കവിത
ബിനേഷ് ചേമഞ്ചേരി
അവരെന്നെ പകുത്തെടുക്കുമ്പോൾ
കയ്പ്പേറുമീ കരൾ മാത്രം ബാക്കിവെക്കുന്നു.
ഉടൽ കത്തുന്നോരടുപ്പിലെന്നും
ഉയിർപ്പൂക്കൾ ചാരമാവുന്നു.
വിളവെടുപ്പിന്നു പാകമാവുന്നതിൻ മുൻപെ
സ്വപ്നവിത്തുകളെല്ലാമവർ അരിഞ്ഞെടുക്കുന്നു.
മനസ്സിൻ മരച്ചില്ലയിൽ
മടുപ്പിൻ കരിങ്കുരങ്ങുകൾ
ചവർപ്പിൻ നെല്ലിക്കകൾ കൊഴിച്ചിടുന്നു.
മുടിയഴിച്ചാടുന്ന തെയ്യങ്ങൾ ചുറ്റിലും
കനൽച്ചീളുകൾ കാൽപന്തുപോലുരുട്ടുന്നു.
ഇനിയിവിടെ നീയെനിക്കൊരു ബോധിവൃക്ഷം.
ഞാനെന്നിൽ നിന്നും
ഇറങ്ങി നടക്കുമൊരു തഥാഗതൻ .
ഞാനുപേക്ഷിക്കും ഉടൽക്കൊട്ടാരത്തിനു ചുറ്റും
പുഴുക്കൾ, കൃമികീടങ്ങൾ,
മണ്ണിൻ കടിഞ്ഞാണാകും മുതുവേരുകൾ,
ആദിപ്പൊരുളിൻ ജലമുഴക്കങ്ങൾ,
പായൽമണം പരത്തും വെയിൽച്ചീളുകൾ .
ഇനി നീയെനിക്കൊരു വിഭൂതി,
ദിഗംബരനൃത്തത്തിലെന്റെ കാൽത്തള.
പാപം കറന്നെടുക്കുമെൻ അബോധമണ്ഡലത്തിൻ
വാതിൽപ്പടിയിലെ സാലഭഞ്ജിക.
ഹൃദയത്തിന്നകക്കാമ്പു തൊടുന്നതിൻ മുൻപെ
കത്തിത്തീർന്നു പോവാത്തൊരു വാൽനക്ഷത്രം !
…