കഥ
പ്രദീഷ് കുഞ്ചു
“അപ്പാ, ബിവയർ എന്നു പറഞ്ഞാൽ പേടിക്കുക എന്നാണോ?”
മൂന്നാം ക്ലാസിൽ പഠിക്കുന്ന മകന്റെ ചോദ്യം.
“അല്ല. ബിവയർ എന്നുവെച്ചാൽ സൂക്ഷിക്കുക എന്നാണല്ലോ. അതെന്താ നിനക്ക് ഇപ്പൊൾ ഇങ്ങനൊരു സംശയം.
നീ കണ്ടിട്ടില്ലേ, നമ്മുടെ വീട്ടിലേക്ക് തിരിയുന്ന വഴിക്ക്, ഇടതുവശത്തെ വീട്ടിലെ ഗേറ്റിൽ എഴുതി വെച്ചിട്ടുള്ളത്? ‘ബിവയർ ഓഫ് ഡോഗ്‌സ്’, നായയുണ്ട് സൂക്ഷിക്കുക”
“അത് തന്നെയാ അപ്പാ ഞാൻ ചോദിച്ചേ. ആ പട്ടിയുടെ മുഖം കാണുമ്പോ, എനിക്കിപ്പോ പേടിയാവുന്നുണ്ട്”
വെറുതേ വാട്‌സാപ്പ് സ്റ്റാറ്റസ് തൊട്ടുനീക്കിക്കൊണ്ടിരുന്ന ഞാൻ അത് വിട്ട് ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പ് തുറന്നു.
‘beware of dogs – നായ്ക്കളെ സൂക്ഷിക്കുക’
അതിന് നായ്ക്കൾ എന്നില്ലല്ലോ ഒരു നായയല്ലേ ഉള്ളൂ?
ഞാൻ ആ s മായ്ച്ചു
‘beware of dog – പട്ടിയെ സൂക്ഷിക്കുക’
ങേ, നായ്ക്കളുടെ സിംഗുലർ ആണോ പട്ടി!
സിംഗുലറിന്റെയും പ്ലൂറലിന്റെയും സംശയത്തിലും ആത്മവിശ്വാസക്കുറവിലും, ഒന്നൂടെ ‘ഉറപ്പിച്ചെന്നപോലെ’ ഞാൻ പറഞ്ഞു.
“നായയെ സൂക്ഷിക്കുക”
അത് മകൻ കേട്ടതായി ഭാവിച്ചില്ല. അവൻ ആ സമയം, രണ്ട് വര കോപ്പിയുടെ രണ്ടറ്റവും മുട്ടിക്കുന്ന ശ്രദ്ധയിലായിരുന്നു.
അവൻ ആ ഉത്തരം കേൾക്കാതെപോയതിൽ എനിക്ക് അല്പം ആശ്വാസവും തോന്നി.
രാവിലെ ബാങ്കിലേക്ക് പോകുമ്പോൾ പ്രത്യേകം ഓർത്തു, ആ ‘പേടിക്കേണ്ട’ പട്ടിയെ കാണാൻ. ഗേറ്റിൽ എഴുതിയത് ‘നായയുണ്ട് സൂക്ഷിക്കുക’ എന്നാണ്. ധാരാളം മരനിഴൽ വിരിച്ച മുറ്റമായതിനാൽ ആവാം, പെട്ടെന്നൊന്നും പട്ടിയെ ശ്രദ്ധയിൽപെട്ടില്ല.
ആ പ്രദേശത്തെ ഒരു പക്ഷെ, ഏറ്റവും പഴക്കമേറിയ വീടുകളിൽ ഒന്നാണ് അത്. ഏറ്റവും വലുതും. ശാന്തി നിവാസ്. ഇപ്പോൾ എഴുപത് കഴിഞ്ഞ ശേഖരേട്ടനും അറുപത് കഴിഞ്ഞ ജാനകിയേടത്തിയുമാണ് അവിടെ താമസം. ലോക്ക് ഡൗൺ തുടങ്ങിയതിൽപ്പിന്നെ അവരെ പുറത്ത് കണ്ടിട്ടേ ഇല്ല.
തിരക്കില്ലാത്ത ക്യാഷ് കൗണ്ടറിൽ ഞാൻ ഇനിയും ക്ലോസ് ചെയ്യാത്ത മൊബൈൽ ആപ്പുകൾ ക്ലോസ് ചെയ്തുകൊണ്ടിരുന്നു. അപ്പഴാണ് അറ്റന്റർ രാമേട്ടൻ സോർട് ചെയ്യാൻ കൊടുത്ത നോട്ടുകൾ ബണ്ടിൽ ആക്കി, ട്രേയിൽ കൊണ്ട് വന്നത്. നോട്ടുകെട്ടിന്റെ ബാൻഡിൽ ബാങ്കിന്റെ ലോഗോയിലെ പട്ടിയെ ചൂണ്ടി ഞാൻ രാമേട്ടനോട് ചോദിച്ചു. “രാമേട്ടാ, രാമേട്ടന് അറിയുമോ നമ്മുടെ പട്ടി ഏത് ഇനമാണെന്ന്?”
“എനക്കൊന്നും ഇനി അറിയേണ്ട. എനക്ക് ഒരുമാസം കഴിഞ്ഞ വീട്ടിലിരിക്ക”. വിരമിക്കാൻ പ്രായവും സമയവും ആയ കാസർകോഡുകാരൻ രാമേട്ടൻ, മിന്നുന്ന കഷണ്ടി ചൊറിഞ്ഞ്, നിഷ്കളങ്കമായി മാസ്ക്കിനുള്ളിൽ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
ഞാൻ എന്തോ വലിയ വിജ്ഞാനം കൊടുക്കുന്ന പോലെ രാമേട്ടനോട് – “എന്ന അറിഞ്ഞോ. ഡോബർമാൻ. your faithful and friendly financial partner”
“ഓ” – അതായിരുന്നു, രാമേട്ടന്റെ തീരെ താൽപര്യമില്ലാത്ത മറുപടി.
അപ്പഴാണ് മോന്റെ പട്ടിപ്പേടി ഓർത്തത്.
പട്ടിയുടെ പേരൊക്കെ നാട്ടിലെ എല്ലാർക്കും അറിയാം. ബോർഡർ കോളി എന്നതാണ് ഇനം.
ബോയ്‌ലർ കോഴി എന്നാണ് ഓർക്കാൻ എളുപ്പത്തിന് എല്ലാരും ഓർത്തുവെക്കുന്നത്.
ഞാൻ ഗൂഗിൾ ചെയ്തു. വിക്കിപീഡിയ ആണ് വിവരങ്ങൾ തന്നത്.
