എന്റെ പെൺനോട്ടങ്ങളുടെ വായന

0
297

മീര ധന്യ

കാത്തിരുന്ന് വായനയ്ക്കെത്തിയ പുസ്തകം ‘എന്റെ പെൺനോട്ടങ്ങൾ’. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മധുപാലിന്റെ എന്റെ വഴികളിൽ അവൾ എന്ന ജീവിത നേർക്കാഴ്ചകൾ, തൃശൂർ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കപ്പെട്ടു. അഭിനയം, സംവിധാനം എന്നതിനപ്പുറം അക്ഷരങ്ങൾ കൂടി തനിക്ക് വഴങ്ങും എന്ന് ഓരോ എഴുത്തും തെളിയിക്കുന്നു. അത്ര ഒഴുക്കോടെ വായിച്ചു. 144 താളുകളിലായി 17 തലക്കെട്ടുകളോടെ പലതരം പെണ്ണുങ്ങൾ. മനോഹരമായ കവർ ചിത്രം.

ഏതോ കാലത്തില്‍ നിന്നും ഇറങ്ങി വന്നതാണ്….
കണ്ടിട്ടില്ലിതേവരെ ഞങ്ങള്‍….
അങ്ങനെയൊക്കെ പറയേണ്ടി വരുന്നു ഈ വായനകഴിയുമ്പോള്‍
കൂട്ടിക്കെട്ടിയ കുറെ പെണ്‍മുറിവുകള്‍ ഇളംകാറ്റേറ്റു നീറുന്നപോലെ
(മീര)

‘സ്നേഹിപ്പൂ നിന്നെ ഞാന്‍
നേരമോര്‍ക്കാതെയും വേര് തേടാതെയും
ആത്മസങ്കീര്‍ണതയ്കക്കരെ ചെന്നെത്തി
ഞാനെന്ന ഭാവത്തിനപ്പുറം നിന്നിതാ
സ്നേഹിപ്പൂ നിന്നെ ഞാന്‍
സ്നേഹിപ്പൂ നിന്നെ ഞാന്‍’

നനവോടെ ഇറുക്കെ പുണരുമ്പോള്‍  തണുപ്പിലെന്റെ ദേഹം പുകഞ്ഞുരുകും…..
ഒടുവില്‍ ശാന്തമായ മൗനം – മധുപാല്‍ (എന്റെ പെൺനോട്ടങ്ങള്‍)

ഇത് വായിക്കും മുമ്പ്‌ ആകെ രണ്ടോ മൂന്നോ  തവണയെ ഞാന്‍ മധുപാലുമായി സംസാരിച്ചിട്ടുള്ളൂ. അതും എന്തിനാണ് എന്നുപോലും അറിയാത്ത കുറച്ചു വാക്കുകളിലൂടെ. സ്ത്രീകളെങ്ങാനും കണ്ണില്‍ നോക്കിപ്പോയാല്‍ ഭൂമി പിളര്‍ന്നു ഇല്ലാതാകുമായിരുന്ന ഒരു മനുഷ്യന്‍റെ  നോട്ടത്തിലൊരിക്കലും  അസത്യത്തിന്റെ ഇരുട്ടില്ലാതാക്കിയ  ജീവിത യാത്രയിലെ, കെട്ടിപ്പിടിച്ചും ചേര്‍ത്ത് നിര്‍ത്തിയും മഴയും വെയിലും കാടും പുഴയും കാറ്റും തീയും തലോടലും എല്ലാമായി തീര്‍ന്ന സ്ത്രീ ജീവിതങ്ങള്‍ എന്റെ ചങ്കില്‍ കുത്തി നോവുന്നു. നീയായിരുന്നു എന്നും ഞാനായിരുന്നു എന്നും തോന്നുന്ന കയ്യും കാലും കണ്ണും മൂക്കും മുലയും മുടിയും ചുണ്ടും പൊക്കിള്‍ ചുഴികളും ഉള്ള പെണ്ണുങ്ങള്‍.

