ബർ ദുബായ് കഥകളുടെ രണ്ട് വായനാനുഭവങ്ങൾ

0
533

അഡ്വ: ഫരീദ ബാനു

ലോകം വിരൽതുമ്പിൽ ഇരിക്കുന്ന ഈ കാലത്തിനും ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപേ നാട്ടിൽ ചുമരെഴുത്തും പടം വരയുമായി നടന്നിരുന്ന മലയാളമല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്ത ഒരു പതിനെട്ടു വയസ്സുകാരൻ ജീവിതത്തിന് കൂടുതൽ നിറവും വർണ്ണങ്ങളും തേച്ചുപിടിപ്പിക്കണം എന്ന മോഹവുമായി വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോവുന്നതും, തുടർന്ന് പ്രവാസം തന്റെ ജീവിതത്തിൽ കുത്തിനിറച്ച അനുഭവങ്ങളെയും പാഠങ്ങളെയും വശ്യമനോഹരമായ ഒരു ചിത്രരൂപമാക്കി നമുക്ക് മുന്നിൽ തുറന്നു വെയ്ക്കുകയാണ് ഈ പുസ്തകത്തിലൂടെ.

ഇരുപത്തിയഞ്ച് കഥകൾ അടങ്ങുന്ന ഈ പുസ്തകം യഥാർത്ഥത്തിൽ പ്രവാസികളെ വല്ലാതെ മോഹിപ്പിച്ച ദുബായ് നഗരത്തിന്റെ ചരിത്രപുസ്തകം കൂടിയാണ്.

വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങിപോവുന്ന ഓരോ പ്രവാസിയുടെയും കണ്ണുനീർ കാഴ്ച മറക്കുന്ന ഒരു ചിത്രം നമ്മുടെ മനസ്സിലേക്ക് എറിഞ്ഞിടുകയാണ് പുറപ്പാട് കാലം എന്ന കഥയിലൂടെ.

തന്റെ കുടുംബങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും സുഖജീവിതത്തിനു
വേണ്ടി നാടും വീടും ഉപേക്ഷിച്ചു പ്രവാസത്തിലെത്തിയവൻ ബാച്ചിലർ റൂമിൽ
കഞ്ഞികുടിച്ചിരിക്കുമ്പോൾ ‘കഞ്ഞികുടി മാറാനാണല്ലോ’ ദുബായിൽ വന്നതെന്ന് ഓർക്കുന്നതും എല്ലാ മനുഷ്യരുടെയും ഞരമ്പുകളിൽ ഓടുന്ന നീരിന് ഒരേ നിറമാണെന്നും അവരുടെ ഗന്ധങ്ങൾക്ക്, സ്വപ്‌നങ്ങൾക്ക്, പ്രണയത്തിന്, രതിക്ക്, ആകുലതകൾക്ക്, ആഗ്രഹങ്ങൾക്ക്, കണ്ണുനീരിന്, ആനന്ദത്തിന്, സമാനതകളുണ്ടെന്നും പ്രവാസമല്ലാതെ മറ്റെന്താണ് ബോധ്യപ്പെടുത്തി തരിക എന്നും നമ്മെ അറിയിക്കുന്നുണ്ട്.

അമ്മയുടെയും, ചേച്ചിയുടെയും, ഏടത്തിമാരുടെയും, അനിയത്തിമാരുടെയുമൊക്കെ നിലവിളിയിലേക്ക് കയറി ചെല്ലുക, അവിടെ കരച്ചിലല്ലാതെ മറ്റൊന്നുമില്ല, നമ്മളെയും കരച്ചിൽ വന്നു മൂടും, കുറേ കരയുമ്പോൾ പെയ്തൊഴിയുന്നത് പോലെ, പിന്നെ മരം പെയ്യുന്നത് പോലെ തുള്ളി തുള്ളിയായി പെയ്തു തീരും. ഒരു മരണം അങ്ങിനെയൊക്കെയാണ് മണ്ണിലേക്കലിഞ്ഞു ചേരുന്നതെന്ന് ‘അച്ഛൻ മരിച്ചു കിടക്കുന്ന വീട്’ എന്ന കഥയിലൂടെ പ്രവാസനാളുകളിൽ വേണ്ടപ്പെട്ടവരുടെ വിയോഗങ്ങൾ ഉണ്ടാക്കുന്ന ദുഃഖത്തിന്റെ തീക്ഷ്ണതയിലേക്ക് നമ്മളെയും വലിച്ചു കൊണ്ടുപോവുന്നു.