കാലിമേയ്ക്കുന്നതിനായി വികസിപ്പിക്കപ്പെട്ട ഒരു നായ ജനുസ്സാണ് ബോർഡർ കോളി. ഇവ വികസിപ്പിക്കപ്പെട്ട ബ്രിട്ടണിലെ ബോർഡർ കൗണ്ടിയിൽ നിന്നാണ് ഇവക്ക് ബോർഡർ കോളി എന്ന പേർ ലഭിച്ചത്.
ബോർഡർ കോളി, നായ ജനുസ്സുകളിൽ ഏറ്റവും ബുദ്ധിയുള്ള ജനുസ്സാണെന്ന് കണക്കാക്കപ്പെടുന്നു. വളരെയധികം ഊർജ്ജ്വസ്വലരായ ഈ ജനുസ്സ് ആവശ്യത്തിന് ഭക്ഷണവും വ്യായാമവും നൽകിയിട്ടില്ലെങ്കിൽ അപകടകരമാം വിധം നശീകരണ പ്രവണതയിലേക്ക് തിരിയാൻ സാധ്യതയുണ്ട്. ഇന്നും ലോകത്ത് കാലിമേയ്ക്കുന്നതിനായി ഈ നായ്ക്കളെ വളരെയധികം ഉപയോഗപ്പെടുത്തി വരുന്നു. ഓമനമൃഗമായും ബോർഡർ കോളി പ്രശസ്തി നേടിക്കഴിഞ്ഞു. ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കിൽ അപകടകാരിയായി മാറുമെന്നതാണ് ഈ ജനുസ്സിന്റെ ന്യൂനത. വായിച്ചു തീർന്നില്ല-
“കമലൻ സാറേ, ഒരു അഞ്ഞൂറിന് ചേഞ്ച് ഉണ്ടോ?”
തലയിന്മേൽ വെള്ള തൊപ്പിയും, നീണ്ട കറുത്തതാടിയും, വളരെ നീണ്ട വെള്ള ഉടുപ്പും ധരിച്ച ലുക്മാൻ ഉൾ ഹക്കീം ആണ് മുന്നിലെ കൗണ്ടർ പാളിയിൽ. ബാങ്ക് ബിൽഡിങ്ന് താഴെ വളരെ വിജയകരമായി ചായക്കട നടത്തിവരുന്നു ലുക്മാൻ ഉൾ ഹക്കീം.
നൂറിന്റെ നാലെണ്ണവും അൻപതിന്റെ രണ്ടുനോട്ടും സൂക്ഷമായും ഭവ്യതയോടെയും ഏറ്റുവാങ്ങി, ലുക്മാൻ മുഷിഞ്ഞ അഞ്ഞൂറിന്റെ നോട്ട് ചിരിച്ചുകൊണ്ട് എനിക്ക് നൽകി. അന്നേരം അനാവശ്യമായൊരു ചോദ്യം എവിടുന്നോ നാവിൽകേറി വന്നു.
“ലുക്മാനേ നിങ്ങൾക്ക് എന്ത് കൊണ്ടാ ഈ നായ്ക്കൾ ഹറാമായത്?”
പൊതുവേ തുറന്ന പ്രകൃതക്കാരനായ ലുക്മാൻ ചിരി വിടാതെ തന്നെ പറഞ്ഞു.
“സാറേ, മുസ്ലിങ്ങളുടെ ഒരു വെറുക്കപ്പെട്ട ജീവിയാണ് ഈ നായ എന്ന ധാരണ തെറ്റാണ്. അബൂ ഹുറൈറയുടെ ഒരു ഹദീസിൽ ഇങ്ങനെ പറയുന്നുണ്ട്. ഒരു വേശ്യ ദാഹിച്ചു വലഞ്ഞ ഒരു നായക്ക് തന്റെ പാദരക്ഷ ഉപയോഗിച്ച് കിണറ്റിലിറങ്ങി വെള്ളം കോരിക്കൊടുത്ത കാരണത്താൽ സ്വർഗ്ഗത്തിൽ പ്രവേശിച്ചു എന്ന്.
ഒരു ജീവി എന്ന നിലക്ക് നായയെ സ്നേഹിക്കാൻ തന്നെയാണ് സാർ ഇസ്ലാം പഠിപ്പിക്കുന്നത്”
ലുക്മാന്റെ നെറ്റിയിൽ തെളിഞ്ഞുകണ്ട നിസ്ക്കാരത്തഴമ്പിൽ എന്തോ, എനിക്കന്നേരം നല്ല മതിപ്പ് തോന്നി.
അയാൾ പിന്നെയും തുടർന്നു.
“പിന്നെ, ഞങ്ങടെ ഇടയിൽ നായ്ക്കളെ വളർത്തുന്നവർ കുറവാണ് എന്ന് മാത്രം. നബിയുടെ വചനപ്രകാരം വേട്ടയാടുന്നതിനും കാലിമേയ്ക്കുന്നതിനും കാവലിനും അല്ലാതെ നായ്ക്കളുമായുള്ള ബന്ധം ഒരു മുസ്ലീമിന്റെ നല്ല പ്രവൃത്തികൾക്ക് എതിരാണ്. നായകളെ സ്പർശിച്ചാൽ ഏഴു തവണ ശുദ്ധജലത്തിൽ കഴുകണമെന്നും അതിൽ ഒരു തവണ കളിമണ്ണ് കലർത്തിയ വെള്ളമായിരിക്കണമെന്നും ഇസ്ലാം നിഷ്കർഷിക്കുന്നു. അതുകൊണ്ടാണ് സാറിന് ഹറാം എന്ന വാക്ക് വല്ലാണ്ട് പിടിച്ചത്. എന്നെയും ആ ചോദ്യത്തിൽനിന്ന് രക്ഷിച്ചെന്നപോലെ, വായ നിറച്ച് ചിരിച്ച്, മാസ്‌ക് മുഖത്ത് ശരിയാക്കി വെച്ച്, ലുക്മാൻ കൗണ്ടർ വിട്ടു. ആറടി ഉയരം അൽപ്പം കുനിഞ്ഞ്, കാലത്തിന്റെയും ചിട്ടവട്ടത്തിന്റെയും തിരക്കിൽനിന്ന് ചില്ലുവാതിൽ വലിച്ചുതുറന്ന്, സ്വർഗ്ഗത്തിലേക്കെന്നപോലെ ആ വെള്ളമനുഷ്യൻ മാഞ്ഞു.
