നാഗരികതയാല്‍ മുറിയപ്പെടുന്ന ഗ്രാമീണത

0
1016

പോള്‍ സെബാസ്റ്റ്യന്‍

അഗ്രഹാരത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഫാർമ മാർക്കറ്റിന്റെ അനിശ്ചിതത്വത്തിലേക്ക് വീണ മഹാലക്ഷ്മിയുടെ കഥയാണ് ഫാർമ മാർക്കറ്റ് എന്ന നോവലിൽ ടി കെ ശങ്കരനാരായണൻ പറയുന്നത്. ഗ്രാമീണതയിൽ നിന്ന് നഗരവൽക്കരണത്തിൽ അകപ്പെട്ട അനേകം ഗ്രാമങ്ങളുടെ സത്ത നില നിർത്താൻ വേണ്ടിയുള്ള യുദ്ധങ്ങളുടെ കഥ കൂടിയാണിത്.

ആമുഖത്തിൽ നോവലിസ്റ്റ് പറയുന്നു, “കാലം എന്തിനും പോന്നമട്ടിൽ അലങ്കോലപ്പെട്ടു കിടക്കുന്ന വർത്തമാനവസ്ഥയിൽ ജീവിക്കാൻ വേണ്ടി മെഡിക്കൽ റെപ്പാകേണ്ടി വന്ന ഒരു പെൺകുട്ടിക്ക് ഒരുപാട് സാഹചര്യങ്ങളോട് യുദ്ധം ചെയ്യേണ്ടതുണ്ട്, മുന്നോട്ട് പോകണമെങ്കിൽ. ആ യുദ്ധമാണ് ഇതിവൃത്തം”.

ആചാരങ്ങളാൽ കെട്ടപ്പെട്ട ഇന്നലെകളിൽ ജീവിച്ച ഒരു പെൺകുട്ടി കുരുക്കുകൾ മാത്രമുള്ളതും എന്നാൽ ചരടുകളില്ലാത്തതുമായ ഒരു ലോകത്തിന് മുൻപിൽ പകച്ചു നിൽക്കുന്നതാണ് ഈ നോവലിൽ നമുക്ക് കാണാൻ കഴിയുക. എന്താണ് സത്യം, എന്താണ് കള്ളം, ആരെയാണ് വിശ്വസിക്കേണ്ടത്, ആരെയാണ് വിശ്വസിക്കേണ്ടാത്തത് എന്നു വിവേചിച്ചറിയാനാവാത്ത വിധം നിഷ്കളങ്കയാണ് അവൾ. കാലം എന്തായിരിക്കും അവൾക്കായി കാത്ത് വെച്ചിട്ടുള്ളത്?

“ഇരുവശങ്ങളിലും ഇടുങ്ങിയ വീടുകൾ മാത്രമുള്ള അഗ്രഹാരലോകത്തിൽ ജനിച്ചു വളർന്ന അമ്മയ്ക്ക് പുറംലോകത്തെക്കുറിച്ച് ഒന്നുമറിയില്ല. എന്തെല്ലാം നടുക്കങ്ങളാണ് ജീവിതം നമുക്കുവേണ്ടി കരുതി വെച്ചിരിക്കുന്നതെന്നും അറിയില്ല”.

“സ്നേഹം കൊണ്ട് അമ്മയെ വരിഞ്ഞുപൊതിയുന്നതിൽ അപ്പാ വലിയ ആർഭാടക്കാരനായിരുന്നു. അതിന്റെ ഫലമായി വർഷാവർഷം നാലു മണിമുത്തുകൾ പിറന്നു.” പക്ഷെ അപ്പയുടെ മരണശേഷം വീടിന്റെ ചുമതല മൂത്ത കുട്ടിയായ മഹാലക്ഷ്‌മിക്കായി. എന്ത് ജോലി എന്ന് ആലോചിച്ചു നിന്നിടത്ത് അവൾക്ക് ഒരു മെഡിക്കൽ റെപ്രെസെന്ററ്റീവ് ആവാൻ അവസരം കിട്ടുന്നു. ആ മേഖലയിലേക്ക് പെൺകുട്ടികൾ കടന്നു വരുന്ന കാലം. “ഫസ്റ്റ് ഫീമെയിൽ റെപ്രെസെന്ററ്റീവ്… ലേഡി കമ്മ്യൂണിക്കേറ്റർ” എന്നാണ് അവൾക്ക് കിട്ടിയ വാഗ്ദാനം.

