞന്‍ ബാലഭാസകറും രണ്ടുവയസ്സുകാരി മകള്‍ തേജസ്വനിയും മരിച്ച അപകടത്തെത്തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് വിധി. കുട്ടികള്‍ക്ക് വേണ്ടിയുള്ള സീറ്റ് (ചൈല്‍ഡ് സീറ്റി) നിര്‍ബന്ധമാക്കാന്‍ നിയമഭേദഗതി വരുത്താനും മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കി.
സീറ്റ് ബെല്‍റ്റുകള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമാണ് അനുയോജ്യം. അവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെങ്കിലും അപകടമുണ്ടാകുമ്പോള്‍ കുട്ടികള്‍ പിടിവിട്ടുപോകാനുള്ള സാധ്യതയുണ്ട്. ചൈല്‍ഡ് സീറ്റിനായി ബോധവല്കരണം നടത്തുന്നതിന് ഗതാഗത കമ്മീഷണറും വനിതാ- ശിശു വികസനവകുപ്പും നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ചൈല്‍ഡ് സീറ്റ്
പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി ചൈല്‍ഡ് സീറ്റുകള്‍ നിര്‍ബന്ധമാണ്. കുട്ടികളുടെ യാത്രയ്ക്ക് കാറുകളുടെ പിന്‍സീറ്റാണ് സുരക്ഷിതമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. പിന്‍സീറ്റില്‍ മധ്യഭാഗത്ത് പിന്നിലേക്ക് അഭിമുഖമായി വരത്തക്ക വിധം ചൈല്‍ഡ് സീറ്റുകള്‍ ഘടിപ്പിക്കുന്നതാണ് ഉചിതം