പിരമിഡ്

0
504

ചെറുകഥ

റഫീക്ക് പട്ടേരി

ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടേ മുപ്പതിനാണ് ആ അറിയിപ്പ് അയാളുടെ കയ്യിൽ കിട്ടുന്നത്. പിന്നീട് ചോദ്യങ്ങളോ ഉത്തരങ്ങളോ ഉണ്ടായിരുന്നില്ല. ജോലി നഷ്ടപ്പെട്ടു എന്ന തിരിച്ചറിവായിരുന്നു അത്.
സമ്പന്നമായ അറബ് രാജ്യത്തെ പതച്ച മണ്ണിലൂടെ അലസമായി മുറിയിലേക്ക് നടന്നു. കമ്പനി പാസ്പോർട്ട് തിരിച്ചു നൽകിയതിനാൽ ഒരു തരം സ്വാതന്ത്ര്യവും കൂടെ ഉണ്ടായിരുന്നു. ഇവിടെ തനിക്ക് എന്ത് തീരുമാനവും എടുക്കാം.
ഈ സമയം ജനാധിപത്യ പറുദീസയായ ഇന്ത്യയിൽ നോട്ട് നിരോധനം സംഭവിച്ച് ജനം പരിഭ്രാന്തരായി കഴിഞ്ഞിരുന്നു. അവർ ചരിത്രത്തിലെ സമ്പന്നരായ ദരിദ്രന്മാരായിക്കഴിഞ്ഞിരുന്നു.

കഫ്റ്റീരിയയുടെ മുന്നിലെ ടിവിയിൽ വാർത്ത കാണാൻ തടിച്ചു കൂടിയ ഇന്ത്യക്കാരിൽ യൂസഫും ഉണ്ടായിരുന്നു. യൂസഫിനെ കണ്ട അയാൾ നിന്നു.
‘യൂസഫ് …” അയാൾ വിളിച്ചു.
യൂസഫ് തിരിഞ്ഞു നോക്കി. അയാളെ കണ്ട യൂസഫ് ഒരു ചിരിയോട് കൂടി അയാൾക്കടുത്തേക്ക് വന്നു : “എന്താ ഇന്ന് ഡ്യുട്ടി ഇല്ലേ …? ”
” ഇനി മുതൽ ഇല്ല ” അയാൾ പറഞ്ഞു
“എന്ത് പറ്റി ?”
“കമ്പനി കുറേ പേരെ പിരിച്ച് വിട്ടു അതിൽ ഞാനും ഉണ്ട് , അതിരിക്കട്ടെ എന്താ ഇവിടെ ?”
” നോട്ട് നിരോധനത്തിന്റെ വാർത്ത നോക്കിയതാ. പണമില്ലാത്തത് കൊണ്ട് ആദ്യമായി സന്തോഷം തോന്നിയത് ഇന്നാണ് ” ചിരിയോടെ യൂസഫ് പറഞ്ഞു.
” ഊം…”
“ഇനി എന്താ പരിപാടി ?”
“മഹാ ശുന്യത… ”
“ഒരു ചായ കുടിച്ചാലൊ?”
”ആവാം”
എന്ത് കൊണ്ടോ ചായക്കപ്പുകൾക്ക് ഒപ്പം അവരും നിശ്ശബ്ദരായിരുന്നു.
“പെട്ടന്ന് ജോലി പോയാൽ എന്താ ചെയ്യാ …? ” യൂസഫ് ആലോചനയോടെ ചോദ്യരൂപേണെ ആത്മഗതം ചെയ്തു. പിന്നെ സ്വയം ആശ്വസിപ്പിച്ച് ചിരിച്ചു.
“എന്താ യൂസഫെ ഭയം തോന്നുന്നുണ്ടോ ?”
“ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല”
“ഊം … ” അയാൾ ചായയുടെ അവസാന വലിയും പൂർത്തീകരിച്ച് എഴുന്നേറ്റു , കൂടെ യൂസഫും.
പെട്ടന്ന് ഫോൺ ശബ്ദിച്ചു അയാൾ ഫോണെടുത്ത് നോക്കി. ഒരു അപരിചിതമായ നമ്പറായിരുന്നു അതിൽ തെളിഞ്ഞത്. അൽപസമയം അയാൾ ചിന്തയോടെ നിന്നു. പിന്നെ ഫോൺ എടുത്തു. പക്ഷേ, അപ്പോഴേക്കും അത് കട്ടായിരുന്നു.