ഗ്രാമം വിട്ട് നഗരത്തിലേക്ക്, പഴമ വിട്ട് പരിഷ്കാരത്തിലേക്ക്, അസ്വാതന്ത്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്. ചെന്നൈ നഗരത്തിൽ അവളെ കാത്തിരുന്നത് അത്ര നല്ല സാഹചര്യമായിരുന്നില്ല. ഒരു ഭാഗത്ത് അവളുടെ പരിചയമില്ലായ്മ. ഫോണില്ല, മോട്ടോർ സൈക്കിളോടിക്കാനറിയില്ല. ഭാഷ തന്നെ ശരിക്കറിയില്ല. കടുത്ത മത്സരമുള്ള കഠിനാധ്വാനം വേണ്ട ഒരു രംഗവും. അധോലോക മേഖലകളും ഈ മേഖലയോട് ചേരുമ്പോൾ മഹാലക്ഷ്മിയുടെ ഭാവി എന്താവും എന്ന് ഓരോ വായനക്കാരനും ഹൃദയമിടിക്കും.

എളുപ്പത്തിൽ വായിക്കാവുന്ന ഹൃദയസ്പർശിയായ ഒരു നോവലാണ് ഫാർമ മാർക്കറ്റ്. ലാളിത്യമുള്ള പദങ്ങളും ചെറിയ വാചകങ്ങളും എളുപ്പവായനയെ സഹായിക്കുന്നു. വേഗത്തിലാണ് കഥ പറച്ചിൽ. പശ്ചാത്തല വർണ്ണനയ്ക്കായോ, തത്വശാസ്ത്ര വിചാരണയ്ക്കായോ ഒന്നിനായും നോവലിസ്റ്റ് കഥ പറച്ചിലിന്റെ വേഗം കുറക്കുന്നില്ല. മഹാലക്ഷ്മിയുടെ ജീവിതത്തിൽ ഇനിയെന്ത് എന്ന് വായനക്കാരുടെ ഉദ്വേഗത്തേക്കാൾ വേഗത്തിൽ അതേപ്പറ്റി പറയണം എന്ന ഒരു ധൃതി എഴുത്തുകാരനുണ്ടെന്ന് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. അതിനാൽ തന്നെ വായന തുടങ്ങിയാൽ നിർത്തും വരെ ഒറ്റയിരുപ്പിൽ വായിക്കാൻ പ്രേരിപ്പിക്കും വിധമാണ് എഴുത്ത്.

എങ്കിൽ പോലും ചുരുങ്ങിയ വാക്കുകളിൽ കഥയുടെ പശ്ചാത്തലവും വികാരവും, വായനക്കാരിലേക്കെത്തിക്കും വിധം നന്നായി അവതരിപ്പിക്കുന്നുമുണ്ട്.

“നിന്നു തിരിയാൻ പോലും ഇടമില്ലാത്ത കുളിമുറി ആദ്യമായി കാണുകയായിരുന്നു. വല്ലാത്ത പുഴുക്കവും. തുവർത്തിക്കഴിയുമ്പോഴേക്കും മേലാകെ വിയർപ്പു പൊടിഞ്ഞു”.

“ഉച്ചയ്ക്ക് തല വെട്ടിപ്പൊളിക്കുന്ന ചൂട്. കാലത്ത് തൊലി കീറുന്ന തണുപ്പും”.