വൈകുന്നേരം പ്രത്യേകം ഓർത്തുതന്നെ വണ്ടി ആ വീട്ടിന് മുൻപിൽ നിർത്തി. കാണുന്നില്ലല്ലോ. പട്ടികൂട് കാണാം. അതില് പക്ഷേ പട്ടിയില്ല. പിന്നെ അവനെവിടുന്ന് പട്ടിയേകണ്ട് പേടിച്ചകാര്യമാണ് പറഞ്ഞത്?
ഇത്ര വിശാലമായ പുരയിടത്തിൽ എവിടെയെങ്കിലും അത് ഒളിഞ്ഞിരുപ്പുണ്ടാകുമോ?
പട്ടിയുടെ കാര്യത്തിൽ മകന്റെ ഇടപെടലിനെ
അല്പം പേടിയോടുകൂടി മനസ്സിലിട്ടാണ് വീട് കയറിയത്.
“മോനെവിടെ?”
“നേരം അഞ്ചരയല്ലേ ആയുള്ളൂ. ഇന്നെന്താ ഒരു പ്രത്യേക മോൻ സ്നേഹം? ഭാര്യ പ്രത്യേകം മുഖത്തുനോക്കിത്തന്നെ ചോദിച്ചപോലെ തോന്നി. ഞാൻ അധികം മുഖം കൊടുത്തില്ല.
“എന്തേ?” വീണ്ടും അവൾ മുഖം നോക്കിത്തന്നെ.
“ഈ സമയത്താണോ അവനെ ഇങ്ങനെ അഴിച്ചുവിടുന്നേ?”
ഞാൻ വാതിൽ കടന്ന് അകത്തുകേറും നേരം അവൾ അതിനുള്ള മറുപടി പറഞ്ഞവസാനിപ്പിച്ചു.
“അവൻ ഇച്ചിരികൂടി കഴിഞ്ഞ എത്തും”.
ഞാൻ മറുപടി കൊടുത്തില്ല.
രാത്രി അവന്റെ അടുത്തുചെന്നു. അവൻ പെൻസിൽകൊണ്ട് ഒറ്റപ്പെട്ടുപോയ കോഴിക്കുഞ്ഞിന് അതിന്റെ തള്ളക്കോഴിയുടെ അടുത്തേക്കുള്ള വഴി അമർത്തിവരക്കുകയാണ്.
“ഡാ നിർമലേ, നീ എപ്പഴാടാ ആ പട്ടിയെ കണ്ടത്?”
“രണ്ട് ദിവസം മുൻപ്” വര നിർത്തിയാണ് അവൻ മറുപടി പറഞ്ഞത്.
“ഞാൻ ഇന്ന് നോക്കിയിട്ട് കണ്ടതേ ഇല്ലല്ലോ?
കൂട്ടിലും അതിനെ കാണുന്നില്ല”
“കൂട്ടിലല്ലപ്പ!. വീട്ടിലാണ്. വീടിന്റെ പുറകുവശത്തെ മുറിയിൽ” ശബ്ദം താഴ്ത്തി അത്ഭുതഭാവം ചമഞ്ഞാണ് അവൻ അത് പറഞ്ഞത്.
“അതിന് നീ എന്തിനാ ഈ സമയത്തൊക്കെ അവിടെ പോയത്?” ഞാനല്പം സ്വരം കടുപ്പിച്ചെങ്കിലും, ഒട്ടും കുലുങ്ങാതെ, അതേ അത്ഭുതം കൂറുന്ന കണ്ണുമായി അവൻ മറുപടി കൂടി വിവരിച്ചു.
“ഞാനല്ല. ഫൈസൽ ആണ് ആദ്യം കണ്ടത്. അവൻ വാതിലിന്റെ ഓട്ടയിൽക്കൂടി നോക്കിയപ്പോൾ നായയെ കണ്ടു. പിന്നെ ഞാനും നോക്കി. ശബ്ദം ഒന്നും ഉണ്ടാക്കാതെ അത് തിരിച്ച് എന്നെയും നോക്കി. പക്ഷെ പല്ലൊക്കെ നല്ല മഞ്ഞ നിറം. എനിക്കാകെ പേടിയായപ്പ.”
അവൻ തള്ളക്കോഴിയുടെ അടുത്തേക്ക് കോഴിക്കുഞ്ഞിനെ എത്തിക്കാനുള്ള കഠിന
ശ്രമത്തിൽ വീണ്ടും മുഴുകി.
ഇപ്പോൾ തന്നെ അവിടെ ചെന്ന് നോക്കണോ? മൃഗസംരക്ഷണ വകുപ്പിനെവിളിച്ചു പറയണമോ? അതോ നാട്ടുകാരെ അറിയിക്കണമോ?
എന്തായാലും ഞാൻ ഒരു ഷർട്ട് എടുത്തിട്ട് ഡബിൾ മാസ്‌ക്കും ധരിച്ച് തൊട്ടടുത്ത വിനോദിന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ നിന്ന് അവനെ വിളിച്ചു. കാര്യം പറഞ്ഞപ്പോൾ അവനും പറഞ്ഞത്, നാളെ രാവിലെ നോക്കിയിട്ട് മൃഗസംരക്ഷണ വകുപ്പിലേക്ക് വിളിച്ചറിയിക്കാം എന്നായിരുന്നു. ഞാൻ പാതിമനസ്സോടുകൂടി അവിടന്ന് തിരിച്ചു. പത്തടി ദൂരം നടന്ന് കഴിഞ്ഞപ്പോഴാണ് അവൻ തിരിച്ചുവിളിച്ചു പറഞ്ഞത്.
“ഒരു മിനുട്ട്, നമ്മുടെ കൃഷ്ണേട്ടന്റെ ഭാര്യയാണ് അവിടെ പുറമ്പണിക്ക് പോകുന്നത്. മൂപ്പരുടെ മോന്റെ നമ്പർ എന്റെ കയ്യിലുണ്ട്. വിഷ്ണു. അവനെ ഒന്ന് വിളിച്ചു ചോദിക്കട്ടെ”
കോവിഡ് സന്ദേശം കഴിഞ്ഞ്, പിന്നെ റിങ്ങിന്റെ അവസാന മണിമുഴക്കത്തിലാവാം കാൾ എടുത്തത്. അത്ര സമയം എടുത്താണ് കാൾ ഒന്ന് കണക്ട് ആയത്. വിഷ്ണുവിനോട് അമ്മയുടെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. കാര്യങ്ങൾ വിശദമായിത്തന്നെ വിനോദ് ചോദിച്ചറിയുന്നുണ്ട്. അതിന്റെ ലക്ഷണമായി വിനോദ്, തന്റെ മീശയുടെ അറ്റം കടിക്കുന്നു. മൂക്കിന്റെ പുറം ചൊറിയുന്നു. വിളി തീർന്നു.