യൂസഫിനോട് യാത്ര പറഞ്ഞ് മുറിയിലേക്ക് നടക്കുമ്പോൾ ഫോൺ വീണ്ടും ശബ്ദിച്ചു. അയാൾ ഫോൺ എടുത്തു : “ഹലൊ…”
ഫോണിൽ നിന്നും കേട്ട ശബ്ദം ഭാര്യയായിരുന്ന സ്ത്രീയുടേതാണെന്ന് തിരിച്ചറിയാൻ അയാൾക്ക് അധികം സമയം വേണ്ടി വന്നില്ല : “ഹലൊ…
”ഐ ആം സാറ … ” ഫോണിൽ നിന്നും സാറയുടെ ശബ്ദം വീണ്ടും കേട്ടു.
“യാ ഐ നോ , ടെൽമി സാറ ആർ യു ഒക്കെ …”
“ഞാനും നിങ്ങളുടെ മകളും സുഖമായിട്ടിരിക്കുന്നു. ഈജിപ്തിൽ പതിവിലും കൂടുതൽ തണുപ്പുണ്ട് അത് കൊണ്ട് ചെറിയ ജലദോശമുണ്ട് അവൾക്ക് …”
“കൂടുതൽ ഉണ്ടോ …? ”
“ഇല്ല … പക്ഷേ… ”
“എന്താ…?”
“അവൾക്ക് നിങ്ങളെ മിസ്സ് ചെയ്യുന്നു. കാണണമെന്ന് പറയുന്നു.”
അയാൾ അൽപം നേരം ചിന്തയിലാണ്ടു.
ഫോണിൽ നിന്നും ചോദ്യമുയർന്നു: “ഒന്നും പറഞ്ഞില്ല”
“ഈം …ഞാൻ ഈജിപ്തിലോട്ട് വരാം”
“ജോലി… ?”
“ഇപ്പോൾ ജോലിയില്ല സർവ്വ സ്വതന്ത്രൻ. ദുബായി സാമ്പത്തിക മാന്ദ്യത്തിലാണ് പല കമ്പനികളും പൂട്ടി. എന്റെ കമ്പനിയും അതിൽ പെടും”
തനിക്ക് പരിചിതമല്ലാത്ത ഏതോ ഒരു ഈജിപ്ഷ്യൻ വാക്ക് സാറ പറഞ്ഞു. പിന്നീട് കൂടുതലൊന്നും പറഞ്ഞില്ല ഫോൺ കട്ട് ചെയ്തു. സാറയുടെ ഓർമ്മകളായിരുന്നു പിന്നീട്…



ഒരു വൈകുന്നേരം അബുദാബിയിലെ കോർണേഷ്യയിലൂടെ അലക്ഷ്യമായി നടക്കുമ്പോഴാണ് ആദ്യം സാറയെ കാണുന്നത്. അപ്പോൾ സാറയുടെ കയ്യിൽ ഒരു പുസ്തകം ഉണ്ടായിരുന്നു “Broken Wings… ” ഖലിൽ ജിബ്രാൽ. ജിബ്രാന്റെ അക്ഷരങ്ങളുടെ മാസ്മരികത പോലെ സാറയും ഒരു മാസ്മരിക വലയത്തിലാണെന്ന് തോന്നി. പിന്നീട് പലപ്പോഴും അവിടെ വെച്ച് തന്നെ സാറയെ കണ്ടു. ഓരോ പ്രാവശ്യം കാണുമ്പോഴും സാറയുടെ കയ്യിൽ ഓരോ പുസതകങ്ങൾ ഉണ്ടായിരുന്നു.