“അടുക്കളയിൽ തന്നെയായിരുന്നു പൂജാമുറി. പലവ്യഞ്ജനങ്ങളും മറ്റും വെച്ച ഷെൽഫിൽ ചെറിയൊരു പീഠത്തിൽ ഒരു ഗണപതി. പിന്നെ ഗുരുവായൂരപ്പന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം. തീപ്പെട്ടിക്കൂടിന്റെ വലുപ്പത്തിൽ അയ്യപ്പനും ലക്ഷ്മിയും ഹനുമാനും. നിറഞ്ഞ എണ്ണയിൽ ഒരു ചെറിയ വിളക്കിന്റെ തിരിവെട്ടം കണ്ണുപൂട്ടിയും തുറന്നും ഇരുന്നു. മേമ്പൊടിക്ക് രണ്ടു ചന്ദനത്തിരിയും കത്തിച്ചു വെച്ചിരുന്നു മഹാലക്ഷ്മി”, ഇതുപോലെ ചുരുങ്ങിയ വാക്കുകളിലൂടെ രംഗ വിവരണം നൽകി കഥാപരിസരങ്ങളെ മിഴിവുറ്റ വിധം വരച്ചു കാട്ടി കഥയെ വായനക്കാരുടെ ഹൃദയത്തോട് അടുപ്പിക്കുന്നുണ്ട് നോവലിസ്റ്റ്.

ഈ ലളിതമായ വർണ്ണനകൾക്കിടയിലും ആഴമേറിയ ജീവിത സത്യങ്ങൾ ചേർത്തിട്ടുമുണ്ട് ശങ്കരനാരായണൻ. അതെങ്ങനെയെന്ന് പറയാനായി ഒരു ചെറിയ ഉദാഹരണം ചേർക്കുന്നു.

“ജീവിതത്തിനും മരണത്തിനും ഇടയിലെ അതിർവരമ്പ് തീരെ നേരിയതാണെന്ന് ശിങ്കാരിയക്കാ വിശ്വസിച്ചു. അത് നിശ്ചയിക്കുന്നത് ആഴത്തിലുള്ള ഒരു ശ്വാസമാണ്. അത് നിലച്ചാൽ ജീവിതം നിലച്ചു. അതിനാൽ ശ്വസിക്കാൻ മറക്കാതിരിക്കുക. എങ്ങനെയാണ് ശ്വസിക്കേണ്ടത്? ദാ…ഇങ്ങനെ…” ശിങ്കാരിയക്കാ മൂന്നു തരത്തിൽ ശ്വസിച്ചു കാണിച്ചു.

ആലോചിച്ചു നോക്കിയാൽ നേരാം വണ്ണം ശ്വസിക്കാൻ പോലും വയ്യാത്ത ജീവിതസാഹചര്യങ്ങളല്ലേ ഇന്നുള്ളത്? താനും ഇപ്പോൾ വന്നുപെട്ടിരിക്കുന്നത് അത്തരം ഒരു ചുഴിയിലല്ലേ? കാലാന്തരത്തിൽ തനിക്കും ശ്വസിക്കാൻ പഠിക്കേണ്ടി വരുമായിരിക്കും.”

ഏതാനും ചെറുവരികളിലൂടെ ഒരു കാലത്തെ നേരിടുന്ന അരക്ഷിതാവസ്ഥയുടെ പ്രശ്നങ്ങളെ പുറത്തേക്കെടുത്തിടുകയാണ് നോവലിസ്റ്റ്. ഇന്നലെകളുടെ നന്മകളിൽ നിന്ന് ഇന്നത്തെ അനിശ്ചിതത്വത്തിലേക്ക് യാത്ര ചെയ്യുമ്പോൾ കാലത്തിന്റെ അന്തരം നോവലിസ്റ്റ് കൈകാര്യം ചെയ്യുന്ന ഒരു പ്രധാന വിഷയമാവുന്നു.

“ശബ്ദമുണ്ടാക്കികൊണ്ടിരിക്കലാണ് പുതിയ കാലത്തിന്റെ ആവശ്യം. ബഹളമുണ്ടാക്കുന്നവൻ എവിടെയും ശ്രദ്ധിക്കപ്പെടുന്നു. പണ്ട് നിശ്ശബ്ദത പാലിക്കുന്നവരെ നാം ബഹുമാനിച്ചിരുന്നു. ഡോക്ടർ ചേംബറിനകത്ത് നിശ്ശബ്ദമായി ഇരുന്നാൽ ആരെങ്കിലും നമ്മുടെ ആവശ്യമറിയുമോ?””