ചിലതൊക്കെ പറഞ്ഞറിയിക്കാന്‍ ഉള്ളതാണ്. കേള്‍കാന്‍ ഒരു കാതും സൂക്ഷിക്കാന്‍ ഭയമില്ലാത്ത ഒരു മനസ്സും കണ്ടുമുട്ടിയ  സ്ത്രീകളിലൊക്കെ കാണുമ്പോള്‍ അവരുടെ നോട്ടങ്ങള്‍ തന്റേതു കൂടിയാണെന്ന്, എഴുതിയതും വയിച്ചതും അവര്‍ക്ക് വേണ്ടിയാണെന്നും. ഒരാളും പറഞ്ഞു കേട്ടു നിര്‍വൃതി കൊണ്ടിട്ടില്ല, ഇന്നേവരെ.

സമീര എന്നത് വന്യമായ ഒരു കാടായിരുന്നു. സങ്കട ഹര്‍ജികള്‍ നിരത്തി വയ്ക്കുമ്പോള്‍ സ്വയം എതൊരുവളും വറ്റുന്ന കടലുപോലെയോ പൂക്കുന്ന തീ പോലെയോ ആകുന്നു. ഒരായിരം വാക്കുകള്‍ പറയുന്നതിലും എളുപ്പമാണ് ഒരാലിംഗനം. സ്നേഹമെന്നത് മനസ്സ് മാത്രമല്ല, ശരീരം അറിയുന്നതാണ് (വുമന്‍ ഈസ്‌ ദി മദര്‍ ഓഫ് ഫാന്റസി)

അങ്ങേയറ്റത്തെ തീവ്രതയോടെ എഴുതുന്ന കത്തുകള്‍. ഓരോ കത്തുകളിലും അവളെത്തന്നെ വരഞ്ഞു വച്ചിരിക്കുന്ന മടക്കും മിനുപ്പും. കട്ടിലിലും തലയിണക്കീഴിലും ചിതറി നിറഞ്ഞു കിടക്കുന്ന പുസ്തകങ്ങള്‍. ഒരുപാട് മനസ്സുകളുടെ സങ്കീര്‍ത്തനങ്ങള്‍ നിറഞ്ഞവ. ഓരോന്നും നമ്മളെന്നു മുഴപ്പിച്ചു പറയുന്ന മഴയനക്കങ്ങളും മർമ്മരങ്ങളും എന്തിനു, നിശബ്ദത പോലും. വായിച്ചു വായിച്ചു ഞാനെന്തേ നേരത്തേ എത്താത്തത് എന്ന് ഒന്ന് വിതുമ്പി. വാകിന്റെ തുമ്പേറ്റു മുറിഞ്ഞു. നോക്കേറ്റു നൊന്തു.

‘പിന്നെ ഞാനെന്റെ ഭര്‍ത്താവിനെ കണ്ടിട്ടേയില്ല. അതൊരു വലിയ പ്രശ്നമായി എനിക്ക് തോന്നിയില്ല. എന്നെക്കാള്‍ ഇരുപതു വയസ്സ് മൂപ്പുണ്ടായിരുന്നു അയാള്‍ക്ക്. അയാള്‍ടെ ജോലി എന്താണ് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല’.(സ്ട്രാപ് ലെസ്സ് ബ്രാസ്സിയര്‍)

ഭൂതകാലത്തിന്റെ കുത്തിറക്കങ്ങളി ചവിട്ടി ഞാന്‍ നൊന്തു കരഞ്ഞു. ഒരു പക്ഷെ നിങ്ങളും.

ഒരു പുരുഷന്‍ സ്ത്രീയെ എങ്ങനെയാണ് പ്രാപിക്കുന്നത്, അതില്‍ എന്ത് നിര്‍വൃതിയാണു ലഭിക്കുക എന്നും ഇന്നും വ്യക്തമല്ല. ഒരു സ്ത്രീയിലേക്ക് പുരുഷന്‍  പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയില്‍ കടക്കുന്ന പോലെ ശാന്തമായ് ആയിരിക്കണം. സ്നേഹത്തിന്റെ കടന്നു കയറ്റങ്ങളില്‍ പ്രണയത്തിന്റെ കുത്തൊഴുക്കുണ്ടാകണം. എന്തൊരു ചിന്തയാണത്. ആശുപത്രി വരാന്തകളില്‍, ഒറ്റപ്പെട്ട യാത്രകളില്‍, ഇരുട്ട് മൂടിയ മുറികളില്‍, ആള്‍ത്തിരക്കേറിയ ആഘോഷങ്ങളില്‍. അങ്ങനെ വിവിധ ഇടങ്ങളില്‍ പ്രണയം സൂചികുത്തി പിന്നെ വരാനാകാതെ പോയേക്കാം. അല്ലേ?