ചിരിയിൽ തുടർന്ന അടുപ്പം സംഭാഷണങ്ങളിലേക്കും ദീർഘ ചർച്ചകളിലേക്കും നീങ്ങി. അത് പിന്നീട് യാത്രകളിലേക്ക് വളർന്നു. ഈജിപ്തിന്റെ മിത്തുകൾ നിറഞ്ഞ കഥകൾ സാറ പറയുമ്പോൾ അവളുടെ കണ്ണുകൾ ഇറുകിപ്പോകുമായിരുന്നു. കെയ്റോയ്ക്കും ജിസ്സേയ്ക്കും ഇടയിലാണ് അവളുടെ വീട്.
“മഹാനായ ചക്രവർത്തി അലക്സാണ്ടറുടെ പിൻമുറക്കാരായ ടോളമി രാജാക്കന്മാർ നിർമ്മിച്ച ലോക പ്രശസ്തമായ ഗ്രന്ഥാലയവും അതിന്റെ പാരമ്പര്യവുമാണൊ സാറാ നിന്നെ പുസ്തകങ്ങളുടെ സഹയാത്രികയാക്കിയത്?”

സാറ മനോഹരമായി ചിരിച്ചു. അല്ലെങ്കിലും സാറയുടെ ചിരി വശ്യമാർന്നതായിരുന്നു.

ഒരു അവധി ദിവസം സാറയുമൊത്ത് ലക്ഷ്യമില്ലാത്ത യാത്രയിലാണ് സാറ കേരളത്തെക്കുറിച്ച് പറഞ്ഞത്. ഒരിക്കൽ കേരളത്തിൽ പോകണമെന്നതാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അൽഭുതം തോന്നി.
“കേരളം ഒരു അനുഗ്രഹീത നാടാണ് ദൈവത്തിന്റെ കയ്യൊപ്പുള്ള നാട് ” സാറ പറഞ്ഞു.
എന്ത് പറയണമെന്നറിയാതെ ഞാൻ അൽഭുതപ്പെട്ടു: ”എന്റെ ആഗ്രഹം മെഡിറ്റനേറിയൻ കടൽ മുതൽ സൂയസ് കനാൽ വരെ ഒരു യാത്രയാണ് ” : അയാൾ പറഞ്ഞു.



സാറ പതുക്കെ അയാളുടെ നെഞ്ചിൽ ചാരി. ഉന്മാദമുയർത്തുന്ന ഷാംപുവിന്റെ ഗന്ധം അയാൾ അനുഭവിച്ചു. അതിന്റെ നിറവിൽ അയാൾ കാർ പതുക്കെ സൈഡ് ഒതുക്കി നിറുത്തി.
” സാറ …”
“ഊം …” സാറ മൂളി
പിന്നീട് മൗനമായിരുന്നു. അനന്തമായി നീളുന്ന മൗനം. നിശ്ശബ്ദമായി അനേകം ആശയങ്ങൾ പങ്ക് വെക്കാൻ കഴിയുമെന്നത് വലിയ തിരിച്ചറിവായിരുന്നു.
മൗനത്തിന്റെ മൂടുപടത്തിനകത്ത് നിന്നും പുറത്ത് വന്നത് സാറയായിരുന്നു: “ഞാൻ നാട്ടിൽ പോകുകയാണ് ”
“എന്താ പെട്ടന്ന്…?”
“ഒന്നുമില്ല അപ്പയെ കാണണം. നമ്മുടെ വിവാഹത്തിന് സമ്മതം വാങ്ങണം”
“സമ്മതം കിട്ടുമൊ? മറെറാരു രാജ്യക്കാരൻ, അതിലേറെ അപകടം മറ്റൊരു മതക്കാരൻ?
സാറ ചിരിച്ചു
“എന്റെ അപ്പ സമ്മതിക്കും. ഇന്ന് വരെ എന്നെ ഒരു കാര്യത്തിലും അപ്പ വേദനിപ്പിച്ചിട്ടില്ല. വിശാലമായ കാഴ്ചപ്പാടുള്ള അപ്പ ലോകത്തെ സമീപിച്ചത് ശുഷ്ക്കമായ ചിന്താഗതിയോടെ അല്ല. അപ്പയുടെ മകൾ എന്നതാണ് എന്റെ മൂല്യം. ദുബായിൽ ജോലി ചെയ്യണമെന്ന എന്റെ ആഗ്രഹം അതിലേക്ക് പറഞ്ഞയച്ചത് അപ്പയാണ് ”
” ഊം…. ” അയാൾ മൂളി