“നഗരത്തിലെ ഓരോ ആശുപത്രിയും ഒരു കടലാണ്. ഗൈനോക്കോളജിസ്റ്റുകളും അവരുടെ അസിസ്റ്റന്റുമാരുമായി ഇരുപതോ മുപ്പതോ പേരുണ്ടാവും. തിരക്കുള്ള ഡോക്ടർമാരെ ഒന്നോ രണ്ടോ മണിക്കൂർ കാത്തിരുന്നു കാണേണ്ടി വരും…” ഈ അവസ്ഥയിൽ നിന്ന് ഒരു ഓർമ്മയായി ഗ്രാമം വരുന്നത്, അല്ല ഗ്രാമത്തിന്റെ പേര് വരുന്നത് തന്നെ മനസ്സിൽ കുളിർമയായാണ്.

“ജനിച്ചു വളർന്ന ഗ്രാമത്തിന്റെ പേരു പോലും മനസ്സിൽ എന്തുമാത്രം ചലനങ്ങളുണ്ടാക്കുന്നുവെന്ന് മഹാലക്ഷ്മി തിരിച്ചറിഞ്ഞു. പേര് എന്നത് ഒരു വെറും പേരു മാത്രമല്ല. അതിൽ വഴികളും വീട്ടുമുറ്റങ്ങളും തിണ്ണകളുമുണ്ട്. നടുമുറ്റത്ത് വീഴുന്ന മഴയുണ്ട്. അമ്പലങ്ങളും കൊടിമരങ്ങളുമുണ്ട്. അനേകം വിശേഷങ്ങളും ആണ്ടുത്സവങ്ങളുമുണ്ട്. ഭൂമിയുടെ ഏതെല്ലാം അപരിചിതത്വങ്ങളിൽ ചെന്നു പെട്ടാലും ഗ്രാമം മനസ്സിന്റെ ആഴങ്ങളിൽ വേരോടിയ പൂർവ്വകാലസ്മൃതിയാണ്.” ഒരു പക്ഷെ, ഇതായിരിക്കും ഫാർമ മാർഗത്തിലൂടെ ടി കെ ശങ്കരനാരായണൻ പറയാൻ ശ്രമിക്കുന്നതും.


ചുരുക്കെഴുത്തിന്റെ മിനുക്കു വാചകങ്ങൾ നോവലിനെ പലയിടത്തും സുന്ദരമാക്കുന്നുണ്ട്. “നീ ചെമ്പകം പോലെ തുടുത്തിരിക്കുന്നുവെന്ന് അവൻ അവളെ വരിഞ്ഞു”. “വലിയ ചിലവു വരില്ലേ എന്ന് മഹാലക്ഷ്മി ആശങ്കപ്പെട്ടു. പണം ചിലവാക്കാനുള്ളതല്ലേ എന്ന് മനോരാധ ആ ആശങ്കയെ എതിരേറ്റു”. “ലോകത്തിൽ എവിടെയെല്ലാം സൗന്ദര്യമുണ്ടോ അവിടെയെല്ലാം കടന്നാക്രമണങ്ങളുണ്ടെന്ന് അവൾ കാര്യം പറഞ്ഞു”. “സുശീൽ കുമാർ നിന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ…പിന്നെന്തിനാണ് നീയിങ്ങനെ മനസ്സിൽ നഖം കടിക്കുന്നത്?” എന്നിങ്ങനെ വികാരങ്ങളെയും ചിന്തകളെയും കോർത്തിണക്കിയ വാചകങ്ങൾ പ്രത്യേക വായനാസുഖം പ്രധാനം ചെയ്യുന്നുണ്ട്.

