ആതിര വി.കെ
വേഷമിട്ടാടുമ്പോൾ ദൈവം : വേഷമഴിച്ചാൽ അയിത്തം – തെയ്യകലാകാരൻ ആയ രാമന്റെ ജീവിതത്തിലെ അപ്രിയ വേഷപ്പകർച്ചയിലൂടെ.
ജാതീയതും ദൈവീകതയും ഏറ്റുമുട്ടുന്ന അഥവാ അക്ഷരാർത്ഥത്തിൽ കൊമ്പ് കോർക്കുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും പങ്കപ്പാടുകളുമായെ പി പി പ്രകാശന്റെ ദൈവം എന്ന ദുരന്തനായകൻ എന്ന കൃതിയെ കാണാൻ സാധിക്കു. മലബാർ പ്രദേശങ്ങളിൽ ഉള്ളവരിലും അല്ലാത്തവരിലും ഒരുപോലെ മരവിപ്പ് സമ്മാനിക്കുന്ന ഒരു ജീവിതപകർപ്പായി രാമന്റെ കഥയും വഴികളും നിഴലിക്കുന്നുണ്ടാവാം. രാമൻ കെട്ടിയാടിയ തെയ്യവും, രാമൻ എന്ന മനുഷ്യൻ വേഷപ്പകർച്ച നടത്താൻ മറന്ന ജീവിതവും ഒരേ ത്രാസിൽ കിടന്നാടുമ്പോൾ, വേഷത്തിൽ ദൈവമായും അണിയറയുടെ പിറകിൽ മേൽജാതിക്കാരോട് വിധേയനായി നിൽക്കേണ്ടി രാമൻ എന്ന താണജാതിക്കാരനും ഒരു പോലെ സംഘർഷത്തിൽ പെടുന്നതായി കാണാം. ചെത്തുകാരന്റെ മകന്റെ ജാതീയത എടുത്തു പറയുന്ന ഈ കാലത്ത് ഏറെ പ്രസക്തിയർഹിക്കുന്ന ഒരു എഴുത്താണിത്.
വായനയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ഭാവനയും, അനുഭവങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നതായി ഒരു വായനക്കാരന് തോന്നുന്നെങ്കിൽ അത് വാസ്തവമാണ്. അനുഭവത്തിന്റ തീവ്രമായ പ്രഭാവം കൊണ്ട് ഒരു നോവൽ ആയി രേഖപ്പെടുത്തുന്നതിനേക്കാളേറെ രാമൻ എന്ന ആട്ടക്കാരന്റെ പകർന്നാട്ടവും, ദുരിതങ്ങളും ആയി കാണുന്നതാണ് നല്ലത്. എന്തെന്നാൽ, ഒരു ജീവിതത്തെ അർത്ഥപൂർണമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിരിക്കുന്നു. മകനായ പ്രശാന്തന്റെ ആഖ്യാനത്തിലൂടെ സഞ്ചരിക്കുന്ന കോലക്കാരനായ രാമന്റെ കഥ ഒരേ സമയം ആട്ടക്കാരന്റെ രേഖാചിത്രം മാത്രമല്ല, മേല്ജാതിക്കാരോടും അവർ പ്രകടമാക്കിയ മേൽക്കോയ്മകളോടും വിധേയപ്പെട്ടു ഗതിക്കേടിൽ ജീവിച്ചുപോന്ന മനുഷ്യന്റെ നിസഹായത കൂടിയാണ്.
തെയ്യക്കാലം ആവുമ്പോൾ തൊടലും തീണ്ടലും മറന്നു കളയുന്ന എമ്പ്രാക്കൾ അത് കഴിഞ്ഞു കടുത്ത ദുരിതത്തിലേക്ക് പോവുന്ന കലാകാരന്മാരുടെ കാര്യം മറന്നേ പോയിരുന്നു. കർക്കിടകം തുടങ്ങിയാൽ പലവിധ ജോലികൾ ചെയ്ത് ജീവിക്കാൻ കഷ്ടപ്പെടുന്ന ദൈവത്തിന്റെ രൂപമുള്ള ഈ കൂട്ടരിൽ പലരും രോഗപീഡകളാലും ദുരിതങ്ങളിലും മരിച്ചു വീഴും.
അത്തരത്തിൽ ഒരു ദൈവംബിംബം ആയിരുന്ന പ്രശാന്തന്റെ അച്ഛൻ രാമന്റെ ജീവിതമാണ് ഈ കഥ. കണ്ണൂരിന്റെ കലയായി കാണുന്ന തെയ്യത്തിന്റെ ഭാഷയിൽ അല്ല ഈ കൃതി ചലിക്കുന്നത്, മറിച്ചു ഉള്ളറിഞ്ഞു ആടുന്ന തെയ്യത്തിന്റെ നിറങ്ങളാണ് നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നത്. മനസ് തളക്കപ്പെട്ട ഒരു കൃതിയായി, ഒരു കഥാപാത്രത്തിന്റെ കൂടെ ഇത്രയധികം സഞ്ചരിച്ച നോവൽ അടുത്തകാലത്തു വായിച്ചിട്ടില്ല.
പതിനാലാം വയസ്സിൽ ഒരു ദൈവവിധി പോലെ തന്നെ തേടിയെത്തിയ മുച്ചിലോട്ടമ്മയുടെ കോലക്കാരനാവുക എന്ന കർമം ഏറ്റെടുത്ത രാമൻ സഞ്ചരിച്ച ഓരോ വഴിയും സുപരിചിതമാവുന്നുണ്ട്. കൈയിൽ ചൂട്ടും കത്തിച്ചു പിടിച്ചു വയലിലൂടെ നടക്കുമ്പോൾ, തെയ്യക്കോലമായി മെയ്യ് മറന്നാടുമ്പോൾ, ചെക്കിപ്പൂക്കൾ പറിക്കാൻ കുന്നു കേറുമ്പോൾ, തിരുമുടി കെട്ടുമ്പോളെല്ലാം രാമന്റെ കൂടെ ഞാനും നിങ്ങളും നടക്കുന്നു. പക്ഷെ, ഈ ഭംഗിയുള്ള നടത്തത്തിനു അത്ര ആയുസ്സില്ല, എന്തെന്നാൽ, അതും കേറി രാമന്റെ ജീവിതത്തിൽ എത്തുമ്പോൾ വഴിനീളെ കനലിട്ടു നിറച്ചിരിക്കുകയാണ്. ഒരു കലാകാരനു ജീവിതത്തിലുടനീളം അനുഭവിക്കേണ്ടി വന്ന ജാതി വിവേചനങ്ങളും, മാനസികക്ലേശങ്ങളും നോവലിനെ പ്രധാനപ്പെട്ട ഒന്നാക്കുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
അല്പം കൂടി വായിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. വാക്കുകൾ വല്ലാതെ ചുരുക്കിയതുപോലെ. ഒരുപക്ഷെ വായനക്കാർ സ്വയം വായിച്ചു ബോധ്യപ്പെടട്ടെ എന്നുകരുതിയാകും എഴുത്തുകാരി അധികം വിശദീകരിക്കാതെ ഇരുന്നത്. എന്നിരിക്കിലും വളരെ വേഗം തീർന്നുപോയല്ലോ എന്നൊരു വിഷമം തോന്നി.
ഇനിയും എഴുതുക… നന്ദി