ബിനേഷ് ചേമഞ്ചേരി
പൂക്കളുപേക്ഷിച്ച ഘടികാരസൂചികൾ
വെയിൽപ്പക്ഷികൾ കൊത്തിയെടുത്ത്
നിഴൽച്ചിത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നത് നോക്കൂ..!
ചാമ്പമരച്ചുവട്ടിൽ അറവുമൃഗത്തിന്റെ
രണ്ടു ചോരച്ച കണ്ണുകൾ
ഉറുമ്പുകളുടെ ഒത്തൊരുമയെക്കുറിച്ച്
ആശ്ചര്യപ്പെടുന്നത് നോക്കൂ..!
കരിയിലകളുടെ കാതിൽ
ചിതൽ മഞ്ഞച്ച ചുണ്ടുകൾ കൊണ്ടു
മണൽ കാവ്യങ്ങളെഴുതുന്നത് നോക്കൂ..!
ഇന്നലെകളെ ശവക്കച്ച പുതപ്പിച്ച്
മറവികളുടെ തണ്ടിലേറ്റി
അമാലൻമാർ നടന്നു നീങ്ങുന്നത് നോക്കൂ..!
സ്വയം മുഖം നക്കി വെളുപ്പിക്കുവാനാകാതെ
ഒരു കറുത്ത പൂച്ച
ഉടലെപ്പോഴും നക്കി മിനുസപ്പെടുത്തി
പടിവാതിലിൽ നമ്മെത്തന്നെ ഉറ്റുനോക്കി കിടക്കുന്നത് നോക്കൂ..!
അസ്തമയത്തിലേക്കുള്ള ദൂരം അളന്നു തിട്ടപ്പെടുത്താനാവാതെയൊരു
കോൽക്കാരൻ വേദനകളുടെ
ചായക്കൂട്ടുകളെടുത്ത് ചക്രവാളത്തിലേക്ക് വലിച്ചെറിഞ്ഞത് നോക്കൂ..!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.