ഒരാഴ്ചയ്ക്ക് ശേഷം ഈജിപ്തിന്റെ ഗന്ധവും പേറി സാറ തിരിച്ചെത്തി. വൈകാതെ വിവാഹിതരായി ഒരുമിച്ച് താമസം തുടങ്ങി. സ്ത്രീ പുരുഷ ബന്ധങ്ങൾക്കിടയിലെ വൈരുദ്ധ്യം അവർ തിരിച്ചറിയുകയായിരുന്നു. ഇത്രയധികം മാറ്റങ്ങൾ ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോൾ ഉണ്ടാകുമെന്ന്‌ കരുതിയില്ല. എങ്കിലും എല്ലാത്തിനേയും സമീപ്പിച്ചു. എന്നാലും ഒരിക്കലും കാമുകിയല്ല ഭാര്യ എന്ന തിരിച്ചറിവ് അയാൾ നേടിക്കഴിഞ്ഞിരുന്നു.



ഇന്ത്യൻ സമ്പദ്ഘടനയുടെ തകർച്ചയെ കുറിച്ച് രവിയുമായി സംസാരിച്ചിരിക്കേ സാറയുടെ ഫോൺ വന്നു. അയാൾ വേഗത്തിൽ ഫോണെടുത്തു. കാരണം സാറ ഗർഭിണി ആയിരുന്നു.
“ഹലൊ…. ”
“ഡിയർ എനിക്ക് നല്ല പെയിനുണ്ട് ഞാൻ അശുപത്രിയിലേക്ക് പോകുന്നു അങ്ങോട്ട് വരു …”
മറുപടി കാക്കാതെ ഫോൺ കട്ടായി. അയാൾ രവിയോട് യാത്ര പറഞ്ഞ് ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയിലെത്തുമ്പോൾ സാറയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിരുന്നു. അയാൾ ലേബർ മുറിയ്ക്ക് മുന്നിൽ കാത്തിരുന്നു. ഇത് പോലെ ഹൃദയസ്പന്ദനത്തോടെ അയാളൊരിക്കലും എവിടേയും കാത്തിരുന്നിട്ടില്ല. അവിടെ അയാളുടെ ഹൃദയമിടിപ്പ് വർദ്ധിക്കുകയും ഹൃദയം തൊണ്ടയിലേക്ക് കയറി വരുന്ന പോലെ ഒരു ശ്വാസതടസം അനുഭവിക്കുകയും ചെയ്തു. ഇരിക്കാൻ കഴിയാതെ ആശുപത്രിയുടെ ഇടനാഴിയിലൂടെ അയാൾ നടന്ന് കൊണ്ടിരന്നു. എത്ര സമയം കടന്ന് പോയി എന്നറിയില്ല. സമയചക്രത്തിനും അപ്പുറത്തായിരുന്നു അയാൾ. ഭൗതികതയ്ക്കപ്പുറത്ത് ആത്മാവിൽ നിന്നും അയാളുടെ ജീവിതത്തിലേക്ക് ഒരാൾ കടന്ന് വരുന്നു. ത്രസിപ്പിക്കുന്ന മാനസീകവസ്ഥയിലൂടെ അയാൾ കടന്ന് പോകവേ ലേബർ റൂമിന്റെ വാതിൽ തുറന്നു. അറിയാതെ അയാളുടെ കാലുകൾ ലേബർ റൂമിന് നേരെ നീങ്ങി.

ശുഭ്രമായ ഒരു ടർക്കി ടവ്വലിൽ പൊതിഞ്ഞ ആ കുഞ്ഞു മാലാഖയെ നെഴ്സ് അയാളുടെ കൈകളിലേക്ക് നീട്ടി. വിറയാർന്ന കൈകളാൽ അയാൾ കഞ്ഞിനെ ഏറ്റുവാങ്ങി. അങ്ങിനെ അയാൾ അയാളുടെ രക്തത്തെ തൊട്ടറിഞ്ഞു. അതിന്റെ നിർവൃതിയിൽ അയാൾ അങ്ങിനെ നിന്നു. അപ്പോൾ കുഞ്ഞ് പതുക്കെ ഒന്ന് കരഞ്ഞു. കണ്ണുകൾ തുറന്ന് കുഞ്ഞ് അയാളെ നോക്കി.

