വായന
സുരേഷ് നാരായണൻ
പാമ്പുപിടിത്തക്കാരൻറെ സൂക്ഷ്മത കൈയിൽ
മുറുകെപ്പിടിച്ചുകൊണ്ടുവേണം ലതീഷ് മോഹൻറെ
കവിതകളുടെ പുറകേ പതുങ്ങിച്ചെല്ലാൻ.
(സമാഹാരം: “ക്ഷ വലിക്കുന്ന കുതിരകൾ”)
സാവധാനമത് പടങ്ങൾ ഒന്നൊന്നായി പൊഴിക്കുന്നതും കാത്തിരിക്കണം.
തുടർന്ന്
മെറ്റഫറുകളുടെ രഹസ്യതുരങ്കങ്ങളുള്ള വഴികളിലൂടെ വിറച്ചു വിറച്ചു നീങ്ങണം;
അപ്പോൾ എവിടെനിന്നൊക്കെയോ
കവിത അതിൻറെ കൈകാലുകൾ കുടഞ്ഞുകളിക്കുന്ന ഒച്ച കേൾക്കാം!
അനസ്തേഷ്യ കൊടുത്തു മയക്കി അതിനെ നിരൂപിച്ചുകളയാമെന്ന് നിരൂപിക്കല്ലേ!
‘ഒളിവുകാലങ്ങളിൽ നിന്ന്
ഒളിവുകാലങ്ങൾ വന്നുപോകുന്നു’
എന്ന കവിത നോക്കാം:
“പെട്ടെന്നാരിലോ പഴയ ഉത്സവപ്പറമ്പുകൾ ഉണരുന്നു..
പട്ടച്ചാരായത്തിൻറെ രൂക്ഷഗന്ധമുള്ള പാതിരാത്രിയിൽ
ഗാനമേള കേൾക്കാൻ കുന്തിച്ചിരുന്നവരിൽനിന്നൊരാൾ
എല്ലാവരെയും മറന്ന് കാലുകളിൽ നിന്ന്
മുകളിലേക്ക് ഇളകുന്നു.. നമ്മുടെ സൂര്യൻ താണുതാണു പോകുന്നു.
… കടലിൽ ആരോ ഒരു പന്ത് തിരയുന്നു…
നിന്നെ കാണാൻ തോന്നുന്നു ..നിന്നിലൂടെ കാണാൻ തോന്നുന്നു”
രാത്രിച്ചൂരുള്ള കവിതകൾ!.
ടോർച്ചടിച്ചും കൊണ്ട് പകച്ചുനിൽക്കുക എന്നതിലുപരി വായനക്കാർക്ക് ഇവിടെ ഒന്നും ചെയ്യാനില്ല .
വന്യരതിയുടെ സ്വയം മറന്നുള്ള
ചീറ്റൽ ഉയരുന്നുണ്ട്
“നേർത്ത തൂവലാൽ
കേൾക്കാത്ത പാട്ടിനാൽ
ചുറ്റിപ്പിണഞ്ഞുള്ളിൽ
പടരുന്ന പാമ്പിനാൽ”
എന്ന വരികൾക്കിടയിൽ നിന്ന്.
എന്നിട്ടത്,
‘ഉള്ളിൽ പടരുന്ന പാമ്പിനെയും
നീ പിടിക്കൂ
ദൂരെമാറിയിരിക്കൂ
പാമ്പാട്ടിയാകൂ’
എന്നുള്ളിൽ കൊത്തുന്നു.
(കവിത : ‘എന്താണു നിറം എന്നാരെങ്കിലും ചോദിച്ചാൽ’)
എല്ലാ മുദ്രാവാക്യങ്ങളുടേയും
ഗർഭത്തിൽ ഒരു നിലവിളി കൈകാലിട്ടടിച്ചു കിടന്നു കരയുന്നുണ്ട്.
ഈ വരികൾ നോക്കൂ:
‘തെരുവിൽ പൊടിപറത്തുന്ന
നീളൻ മുദ്രാവാക്യം.
അയാളുടെ മനസ്സ്
ഉൾവലിഞ്ഞിരിക്കും തെരുവോരം.
ഞെട്ടിയുണരുമൊരു കൊലവിളി അതിനുള്ളിൽ….