എന്തോ കിട്ടാൻ വേണ്ടിയെന്നപോലെ ഞാൻ അവന്റെ മുഖത്തുനോക്കി നിന്നു. മാസ്‌ക് താഴ്ത്തി വിനോദ് പറഞ്ഞു.
“ടാ അവടാരും അവിടെ താമസമില്ലെന്നാണ് അവര് പറയുന്നത്. മൂന്നാഴ്ച്ച മുൻപ് അവരുടെ രണ്ട് മക്കൾ വന്ന് ശേഖരേട്ടനേയും ജാനകിചേച്ചിയെയും ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്രേ”
“അപ്പോൾ ആ പട്ടിയേയോ?
“പട്ടിയേയും കൊണ്ടുപോയെന്നാ പറയുന്നത്. പിന്നെ, മാസത്തിലൊരിക്കൽ വീടിന്റെ പരിസരവും മറ്റും വൃത്തിയാക്കാൻ ഇവരെ ഏല്പിച്ചിട്ടുണ്ടത്രേ”
“ഓ കെ, ഓ കെ ” കുറച്ചു നിരാശ ഭാവം കലർന്നു, എന്റെ ആ ശബ്ദത്തിൽ.
“പിള്ളേര് വെറുതെ എന്തേലും കണ്ട് പറഞ്ഞതാവും”- അവൻ
“ഉം” -ഞാൻ
“എന്തായാലും നമുക്ക് നാളെ നോക്കാം”
“ഓ കെ എന്നാ കാണാം” ഞാൻ പറഞ്ഞുമടങ്ങി.
വീടെത്തിയിട്ട് മകനോട് കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല. വിനോദിനേക്കാൾ, കൃഷ്ണേട്ടന്റെ ഭാര്യയേക്കാൾ എനിക്ക് മകന്റെ അത്ഭുതം കൂറിയ കണ്ണുകളെയാണ് വിശ്വസിക്കാൻ തോന്നിയത്. കിടക്കുന്നതിനു മുൻപ് അവന്റെ അടുത്ത് പോയി. അവളോടൊപ്പം അവനും ഉറങ്ങിയിരുന്നു. ഇടക്കവൻ സ്വപ്നത്തിൽ ചിരിച്ചു. ‘പട്ടിയെകണ്ട പേടി’ അവനെ ഓർമ്മപ്പെടുത്താതിരിക്കാൻ കുട്ടികളുടെ മാലാഖ അവനോട് തമാശ പറഞ്ഞതാവാം.
കിടക്കാൻ നേരം മൊബൈലിന്റെ വെളിച്ചം എന്നെ ആകർഷിച്ചു. മൊബൈൽ എടുത്ത് ഗൂഗിൾ ചെയ്തു. മൃഗസംരക്ഷണ വകുപ്പ്. ‘ഇപ്പോൾ അടച്ചിരിക്കുന്നു’. പിന്നെ ‘ഫോൺ നമ്പര്’എന്നുകൂടി ചേർത്ത് സെർച്ച് ചെയ്തു. അപ്പോൾ ഉപ/ജില്ലാ ഓഫീസ് നമ്പർ എന്ന ലിങ്ക് കിട്ടി. അതിൽ നിന്ന് 0497 2545167 കോപ്പി ചെയ്ത്, പേസ്റ്റ് ചെയ്ത് പിന്നെ കോൺടാക്ട്ടിൽ സേവ് ചെയ്തുവെച്ചു.
മകന് വേണ്ടി പ്രാർത്ഥിച്ചു. പട്ടികൾ പ്രാർത്ഥിക്കുമോ എന്തോ? പകലാവാം അവർ പ്രാർത്ഥിക്കുക. രാത്രികാവൽക്കാർക്ക് പകൽ ദൈവങ്ങൾ തുണ. എന്നാലും ആരോടായിരിക്കും പ്രാർത്ഥിക്കുക?. ഹിന്ദു പട്ടികൾ ശിവന്റെ ഭൂതഗണമായ ഭൈരവനെയാവാം പ്രാർത്ഥിക്കുക. കൃഷ്ണപുരം കൊട്ടാരത്തിലെ ഭൈരവന്റെ ശില്പത്തിനരികെ ഒരു പട്ടി ഒട്ടിയിരിക്കുന്നത് കണ്ടിട്ടുണ്ട്. മുസ്ലീം പട്ടികൾക്ക് തീർച്ചയായും ലുക്മാൻ ഉൾ ഹക്കീം പറഞ്ഞ ആ വിശുദ്ധ വേശ്യ ആയിരിക്കും. അപ്പൊ ക്രിസ്ത്യൻ പട്ടികളോ? അവർക്കെന്തായാലും ഒരു വിശുദ്ധ രക്ഷകൻ ഉണ്ടായിരിക്കണം. അയാൾക്കൊരു ഓർമ്മദിനവും. അയാളിലൂടെ പട്ടികളും വാഴ്ത്തപ്പെടട്ടെ. ആമേൻ.
അല്ല, ഈ പട്ടികൾക്ക് മതത്തിലൊക്കെ വിശ്വാസം ഉണ്ടാവുമോ എന്തോ? എന്തായാലും എല്ലാ മതദൈവങ്ങളോടും ആ രാത്രി ഞാൻ, മഞ്ഞപല്ലുകളുള്ള ആ പട്ടിക്കുവേണ്ടികൂടി പ്രാർത്ഥിച്ചു.
രാവിലെ അൽപ്പം നേരത്തെ ഇറങ്ങി. ഗേറ്റ് പൂട്ടിയിട്ടുണ്ട്. പിള്ളേര് എങ്ങനെയാണ് ഇത് ചാടി കടന്നിട്ടുണ്ടാവുക. എന്തായാലും കഷ്ടപ്പെട്ടു. കറുത്ത പാന്റ്സ് അല്പം മുഷിഞ്ഞു. എങ്കിലും അകത്തേക്ക് കടന്നു. എത്ര വിശാലമാണ് വീടും പുരയിടവും. ഇത് ഇന്ന് വാങ്ങാൻ ഞാൻ രണ്ട് ജന്മംകൂടി പണിയെടുക്കേണ്ടിവരും എന്ന് അത്യാഗ്രഹം വിചാരിച്ചു. വീട് പുറമേ നിന്ന് പൂട്ടിയിട്ടുണ്ട്. പുരയിടത്തിന് ചുറ്റും മതിൽക്കെട്ടുണ്ട്. വീടിന് പുറകുവശത്തേക്ക് നടന്നു. പുറകുവശത്തെ മതിൽകെട്ടിൽ ഒരിടത്ത് വലിയ വിടവുണ്ട്. അത് എന്റെ വീടിന്റെ പുറകുവശത്തെ കാടുപിടിച്ച തൊടിയിലേക്ക് ചെല്ലുന്നതുമാണ്. ഇതിലൂടെയാവാം നിർമലും ഫൈസലും കടന്നിട്ടുണ്ടാവുക. അതോർത്തപ്പോൾ ഭയവും ദേഷ്യവും തോന്നി.