സന്തോഷത്താൽ അയാൾ കുഞ്ഞിനെ ഇമയനക്കാതെ നോക്കി നിന്നു.
ഓർമ്മകൾ അററമില്ലെന്ന് തോന്നും. ജീവിതം അത് എത്ര മഹത്തരമായതാണ്. ആ കുഞ്ഞു മാലാഖ അയാളുടെ ജീവിതത്തിൽ ഇത്ര വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അയാൾ കരുതിയില്ല. ജോലി കഴിഞ്ഞ് മുഴുവൻ സമയവും അയാൾ മകൾക്കൊപ്പം ചിലവിട്ടു. അങ്ങിനെ ജീവിതത്തിന്റെ മനോഹാരിതയിലൂടെ നാലു വർഷങ്ങൾ കടന്ന് പോയി.



പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്. സാറയുടെ പിതാവ് കുഴഞ്ഞ് വീണു കിടപ്പിലായി. സാറയ്ക്ക് വലിയ കുറ്റബോധം ഉണ്ടായി. പിതാവിനെ തനിച്ചാക്കി പോന്നതാണ് എല്ലാത്തിനും കാരണം എന്നവൾ വിശ്വസിച്ചു.
ഒടുവിൽ സാറ ജോലി രാജി വെച്ച് ഈജിപ്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. എയ്ഞ്ചലിനെ പിരിയുക എന്നത് അയാൾക്ക് ഓർക്കാൻ പോലും കഴിയില്ലായിരുന്നു.
” നാളെ രാവിലെ ഏഴു മണിക്കാണ് ഫ്ലൈറ്റ് ” പുറത്തെ കാഴ്ചയിലേക്ക് നോക്കി സാറ പറഞ്ഞു.
അയാൾ മൂളി.
സെററിയിൽ കിടക്കുന്ന അയാളുടെ നെഞ്ചിന്റെ ചൂടിൽ എയ്ഞ്ചൽ ഉറങ്ങുകയാണ്.
ഉറക്കത്തിൽ അവൾ പതുക്കെ മന്ത്രിച്ചു: “അപ്പാ…”
‘പഞ്ഞിക്കെട്ടുകൾ പോലെയുള്ള വെള്ളിമേഘങ്ങൾക്ക് മുകളിലൂടെ വിമാനം മുന്നോട്ട് പോയി കൊണ്ടിരിക്കേ അയാൾ ഒരു പുസ്തകതാളിലൂടെ കടന്ന് പോവുകയായിരുന്നു. കഴിഞ്ഞ അരമണിക്കൂർ മുമ്പാണ് ദുബായ് എയർപോർട്ടിൽ നിന്നും പറന്നുയർന്നത്. വിമാനത്തിലെ അറിയിപ്പ് പ്രകാരം ഏകദേശം പതിനായിരം അടി മുകളിലാണ് ഇപ്പോൾ.