ലൈംഗികതയുടെ കൗതുകങ്ങളിലേക്കും അതിനെ മുൻനിർത്തിയുള്ള ചൂഷണങ്ങളിലേക്കും ഈ നോവൽ വിരൽ ചൂണ്ടുന്നുണ്ട്.

“ഒരു പെൺകുട്ടി വിചാരിച്ചാൽ പലതും ചെയ്യാൻ കഴിയും.”….”ഇവിടെ ഇപ്പോൾ നമ്മൾ മാത്രമേയുള്ളൂ…” പനീർ പറഞ്ഞു. “ഞാൻ അധികമൊന്നും ചോദിക്കുന്നില്ല. ചുണ്ടിൽ ഒരു മുത്തം. കയ്യോടെ പത്തായിരം രൂപയുടെ ഓർഡറും തരാം”. “പൂർണ്ണ സമ്മതമാണെങ്കിൽ മതി” എന്ന നിഷ്കളങ്കമായ വാചകത്തെപ്പറ്റി ചിന്തിക്കുമ്പോഴേക്കും എടുക്കുന്ന മുൻകൈ കൂടിയാവുമ്പോൾ ചതിക്കുഴി പൂർണ്ണമാകുന്നു. ഒരു ചുംബനത്തിൽ നിൽക്കുന്നതല്ല ഈ ഫാർമ മാർക്കറ്റിലെ ലൈംഗിക കച്ചവടം.

പെൺ ഹോസ്റ്റലുകളുടെ ഉള്ളറകളിലേക്കും ലെസ്ബിയനിസത്തിന്റെ സാന്നിധ്യത്തിലേക്കും തുടർച്ചയായ കാഴ്ചയെറിയുന്നുണ്ട് എഴുത്തുകാരൻ.

“വലിയ സ്തനസമ്പത്തിന്റെ ഉടമയാണ് മനോരാധ എന്നു വേണം മനസ്സിലാക്കാൻ. കെട്ടിപ്പിടിച്ചതും മാറിൽ ഭൂകമ്പമുണ്ടാക്കി. മനോരാധയെ തീവണ്ടി മണത്തു. മഹാലക്ഷ്മിയെ ബസ്സും. തീവണ്ടിയും ബസ്സും അൽപനേരം അങ്ങനെ നിന്നു”. മനോരാധയും മഹാലക്ഷ്മിയും തമ്മിലുള്ള ഈ ചേർന്ന് നിൽപ് പക്ഷെ അത്തരത്തിലുള്ളതാവണമെന്നില്ല; ആയിക്കൂടായ്കയുമില്ല. എന്നാൽ നോവലിലെ മറ്റു പല ബന്ധങ്ങളും അതിന്റെ പല ഭാവങ്ങളിലേക്ക് നമ്മെ കൊണ്ടു പോകുന്നുണ്ട്. മഹാലക്ഷ്മിയുടെ ഗ്രാമത്തിലെ അനുഭവവും ഹോസ്റ്റലിലെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച കൂട്ടുകാരികളുടെ കഥയുമെല്ലാമാകുമ്പോൾ ലൈംഗീകതയുടെ തനതായ മറ്റൊരു മുഖം കൂടെ തെളിച്ചു പറയുന്നുണ്ട് നോവലിസ്റ്റ്.

നഗരങ്ങൾ..നഗരങ്ങൾ കണ്ട് അമ്പരക്കുന്ന കഥാപാത്രത്തിലൂടെ നഗരവൽക്കരണത്തിന് മുൻപിൽ പകച്ചു നിൽക്കുന്ന ഗ്രാമീണതയെ തന്നെയാണ് നോവലിസ്റ്റ് ലക്‌ഷ്യം വെച്ചിരിക്കുന്നതെന്ന് വ്യക്തം.