അടുക്കളയെന്ന് തോന്നിക്കുന്ന പുറമേ നിന്ന് പൂട്ടിയിരിക്കുന്ന മുറി കണ്ടു. നിർമൽ പറഞ്ഞ ഓട്ടയിലൂടെ കണ്ണിട്ട് നോക്കി. വാല് കണ്ടു. വാല്കിടന്ന് പിടയുന്ന പോലെ. പട്ടി നിൽക്കുകയാണ്. എത്ര ശ്രമിച്ചിട്ടും തുടയും കാലുകളും വാലും അല്ലാതെ മുഴുവൻ കിട്ടുന്നില്ല. മൊബൈൽ ഫോണിന്റെ ക്യാമറ ശ്രമത്തിനും പട്ടിയുടെ മുഴുവൻ ചിത്രം പകർത്താനായില്ല. നായയുടെ തല എവിടെയെങ്കിലും കുടുങ്ങികാണുമോ? അതോ ഇനി കഴുത്തിലെ ചങ്ങല ബലമായി എന്തിലെങ്കിലും ചുറ്റിക്കാണുമോ? എന്നാലും ഈ പട്ടിയെ ഇവിടെ ഇങ്ങനെ ഉപേക്ഷിച്ചുപോകാൻ അവർക്ക് എങ്ങനെ മനസ്സ് വന്നു?. കൃഷ്ണേട്ടന്റെ ഭാര്യ ഇതുവരെയും ഇവിടെ വന്നിട്ടുണ്ടാവില്ല അതാവും കാണാതെ പോയത്. അല്ല അവര് വന്നാൽ തന്നെ പുറത്തെ പറമ്പും മറ്റും വൃത്തിയാക്കാൻ വേണ്ടി മാത്രമാവുമല്ലോ വന്നിരിക്കുക. അതിനാൽ അവർ കാണാനും സാധ്യതയില്ല. ഭക്ഷണം കിട്ടാതെ ഇത്ര ദിവസം! ഈ പട്ടി! എന്റെ ദൈവമേ!
ഗേറ്റ് ചാടിക്കടന്ന് സ്കൂട്ടറിൽ ഇരുന്ന്, കഴിഞ്ഞ രാത്രി സേവ് ചെയ്തു വെച്ച മൃഗസംരക്ഷണ വകുപ്പിന് വിളിച്ചു. മനസ്സിൽ ഒരു വിറയൽ തോന്നി. സമയം ഇപ്പോൾ ഒൻപതേ പത്ത്. 9.am to 8pm എന്നാണ് ഇന്നലെ സെർച്ച് ചെയ്തപ്പോൾ പ്രവർത്തിസമയം കാണിച്ചത്. രണ്ടാമത്തെ വിളിയിലാണ് ഫോൺ എടുത്തത്.
“സാറ് എത്തിയിട്ടില്ല. പത്തുമണിയാവുമ്പോ വിളിക്കൂ ട്ടോ”
എന്നാൽ ഇനി ബാങ്കിൽ ചെന്നിട്ട് വിളിക്കാം എന്ന് ഞാനും വിചാരിച്ചു.
ഒൻപതേ അന്പതിന് ബാങ്കിൽ എത്തി. ക്യാഷ് കൗണ്ടറിൽ കയറുന്നതിന് മുൻപ് ഒന്നൂടെ വിളിച്ചു നോക്കി. ഫോൺ എടുത്തു. ബാങ്കുവരെ വണ്ടിയോടിച്ച സമയത്ത്, എന്തൊക്കെ എങ്ങനെയൊക്കെ പറയണം എന്ന് തയ്യാറെടുത്തത് മുഴുവൻ കൃത്യമായി പറഞ്ഞു. സ്ഥലം, വീട്, റോഡ് എന്നിവയെല്ലാം ഓഫീസർക്ക് കൃത്യമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു.
പട്ടി, കൂട്ടിൽ നിന്നും പുറത്തേക്കുള്ള സമാധാനം കണ്ടെത്തിയപോലെ, ഞാൻ ദീർഘ നിശ്വാസം വിട്ട് ക്യാഷ് കൂട്ടിലേക്ക് കയറി.
ഇന്ന് പതിവില്ലാത്ത തിരക്കുണ്ട്. രണ്ടുമണിവരെ രണ്ടു മാസ്ക്കിനും പിന്നെ ക്യാഷ് കൂട്ടിനും ഉള്ളിൽപ്പെട്ട് ശ്വാസം മുട്ടി. രണ്ട് മണിക്കും, സാമൂഹിക അകലം പാലിച്ച ക്യൂവിൽ ആളുകളുണ്ടായിരുന്നു. ഞാൻ എണീറ്റ് കൗണ്ടറിൽ ‘closed’ ബോർഡ് വെച്ച് ഊണിന് പോയി. ലുക്മാന്റെ കടയിൽ നിന്ന് രാമേട്ടൻ എത്തിച്ച ഊണിന്റെ പൊതിയിൽ കൈവെച്ചപ്പോഴാണ് പട്ടിയുടെ കാര്യം ഓർത്തത്. അവർ എത്തിക്കാണുമോ എന്തോ?
കൈ ഒന്നുകൂടി ടവലിൽ തുടച്ച് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. കാൾ ലിസ്റ്റിൽ ആദ്യം തന്നെ കിടക്കുന്നു. മുഖത്തുനിന്ന് മാസ്‌ക് എടുത്തുമാറ്റി ഫോണിൽ നമ്പർ ഡയൽ ചെയ്ത്
ചെവിയിൽ വെച്ചു . ഉടനെ തന്നെ എടുത്തു. കുരക്കുന്ന പട്ടിശബ്ദവും, ആരൊക്കെയോ ചുറ്റും സംസാരിക്കുന്ന ബഹളം മാത്രം. കട്ട് ചെയ്ത് വീണ്ടും വിളിച്ചു. അതേ ഫലം. മൃഗാശുപത്രിക്ക് വിളിച്ചപോലെ. ഇനി എന്താ ചെയ്യുക എന്നാലോചിച്ചപ്പോഴാണ് വിനോദിനെ ഓർത്തത്. അവനെ വിളിച്ചു. അവൻ
വളരെ ശാന്തമായി അവൻ കേട്ടു. രാവിലെ പട്ടിയെ ആ വീട്ടിൽ കണ്ട കാര്യവും മൃഗസംരക്ഷണ വകുപ്പിനെ വിളിച്ചറിയിച്ച കാര്യവും അവനെ ധരിപ്പിച്ചു. അവന്റെ ശ്രദ്ധാപൂർവമുള്ള കേൾവി. മൃഗസംരക്ഷണ വകുപ്പിനെ വിളിച്ചിട്ട് സംസാരിക്കാൻ പറ്റാത്തതിലുള്ള ആധിക്ക് കുറച്ച് കുറവുണ്ടാക്കി. പക്ഷെ, വിനോദും ജോലി സ്ഥലത്ത് ആയതിനാൽ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ആളുകൾ വന്നോ എന്നറിയാൻ കഴിഞ്ഞില്ല.
