ആറ്റികുറുക്കിയ കവിതകള്‍

0
542

ജ്യോതി അനൂപ്

ഒരേ സമയം സമൂഹത്തെയും വ്യക്തികളെയും ചുറ്റുപാടിനെയും നിരീക്ഷിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും സാമാന്യവല്‍ക്കരിക്കുകയും ചെയ്യുകയാണ് സുരേഷ് പാറപ്രം തന്റെ ‘അടിവേരിൽ കിളിർത്ത ഇലകൾ ‘ എന്ന കൃതിയിലൂടെ. സുരേഷിന്റെ ഓരോ കവിതയും അങ്ങേയറ്റം സമകാലികമാണ്. കവിത കാലത്തെ അതിജീവിക്കുന്നവയാണെന്ന് നഗ്നമായി സംവദിക്കുന്ന അതിലെ കാമ്പുള്ള വരികൾ വിളിച്ചു പറയുന്നു. ‘പച്ച’ ഒരേ സമയം നമ്മെ വേദനിപ്പിക്കുകയും നഷ്ടബോധത്തിലാഴ്ത്തുകയും ഉത്ഖണ്ഡപ്പെടുത്തുകയും ചെയ്യുമ്പോൾ തന്നെ നവ്യവും സുന്ദരവുമായ ഒരു കാവ്യാനുഭവം പങ്കുവെയ്ക്കുന്നു. മനുഷ്യന്റെ അധിനിവേശവും കയ്യേറ്റവും മനോജ്ഞമായ ഹരിത ജാലത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം വാഗ്മയ ചിത്രങ്ങളാൽ കവി വ്യക്തമാക്കുന്നു.

‘മഴ അവധി എടുത്തപ്പോഴാണ് വെയിൽ തിരികെ വന്നത്’ അത്ഭുതപ്പെടുത്തുന്ന സന്നിവേശങ്ങളുടെ സമന്വയങ്ങളുമായി നാം വരികളിലൂടെ ഊളിയിടുന്നു, ‘അവധി’ എന്ന കവിതയിലൂടെ.

‘പി(ഇ)ണക്ക’ത്തിൽ ഒരിണക്കമുണ്ടെന്ന് കവിത വായിക്കും മുൻപു തന്നെ നമ്മെ ബോധ്യപ്പെടുത്തുന്നു. തലക്കെട്ടു തന്നെ ഒരു കവിതയാണിവിടെ. ഇണക്കത്തിനും പിണക്കത്തിനുമിടയിലെ സ്നേഹത്തിന്റെ രസതന്ത്രം വരച്ചുകാട്ടുന്ന കവിത അത്രമേൽ ജീവിതത്തെ / പ്രണയത്തെ ആറ്റിക്കുറുക്കി വെച്ചിരിക്കുന്നു.
വാക്കുകളുടെ ഒതുക്കുകളിലൂടെ മനസ്സിലെ വനസ്ഥലികളിലൂടെ ഒരു കാവ്യ ഗവേഷകനെപ്പോലെ കവിഖനനം ചെയ്യുന്നു. ഒടുവിൽ താൻ തേടുന്ന സത്യത്തെ നാഗമാണിക്യം നേടിയ ജേതാവിനെപ്പോലെ കവിതയുടെ മൂർദ്ധാവിൽ അലങ്കരിക്കുന്നു.

കടലും കടലാടിയും പോലെ ആശയവും പ്രവർത്തനവും സമരസപ്പെടാതെ മാറിനില്ക്കുന്ന വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തെ സരസമായി അവതരിപ്പിക്കുന്നു ‘ചേക്കു വൈദ്യരും ചെഗുവേരയും’. ഒരു ബാങ്കിലും മാറാത്ത ചെക്ക് എന്ന കണ്ടെത്തലിൽ കവിത നിർഭയമായി തന്റെ ദൗത്യം നിർവ്വഹിക്കുന്നു. ‘നിരപരാധി’ എന്ന കവിതയും വർത്തമാനകാല രാഷ്ട്രീയ സംഘർഷങ്ങളെ സധൈര്യം വിശകലനം ചെയ്യുന്നത് കാണാം
ഒസ്യത്ത്എഴുതി വെയ്ക്കാത്തതിനാൽ ആട്ടിയോടിക്കപ്പെടുന്നകാടിന്റെ മക്കളുടെ ചിത്രത്തോടെ ആ കവിതയുടെ വേദന പൂർണ്ണമായും വരികൾ കളിൽ നിറയുന്നുഒപ്പം വായനക്കാരിലും.(ഒസ്യത്ത് ) ചിന്തോദ്ദീപകമായ രീതിയിലുള്ള അവതരണം കവിതയെവ്യത്യസ്തമാക്കുന്നു.

മനസ്സിന്റെ നന്മയും കാരുണ്യവും അത് സ്വജീവിതത്തിൽ പ്രയോഗവത്ക്കരിക്കാനുള്ള ഉറച്ച മനസ്സുമാണ് ഒരുവനെ ഉശിരനാക്കുന്നത് (ഉശിരൻ ) മറിച്ച് നട്ടപ്പാതിരയ്ക്ക് കൂരിരുട്ടിൽ ഒറ്റയ്ക്കു നടക്കുന്നവനല്ല എന്നു പറയുന്നിടത്ത് മനസ്സിന്റെ സ്ഥൈര്യവും അചഞ്ചലമായ വ്യക്തിത്വവും ഒരുവനെ കരുത്തുള്ളവനാക്കുന്നുവെന്ന് നിരീക്ഷിക്കുന്നു.

