നിധിൻ.വി.എൻ
സാമ്രാജ്യത്തിനെതിരെയുള്ള ഐതിഹാസിക സായുധ സമരത്തിനിടയിൽ പിടിക്കപ്പെടുകയും പിന്നീട് തടവറയിൽ വച്ച് വെടിയേറ്റ് മരണപ്പെടുകയും ചെയ്ത വിപ്ലവകാരിയുടെ ജന്മദിനമാണ് ഇന്ന്. മരണത്തിനിപ്പുറം ലോകത്തിന്റെ വിപ്ലവ സൂര്യനായി ജ്വലിച്ച ചെ ലോകമെമ്പാടുമുള്ള പേരാളികൾക്ക് ആശയും ആവേശവുമാണ്. തീവ്ര – വലതുപക്ഷക്കാർ തികഞ്ഞ അക്രമിയും ദയാദാക്ഷിണ്യമില്ലാത്ത കൊലയാളിയുമായി ചെയെ കാണുമ്പോൾ, ഇടതുപക്ഷ സഹയാത്രികൾ പോരാളിയായും, വിപ്ലവകാരിയായും, ആത്മസഖാവായും കണക്കാക്കുന്നു. 1928 ജൂൺ 14ന് ജനിച്ച ചെ അന്തർദേശീയ ഗറില്ലകളുടെ നേതാവായിരുന്നു.
“ഈ അസ്തമയത്തിൽ എനിക്ക് നിരാശയില്ല. നാളെയുടെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ” എന്നു പറഞ്ഞ ചെ, രോഗാതുരമായ സമൂഹത്തെ ചികിത്സിക്കുകയായിരുന്നു.
അർജന്റീനിയയിലെ റൊസാരിയോ എന്ന പട്ടണത്തിലെ ആശുപത്രികളിലൊന്നിൽ ഡോക്ടറായി ജീവിച്ചു മരിക്കേണ്ടിയിരുന്ന ഏണസ്റ്റോ ഗുവാര സർന എന്നയാൾ ചെയെന്ന വിപ്ലവകാരിയായത് തികച്ചും ആകസ്മികമായല്ല. ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ മോട്ടോർ സൈക്കിൾ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തുവാൻ സാധിച്ചു.
“ ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാണെങ്കിൽ എന്റെ സഖാവാണ് ” എന്നു പറഞ്ഞ ചെ, ഒരുവന്‍ അപരനെ സ്നേഹിക്കുന്ന അപരന്റെ വാക്കുകൾ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താൻ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കൊണ്ട് മാത്രമാണ് താൻ ആയുധം ഏന്തുന്നതെന്ന് ചെ ഉറച്ച് വിശ്വസിച്ചു.
ഇപ്പോഴും തുടരുന്ന ലോക വിമോചന പോരാട്ടങ്ങളുടെ വറ്റാത്ത ഇന്ധനമായി, ഓർമ്മകളുടെ കടലെടുത്തു പോകാത്ത വൻകരമായി, ഭൂമിയുടെ നെറുകയിൽ കാല് ഉറപ്പിച്ച് സാമ്രാജ്യത്തിന്റെ വിരി മാറിലേക്ക് നിറയൊഴിക്കാൻ തോക്കുയർത്തി നിൽക്കുന്ന പോരാളിയായി മാറുകയായിരുന്നു ചെ. ലോകം മുഴുവൻ വേദനിക്കുന്ന മനുഷ്യരുടെ നിലവിളികൾ കൊണ്ട് മുഖരിതമായപ്പോൾ മുറിവുകൾ തുന്നാൻ സർജ്ജനായി മാറുകയായിരുന്നു.