ഊണ് കഴിഞ്ഞ് ക്യൂവിൽ ബാക്കിയായ ആളുകളെ സേവിക്കാൻ വീണ്ടും കൗണ്ടറിൽ കയറി.
സമയം മൂന്നുമണിയായപ്പോൾ ക്യൂ തീർന്നു. ക്യാഷ് ടാലിയാക്കാനുള്ള ശ്രമം ആരംഭിച്ചു. അപ്പോഴാണ് ഫോണിൽ ഡിഗ്രിക്ക് കൂടെപ്പടിച്ച നൗഷാദ് വിളിക്കുന്നത്. അവൻ ഇപ്പോൾ സൗത്ത് പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ ആണ്. ഇടക്കിടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കാറുള്ളതിനാൽ അടുപ്പകുറവും ഇല്ല.
“കമലാ, നീയാണോ ആ ശാന്തി നിവാസിൽ പട്ടിയുള്ള കാര്യം അനിമൽ ഹസ്ബണ്ടറി ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചത്?”
“അതേ. എന്താടാ?”
” നീ ഓഫിസിൽ നിന്ന് ഇറങ്ങിയോ”
“ഇല്ലെടാ, അഞ്ചാവും ഇറങ്ങാൻ. എന്തേ?”
“ഇറങ്ങുമ്പോ ഇവിടെ ഒന്ന് കേറൂ ട്ടോ”
“എന്താടാ?”
“കാര്യമായൊന്നും ഇല്ല. നീയൊന്ന് കേറ്. ഞാൻ ഇവിടെ ഉണ്ടാവും. ഒ ക്കെ”
“ശരി. ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം”
ഞാനാകെ ആശയക്കുഴപ്പിത്തിലായി. ആ പട്ടിയും പോലീസ് സ്റ്റേഷനും തമ്മിൽ എങ്ങനെ മാച്ച് ആയി? ഈശ്വരാ ഇനി ഞാൻ ഗേറ്റ് ചാടിക്കടന്നതും ഇതും തമ്മിൽ? ഏയ് അതിന് ചാൻസ് ഇല്ല.
ക്യാഷ് ടാലി ചെയ്ത് നാല് മണിക്ക് ഇറങ്ങാൻ നോക്കാം എന്ന് വിചാരിച്ച്. ഒരിക്കൽക്കൂടി കൈകൾ സാനിറ്റൈസ് ചെയ്ത് നോട്ടുകൾ കൗണ്ടിംഗ് മെഷീനിൽ ഇട്ടു തുടങ്ങി.
അപ്പോഴാണ് പുതിയതായി ജോയിൻ ചെയ്ത അസിസ്റ്റന്റ് മാനേജർ മെഡിക്കൽ കോളേജ് എ ടി എമ്മിൽ ക്യാഷ് ലോഡ് ചെയ്ത്, ബ്രാഞ്ചിലേക്ക് കേറിവന്നത്. രാമേട്ടൻ അയാളുടെ പിറകിൽ ഓടുകയാണ്.
ക്യാബിന്റെ വലത്തേ പാളിയിൽക്കൂടി കണ്ണുകളിട്ട് അയാൾ പറഞ്ഞു.
“താഴത്തെ എ ടി എമ്മിൽക്കൂടി ക്യാഷ് ഇടണം. നൂറിന്റെ പത്തു ബണ്ടിലും അഞ്ഞൂറിന്റെ ഒരു പന്ത്രണ്ട് ബണ്ടിലും എടുത്തോ”. അയാൾ കിതക്കുന്നുണ്ട്.
ഞാൻ മനസ്സിൽ വിചാരിച്ചു. ക്ലോസ് ചെയ്യാൻ നിൽക്കുന്ന സമയത്താണ് അയാളുടെ ഒരു എ. ടി എം. ക്യാഷ്. പിന്നെ മനസ്സ് തിരുത്തി. അയാൾ വളരെ മിടുക്കനായ ചെറുപ്പക്കാരനാണ്. പാലക്കാട്ടുകാരൻ. സമയം നോക്കാതെ പണിയെടുക്കുന്നയാൾ. അതിനാൽ വേറൊന്നും പറയാതെ ഞാൻ വളരെ ശ്രദ്ധയോടെ ഒരു തുണ്ട് പേപ്പർ എടുത്ത് കൊടുക്കുന്നവ എഴുതിവെച്ചു. എന്നിട്ട് ആ പാളിയിൽക്കൂടിതന്നെ അയാൾക്ക് നോട്ട് കെട്ടുകൾ കൊടുത്തു.
പട്ടിയെപ്പോലെ പണിയെടുക്കുന്ന അയാളിപ്പോൾ നായയെപ്പോലെ കിതക്കുന്നു.
പട്ടിക്കും നായക്കും ഇടയിലുള്ള വ്യത്യാസത്തിൽ ഞാൻ ഇപ്പഴും ഒരു നിഗമനത്തിൽ എത്തിയിട്ടില്ല.
സമയം നാലാവാറായി. ക്യാഷ് ടാലി ആവുന്നില്ല. ഒരു തൊണ്ണൂറു രൂപയുടെ കുറവ്. ക്യാഷ് റിപ്പോർട്ട് പ്രിന്റ് എടുത്ത് ഒന്നുകൂടി വെരിഫൈ ചെയ്തു. കിട്ടുന്നില്ല. അവസാനം. കയ്യീന്ന് ഇട്ട് ടാലി ചെയ്യേണ്ടി വന്നു. വലിയ സങ്കടം ഒന്നും തോന്നിയില്ല.
