മുഹമ്മദ് സ്വാലിഹ്
അധിനിവേശവും പ്രതിരോധവും ലോകത്തെ മനുഷ്യരുടെ ചര്‍ച്ചക്ക് പാത്രമാവുന്ന ഒരു കാലത്താണ് കര്‍ണന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതല്‍ പേരിലേക്കെത്തുന്നത്. വലിയ പ്രേക്ഷക-വിമര്‍ശകശ്രദ്ധയാകര്‍ഷിച്ച പരിയേറും പെരുമാള്‍ എന്ന ആദ്യചിത്രത്തിനുശേഷം മാരി സെല്‍വരാജിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് കര്‍ണന്‍. കീഴാളദുരിതങ്ങളുടെ ഒട്ടും പ്രതീക്ഷയില്ലാത്ത അവതരണത്തില്‍ നിന്നും ഉപാധികളില്ലാത്ത കീഴാളപ്രതിരോധത്തിലേക്ക് സഞ്ചരിക്കുന്നുണ്ട് കര്‍ണനിലൂടെ മാരിയുടെ സിനിമാലോകം.
ബസ് സ്‌റ്റോപ്പില്ലാത്ത, ബസ് നിര്‍ത്താത്ത പൊടിയംകുളം എന്ന ഗ്രാമത്തിലെ ജനങ്ങളുടെ കഥയാണ് സിനിമ. കര്‍ണനെന്നാല്‍ ഏത് ദക്ഷിണേന്ത്യന്‍ സിനിമകളിലും കാണാവുന്ന ചോരത്തിളപ്പുള്ള നായകന്‍. അനീതി കണ്ടാല്‍ പരിസരം നോക്കാതെ പ്രതികരിക്കുന്ന പോരാളി. യമന്‍ എന്ന മുത്തശ്ശനാണ് കര്‍ണന്റെ സന്തതസഹചാരി. പൊടിയംകുളത്തുകാര്‍ക്ക് ബസ് കയറണമെങ്കില്‍ മേലൂര്‍ എന്ന ഗ്രാമത്തിലേക്ക് പോകണം. അവിടെ നിന്നാകട്ടെ അവര്‍ക്ക് വലിയ അപമാനങ്ങള്‍ നേരിടേണ്ടിവരുന്നു. അതേത്തുടര്‍ന്നുള്ള കലഹങ്ങള്‍ ആ പ്രദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. തുടര്‍ന്ന് ബസ് സ്റ്റോപ്പിനുവേണ്ടി നടന്ന സമരങ്ങള്‍ അക്രമരൂപം കൈവരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥാപശ്ചാത്തലം. 1995 ല്‍ നടന്ന കൊടിയന്‍കുളം പോലീസ് അതിക്രമത്തില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട സിനിമയാണെങ്കിലും ആ സംഭവത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കര്‍ണന്റെ കഥയും കഥാപശ്ചാത്തലവും.
തമിഴ് ഇന്റസ്ട്രിയില്‍ സമീപകാലത്തുണ്ടായ കീഴാളപ്രതിരോധസിനിമകളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും കര്‍ണന്‍ മുന്നോട്ടുവെക്കുന്നു എന്ന് കരുതുക വയ്യ. എന്നാല്‍ പറയുന്ന കാര്യങ്ങള്‍ അതിനാവശ്യമായ ഗൗരവത്തോടൊയും സൗന്ദര്യത്തോടെയും (തുടക്കം മുതല്‍ ഒടുക്കം വരെ) പറയുന്നു എന്ന വസ്തുത അംഗീകരിക്കാതിരിക്കാന്‍ സാധ്യമല്ല. സുരേഷ് നാരായണന്റെ സംഗീതത്തിനും തേനി ഈശ്വറിന്റെ ഛായാഗ്രഹണത്തിനും സെല്‍വ ആര്‍ കെയുടെ എഡിറ്റിംഗിനും നന്ദി.
കര്‍ണന്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയചര്‍ച്ചകള്‍
തുടക്കത്തില്‍ പറഞ്ഞതുപോലെത്തന്നെ പ്രതിരോധം എങ്ങനെയായിരിക്കണം എന്ന ചര്‍ച്ച സിനിമയുടെ ഒരുപാട് ഭാഗങ്ങളില്‍ കടന്നുവരുന്നുണ്ട്. പാലസ്തീന്‍ പ്രതിരോധിക്കുന്നത് കാരണമാണ് ഇസ്രായേല്‍ ആക്രമിക്കുന്നത്, അതുകൊണ്ട് പ്രതിരോധത്തിനുനില്‍ക്കാതെ സമാധാനമാര്‍ഗം കാംക്ഷിക്കണം എന്ന് പറയുന്നവര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും മാത്രമല്ല പൊടിയംകുളം ഗ്രാമത്തിലുമുണ്ട് എന്നതാണ് അതിന്റെ ചുരുക്കം.
തങ്ങളുടെ ആക്രമണോത്സുകതയുടെ പേരില്‍ കര്‍ണന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടമാളുകള്‍ (ഏറിയപങ്കും യുവാക്കള്‍) സ്വന്തം ജനങ്ങളില്‍ നിന്നു തന്നെ നിരന്തരം പഴികേള്‍ക്കേണ്ടിവരുന്നുണ്ട്. എന്നാല്‍, നായകനും സിനിമയും അത്തരം പഴികളെ സര്‍വശക്തിയുമുപയോഗിച്ച് എതിര്‍ക്കുന്നു. കൂടുതല്‍ കൂടുതല്‍ അക്രമണോത്സുകതയോടെ തങ്ങളുടെ പ്രതിരോധവഴികളില്‍ നടക്കുന്ന അവര്‍ ഇന്നിന്റെ രാഷ്ട്രീയചര്‍ച്ചയില്‍ സ്വന്തമായ ഒരു അഭിപ്രായം വ്യക്തമായി പറയുന്നുണ്ട്.