ശ്രദ്ധ വീണ്ടും പുസ്തകതാളിലേയ്ക്ക് തിരിച്ചു. അക്ഷരങ്ങളിലൂടെ മുന്നോട്ട് നീങ്ങവെ ഒരു ശബ്ദം : “മലയാളിയാണല്ലേ …? ”
ഞെട്ടലോടെ നോക്കിയപ്പോൾ ചിരിയോടെ ഒരു മധ്യവയസ്ക്കൻ നിൽക്കുന്നു
“നാലുകെട്ട് വായിക്കുന്നത് കണ്ടപ്പോൾ ഒരൽഭുതം അതും ദുബായ് കെയ്റോ വിമാനത്തിൽ ” ചിരിച്ചു കൊണ്ട് തന്നെയാണ് മധ്യവയസ്ക്കൻ അത്രയും പറഞ്ഞത്.
അയാളും ചിരിച്ചു.
തൊട്ടടുത്ത ഒഴിഞ്ഞ സീറ്റിൽ ഇരുന്ന് മധ്യവയസ്ക്കൻ പറഞ്ഞു: “ഒരു മലയാളിയെ കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം അത് കൊണ്ടാണ് തെറ്റിധരിക്കരുത് ”
“അതിനെന്താ ?”
“പിന്നെ , ഒരു സംശയം . ഒന്നും വിചാരിക്കരുത് …”
” പറയു എന്താ … ?”
” താങ്കൾ ഈജിപ്തിലേക്ക് ടൂർ പോകുകയാണൊ?”
“അല്ല ഞാൻ എന്റെ മകളെ കാണാൻ പോകുന്നു”
” മകളെ കാണാനൊ ?” സഹയാത്രികന് അൽഭുതം
സഹയാത്രികന്റെ ആൽഭുതവും കണ്ണിൽ വിരിഞ്ഞ അനേകം ചോദ്യങ്ങളും മനസിലായ അയാൾ നാലുകെട്ടിനെ വിശ്രമിക്കാൻ വിട്ടു
“അതെ എന്റെ മകൾ ഈജിപ്തിലാണ്”
“അവിടെ പഠിക്കുകയാണൊ ?”
”അവളുടെ അമ്മയുടെ നാടാണ് ഈജിപ്ത്. ഇപ്പോൾ അവൾ അമ്മയുടെ കൂടെയാണ് ”
ശരാശരി മലയാളിയുടെ സ്വഭാവം. അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ വില കൂടിയ സൂട്ട് ഒരു തടസമായിരുന്നില്ല. പിന്നെയും പിന്നെയും ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരുന്നു.
“വിവാഹ മോചനത്തിന് ശേഷം സാറ ഈജിപ്തിൽ നിന്നു തന്നെ വീണ്ടും വിവാഹം കഴിച്ചു അല്ലേ?”
“അതെ…”
“അതിൽ കുട്ടികൾ … ?”
“ഇല്ല ”
” എന്നാലും… മുൻ ഭാര്യയും ഭർത്താവും… പിന്നെ മകളും എനിക്ക് ഒരു സിനിമ കണ്ട പ്രതീതിയാണ് ”
“ഞങ്ങൾ പൂർണ്ണ സ്വതന്ത്ര്യത്തോടെ , സമ്മതത്തോടെ , സാഹചര്യങ്ങൾ കാരണം പിരിഞ്ഞവരാണ്. അല്ലാതെ …? ”
” ക്ഷമിക്കണം ഞാൻ … ”
” എനിക്ക് മനസ്സിലായി ”
എന്നിട്ടും സഹയാത്രികൻ വല്ലാത്ത അൽഭുതത്തിലായിരുന്നു.
മുൻ ഭാര്യയുടേയും ഭർത്താവിന്റെയും വീട്ടിലേക്ക് മകളെ കാണാൻ പോകുന്ന ഒരാൾ. ഇത്രയും വിശാലമായ ഒരു ലോകമോ?
സഹയാത്രികൻ അയാളുടെ സീറ്റിലേക്ക് തിരിച്ച് പോയിട്ടും അയാൾക്ക് പിന്നെ വായിക്കാൻ കഴിഞ്ഞില്ല. ചിന്തയോടെ അങ്ങിനെ ഇരുന്നു. പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.



മഞ്ഞ് പാളികൾക്കിടയിലൂടെ ഈജിപ്തിന്റെ വിദൂര ദൃശ്യം കണ്ട് കൊണ്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. മനോഹരമായ ആ ദൃശ്യം വിൻഡോയിലൂടെ കണ്ട് കൊണ്ടിരിക്കേ ഫ്ലൈറ്റ് ലാൻറിങ്ങ് അറിയിപ്പ് ലഭിച്ചു. അങ്ങിനെ മണിക്കൂറുകൾക്ക് ശേഷം വീണ്ടും ഭൂമിയിലേക്ക്…

എയർപോർട്ടിൽ നിന്നും പുറത്ത് വരുമ്പോൾ കണ്ടു, അതാ എയ്ഞ്ചൽ ഓടി വരുന്നു. അയാൾ അവളെ വാരി എടുത്തു. എയ്ഞ്ചൽ കരച്ചിലോടെ അയാളെ കെട്ടിപിടിച്ച് തോളിൽ കിടന്നു.
അയാൾ എയ്ഞ്ചലിന്റെ മനോഹരമായ മുടിയിലൂടെ തഴുകി നിൽക്കേ അയാൾക്ക് അടുത്തേക്ക് സാറയും ഭർത്താവും നടന്നു വന്നു. സാറയെ അയാൾ നോക്കി. കൂടെയുള്ള തടിച്ച മനുഷ്യനെ സാറ തിടുക്കത്തിൽ പരിചയപ്പെടുത്തി.
“എന്റെ ഭർത്താവ് ”
അയാൾ തടിച്ച മനുഷ്യന് നേരെ കൈ നീട്ടി. അവർക്കിടയിൽ ഹസ്തദാനം നടന്നു.
തോളിൽ നിന്നും എഴുന്നേറ്റ എയ്ഞ്ചൽ നിറുത്താതെ സംസാരിച്ച് കൊണ്ടിരുന്നു.
ഓടികൊണ്ടിരുന്ന കാറിൽ എയ്ഞ്ചലിന്റെ കഥകൾ കേട്ട് കൊണ്ട് അയാൾ പിൻസീറ്റിൽ ഇരുന്നു. സാറയാണ് ഡ്രൈവ് ചെയ്തിരുന്നത്. അവൾ ഇടയ്ക്ക് മിററിലൂടെ അയാളെ നോക്കുന്നുണ്ടായിരുന്നു. നിർവ്വികാര മുഖഭാവത്തോടെ റോഡിലേയ്ക്ക് നോക്കി അവളുടെ ഭർത്താവ് അവൾക്കടുത്ത് നിശ്ചലനായി ഇരുന്നു.



