‘ഒറ്റമരപ്പെയ്‌ത്തി’ലെ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ

0
875

നദീർ കടവത്തൂർ

ട്രെയിനിൽ കയറിയ ഉടനെ വിൻഡോ സീറ്റിൽ ഇരുന്ന്‌ ഞാൻ പുസ്‌തകം തുറന്നു. ദീപ ടീച്ചർ ഫേസ്‌ബുക്കിൽ ‘ഒറ്റമരപ്പെയ്‌ത്ത്‌’ ബുക്ക്‌ സ്റ്റാളുകളിൽ ലഭ്യമാണ്‌ എന്ന പോസ്റ്റിട്ട തൊട്ടടുത്ത ദിവസം തന്നെ ഡി.സി ബുക്‌സിൽ പോയി പുസ്‌തകം വാങ്ങിയതാണ്‌. പക്ഷെ വായിക്കാൻ പറ്റിയില്ല. ഏതായാലും വായിക്കാത്തത്‌ നന്നായി. ട്രെയിൻ യാത്രക്കിടെ വായിക്കുന്നതിന് പ്രത്യേക സുഖമാണ്‌. സ്ഥലകാല ബോധമില്ലാതെ പുസ്‌തകത്തിനുള്ളിലേക്ക്‌ ചുരുണ്ടു കൂടുമ്പോൾ, തണുപ്പുള്ള രാവിലെ, പുതപ്പ്‌ ശരീരത്തിലേക്ക്‌ വലിച്ചിട്ട്‌ കിടക്കുന്ന ഒരു നിർവൃതിയാണ്‌!.

ടീച്ചറുടെ ഓർമക്കുറിപ്പുകൾക്ക്‌ വായനക്കാരെ ലഭിക്കുന്നതിലുള്ള സന്തോഷം ആമുഖത്തിൽ ടീച്ചർ പ്രകടിപ്പിക്കുന്നുണ്ട്‌. ഓർമകളോട്‌ എന്തോ ഒരിഷ്‌ടം പണ്ടേയെനിക്കുണ്ട്‌. ഓർമ വെച്ചതെന്നു മുതലാണ്‌ എന്ന് പലതവണ ചിന്തിച്ചു നോക്കിയിട്ടുണ്ട്‌. ഒടുവിൽ മനസ്സിലെ ഏറ്റവും പഴയ ഓർമ്മയെ കണ്ടെത്തുകയും ചെയ്‌തു. പഴയ തറവാടു വീടിനു മുന്നിൽ ജനിച്ചപടി കളിച്ചുകൊണ്ടിരുന്ന എന്നോട്‌ അയൽവീട്ടിലെ ആല നന്നാക്കാൻ വന്ന ആശാരി ഉളി കാണിച്ച് ട്രൗസറിട്ട്‌ വരാൻ പറഞ്ഞതാണ്‌ മനസ്സിന്റെ ആഴങ്ങളിൽ നിന്നും ഞാൻ ഖനനം ചെയ്‌തെടുത്തത്‌.

ഭൂതകാലക്കുളിരിലും നനഞ്ഞു തീർത്ത മഴകളിൽ നിന്നും വ്യത്യസ്‌തമായി ചില ആനുകാലിക സംഭവങ്ങളിലെ വേദനയെ ടീച്ചർ ഒറ്റമരപ്പെയ്‌ത്തിൽ പങ്കുവെക്കുന്നുണ്ട്‌. ഭൂതകാലക്കുളിരും നനഞ്ഞു തീർത്തമഴകളും ഇടക്കെങ്കിലും നർമത്തിന്റെ ചാറ്റൽ മഴയായി മാറിയിരുന്നുവെങ്കിൽ… ഒറ്റമരപ്പെയ്‌ത്തിലെ ഓരോ താളുകളും വേദനയുടെ, ആശങ്കകളുടെ, നിസ്സഹായതയുടെ ഉപ്പുരസമുള്ള കണ്ണുനീരാണ്‌. നമുക്കു ചുറ്റുമുള്ള ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ യാഥാർഥ്യ ലോകത്തേക്കുള്ള വാതിലുകളാണ്‌.

“ദൈവത്തിന്‌ ചിലരെ വലിയ‌ വിശ്വാസമാണ്‌ ദീപേ… അവരുടെ കൈയിലാണ്‌ ദൈവം ഏറ്റവും പ്രിയപ്പെട്ടവരെ ഏൽപ്പിക്കുക… തോമസിനെ എനിക്കു തന്നത്‌ അതുകൊണ്ടാണ്‌… അവനെ വേറാരു നോക്കിയാലും ശരിയാവില്ലാ അതാ…” ടെൻസിയുടെ വാക്കുകൾ മനസ്സിൽ തറച്ചപ്പോൾ ഞാൻ പുസ്‌തകത്തിൽ നിന്നും കണ്ണെടുത്ത്‌ പുറത്തേക്ക്‌ നോക്കി. ട്രെയിൻ അതിവേഗത്തിൽ കുതിക്കുകയാണ്‌‌. പുറത്തെ കാഴ്‌ചകളൊന്നും മനസ്സിലാകുന്നില്ല. വേഗത കൊണ്ടായിരിക്കാം. അതോ..?

കപട സദാചാരബോധം, ഏകാന്തത, നിശ്ചയദാർഢ്യം, ഒറ്റപ്പെടൽ, സ്‌നേഹം, ബന്ധങ്ങൾ തുടങ്ങി പല കാര്യങ്ങളും ഓർമകളിലൂടെ വായനക്കാരനെ ടീച്ചർ ഓർമപ്പെടുത്തുന്നുണ്ട്‌. പുസ്‌തകം വായിച്ചു തീർന്ന്‌ ഒന്നു കൂടെ കവർചിത്രത്തിലേക്ക്‌ നോക്കിയാൽ താളുകളിലെ ഓരോ അക്ഷരവും വിഷ്‌ണു റാം അതിലേക്ക്‌ ആവാഹിച്ചെടുത്തത് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

മാസ്‌മരികമായ വാക്കുകളുടെ വശ്യതയൊന്നും ടീച്ചർ പറഞ്ഞതു പോലെ പുസ്‌തകത്തിലില്ല. പക്ഷേ പേജുകൾ വേഗം തീർന്നത് കണ്ണടച്ചു കളയാൻ പാടില്ലാത്ത പല കാര്യങ്ങളോടും കണ്ണടച്ചതിലുള്ള മനസ്സിന്റെ വേദന കാരണമാവാം‌. വായനക്കു ശേഷം മനസിൽ ഓർത്തുവെക്കേണ്ട ചില വരികളിലൂടെ ഒന്നു കൂടി കണ്ണോടിച്ചു. ചന്ദ്രശേഖരൻ മാഷും ടെൻസിയും സുരേഷ്‌ ബാബുവും സുനിലുമെല്ലാം കണ്ടുമറന്ന പലമുഖങ്ങളായി പ്രത്യക്ഷപ്പെട്ട്‌ എന്തൊക്കെയോ എന്നോട്‌ ചോദിക്കുന്നു. ഇനിയൊരിക്കലും മറുപടി പറയാതെ ഒരു ചോദ്യവും അവശേഷിപ്പിക്കരുതെന്ന് ഓർമപ്പെടുത്തുന്നു. ഞാൻ ബേഗു തുറന്ന് പുസ്‌തകം എടുത്തുവെച്ച്‌ ഓർമകളിൽ നിന്നും ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾക്കുള്ള മറുപടി പരതാൻ തുടങ്ങി…

 

LEAVE A REPLY

Please enter your comment!
Please enter your name here