കാര്യമൊന്നും പറഞ്ഞില്ല. ഒരത്യാവശ്യകാര്യം എന്നുമാത്രം പറഞ്ഞ് ക്യാഷ് ടാലി ചെയ്ത കാര്യം സീനിയർ ആയ അസിസ്റ്റന്റ് മാനേജർ നജ്മാ മേഡത്തെ അറിയിച്ച് ഇറങ്ങി. താഴെ ഷട്ടർ പകുതിയടുച്ച് എ. ടി. എമ്മിൽ ക്യാഷ് ലോഡ് ചെയ്യുന്ന അസിസ്റ്റന്റ് മാനേജരോടും ഇറങ്ങുന്നുവെന്ന കാര്യം പറഞ്ഞു. രാമേട്ടൻ എന്തോ പറയാൻ തുനിഞ്ഞു. എങ്കിലും ഞാൻ നിന്ന് കൊടുത്തില്ല.
സ്റ്റേഷനിൽ കാര്യമായ തിരക്കൊന്നും ഇല്ല. സ്കൂട്ടർ ഒതുക്കി നിറുത്തി നടക്കാൻ നേരംതന്നെ നൗഷാദിനെ ഫോണിൽ വിളിച്ചു. ഫോൺ എടുത്തില്ല അതിന് മുൻപ് അവൻ സ്റ്റേഷന്റെ മുൻ വാതിലിൽ വന്ന് കൈ ഉയർത്തിക്കാണിച്ചു. വാതിലിന്റെ വലതുവശത്ത് സാമൂഹിക അകലത്തിനായി ചുവന്ന റിബ്ബൺകൊണ്ട് കെട്ടിയിട്ട സ്റ്റീൽ കസേരകളിൽ ചാനലുകാർ എന്ന് തോന്നിക്കുന്ന മൂന്നുപേർ ഉണ്ടായിരുന്നു. നൗഷാദ് എന്നെ റൈറ്ററുടെ റൂമിലേക്ക് കൊണ്ടുപോയി.
“എന്തടാ?”
എന്റെ ആകാംക്ഷ ഒതുക്കിനിർത്താൻ കഴിയാതെ ഞാൻ അവനോട് ചോദിച്ചു.
“നീ ആ വീട്ടിൽ എന്താ കണ്ടേ?”
“പട്ടിയെ. എന്തേ?”
അവൻ ഒരു റൈറ്റിംഗ് പാഡിൽ ഒതുക്കി വെച്ച കടലാസ് എടുത്ത് എനിക്ക് തന്നിട്ട് പറഞ്ഞു.
“വായിക്ക്”
ഞാൻ വായിക്കാൻ തുടങ്ങിയപ്പോൾ അവൻ പേജ് തിരിച്ചു പിടിച്ചു തന്നു.
…………………………………………………………………………………………………………………………………………………………………………………………………………………………………………..
Total value of property stolen:
മോഷ്ടിക്കപ്പെട്ട /കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സ്വത്തുക്കളുടെ മൊത്തവില.
Inquest Report UD Case No. if any:
പ്രേതവിചാരണ റിപ്പോർട്ട്/അസ്വാഭാവിക മരണം, കേസ് നമ്പർ ഉണ്ടെങ്കിൽ:
F.I.R. Contents (attach separate sheet, if required):
എഫ്. ഐ. ആർ. ഉള്ളടക്കം (ആവശ്യമുള്ള പക്ഷം പ്രത്യേക ഷീറ്റുകൾ അനുബന്ധമായി ചേർക്കുക):
27.07.2021 തിയ്യതി 2.30 മണിക്ക് 1 മുതൽ 2 കൂടിയ പ്രതികൾ ഓച്ചിറ റോഡ് ശാന്തി നിവാസിൽ താമസിച്ചിരുന്ന സി. ശേഖരനേയും കെ. ജാനകിയേയും മക്കൾതന്നെയായ 1 മുതൽ 2 കൂടിയ പ്രതികൾ ഈ തിയ്യതിക്ക് ഇരുപത് ദിവസങ്ങൾ മുൻപ് …….
വായിച്ചുതീർന്ന ശേഷം എന്റെ ആരുമല്ലാതിരുന്ന ശേഖരേട്ടനെയും ജാനകിയേടത്തിയേയും ഓർത്ത് കണ്ണു നിറഞ്ഞു. നൗഷാദ് എന്റെ തോളിൽ തട്ടി. അടുത്തുള്ള ചെയറിൽ ഇരിക്കാൻ ആംഗ്യം കാട്ടി. കുറച്ചുനേരം അങ്ങനെ ഇരുന്നതല്ലാതെ ഒന്നും സംസാരിച്ചില്ല. പിന്നെ നൗഷാദ് പറഞ്ഞു. “വാ, എസ് ഐയെ കാണാം”
“സർ ഇദ്ദേഹമാണ് കമലൻ” നൗഷാദ് എന്നെ എസ്. ഐ. യുടെ മുന്നിൽ കൊണ്ടുചെന്ന് നിർത്തി. അതിന് ശേഷം മുഖം തന്ന് കൈ അല്പം വീശിക്കാണിച്ച്, അടുത്ത മുറിയിലേക്ക് പോയി.
“ഇരിക്കൂ കമലൻ” – എസ്. ഐ.
ഞാൻ വേണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് അദ്ദേഹത്തിന്റെ വലതുവശത്തായി നിൽക്കുന്നവരെ കണ്ടത്. എങ്ങും ഉറക്കാത്ത കണ്ണുകളുമായി ദീപേഷും, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിലത്തേക്ക് നോക്കി നിൽക്കുന്ന ആതിരയും. ശേഖരേട്ടന്റെ മക്കൾ.
“സർ ഇവർ ഇവിടെ?”
“കമലൻ ഇവർ എവിടേം പോയിട്ടില്ല. ലോക്ഡൗൺ കാലത്തെ ശരിക്കും പ്രയോജനപ്പെടുത്തി, എല്ലാം തീരാൻ കാത്തുനിൽക്കുകയായിരുന്നു. താങ്കൾ ഇന്ന് അവിടെ ചെന്നതുകൊണ്ടു മാത്രം ഇതറിഞ്ഞു. അല്ലേൽ ഒരു തുമ്പു പോലും ബാക്കി കാണുമായിരുന്നില്ല. അവർ ജീവിത കാലം മുഴുവൻ സമ്പാദിച്ചത് മുഴുവൻ ഇവർക്ക് കൊടുത്തു. ആ താമസിക്കുന്ന വീടും പറമ്പും എത്രയും പെട്ടന്ന് വിറ്റുകിട്ടാൻ വേണ്ടിയാ ഇവര്”. എസ് ഐ, ദീപേഷിന്റെ നേരെ കടുപ്പിച്ചു നോക്കിയിട്ടും അവന് വലിയ ഭവമാറ്റമോ ശരീരത്തിന് ഒതുക്കമോ ഉണ്ടായില്ല.