സാറയുടെ മനോഹരമായ വീടിന്റെ മുന്നിലെത്തിയ അവർ പുറത്തിറങ്ങി. എയ്ഞ്ചൽ അയാളുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു.
“എയ്ഞ്ചൽ ദൂരെ പോകണ്ട. അപ്പയ്ക്ക് ക്ഷീണമുണ്ടാകും. വിശ്രമിക്കട്ടെ ” സാറ പറഞ്ഞു
അതിനു എയ്ഞ്ചലും അയാളും മറുപടി പറഞ്ഞില്ല.
എയ്ഞ്ചൽ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു. അങ്ങിനെ ഈജിപ്തിന്റെ ഗന്ധം ശ്വസിച്ച് സ്വന്തം ആത്മാവിനെ തൊട്ട് അയാൾ നടന്നു.
സൂര്യാസ്തമയത്തിന്റെ മഞ്ഞ വെളിച്ചം പരന്ന വിശാലമായ ഭൂമിയിലേക്ക് നോക്കി അയാൾ ഓർമ്മയിൽ മുഴുകി നിന്നു. ചിന്തയിൽ നിന്നുയർന്ന് അയാൾ കട്ടിലിലേക്ക് ശ്രദ്ധ തിരിച്ചു.എയ്ഞ്ചൽ ശാന്തമായി മന്ദസ്മിതത്തോടെ കട്ടിലിൽ കിടന്നുറങ്ങുന്നു. വാതിലിൽ മുട്ട് കേട്ട് അയാൾ നോക്കി സാറയായിരുന്നു.
“തനിക്ക് ബുദ്ധിമുട്ടായി അല്ലേ?”
സാറ ചോദിച്ചു.
“ബുദ്ധിമുട്ടോ എന്തിന് ?”
“എയ്ഞ്ചൽ ഇങ്ങനെ ചിരിച്ചിട്ട് കുറേ ആയി. എന്നും തന്റെ ഫോട്ടോ കെട്ടിപ്പിടിച്ച് സങ്കടത്തോടെയാണ് ഉറങ്ങാറ്. മാത്രമല്ല എന്റെ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്ന് വന്നത് മുതൽ അവൾ കുറേ കൂടെ എന്നിൽ നിന്നകന്ന പോലെ ആയി. സംസാരമില്ല, ചിരിയില്ല” സാറ പറഞ്ഞു: “തന്നെ കണ്ടപ്പോൾ എല്ലാം ശരിയായി ”
“ഊം … ” അയാൾ പറഞ്ഞു: “ഞാനവളെ കൊണ്ട് പോകുകയാണ് ”
“എനിക്ക് അവളെ കാണാതിരിക്കാൻ കഴിയില്ല “സാറ പറഞ്ഞു : “എങ്കിലും സാരമില്ല. തന്റെ കൂടെ മാത്രമെ അവൾക്ക് സന്തോഷമുണ്ടാകു”
“ഊം ….” അയാൾ മൂളി
എയ്ഞ്ചൽ ഉറക്കത്തിൽ പതുക്കെ മന്ത്രിച്ചു: ”അപ്പാ .. അപ്പാ …”
സുഖകരമായ തണുപ്പുള്ള പ്രഭാതത്തിൽ സൈക്കിളിൽ എയ്ഞ്ചലുമൊത്ത് പിരമിഡ് കാണാൻ അയാൾ പുറപ്പെട്ടു.വെളുത്ത ഉടുപ്പും തൊപ്പിയും ധരിച്ച എയ്ഞ്ചൽ ഒരു മാലാഖ പോലെ തന്നെ ആയിരുന്നു.