അല്ലെങ്കിലും ഇപ്പോള്‍ പെണ്ണുങ്ങള്‍ക്കും പേരൊന്നും ഇല്ലല്ലോ  സര്‍. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും അത് പെണ്ണുങ്ങളാണെങ്കില്‍ സ്ഥലപ്പേരും നാനാര്‍ത്ഥങ്ങളും മാത്രം. ഞാന്‍ സാറിനെ കാണുന്നത് ഒരു കുമ്പസ്സാരക്കൂടായാണ്. എല്ലാം പറഞ്ഞവസ്സാനിപ്പിക്കാനായുള്ള ഒരു സന്നിധി. (പെണ്‍കുട്ടികളുടെ പ്രണയം ആണിന്റെ പേരായിരുന്നു)

ഒരു കുമ്പസ്സാരകൂടാകാന്‍ നിങ്ങളൊരുങ്ങുക പുരുഷന്മാരെ.
“സര്‍ എവിടെയാണ് ഉള്ളത്?”­­
ഞാന്‍ വീട്ടിലുണ്ട്
എനിക്ക് സംസാരിക്കാമോ?
അതെന്താ അങ്ങനെ ചോദിച്ചത്? പ റഞ്ഞോളൂ..
അല്ല സാര്‍, എല്ലാ വീടുകളും ഒരുപോലെയാണ് ഞാന്‍ ഭയപ്പെടുന്നു.

വീടിനകം പേടിപ്പിക്കുന്നതാണ്  സാര്‍ . (മാര്‍ത്ത അങ്ങനെയാണ് പറഞ്ഞത്. ഓരോ പെണ്ണിനും എന്തൊക്കെയോ പറയാനുള്ള പോലെ. കേള്‍ക്കാന്‍ കാതില്ലാത്ത പോലെ)

ഒരു മാടിനെപ്പോലെ ജീവിക്കുന്നതിലും നല്ലത് ഒരു പക്ഷിയെപ്പോലെ ആകാശത്തേയ്ക്ക് പറക്കുന്നതാണ്. എന്റെ അമ്മ പ്രാര്‍ത്ഥിച്ച ദൈവങ്ങളൊന്നും ഒന്നും കണ്ടിട്ടില്ല. ഒക്കെ കണ്ണടച്ച് ഉറങ്ങുവാണ് (ആല്‍ത്തറയിലെ ദൈവം മൗനിയാണ്).

ഏതു വിഷയത്തെക്കുറിച്ചും നുണപറയാന്‍ കഴിയുന്നവര്‍ക്ക് ആ വിഷയത്തില്‍ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം. അങ്ങനെവരുമ്പോള്‍ അവര്‍ക്ക് സത്യം എന്തെന്ന് പറയുവാനുള്ള പ്രാപ്തിയും ഉണ്ടായിരിക്കും (മരണത്തിന്റെ രസ്സതന്ത്രം).

കെട്ടുകഥകളെപ്പോലും വെല്ലുന്ന, പൂരിപ്പിക്കാനാകാത്ത  പസ്സിലുപോലെ, ഉത്തരങ്ങളില്ലാത്ത സമസ്യ, ജീവിതം. സത്യത്തിനേക്കാള്‍ വൃത്തിയുള്ള നുണകള്‍ മെടഞ്ഞു ചുറ്റിയ എന്നാല്‍ കഥകളല്ലാത്ത പച്ചയായ മനുഷ്യനെ മണക്കുന്ന സിനിമകള്‍. അവയ്ക്കുള്ളിലെ കുരുക്കഴിച്ചുമാറ്റി നിവര്‍ത്തി നോക്കുന്ന കഥാപാത്രങ്ങള്‍. ‘മേരി ‘ അങ്ങനെയാണു വിയര്‍ത്തൊഴുകി പാതിമറഞ്ഞും പാതിതെളിഞ്ഞും എന്റെയുള്ളിലേയ്ക്ക് എത്തിനോക്കിയത്. ആടിത്തകർത്തു കൊണ്ട് ഒരു തെരുവുനർത്തകി കണ്ണില്‍ നിറയെ പ്രതീക്ഷയുമായി നില്‍ക്കുന്നു. ’ഓക്കേ അല്ലെ സര്‍‘ എന്ന ചോദ്യം കാതിലിങ്ങനെ മുഴങ്ങിക്കേള്‍ക്കുന്നു. കൂടെ ഞാനും വിയര്‍ക്കുന്നു.