“രണ്ടു ചെന്നൈ നഗരങ്ങൾ ചേർന്നാൽ ഒരു ഹൈദരാബാദ് ആകുമെങ്കിൽ എത്ര ചെന്നൈകൾ ചേരണം ഒരു മുംബൈ ഉണ്ടാകാൻ? പൂനെ എത്തിയതുമുതൽ എഴുന്നേറ്റിരിപ്പാണെങ്കിലും മുംബൈ കാണാൻ തുടങ്ങിയത് കല്യാൺ തൊട്ടാണ്. സൂര്യവെളിച്ചത്തിൽ കണ്ട ആദ്യ സ്റ്റേഷൻ കല്യാണായിരുന്നു. അവിടന്നങ്ങോട്ട് ഓരോ സ്റ്റേഷൻ എത്തുമ്പോഴും ഓരോ ചെന്നൈ എത്തുകയാണെന്നു തോന്നി.” ഈ നഗരങ്ങളിൽ “മനുഷ്യജീവന് ഒരു ക്ഷുദ്രജീവിയുടെ വില പോലുമില്ലെന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മനോ കൂട്ടിച്ചേർത്തു. ജീവനും മൂല്യങ്ങൾക്കും വില കല്പിച്ചു കൊണ്ടിരുന്നാൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതം ഇല്ലാതാകും”. നഗരങ്ങൾ വളരുകയാണ്. ചെറു നഗരത്തിൽ നിന്ന് വൻ നഗരത്തിലേക്ക്; അവിടെ നിന്ന് മഹാ നഗരത്തിലേക്ക്. പക്ഷെ, നഗരത്തിന്റെ തിരക്കോ ഗ്രാമങ്ങളുടെ ആലസ്യതയോ എതാണ് കൂടുതൽ അപകടകരം?

“മുംബൈ നഗരത്തെ താരതമ്യം ചെയ്യുമ്പോൾ സംഘർഷങ്ങളും വൈരുധ്യങ്ങളും വളരെ കുറഞ്ഞ നാടാണ് കേരളം. സാക്ഷരതയിൽ ഒന്നാമതെത്തിയ സംസ്ഥാനം. എന്നാൽ മനോരോഗത്തിനുള്ള മരുന്നുകളുടെയും മദ്യവില്പനയുടെയും സ്വയഹത്യയുടേയും വളർച്ചാനിരക്ക് എടുത്താൽ ഇന്ത്യയിൽ തന്നെ മുന്നിട്ടു നിൽക്കുന്നതും ഈ സംസ്ഥാനമാണ്”. “ഇവിടെ ആർക്കും ഒന്നിനും നേരമില്ല” മനോ കാരണം കണ്ടെത്തി. “നിങ്ങളുടെ നാട്ടിൽ എല്ലാവർക്കും എല്ലാത്തിനും ധാരാളം സമയം കാണുമായിരിക്കും. വിലപ്പെട്ട സമയം എങ്ങനെ ചിലവഴിക്കണമെന്നറിയാതെ എഴുതാപ്പുറം വായിച്ചും ചെറിയ കാര്യങ്ങളെ പെരുപ്പിച്ചും സ്വയം അനുമാനങ്ങൾ നടത്തിയും അവർ സംഘർഷങ്ങൾ തീർക്കുകയാവും”.

