കടത്തനാടിന്റെ പൈതൃകത്തെ കുറിച്ചൊരു പുസ്തകം

0
593

കടത്തനാടന്‍ കളരി അഭ്യാസി വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ രചിച്ച അപൂര്‍വ്വ പാരമ്പര്യത്തിന്റെ വൈജ്ഞാനിക ഗ്രന്ഥമായ ‘കളരിപ്പയറ്റിലെ കണക്കുകള്‍ കളരി പ്രയോഗ പ്രകാരം’ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു.

ശരീരശാസ്ത്ര വിധി പ്രകാരം അനുഷ്ഠിച്ചുവരുന്ന കളരി ചലന പ്രയോഗങ്ങളുടെ വ്യത്യസ്തമായ കണക്കുകള്‍ വിശദമായി പ്രതിപാദിക്കുന്നതും, ആറ് നൂറ്റാണ്ടിലേറെയുള്ള അനുഭവ പൈതൃകത്തിലൂടെ സ്വായത്തമാക്കിയ തിരിച്ചറിവുകളും രേഖപ്പെടുത്തുന്ന പഠന രീതിയാണ് പുസ്തകത്തില്‍ അവലംബിച്ചിരിക്കുന്നത്.

കളരി വിദ്യാര്‍ത്ഥികളുടെ ഗവേഷണ പഠനങ്ങള്‍ക്കുള്ള രേഖപ്പെടുത്തലുകളും, കളരിപ്പയറ്റിലെ ഐതിഹ്യങ്ങളും, ചരിത്രങ്ങളും മറ്റും വിശകലനം ചെയ്യുകയും, കളരി നിര്‍മ്മാണ സങ്കല്പങ്ങള്‍, ആയുധങ്ങള്‍, മെയ്യഭ്യാസ പരിശീലന സമ്പ്രദായങ്ങള്‍, കളരി ചികിത്സ, മര്‍മ്മവിദ്യ കളരിപ്പയറ്റിലെ പ്രാദേശിക പരിശീലന രീതികള്‍ എന്നിവയൊക്കെ വ്യത്യസ്തമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കളരിപ്പയറ്റില്‍ അടങ്ങിയിരിക്കുന്ന അഭ്യാസ തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചെറു വിവരണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. വായ്ത്താരികളുടെ സാങ്കേതിക പദങ്ങളുടെ അര്‍ത്ഥഗ്രഹണം ഗുരുമുഖത്ത് നിന്ന് മാത്രം സ്വായത്തമാക്കാവുന്ന രീതിയിലാണ് ചേര്‍ത്തിരിക്കുന്നത്.

കളരിപ്പയറ്റിനെ കുറിച്ച് അനുബന്ധമായി നല്‍കിയ വസ്തുതകള്‍ സാമാന്യമായ വിജ്ഞാനമേഖലയുടെ ചിത്രീകരണം കൂടിയാണ്. കളരി പാരമ്പര്യം നിലച്ചു പോയാലും അതിനെ പുനരുജ്ജീവിപ്പിക്കുന്നതിനും കളരിപ്പയറ്റിലെ കണക്കുകള്‍ കളരി പ്രയോഗ പ്രകാരത്തിലൂടെ സാധിക്കുമെന്നതും ഈ ഗ്രന്ഥത്തിന്റെ സവിശേഷതകളില്‍ ഉള്‍പെടുന്നുവെന്ന് ഡോ: രാഘവന്‍ പയ്യനാട് തന്റെ അവതാരികയില്‍ പരാമര്‍ശിക്കുന്നു. കടത്തനാടിന്റെ പൈതൃക സംരക്ഷണത്തില്‍ ഈ ഗ്രന്ഥത്തിനുള്ള സ്ഥാനം അദ്വിതീയമാണെന്ന് ഡോ: കെ.കെ. എന്‍. കുറുപ്പിന്റെ സാക്ഷ്യവും വിലമതിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here