പെണ്ണുടലുകളുടെ അത്ര ചെറുതല്ലാത്ത രാഷ്ട്രീയം കൃത്യമായ അളവില്‍ ഉപ്പുകൂടിപ്പോകാതെ, കയ്പ്പറിയിക്കാതെ പറഞ്ഞുവച്ചിരിക്കുന്നു. വരമ്പൊന്നു തെറ്റിയാല്‍ അശ്ലീലമാകുന്ന നേര്‍ത്ത ഇടവഴികലുള്ള ഒരു രാജ്യമാണ് സൗന്ദര്യം.

‘ആള്‍ക്കൂട്ടമൊരിക്കലും  പെണ്ണിന്റെ ശരീരത്തെ മനുഷ്യനായി കാണുകയില്ല. അതൊരു ഉപഭോഗവസ്തുവാണ്, പ്രത്യേകിച്ചും കേരളമെന്ന കണ്‍സ്യുമര്‍ സ്റ്റേറ്റില്‍ (ആഴത്തിന്‍ മീതെ ഇരുള്‍)

അതെ ‘അയാളുടെ ഒരു സ്പര്‍ശം മതി ഇനിയെനിക്ക് ജീവിക്കുവാന്‍, അത് ഉടലുകള്‍  ഉരഞ്ഞു കിട്ടുന്ന നിര്‍വൃതിയ്ക്കല്ല, മനസ്സിലാളുന്ന സ്നേഹാഗ്നി ജ്വലിക്കാന്‍’  ഇതിലും വ്യക്തമായി ഇതെങ്ങനെ പറയും?

‘ദൈവം എന്റെ കാമുകനല്ല. എന്റെയുറക്കത്തില്‍ എന്റെയരികില്‍ എത്തുന്ന ജാരനാണ്‌’  കറുപ്പിനുള്ളില്‍ ആഗിരണം ചെയ്യപ്പെടുന്ന ഏറ്റവും തെളിച്ചമുള്ള പ്രയോഗങ്ങള്‍.ഒ ടുക്കത്തെ നോവെന്നു പ്രാകുമ്പോള്‍ ഒറ്റമൂലികളാകുന്ന തൊടലുകള്‍.

ചെയ്യുന്ന ഒരു സിനിമ ലോകം മുഴുവന്‍ അറിയണമെന്നും അത് വ്യത്യസ്തമായ ഒരു സ്ത്രീ സിനിമ ആകണമെന്നും അതിലൂടെ പുരുഷനെന്ന ജീവിയെ ലോകത്തിന്റെ ഡിസ്ക്ഷന്‍ ടേബിളില്‍ കിടത്തണമെന്നും ആഗ്രഹിക്കുന്ന ജസീന്ത. ‘ഒന്നാഞ്ഞു വീശിയാല്‍ കിടക്കയിലേയ്ക്ക് വീഴുന്ന കുലവാഴകളാണ് ചില പെണ്ണുങ്ങള്‍. അങ്ങനെ ആകാനോ ആകാതിരിക്കാണോ ഉള്ള സാധ്യതയെ നിർത്തികൊണ്ട് എന്റെ പെണ്‍വായനകള്‍ തുടരട്ടെ.

ഉറക്കത്തില്‍ പോലും തുളച്ചു കയറുന്ന ഓര്‍മ്മകളുടെ മണങ്ങളില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു. സിഗരറ്റിന്റെ, പൂവിന്റെ, അമ്മിഞ്ഞയുടെ, അച്ഛന്റെ, കറികളുടെ, തടിയുടെ, ഉടുപ്പിന്റെ, പാവാടയുടെ, എന്തിനു; പ്രാര്‍ത്ഥനയുടെ പോലും മണം പോലും ആവാഹിച്ചെടുക്കാന്‍ എന്റെ മുറിയെ ഞാന്‍ ഒരുക്കിയിരിക്കുന്നു.