പബ്ലിസിറ്റിയുടേയും പ്രദർശന ത്വരയുടേയും ലോകത്ത് പ്രിയപ്പെട്ടവരുടെ ഓർമ്മയിലേക്ക് നമ്മൾ കടന്നു വരണമെങ്കിൽ നാം സ്വയം പരസ്യപ്പെട്ടുകൊണ്ടിരിക്കണമെന്ന വർത്തമാനകാല യാഥാർത്ഥ്യം പങ്കുവെയ്ക്കുന്നു. ഇതു പോലെ മാറി വരുന്ന കാലത്തിനനുസരിച്ച് നഷ്ടപ്പെടുന്ന ചില മൂല്യങ്ങൾ ശരികൾ ഇവയെക്കുറിച്ചെല്ലാം വ്യാകുലചിത്തനാകുന്ന കവിമനസ്സ് ഈ പുസ്തകത്തിൽ അവിടവിടെ കാണാം (പറന്നു പോകുന്ന വാക്കുകൾ, മറ, ചാരുകസേര…)
ഇരിക്കുമ്പോൾ നട്ടെല്ല് വളയേണ്ടി വരുമല്ലോ എന്നോർത്ത് പൂമുഖത്ത് സ്ഥാനം നഷ്ടപ്പെടുന്ന ചാരുകസേര എളിമയും ബഹുമാനവും കൈമോശം വന്നു പോകുന്ന പുതുകാലത്തിന്റെ മനോഭാവം വരച്ചുകാട്ടുന്നു.

ഹിന്ദുസ്ഥാനി രാഗങ്ങളെ മനോഹരമായി അവതരിപ്പിക്കുന്ന ‘ഹാർമോണിയ ‘വും ഓടക്കുഴൽ നാദത്തിന് ഇത്രമേൽവശ്യത ഉണ്ടാവാൻ അതിലൂടെ ഒഴുകി വരുന്നത് ഏത് രാഗമായിരിക്കുമെന്ന കൗതുകം പങ്കുവെയ്ക്കുന്ന ‘രാഗങ്ങൾ 16008’, ‘ശ്രവണം’ തുടങ്ങിയ കവിതകൾ സംഗീതത്തിന്റെ മാന്ത്രിക അനുഭൂതികൾ വർണ്ണിക്കുന്നു.

ചില അനിശ്ചിതാവസ്ഥകളും മറവികളും ഉണ്ടാക്കുന്ന നഷ്ടങ്ങളുടെ സ്വാഭാവിക ജീവിത സന്ദർഭങ്ങൾ വരച്ചുകാട്ടുന്ന ‘നമ്പർ’. പ്രണയം അടിമുടി നിറഞ്ഞു നില്ക്കുന്ന മനസ്സിൽ ഏത് ധ്യാനത്തിലും തെളിയുക പ്രണയിനിയുടെ രൂപവും ശബ്ദവും നിറവും സ്നേഹോഷ്മള വചനങ്ങളും മാത്രമെന്നോതുന്ന ‘ധ്യാനം’. സ്നേഹത്തിന് അതിരുകളില്ലെന്നും മനസ്സുകളെപ്പൊഴും വെടിയൊച്ചകളില്ലാത്ത സംഘർഷങ്ങളില്ലാത്ത മനോജ്ഞമായ ഒരിടത്തിനു വേണ്ടി കൊതിക്കും എന്നു പറയുന്നിടത്ത് രാജ്യങ്ങൾ വർഗ്ഗം വർണ്ണം തുടങ്ങിയവ സൃഷ്ടിക്കുന്ന അതിർത്തികളുടെ അർത്ഥശൂന്യത വരച്ചുകാട്ടുന്നു.

വർത്തമാനകാലത്തെ ഇത്രമേൽ അടയാളപ്പെടുത്തുന്ന ബിംബങ്ങളുടെ സമ്മിശ്രിതയാൽ മനോഹരമാക്കുന്ന കവിതകൾ ഇനിയും ഏറെ ശ്രദ്ധിക്കപ്പെടേണ്ടവയാണ്. കാവ്യാസ്വദകർക്ക് മാറിയ കാലത്തെക്കുറിച്ച് ഞെട്ടിത്തരിക്കാനും കോരിത്തരിക്കാനും ഉത്ഖണ്ഡപ്പെടാനും മാത്രമല്ല അനീതികൾക്കെതിരെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് കാഹളമുയർത്താനും പ്രേരകമാകുന്നു ഇതിലെ വാഗ്ദോരണികൾ വാചക ബിംബങ്ങൾ! വാചാലത മാറ്റിവെച്ച് ഒതുക്കത്തോടെ ആറ്റികുറുക്കിയ വരികളിൽ സംവദിക്കുന്നതിനാൽ അധികപ്രസംഗത്തിന്റെ ധാരാളിത്തം അരോചകമാകുന്നില്ലിവിടെ.

സുരേഷ് പാറപ്രം എന്ന കവി ജഢത്വം മാറ്റി വെച്ച് ഉയിർത്തെഴുന്നേൽക്കേണ്ടവനാണെന്ന് ഈ കവിതകൾ വിളിച്ചോതുന്നു .തിരശ്ശീല നീക്കി തുറന്ന വേദിയിലേക്ക് വരിക കാവ്യലോകം ഹൃദയപൂർവ്വം താങ്കൾക്കു സ്വാഗതം നേരും. അഭിനന്ദനങ്ങൾ നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here