ഫേസ്ബുക് ഉപയോഗത്തെ സംബന്ധിച്ച ചില ഭാഗങ്ങളിൽ പ്രായോഗികമായ ചില ടെക്നിക്കൽ അറിവുകളുടെ വെളിച്ചത്തിൽ ചില തിരുത്തലുകളോ മാറ്റിയെഴുതലുകളോ ആവശ്യമാണെന്ന് തോന്നുന്നു. തന്റെ ഫേസ്ബുക് പേജിൽ അശ്ളീല ഫോട്ടോകൾ കണ്ട മഹാലക്ഷ്മിയോ കൂട്ടുകാരികളോ ആ ഫോട്ടോകൾ നീക്കം ചെയ്യാനോ പാസ്സ്‌വേർഡ് മാറ്റാനോ ശ്രമിക്കുന്നില്ല എന്നത് പോലുള്ള നിസ്സാര കാര്യങ്ങൾ വായനക്കാരുടെ യുക്തിയെ ചോദ്യം ചെയ്യുന്നതായി തോന്നിയേക്കാം. ഒപ്പം തന്നെ, ഡോക്ടർമാരെ സ്വാധീനിക്കാൻ ഫാർമ കമ്പനികൾ കൊടുക്കുന്ന ഉപഹാരങ്ങൾ സാധാരണ ജനങ്ങൾക്കിടയിൽ പോലും അറിവുള്ളതാണ്. നോവലിലെ ഫാർമ കമ്പനികൾ അത്തരം ഒരു സാധ്യത ചർച്ച ചെയ്യാത്തത് അതിശയകരമായി തോന്നി. പണം കൊടുത്താൽ ഓർഡർ കിട്ടാമെന്നുണ്ടെങ്കിൽ അതിന് മടിക്കാത്തവരാണ് ഫാർമ കമ്പനികൾ എന്നാണ് പൊതുവെ കേട്ടിട്ടുള്ളത്. എന്തായാലും ഈ സംശയത്തെ എഴുത്തുകാരന്റെ മേഖലയിലെ പരിചയത്തിന് വിട്ടു കൊടുക്കുന്നു.

നോവലിന്റെ ആദ്യത്തെ അധ്യായങ്ങളിൽ കണ്ട ഒതുക്കവും എഴുത്തിലെ മികവും പകുതിയാവുന്നതോടെ അല്പം നേർത്തോ എന്നും സംശയം തോന്നി. എങ്കിലും, നോവൽ കൈവിട്ടു പോകുമോ എന്ന് സംശയം തോന്നുന്നിടത്ത് വലിയൊരു ആഘാതം കൊണ്ടു വന്ന് മൊത്തം വായനക്കാരെയും തിരിച്ചു പിടിക്കുന്നുണ്ട് ശങ്കരനാരായണൻ. ഏതൊരു നോവലിന്റെയും ക്ലൈമാക്സിന് ആ നോവലുണ്ടാക്കുന്ന സ്വാധീനത്തിൽ നിർണ്ണായക സ്ഥാനം വഹിക്കാനാവും. അതെ, ശക്തമായ ക്ലൈമാക്സ് ഈ നോവലിന്റെ വലിയ ആകർഷണമാണ്. ഈ ക്ലൈമാക്സിൽ നല്ല കഥാകാരന് മാത്രം എടുക്കാവുന്ന ചില നിർണ്ണായക തീരുമാനങ്ങൾ എഴുത്തുകാരൻ ധൈര്യപൂർവ്വം എടുത്തിട്ടുണ്ട്. മഹാലക്ഷ്മിയുടെ ജാതകം നോവലിസ്റ്റ് മുൻപേ എഴുതിച്ചതാണ്. അതിനാൽ കഥയുടെ പരിണാമഗുപ്തി തർക്ക വിഷയമല്ല. പക്ഷെ, അത് ഒരു വലിയ അനിശിതത്വത്തിൽ എത്തിയതായി വായനക്കാർക്ക് തോന്നിപ്പിക്കുന്നിടത്താണ് നോവലിസ്റ്റിന്റെ വിജയം.

ചുരുക്കത്തിൽ, പ്രിയവായനയുടെ താളുകളാണ് ഫാർമ മാർക്കറ്റ് നമുക്ക് നൽകുക. “ഭൂമിയുടെ ഏതെല്ലാം അപരിചിതത്വങ്ങളിൽ ചെന്നു പെട്ടാലും ഗ്രാമം മനസ്സിന്റെ ആഴങ്ങളിൽ വേരോടിയ പൂർവ്വകാലസ്മൃതിയാണ്”. എന്നുറപ്പിച്ചു പറയുന്ന, ബുദ്ധികൊണ്ട് ചിന്തിപ്പിക്കുകയും ഹൃദയത്തെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഈ നോവലിലെ കഥാപാത്രങ്ങൾ വായനക്ക് ശേഷവും വായനക്കാരെ വിടാതെ പിൻതുടരും എന്ന് തീർച്ച.

LEAVE A REPLY

Please enter your comment!
Please enter your name here