‘രാവണൻ കോട്ട’എന്ന കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ക്രൈം ത്രില്ലർ വായിക്കുന്നത്ര ഭീതിതരമായ നിമിഷങ്ങളിലൂടെയാണ് പോയ്‌ക്കൊണ്ടിരുന്നത്.

ദേശത്തിനും അതിർത്തികൾക്കും അപ്പുറത്തും മാതൃത്വത്തിന് ഒരേ മുഖവും മണവുമാണെന്ന് ‘പെഷാവറിലെ അമ്മ’ എന്ന കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.

പ്രണയം ഉപേക്ഷിച്ചു പോയ മയിൽപ്പീലിക്കണ്ണുള്ള ദുപ്പട്ട പോലെയും ചിലപ്പോൾ ഭൂകമ്പത്തിൽ കടലെടുത്ത ദുർബലമായൊരു ദ്വീപാവുകയും ചെയ്യുന്നുണ്ട്.

ഓരോ സാഹചര്യത്തിനും സന്ദർഭത്തിനും അനുസരിച്ചു ഇളക്കി മാറ്റി പുതിയത് തേച്ചു പിടിപ്പിക്കാൻ പാകത്തിലുള്ള മുഖം മൂടി ധരിച്ച മനുഷ്യരെയും, ചില സൗഹൃദങ്ങൾ പാകമാവാത്ത കുപ്പായമാണെന്നും അവർ മൂലം കൃത്യമായഅളവിൽ തയ്പിച്ച കുപ്പായങ്ങൾ പലതും വഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വന്നിട്ടുള്ള അനുഭവങ്ങളും നിറകണ്ണുകളോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല.

മൂട്ടക്കുരുതി എന്ന കഥ ‘Bug Piper’ എന്ന പേരിൽ ഷിബു സുലൈമാൻ സംവിധാനം നിർവഹിച്ചു ഇംഗ്ലീഷ് ഷോർട്ട് ഫിലിം നിർമ്മിച്ചിരുന്നു. എമിരേറ്റ്സ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കുകയും, കൂടാതെ ബെസ്റ്റ് പ്രോഡക്ഷൻ, ബെസ്റ്റ് സോഷ്യൽ റിലവൻസ് കാറ്റഗറി എന്നീ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

ഓരോ അദ്ധ്യായങ്ങളും വിത്യസ്ത നിറക്കൂട്ടുകളിൽ ആണ് വരച്ചു ചേർത്തിട്ടുള്ളത്. ചിലപ്പോൾ നർമ്മം വിതറി നമ്മെ ചിരിപ്പിക്കുമ്പോൾ ചിലതിൽ ഉത്കണ്ഠയും, പരിഭ്രമവും, സങ്കടവും ഈർഷ്യയുമൊക്കെയാവും വായനക്കാരനെ ഭരിക്കുക. ഓരോ അനുഭവങ്ങളും ഹൃദയത്തിൽ ഒരു കരച്ചിൽ ഒതുക്കി വെച്ചാണ് വായിച്ചു തീർത്തത്. നൊമ്പരത്തിന്റെ കുറുങ്ങൽ പുറത്തേക്കുയർന്ന് പലപ്പോഴും വായനയെ തടസ്സപ്പെടുത്തി.