കള്ളുകുടിക്കുന്ന അച്ഛന്‍ തൊട്ടുകൂട്ടാന്‍ എന്തെങ്കിലും കിട്ടാന്‍ വേണ്ടി വിളിക്കുന്ന മകള്‍, പിന്നീട് അതിനുള്ള സമയമാകുമ്പോള്‍ എല്ലാം ഒരുക്കി കാത്തിരിക്കുന്ന മകള്‍. ആദ്യം തൊട്ടുനക്കിയും പിന്നീട് ചെറിയ വായിലേയ്ക്ക് വലിയ വീഴ്ത്തലുകളായതും. (ആരുടെയെങ്കിലുമൊക്കെ ജീവിതം)

ജസ്സീന്ത അത്  പറയുമ്പോള്‍ തൊണ്ടയില്‍ ആദ്യം തട്ടിയ പട്ടച്ചാരയത്തിന്റെ തണുപ്പ്, സ്ഥിരമായ അച്ഛന്‍ മണങ്ങളിലേയ്ക്ക് ഓടിക്കയറി ഞാന്‍. അവള്‍ മരിച്ചപ്പോള്‍ ഞാനും മരിച്ചതായി തോന്നി. അതെ. കട്ടിലില്‍ നിന്ന് തള്ളിമാറ്റിയവ, തറയിലേയ്ക്ക് ഊർന്നു വീണവ,അടുക്കളയില്‍ തിളച്ചു തൂവിയവ, പറയാനൊരു പ്രപഞ്ചവും താങ്ങി ഒപ്പമുണ്ട്. പലര്‍ക്കും അറിയാവുന്ന ഒരാള്‍ ആരുമറിയാതെ ഇല്ലാതാകുന്നു (സൂര്യന്‍ കത്തുന്നത് ഉച്ചിയിലാണ്). അങ്ങനെയാകാം. അല്ലേ? അതെ, യാത്രയും ഉറക്കവും ഭാഷയും ദേശവും ഒക്കെ കുത്തിയൊലിച്ച് മഴയായി താഴ്വരയെ ആശ്വസിപ്പിക്കും. പിന്നെ ശാന്തമായ മൗനം.

മേരിയും സമീരയും ഉമയും കമലവും സുചിതയും മാര്‍ത്തയും ജസീന്തയും സുരഭിയും ഞാനാണ്.

മൂന്നാം മാസം കട്ടിയുള്ള ബ്രാസിയര്‍ ചുറ്റി പണിക്ക് പോകുമ്പോള്‍, നെഞ്ചില്‍ കയ്യമര്‍ത്തി ഓരോ പത്ത് മിനുട്ടിലും ഞാന്‍ സ്കൂള്‍ ബാത്ത്റൂമില്‍ പാല്‍ മണമിങ്ങനെ പിഴിഞ്ഞ് കളയുമ്പോള്‍, മകളെയോര്‍ക്കുമ്പോള്‍, മാറുപൊട്ടി നോവുമ്പോള്‍, പനിച്ചു വിറയ്ക്കുമ്പോള്‍.. ചാരി നിന്ന് കരയുമ്പോള്‍ ചുറ്റിപ്പിടിക്കാന്‍ ഒരു കയ്യല്ലാതെ ഒരുമ്മയല്ലാതെ നൊന്തു വെന്തുപോയ പെണ്ണൊരുത്തിയും ആഗ്രഹിക്കുന്നിലെടോ പുരുഷന്മാരെ… വായിക്ക്..

നദിയിലേയ്ക്കു വേരുകളിറക്കിയ ഒരു മരമാണ് നീ
എവിടെ നിന്നോ ഒഴുകി വന്ന്
നിന്റെ വേരുകളില്‍ കുടുങ്ങിപ്പോയ ഇലയാണ് ഞാന്‍
ജീവിതം മുന്നോട്ടൊഴുകുമ്പോഴും ഒപ്പമൊഴുകാന്‍ മടിച്ച് കടലില്‍ ചേരാനുള്ള സ്വന്തം നിയോഗം മറന്നു
നിന്റെ വേരുകളില്‍ കുടുങ്ങിക്കിടക്കുന്ന ഒരില….
(വ്യവഹാരത്തിന്റെ ഒളിവിടങ്ങള്‍ -രണ്ട് :മധുപാൽ)

LEAVE A REPLY

Please enter your comment!
Please enter your name here