അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള, വീടും വേണ്ടപ്പെട്ടവരെയും നഷ്ട്ടമായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രമായ ബോസ്കോ നിലയം നടത്തിയ കൾച്ചറൽ ഫെസ്റ്റ് വൻ വിജയമായി. കുട്ടികളുടെ ഉള്ളിലുള്ള സർഗാത്മക കഴിവുകൾ അവരുടേതായ രീതിയിലും ഭാഷയിലും പുറത്ത് കൊണ്ട് വരുവാൻ വേണ്ടി സംഘടിപ്പിച്ച പരിപാടി, ഫിലിം എഡിറ്റർ ടിജോ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണത്തിൽ, തന്റെ സ്ക്കൂൾ കോളേജ് കാലഘട്ടത്തിലെ ഫെസ്റ്റ് അനുഭവങ്ങൾ പങ്കുവെച്ച ടിജോ, കുട്ടികളുടെ കലാപരമായ വളർച്ചക്കു പ്രയോജനകരമാംവിധമുള്ള ഇത്തരം പരിപാടികൾ തീർത്തും പ്രശംസനാർഹമാണെന്നും കൂട്ടിച്ചേർത്തു.
സന്താലി, ഗുജറാത്തി, നേപ്പാളി തുടങ്ങിയ ഭാഷകളിൽ പാട്ടും ഡാൻസും നാടകങ്ങളും അവതരിപ്പിച്ചുകൊണ്ട് കുട്ടികൾ പരിപാടിയുടെ മുഖ്യാതിഥികളായെത്തിയവരെ കഴിവുകളാൽ അമ്പരപ്പിച്ചു. കുട്ടികൾ തന്നെ സ്വയം തിരഞ്ഞെടുത്ത്, തിരക്കഥയുണ്ടാക്കിയ നാടകങ്ങൾ പരിപാടിയെ വേറിട്ടതാക്കി. സ്ത്രീപീഡനത്തിനെതിരെയും മേലുദ്യോഗസ്ഥരുടെ അനാസ്ഥയെയും വിമർശിച്ചു കൊണ്ടും, ഇവിടുത്തെ കുട്ടികൾ നിലയത്തിലേക്കെത്തിയ വഴികളെ കുറിച്ചും ശിശുക്ഷേമ സമിതിയുടെയും ചൈൽഡ് ലൈനിന്റെയും പ്രക്രിയകളെയും അതിമനോഹരമായി അരങ്ങിലെത്തിച്ച രണ്ടു നാടകങ്ങളും സമകാലീനമായി ഏറെ പ്രസക്തിയുള്ളതായിരുന്നു. അവസാനമായി നടന്ന ഫാൻസി ഡ്രസ്സ് കോമ്പറ്റിഷനിലും കുട്ടികൾ മിന്നും പ്രകടനം പുറത്തെടുത്തു. തങ്ങൾ ജനിച്ചു വളർന്ന മണ്ണിന്റെ തനിമ നിറയുന്ന വസ്ത്രമണിഞ്ഞു വന്ന് പ്രേഷകർക്കവർ കാഴ്ച്ച വിരുന്നൊരുക്കി. സാംസ്കാരിക കലോത്സവത്തിലെ കലാപ്രതിഭയായി പ്രകാശിനെയും, മികച്ച നടനായി സുഹൈലിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് മുഖ്യാതിഥിയും ഫിലിം എഡിറ്ററുമായ ശ്രീ. ടിജോ തങ്കച്ചൻ ട്രോഫി വിതരണം ചെയ്തു. നിലയം ഡയറക്ടർ Fr. അഭിലാഷ് പാലക്കുടിയിൽ, കോർഡിനേറ്റർ ശ്രീ. സിദ്ധാർഥ്, അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ. ഹാദി ഹസ്സൻ, ശ്രീ. ബിനു സെബാസ്റ്റ്യൻ, Br. അഖിൽ, ശ്രീമതി. ലതിക എന്നിവർ സംസാരിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് സാഹിത്യ – സാംസ്‌കാരിക രംഗത്തെ വാർത്തകൾ അയക്കാം : (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.