മദ്യവും മയക്കുമരുന്നും പോലെ പ്രവാസമൊരു ലഹരിയാണ്. തുടങ്ങിക്കിട്ടിയാൽ പിന്നെ നമ്മളിലതൊരു ആസക്തിയായിത്തീരും. വീണ്ടും വീണ്ടും ആ ലഹരിയിലെത്തിപ്പെടാനുള്ള വഴികളെ കുറിച്ചാവും ചിന്തകൾ എന്നത് എത്ര ശരിയായ വീക്ഷണം ആണെന്ന് ഓരോ പ്രവാസിയെയും അടുത്തറിയുമ്പോൾ നമുക്ക് മനസ്സിലാവും. കണ്മുന്നിൽ വിവിധദേശഭാഷക്കാരുടെ ജീവിതങ്ങൾ വരച്ചിട്ട ഒരു പ്രവാസജീവിതമാണ് ബർദുബായ് കഥകളിൽ വായനക്കാരന് കാണാൻ സാധിക്കുക.

പ്രകാശന വേളയിൽ

കഥയെ മറിച്ചിടുന്ന ജീവന്റെ കുതറൽ

മസ്ഹർ മൊഹമ്മദ്

രമേഷ് പെരുമ്പിലാവിന്റെ “ബർദുബായ് കഥകൾ അഥവാ 25 കുബുസ് വർഷങ്ങൾ” നിങ്ങളുടെ ഹൃദയത്തെ നിശ്ചലപ്പെടുത്താനിടയുള്ള ആഖ്യാന ശൈലിയുള്ള പുസ്തകമാണ്. കഥയെഴുത്തിന്റെ രാസഘടനയായ കാൽപനികതയെയും ഭ്രമകൽപനയെയും മറികടക്കുന്ന അനുഭവങ്ങളുടെ തിരതല്ലലുകളാണ് ഈ പുസ്തകത്തിൽ. വാക്കുകളുടെ വരച്ചിടൽ നിങ്ങൾക്ക് വികാരങ്ങളുടെ വർണചിത്രം സമ്മാനിക്കുന്ന ഒരു രചനാ ശൈലിയാണിതിൽ. 25 വർഷങ്ങളിൽ നിന്ന് 25 അനുഭവങ്ങളെടുത്ത് ആർദ്രതയുടെയും അതിരുകളില്ലാത്ത മനുഷ്യബന്ധങ്ങളുടേയും അനുഭവകഥകൾ ഇങ്ങനെ എഴുതണമെങ്കിൽ രമേഷിന് ഉള്ളുലച്ചിലുണ്ടായിട്ടുണ്ടാകുമെന്ന് തീർച്ചയാണ്. ആ പിടച്ചിൽ വായനക്കാരിലേക്ക് പകരാൻ ചിത്രരചനയുടെ കൗശലം വശമുള്ള ഒരു എഴുത്തുകാരനെന്ന നിലക്ക് അദ്ദേഹം വരച്ചിട്ട കാൻവാസ് പോലെയാണ് ഇതിലൂടെ കടന്നു പോകുന്ന വായനക്കാരന് തോന്നുക. സോഷ്യൽ മീഡിയയിൽ പലപ്പോഴായി എഴുതിയതാണിവ എന്നത് കുറച്ചിലായല്ല; മേൻമയായാണ് പുസ്തകരൂപത്തിൽ ഇത് നിങ്ങളുടെ മുന്നിലെത്തുമ്പോൾ അനുഭവപ്പെടുക. രമേഷ് എന്ന എഴുത്തുകാരന്റെ വ്യക്തിത്വത്തെ അടുത്തറിയുന്നവർക്ക് ആർദ്രതയുടെ നടപ്പുരൂപം എന്ന വിശേഷണം അതിശയോക്തിപരമല്ല. അനുഭവങ്ങളെ പുസ്തകപ്പെടുത്തുമ്പേൾ അതിൽ നിറഞ്ഞു നിൽക്കുക ആ വ്യക്തിനിഷ്ഠഭാവമാവുക സ്വാഭാവികമാണ്. ഇതിലെ അഞ്ചാമത്തെ അധ്യായമായ പെഷവാറിലെ അമ്മയും 25ാമത്തെ അധ്യായമായ പ്രദർശനശാലയും എങ്ങനെയാണ് അതിരുകൾ ഭേദിച്ച് അമ്മസ്നേഹം