“സർ” – നൗഷാദാണ്.
“കമലനെ പത്രക്കാർക്ക് ഒന്ന് കാണണമെന്ന് പറയുന്നു”
എസ് ഐ എനിക്കൊരു ഷൈക്ക് ഹാൻഡ് നൽകി പറഞ്ഞു. “താങ്ക് യൂ കമലൻ”
പുറത്തെത്തിയതും മൂന്ന് പേരിൽ നിന്നും പത്തിലധികം പേർ ആയി ആ മാധ്യമക്കൂട്ടം വളർന്നിരുന്നു. ക്യാമറയും മൈക്കും മുന്നിൽ വന്ന് ചുറ്റി നിരന്നു.
വീട്ടിൽ വന്ന് ചാനലുകൾ മാറ്റി മാറ്റി വെച്ചു.
കേരളം ഇന്ന് വരെ കാണാത്ത അരും കൊല – മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഇരട്ട കൊലപാതകം -കൊലപാതകം നടത്തിയത് സ്വന്തം മക്കൾ – പെട്ടെന്നുള്ള ബിസിനസ്സ് നഷ്ടം നികത്താൻ പണം കണ്ടെത്തുന്നതിന് വീടും പറമ്പും വിൽക്കാൻ വിസമ്മതിച്ച മാതാപിതാക്കാളെ ബോർഡർ കോളി എന്ന നായയെ ഉപയോഗിച്ച് വളരെ ആസൂത്രിതമായി കൊല ചെ യ്യുകയായിരുന്നു- രണ്ടാഴ്ച്ച നായ ഭക്ഷിച്ചത് ഇരകളെ കടിച്ചു കൊന്ന ശേഷമുള്ള ശരീര ഭാഗങ്ങൾ – സംഭവസ്ഥലത്ത് ശേഷിച്ചത് തലയോടും തുടയെല്ലും മാത്രം.
പല ചാനലുകളും ഈ വാർത്ത പ്രക്ഷേപണം ചെയ്ത് വരുന്നതെ ഉള്ളൂ.
ചാനലുകൾ മാറ്റുന്നത് നിർത്തി. ഏതേലും ഒന്ന് വെക്കാം. അപ്പോഴാണല്ലോ വിശദമായ വാർത്തയിൽ എന്റെ മുഖം വരികയുള്ളൂ. ഞാൻ ഭാര്യയെ വിളിച്ചു. ഒന്നും പറയേണ്ടി വന്നില്ല. നാട്ടിൽ എല്ലാവരും അറിഞ്ഞുകഴിഞ്ഞു.
ദാ ഞാൻ വന്നു. എന്റെ മുഖം ആദ്യമായി ഒരു ചാനലിൽ. ചെ! മാസ്‌ക് മാറ്റാമായിരുന്നു. താഴെ എഴുതി കാണിക്കുന്നു.
സംഭവം പുറംലോകം അറിഞ്ഞത് സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരൻ കെ. കമലൻ സംഭവം നടന്ന വീട്ടിൽ നായയെ കണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചതിനെ തുടർന്ന്.
ഞാൻ ഭാര്യയെ നോക്കി.
എന്ത് വികാരമാണ് പ്രകടിപ്പിക്കേണ്ടത് എന്നറിയാതെ.
വാർത്തയിൽ എന്റെ ഭാഗം കഴിഞ്ഞതോടെ അവൾ സോഫയിൽ നിന്ന് എണീറ്റ് അടുക്കളയിലേക്ക് പോയി.
വാട്‌സ്ആപ്പിൽ മെസ്സേജ് നോട്ടിഫിക്കേഷനുകൾ ഇടക്കിടെ കൂകികൊണ്ടിരുന്നു.
ആറുമണികഴിഞ്ഞപ്പോൾ ഞാൻ ഭാര്യയെ വിളിച്ചു ചോദിച്ചു.
“മോനെവിടെ”
“മണി ആറായില്ലേ ഇപ്പ വരും.
ദാ വന്നല്ലോ”
അടച്ച ഗേറ്റ് തുറന്ന് അവനും അവന്റെ ചങ്ങാതി ഫൈസലും കയറിവന്നു.
കയ്യിൽ വളരെ കരുതലോടെ പിടിച്ച എന്തോ ഉണ്ട്.
തിളങ്ങുന്ന കണ്ണുകളോടെ, കിതക്കുന്ന ശ്വാസത്തോടെ അവൻ പറഞ്ഞു.
“ഇത് ഫൈസലിന്റെ മാമന്റെ വീട്ടിലെ പട്ടിയുടെ കുഞ്ഞാണ്. നല്ല ബുദ്ധിയാന്ന പറയുന്നത്. പത്രമൊക്കെ കടിച്ചു കൊണ്ടു വന്ന് കൊടുക്കുമത്രേ”.
………………………………………………………………………………………………………………………………………………………………………………………………………………………………………….
F.I.R. Contents (attach separate sheet, if required):
എഫ്. ഐ. ആർ. ഉള്ളടക്കം (ആവശ്യമുള്ള പക്ഷം പ്രത്യേക ഷീറ്റുകൾ അനുബന്ധമായി ചേർക്കുക):
…
പ്രദീഷ് കുഞ്ചു
പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമത്തിൽ അമ്മുക്കുട്ടി, കുഞ്ചു. ദമ്പതികളുടെ മകനായി ജനിച്ചു. കണ്ണാടി എ. ബി.യു. പി, കെ. എച്ച്. എസ്, കെ. എച്ച്. എസ്. എസ്., ചിറ്റൂർ ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
സിൻഡിക്കേറ്റ് ബാങ്ക് അസിസ്റ്റന്റ് മാനേജറായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ചിറ്റൂർ ഗവണ്മെന്റ് കോളേജിൽ വാണിജ്യവിഭാഗം അധ്യാപകനായി ജോലി ചെയ്യുന്നു. പരിസ്ഥിതി സാമൂഹിക പ്രവർത്തകൻ. ചിതലരിക്കാത്ത ചിലത് എന്ന കവിതക്ക് സുമാമോഹൻ സംസ്ഥാനതല കവിതാപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. മാസികകളിലും സാമൂഹിക മാധ്യമങ്ങളിലും കഥകളും കവിതകളും എഴുതുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
കഥയ്ക്ക് ഒരു ഒർജിനാലിറ്റി അനുഭവപ്പെടുന്നുണ്ട്. ഉഗ്രൻ ????????????