17 പെണ്ണനുഭവങ്ങൾ

0
353
17 pennanubhavangal shashi chirayil - paul sebastian

പോൾ സെബാസ്റ്റ്യൻ

അനുഭവങ്ങളുടെയും കഥകളുടെയും വരമ്പുകൾ ഇല്ലാതാക്കുന്നതാണ് ശശി ചിറയലിന്റെ എഴുത്ത് രീതി. ഇന്നലെ എന്ന നോവലിൽ അതങ്ങനെയായിരുന്നു. 17 പെണ്ണനുഭവങ്ങളിലും അതങ്ങനെത്തന്നെയാണ്.

17 പെണ്ണനുഭവങ്ങൾ എന്ന പേര് തന്നെ ഒരു പ്രലോഭനമായിരുന്നു. അയൽനാട്ടുകാരന്റെ എഴുത്ത് കൂടിയായപ്പോൾ എന്തായാലും വായിക്കണം എന്ന് വെച്ചിരുന്നു. രാജേഷ് ചാലോടിന്റെ ഗംഭീര കവർ കൂടിയായപ്പോൾ പുസ്തകം എന്റെ കൈയ്യിലെത്തി. കഥകൾ എന്ന് രേഖപ്പെടുത്തിയതിനാൽ അനുഭവങ്ങൾ എന്ന് വായിക്കാനാവില്ലെങ്കിലും അങ്ങനെ തന്നെ എന്ന് പറയാതെ പറയുന്ന ജീവിതാനുഭവങ്ങളാണ് ഈ കഥകൾ. അങ്ങനെയാണ് വായനയിലുടനീളം തോന്നിയത്.

പ്രധാനമായും തൊഴിലിന്റെ ഭാഗമായും ചിലപ്പോൾ അങ്ങനെയല്ലാതെയുമായി എഴുത്തുകാരന്റെ പരിചയത്തിലേക്ക് വന്നെത്തിയ പതിനേഴ് സ്ത്രീകളുടെ ജീവിതകഥയാണ് ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. ചിലത് അടുത്തിടെ നടന്നത്. ചിലത് ഏറെ പഴക്കമുള്ളത്. പക്ഷെ, എല്ലാവരും തന്നെ എഴുത്തുകാരന്റെ ജീവിതത്തിലേക്ക് വന്നെത്തുന്നവരാണ്.

അനുദിനജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ജീവനുള്ള കഥാപാത്രങ്ങളെ സജീവമായി അവതരിപ്പിക്കുകയാണ് ശശി ചിറയിൽ ചെയ്യുന്നത്. ഈ സ്ത്രീകൾ എല്ലാവരും ശീലാവതികളല്ല. എല്ലാവരും ഉണ്ണിയാർച്ചകളുമല്ല. ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും തിരസ്കരണത്തിന്റെയും മുറിവുകൾ പേറുന്നവരും വെളിച്ചത്തിലേക്ക് പറന്നെത്തുന്ന ഈയംപാറ്റകളെപ്പോലെ നാശത്തിലേക്ക് ഓടിയടുക്കുന്നവരെയും ചതിക്കുഴികളിലേക്ക് വേഗത്തിൽ എത്തപ്പെടുന്നവരെയും ഇതിൽ നമുക്ക് കാണാം. ഇവരിൽ ചതിക്കുന്നവരും ചതിക്കപ്പെടുന്നവരുമുണ്ട്. സാമ്പത്തികമായും വൈകാരികമായും ഉള്ള ദാരിദ്ര്യം പലരെയും തെറ്റിന്റെ വഴികളിലൂടെ നടത്തുന്നുണ്ട്. ഇതിൽ പുരുഷനെ വിശ്വസിക്കരുത് എന്ന് മുൻകരുതലുകൾ എടുക്കുന്നവരുണ്ട്, പുരുഷന്റെ ബലഹീനതകൾ മുതലെടുത്തു കാര്യസാധ്യത്തിനായി ശ്രമിക്കുന്നവരുമുണ്ട്.

ചില കഥകൾ നമുക്ക് ചുറ്റുവട്ടത്തുമുള്ള വിടുവായർ പറയുന്ന പൊങ്ങച്ചകഥകളാണോ എന്ന് നാം സംശയിച്ചേക്കും. പക്ഷെ, മിക്കവാറും സമയങ്ങളിൽ നോവുള്ള ജീവിതത്തിന്റെ കണ്ണീർ നനവ് ആ സംശയത്തെ നമ്മെക്കൊണ്ട് തുടച്ചു നീക്കിക്കും. സ്ത്രീ സൗന്ദര്യത്തിന്റെ ആരാധകനാണ് എഴുത്തുകാരൻ എന്ന് ഈ കഥകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ, സ്ത്രീ ഏറ്റവും ആഗ്രഹിക്കുന്ന കരുതൽ നല്കുന്നയാൾ കൂടിയാണ് എഴുത്തുകാരൻ എന്നാണ് ഈ കഥകൾ വായിക്കുമ്പോൾ മനസ്സിലാവുക.

വിവിധ രാജ്യങ്ങളിലെ സ്ത്രീകൾ ഈ കഥകളിലൂടെ നമുക്ക് പരിചിതരാവുന്നുണ്ട്. പക്ഷെ, അതിലൂടെയെല്ലാം പരിചയപ്പെടുന്ന അടിസ്ഥാനഭാവങ്ങൾ മുഴുവൻ സ്ത്രീകളിലും ആരോപിക്കാവുന്നവയുമാണ്.

കഥകൾ എന്ന നിലയിൽ സാഹിത്യഭംഗിയേക്കാൾ വൈകാരിക അലങ്കാരത്തിനാണ് എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നത് എന്ന് തോന്നി. അനുഭവങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം ഏറെ ഇഷ്ടപ്പെടും എന്ന് ഞാൻ കരുതുന്നു.

(ജ്വാലകൾ ശലഭങ്ങൾ എന്ന പേരിലാണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്. പരിഷ്കരിച്ച പതിപ്പാണ് 17 പെണ്ണനുഭവങ്ങൾ എന്ന പേരിൽ ഇറക്കിയിരിക്കുന്നത്. പുസ്തകത്തെ കൂടുതൽ പ്രതിനിധാനം ചെയ്യുന്നത് ജ്വാലകൾ ശലഭങ്ങൾ എന്ന പേര് തന്നെയാണെന്ന അഭിപ്രായമാണ് ഉള്ളതെന്ന് കൂടെ പറഞ്ഞു വെക്കുന്നു.)

പ്രസാധനം – ന്യൂ ബുക്സ് കണ്ണൂർ
പേജ് – 192
വില – 180

LEAVE A REPLY

Please enter your comment!
Please enter your name here