പകരുന്നത് എന്ന് അടയാളപ്പെടുത്തുന്നുണ്ട്. ലത്തീഫെന്ന പഠാണി സുഹൃത്തിന്റെ അമ്മ” മകനേ നിനക്ക് സുഖമല്ലേ” എന്ന് ചോദിക്കുമ്പോൾ ആ അമ്മ സ്വന്തം വലതു കൈ തന്റെ നെഞ്ചില്ലേക്ക് ചേർത്തു പിടിച്ച് താടിയിലേക്ക് മുഖം മുട്ടിച്ചിരുന്നെന്ന് രമേഷ് ഓർത്തെടുക്കുന്നണ്ട്. എന്നിട്ട് രമേഷ് പറയുന്നത് ഇങ്ങനെയാണ് “പെഷവാറിലേയും പെരുമ്പിലാവിലേയും അമ്മമാർക്ക് ഒരേ സ്നേഹവും വാൽസല്യവുമാണെന്ന് “ അവസാനത്തെ അധ്യായത്തിലും ഒരു പെഷവാറി അമ്മ മാലാഖ കണക്കെ രമേഷിനെ കാണാനെത്തുന്നത് ഇതിൽ കോറിയിടുന്നുണ്ട്. ആർട്ട് ഹോം എന്ന രമേഷിന്റെ ആദ്യകാല തൊഴിലിടത്തിന്റെ ഉടമ ഉസ്താജിയുടെ ഭാര്യ ‘ബാബി’യുടെ “ബെട്ടാ തും കൈസെ ഹും” എന്ന ചോദ്യം വീണ്ടും കേൾക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പ് നെറുകയിൽ തലോടി ഭക്ഷണം തന്നിരുന്ന ആ അമ്മ അറിയാതെ നിനവിൽ വരുന്നത് രമേഷ് ഓർത്തെടുക്കുന്നുമുണ്ട് അവസാന അധ്യായത്തിൽ. അങ്ങനെ ഒരു മൂന്നാമിടത്ത് മാത്രം സാധിക്കുന്ന ദേശരാഷ്ട്രങ്ങൾ അപ്രസക്തമാകുകയും മനുഷ്യൻ മാത്രമായി വിശാലമാവുകയും ചെയ്യുന്ന ഒരു ക്യാൻവാസായി ഈ ബർദുബായ് കഥകൾ മാറുന്ന അത്ഭുതപ്പെടുത്തുന്നകാഴ്ച ഇതിന്റെ ഉൾതാളുകൾ നിറയെയുണ്ട് . അതിലുപരി ഈ പുസ്തകം ഒരു കാലഘട്ടത്തെയും വരച്ചിടുന്നു. ദുബായ് എന്ന അതിശീഘ്ര വികസിത നഗരം രൂപപ്പെടുന്നതിനുമുമ്പുള്ള പൗരാണിക ദുബായിയുടെ അവശേഷിപ്പുകളും അതിലെ മനുഷ്യരും ഈ പുസ്തതകത്തെ വേറിട്ട വായനാനുഭവമാക്കുന്നു. ബാബരി മസ്ജിദിന്റെ അഥവാ ഇന്ത്യൻ മതേതരത്വത്തിന്റെ താഴികക്കുടങ്ങൾ ഉടച്ചു കളഞ്ഞ ചരിത്രം നിശ്ചലമായതിന്റെ ഗൾഫ് അനുഭവം ‘ദുബായ് ബന്ദ്’ എന്ന ആധ്യായത്തിലൂടെ പറയുന്നു. എന്നിട്ട് രമേഷ് ബംഗ്ലാദേശിയും പാകിസ്ഥാനിയും ഇന്ത്യക്കാരനും ഒരേ പാത്രത്തിൽ ഉണ്ണുന്നതിനെ കുറിച്ചാണ് വാചാലനാകുന്നത്. സർവലൗകികത എന്തെന്നും ദേശീയതയെ ഉല്ലംഘിക്കുന്ന മനുഷ്യ സ്നേഹം എന്തെന്നും പേർത്തും പേർത്തും ഈ പുസ്തകം നിങ്ങളെ അനുഭവിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here