മുന്നോട്ട് പോകുമ്പോൾ ഒരു മനുഷ്യൻ പോകുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് കണ്ടു. അതിൽ കൗതുകം തോന്നിയ അയാൾ ഭക്ഷണം വിതരണം ചെയ്യുന്ന മനുഷ്യനുമായി സംസാരിച്ചു.
“താങ്കൾ എന്താണ് ചെയ്യുന്നത് ?”
ആ മനുഷ്യൻ തല ഉയർത്തി അയാളേയും എയ്ഞ്ചലിനേയും നോക്കി. ആ മനുഷ്യന്റെ കണ്ണുകൾ ഈറനണിയുന്നത് അവർ കണ്ടു. ആ കണ്ണുകളിലെ അഴവും തീവ്രതയും അയാൾ അനുഭവിച്ചു.
“എന്റെ മാതാവിന്റെ ഓർമ്മയ്ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത് ” ആ മനുഷ്യൻ പറഞ്ഞു
ഒന്നും പറയാനാകാതെ നിർമ്മലമായ സനേഹത്തിന്റെ പൊക്കിൾക്കൊടിയുടെ ആർദ്രതയിൽ അയാൾ നിൽക്കേ ആ മനുഷ്യൻ തുടർന്നു :
” നരകയാതന അനുഭവിക്കുന്ന എന്റെ മാതാവിനെ എനിക്ക്… എനിക്ക്… ” കണ്ണുകൾ തുടച്ച് അയാൾ ഒരു ഭക്ഷണ പാക്കറ്റ് അവർക്ക് നേരെ നീട്ടി അതിനപ്പുറം പിരമിഡുകൾ ആകാശത്തിലേക്ക് തല ഉയർത്തി നിന്നു.

സൈക്കിളിൽ അവർ മുന്നോട്ട് പോയി കൊണ്ടിരുന്നു. കുറച്ചു നേരത്തെ മൗനത്തിന് ശേഷം എയ്ഞ്ചൽ ചോദിച്ചു : “അപ്പാ അയാളെന്തിനാ കരഞ്ഞത് ?”
ഒരു ദീർഘശ്വാസമെടുത്ത് കൊണ്ട് അയാൾ പറഞ്ഞു : “അയാൾക്ക് അപ്പയും അമ്മയും ഇല്ല അത് കൊണ്ട്. അപ്പയെ കാണാതെ മോൾ കരഞ്ഞില്ലേ അത് പോലെ ”
“ഊം …. ശരിയാ…. ”
ഈജിപ്തിന്റെ സ്വർണ്ണവർണ്ണം പെയ്യുന്ന സൂര്യനെ പുറകിലാക്കി എയ്ഞ്ചലുമായി മടങ്ങുമ്പോൾ. പരിവർത്തനത്തിന്റെ പന്ഥാവ് തേടുന്ന ഒരു പിതാവായി മാറുകയായിരുന്നു അയാൾ. എയർപോർട്ടിൽ അവരെ യാത്ര അയക്കുമ്പോൾ സാറയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ആയിരം വാക്കുകളേക്കാൾ വാചാലമായ മൗനത്തിന്റെ തീവ്രതയിൽ അയാൾ സാറയോട് യാത്ര പറഞ്ഞു. ഹസ്തദാനം ചെയ്യുമ്പോൾ സാറയുടെ കയ്യിന്റെ മൃദുലത അയാളെ ഓർമ്മകളിലേക്ക് നയിച്ചു. ആ കൈകൾ അതിന്റെ തലോടലുകളിൽ മടങ്ങിയ രാവുകൾ…
എയ്ഞ്ചലിനെ കെട്ടിപിടിച്ച് ഉമ്മ നൽകുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇററി വീണു.
എയ്ഞ്ചലി കൈ പിടിച്ച് തിരിഞ്ഞ് നടക്കവേ അയാൾ ഒരിക്കൽ കൂടി സാറയെ നോക്കി അയാൾ മന്ത്രിച്ചു : നന്ദി സാറ ….. നന്ദി..



LEAVE A REPLY

Please enter your comment!
Please enter your name here