വര്‍ണ്ണവൈവിധ്യങ്ങള്‍ വിതറി കാന്‍ഫ്ലീക്ക്

0
751

ബി. എസ്
കണ്ണൂര്‍

അലങ്കാര വെളിച്ചങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുന്ന വൃത്താകൃതിയിലുള്ള മൈതാനം. അറബിക്കടലില്‍ നിന്നുള്ള ഇളങ്കാറ്റ്‌. മൈതാനത്തിന്‍റെ ഒരറ്റത്ത് നിന്നും ഉയര്‍ന്നു വരുന്ന മധുരമുള്ള സംഗീതം. കഴിഞ്ഞ രണ്ട് ദിവസമായി പയ്യാമ്പലം ബീച്ചിന്‍റെ മൂഡ്‌ വേറെ തന്നെയായിരുന്നു.

‘കാന്‍ഫ്ലീക്ക്’ (Canfleak) എന്ന പേരില്‍ സംഘടിപ്പിച്ച ‘കണ്ണൂര്‍ ഡിസൈനേഴ്സ് എക്സ്പോ’ ആയിരുന്നു വേദി. ആര്‍ട്ട്‌, ക്രാഫ്റ്റ്, ഫാഷന്‍, ഫുഡ്‌, മ്യൂസിക്, ട്രാവല്‍ തുടങ്ങി ആസ്വാദകര്‍ക്ക് ഇഷ്ടമുള്ള പലതിന്‍റെയും സ്റ്റാളുകള്‍. ഒക്ടോബര്‍ 27, 28 തീയ്യതികളിലായി കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ സംഘടിപ്പിച്ച കാന്‍ഫ്ലീക്കിന് വിശേഷങ്ങളേറെയാണ്.

‘വിസിയോ കാസ്റ്റ്’ (VIZEO CAST) എന്ന പേരില്‍ മൂന്ന് യുവാക്കള്‍ ആരംഭിച്ച മീഡിയ പ്രോഡക്ഷന്‍ ടീമിന്‍റെ ലോഞ്ചിംഗ് പരിപാടി കൂടിയായിരുന്നു കാന്‍ഫ്ലീക്ക്. കണ്ണൂരിലെ വിവിധ ബോട്ടിക്കുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, ഫാഷന്‍ സ്റ്റാളുകള്‍, കണ്ണൂര്‍ – തലശ്ശേരി രുചി വൈവിധ്യങ്ങളുടെ  കലവറകള്‍, ഫുഡ്‌ ഫെസ്റ്റ്, വിവിധ ഹോട്ടലുകളുടെ സ്റ്റാളുകള്‍, ഫേസ് പെയിന്റിംഗ്, സംഗീത നിശ തുടങ്ങി ആകര്‍ഷണണങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു.

ടീം സുലൈമാനിയുടെ ബാന്‍ഡ്, ദര്‍ബാര്‍ ബാണ്ടിന്‍റെ സംഗീത പരിപാടി, ഫ്ലവേര്‍സ് ടി വി ഫെയിം അഭിജിത്ത് വായിച്ച ഫ്ലൂട്ട് തുടങ്ങിയവയായിരുന്നു പയ്യാമ്പലത്തിന്റെ കാതുകളെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ധന്യമാക്കിയത്.

യുവ കലാകാരി അനുഷ ദുര്‍ഗാദാസിന്‍റെ പ്രദര്‍ശനമായിരുന്നു മറ്റൊരു ഹൃദ്യത. ബംഗ്ലൂര്‍ പശ്ചാത്തലമുള്ള കണ്ണൂര്‍ക്കാരിയായ അനുഷയുടെ പെയിന്റിംഗ്, ക്രാഫ്റ്റ് എന്നിവയുടെ പ്രദര്‍ശനമായിരുന്നു കാണ്‍ഫ്ലീക്കില്‍ നടന്നത്. ഉപയോഗം കഴിഞ്ഞ വസ്തുക്കള്‍ കൊണ്ട് അനുഷ നിര്‍മിച്ച കരകൌശല വസ്തുക്കള്‍ ആസ്വാദകശ്രദ്ധ പിടിച്ചു പറ്റി. ഒരു ഹോബി ആയി തുടങ്ങിയ ഈ പ്രവര്‍ത്തനം, അനുഷ ഗൗരവമായി കണ്ടു തുടങ്ങിയത് കൂട്ടുകാരുടെ പ്രോത്സാഹനത്തിന് ശേഷമാണ്.

അനുഷ ദുര്‍ഗാദാസ്

നബീല്‍, ആദിത്യ, റഹീസ് എന്നീ മൂന്ന് യുവാക്കളാണ് പരിപാടിക്ക് പിന്നില്‍. അവരെ സഹായിക്കാന്‍ എത്തിയതോ കണ്ണൂരിലെ നല്ല മനസ്സുള്ള സംരംഭകരും. ഡിസ്നിയുടെ വിഭാവന മാതൃകയുള്ള  എന്റര്‍ടൈമെന്റ് ഇണ്ടസ്ട്രിയാണ് തങ്ങളുടെ സ്വപ്നമെന്ന് പഴയങ്ങാടി സ്വദേശിയായ നബീല്‍ ‘ആത്മ’യോട് പറഞ്ഞു. ആനിമേഷന്‍, വെബ്‌ സീരീസ്, സിനിമ തുടങ്ങി പലതും ഉള്‍ക്കൊള്ളുന്ന വിശാലമായ വിനോദവ്യവസായമാണ് ‘വിസിയോ കാസറ്റ്‌’ എന്ന് പേരുള്ള ഈ മൂവര്‍ സംഘത്തിന്‍റെ ലക്ഷ്യം. റഹീസും പഴയങ്ങാടി സ്വദേശിയാണ്. ആദിത്യ കുഞ്ഞിമംഗലം സ്വദേശിയാണ്. ഷോര്‍ട്ട് ഫിലിമുകളില്‍ തുടങ്ങിയ തങ്ങളുടെ കലാകരിയറില്‍ നിന്നാണ് വലിയ പദ്ധതികളുള്ള സ്വപ്‌നങ്ങള്‍ അവര്‍ ഒരുമിച്ച് കാണാന്‍ തുടങ്ങിയത്.

കലയും സംഗീതവും ഭക്ഷണവും ഫാഷനും യാത്രയും ഉള്‍കൊള്ളുന്ന ചേരുവ കണ്ണൂരിന് ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു കാന്‍ഫ്ലീക്ക്. ഇതിലും മനോഹരമായ മേളയുമായി ഇനിയുമെത്തുമെന്ന ശുഭാപ്തി വിശ്വാസവുമായാണ് രണ്ട് ദിവസത്തെ ഉത്സവം പെരുങ്കളിയാട്ടത്തിന്‍റെ നാട്ടില്‍ നിന്നും വിട വാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here