പുസ്തകം വിവാഹം ക്ഷണിക്കുന്നു
വിവാഹക്ഷണപത്രിക പല രൂപഭാവങ്ങളില്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ തീര്‍ത്തും പുതുമയോടെ ഒരു ക്ഷണക്കത്ത് ഉണ്ടായിരിക്കുന്നു, ക്ഷണക്കത്തല്ല; ക്ഷണപുസ്തകം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന പ്രഖ്യാത നോവലാണ് കല്യാണക്ഷണ പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നത്. പുസ്തകത്തിന്റെ പുറംചട്ട കല്യാണക്ഷണം കൂടിയാണ്. ഹ്രസ്വായുസ്സുകളായ വെഡ്ഡിങ് ഇന്‍വിറ്റേഷന്‍ കാര്‍ഡുകളെ തോല്പിച്ചു കൊണ്ട് എല്ലാക്കാലവും സൂക്ഷിച്ചു വെയ്ക്കുമെന്ന പ്രത്യേകത മാത്രമല്ല ഈ ക്ഷണപ്പുസ്തകത്തിനുള്ളത്. അത് പുസ്തകവായനയിലേക്കുള്ള ഒരു ക്ഷണം കൂടിയാണ്.

തലമുറകള്‍ക്ക് കൈമാറാവുന്ന വിശിഷ്ടമായ ഒരു സാഹിത്യ കൃതി വിവാഹക്ഷണമാക്കിയിരിക്കുന്നത് പ്രവാസി എഴുത്തുകാരനായ അഷ്‌റഫ് പേങ്ങാട്ടയില്‍ ആണ്. മകന്‍ അബ്ദുള്ളയുടെയും തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി അബിത ബഷീറിന്‍റെയും വിവാഹക്ഷണക്കത്താണ് അഷ്‌റഫ് വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നത്. ക്രിസ്തുമസ്-പുതുവത്സര ആശംസകാര്‍ഡിന് പകരമായി ഗ്രീറ്റിങ്ങ് ബുക്ക് എന്ന ആശയം ഡി സി ബുക്‌സ് മുന്‍പ് പുറത്തിറക്കിയിരുന്നു. പുസ്തകകവറുകളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയ പ്രസാധകരാണ് ഡി സി ബുക്‌സ്. സുകുമാര്‍ അഴീക്കോടിന്റെ തത്വമസി എന്ന പുസ്തകത്തിന് കണ്ണാടി പതിച്ചും, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ സുധീഷ് കൊട്ടേമ്പ്രവും, ഒ വി വിജയന്‍റെ തലമുറകള്‍ ബാര ഭാസ്‌കരനും വരച്ച ആയിരം വ്യത്യസ്ത കവറുകളോടെ ഡി സി ബുക്‌സ് പുറത്തിറക്കിയിരുന്നു.