ഒരു ചക്രം ഊരിപ്പോയ നിലയിൽ മുന്നോട്ടോ പിന്നോട്ടോ ആകാതെ നിന്നുപോയ മുച്ചാടൻ വണ്ടി, തെരുവ്’
(കവിത -അടി ,അപൂർണം)
പ്രതിഷ്ഠാപനങ്ങൾക്ക്
ഒരു plug n Play സംവിധാനം ഒരുക്കുന്നുണ്ട് ഓരോ ലതീഷ് കവിതകളും.
സങ്കീർണ്ണതകൾ കൂടപ്പിറപ്പാകുമ്പോൾ കവിതകളിലേക്കു പ്രവേശിക്കാൻ ഒട്ടനവധി വഴികൾ രൂപപ്പെടുന്നു .
രേഖീയ സമ്പ്രദായങ്ങൾ പാടെ റദ്ദു ചെയ്യപ്പെടുന്നു.
പാതി ചിത്രകാരൻ
തൂലികയോടൊപ്പം മറുകയ്യിൽ പാലറ്റും ഏന്തി നിൽക്കുന്ന ലതീഷിനെ കാണാം
ഏഴിടങ്ങളിൽ:
1. രണ്ടു പല്ലുകൾക്കിടയിൽ
ചുമന്ന കാന്താരി പൊട്ടുന്നു
(കവിത- കടുക്)
2. മരിച്ചവരുടെ സ്വപ്നങ്ങളിൽ ചുവന്ന തൂവലുകൾ നെയ്തു ചേർക്കുന്നവർ
(മരണാനന്തരം ദിവാകരൻ നീറുകളുടെ കൊട്ടാരത്തിൽ)
3. ചുണ്ടിൽ നിന്ന് ബീഡി കളഞ്ഞ്
കാറ്റ് എണീറ്റു വന്നു….
അനേകായിരം തുമ്പികളിൽ
കാറ്റ് പിന്നാലെ വന്നു.
മറ്റൊരു ചരിവിൽ വച്ച്
കാറ്റ് അയാളെ പണിതു
(കുതന്ത്രങ്ങളിൽ കാറ്റ് /കാറ്റാടികൾ)
4. ഉരിയാടാതൊരുപാട് കാലമായ് വായുവിൽ പറക്കുന്ന പക്ഷികൾ
(നമ്മൾ പറഞ്ഞുവന്ന രാത്രിയിൽ)
5. തെരുവ് ഒരാഴ്ചപ്പതിപ്പ്..
മുദ്രാവാക്യങ്ങൾ ചിതറിയോടുന്നു
(ആസക്തൻ, ജലാശയ ഭൂതകാലത്തിൽ)
6. എത്രകാലം തടഞ്ഞു നിൽക്കും
ഉള്ളിലേക്കുള്ള ഭയത്തിൻ ഗതാഗതം
(രണ്ടു കണ്ണുകൾക്കിടയിൽ ഒരു പെൺകുട്ടി )
7. തണുപ്പ് ചിതറിവീഴുന്ന മുറ്റത്ത് വാടിയ ചെമ്പരത്തിപ്പൂവുകൾപോലെ സിഗരറ്റുകൂടുകൾ
(അസ്വസ്ഥത : ഒരു മഴക്കാല വിനോദം)
പരന്നൊഴുകുന്ന ഈ കവിതകളെ ചിത്രകാരന്റെ സബ്ടൈറ്റിലുകൾ ഇല്ലാതെ നിരൂപിക്കുക വയ്യ എന്നിനി പറയേണ്ടതില്ലല്ലോ!
പകൽ മുഴുവൻ മൂടിപ്പുതച്ചുറങ്ങുന്ന കവി തൻറെ രാത്രിശാലകളിൽ
അത്യധ്വാനം ചെയ്യുന്നു.
ഒരു മാന്ത്രികനെപ്പോലെ അയാൾ
തൻറെ തൊപ്പിക്കുള്ളിൽ നിന്ന് മുയലുകളെ എടുത്തുകൊണ്ടേയിരിക്കുന്നു
“മനോഹരമായി മരിച്ചു കിടക്കാൻ മറ്റിടങ്ങൾ തേടി
പൊയ്ക്കാലൻ കുതിരകൾ വലിക്കുന്ന ചൂരൽ വണ്ടിയിൽ
പാഞ്ഞു പോകുന്നു ദിവാകരൻ”
അതെ! ഭാഷയുടെ വിരൽ കുടിച്ചുറങ്ങാൻ വിസമ്മതിക്കുന്ന കവിതകൾ!
വാക്കിൻറെ തിര!
ലതീഷിന്റെ തൂവൽക്കുതിര!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.