രോഹിത് വെമുലയുടെ ആത്മഹത്യയെ അനുസ്മരിപ്പിക്കും വിധമാണ് യമന്‍ എന്ന കഥാപാത്രം ക്ലൈമാക്‌സില്‍ സ്വന്തം ശരീരത്തിന് തീകൊളുത്തുന്നത്. ആ ആത്മഹത്യക്ക് സിനിമയില്‍ വലിയ പ്രസക്തിയുണ്ട്. ഗ്രാമത്തിന്റെ അവസ്ഥയെക്കുറിച്ചും അവിടുത്തെ മനുഷ്യര്‍ നേരിട്ട അതിക്രമത്തെക്കുറിച്ചും പുറംലോകമറിയുന്നതും അവിടെ മാറ്റങ്ങളുണ്ടാകുന്നതും കര്‍ണന്റെ പോരാട്ടത്തിനപ്പുറം യമന്റെ ആത്മഹത്യ കൊണ്ടുകൂടിയാണ് എന്ന നിരീക്ഷണം പ്രസക്തമാണ്. രോഹിത് വെമുലയുടെ മരണം ഇന്ത്യന്‍ ക്യാമ്പസുകളിലെ ജാതിവിവേചനത്തെക്കുറിച്ച് അത്യുച്ചത്തില്‍ സംസാരിച്ചതുപോലെത്തന്നെ.
മാരി സെല്‍വരാജിന്റെ സിംബോളിസം
സിനിമ തുടങ്ങുന്നതുതന്നെ ഒരു പെണ്‍കുട്ടി (കര്‍ണന്റെ കുഞ്ഞുപെങ്ങള്‍) നടുറോഡില്‍ കിടന്ന് മരിക്കുന്ന രംഗത്തിലൂടെയാണ്. ബസ് സ്റ്റോപ്പില്ലാത്തതിന്റെ പേരില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളെ പറയുന്ന സിനിമക്ക് ഇതിലും മികച്ചൊരു ഓപ്പണിംഗ് സീന്‍ പ്രതീക്ഷിക്കാനാവില്ല. കാരണം ആശുപത്രിയിലെത്തിക്കാന്‍ ഒരു ബസുപോലും നിര്‍ത്താത്തതുകാരണമാണ് മകള്‍ മരിച്ചതെന്ന് സിനിമയില്‍ വേറൊരിടത്ത് കര്‍ണന്റെ അമ്മ പറയുന്നുണ്ട്. മരിച്ച മകള്‍ പിന്നീട് ഒരു ദേവിയായാണ് അവതരിപ്പിക്കപ്പെടുന്നത്. തമിഴ്‌നാടിന്റെ ദക്ഷിണഗ്രാമങ്ങളില്‍ വിവാഹം കഴിക്കാതെ മരണപ്പെട്ട സ്ത്രീകളെ ദേവികളായി കണക്കാക്കാറുണ്ട്. ഈ വിശ്വാസമാണ് ദേവിയുടെ മുഖപടമണിഞ്ഞ് സദാസമയം സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഗ്രാമവാസികളുടെ സമരങ്ങളിലെല്ലാം നിശബ്ദപിന്തുണയായി ഈ കുഞ്ഞുദേവിയെ നമുക്ക് കാണാം. അതുപോലെ കാലുകള്‍ കെട്ടിയിട്ട് ഏന്തിനടക്കുന്ന, പിന്നീട് കര്‍ണന്‍ മോചിപ്പിക്കുന്ന കഴുതയെയും പോരാട്ടത്തിന്റെ പ്രതീകങ്ങളായ വാളിനെയും കുതിരയെയുമെല്ലാം സിനിമയില്‍ സജീവമായി തന്നെ അവതരിപ്പിക്കുന്നുണ്ട്.
പേരിലെ കാര്യം
തങ്ങളുടെ പേരുകള്‍ ഗ്രാമവാസികള്‍ക്ക് വലിയ പ്രതിസന്ധിയായിത്തീരുന്നുണ്ട് പലപ്പോഴും. കീഴാളജനത അവര്‍ക്കനുവദിക്കപ്പെട്ടിട്ടുള്ള പേരുകളേ ഉപയോഗിക്കാവൂ എന്ന തിട്ടൂരമുള്ളതുപോലെ പോലീസുദ്യോഗസ്ഥര്‍ അവരോട് പെരുമാറുന്നു. മാടസാമിയുടെ മകന്‍ ദുര്യോധനന്‍ എന്ന പേര് സ്വീകരിച്ചു എന്നതുകൊണ്ട് രാജാവാകുമോ എന്നാണ് മര്‍ദ്ദനത്തിനിടെ പോലീസുകാരന്‍ ഗ്രാമമുഖ്യനോട് ചോദിക്കുന്നത്. എന്നാല്‍ ആ പേരുകളുപയോഗിച്ചുതന്നെ അവര്‍ പോരാടുന്നു. അംബേദ്കര്‍ മുതല്‍ അയ്യങ്കാളി വരെ പ്രയോഗിച്ചുപോന്ന സ്വത്വരാഷ്ട്രീയശൈലിയാണ് അവിടെ കാണുന്നത്.
ഇത്തരത്തില്‍ പഴയ കാര്യങ്ങള്‍ കൂടുതല്‍ ഉച്ചത്തോടെ പറയുന്ന കര്‍ണന്‍ നമ്മുടെ ഇന്നത്തെ രാഷ്ട്രീയചര്‍ച്ചകളില്‍ വളരെ പ്രധാനമാണെന്ന് കാണാം.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
❤️❤️