അവളുടെ മരണം ആത്മഹത്യയല്ല

0
376
bhaumini

കവിത
ഭൗമിനി

അവളുടെ മരണം
എത്ര പെട്ടെന്നായിരുന്നു!

ഒരു കയറിന്റെ അറ്റത്തായി
ജീവനറ്റ ഉടൽ തൂങ്ങിയാടുന്നു.
കണ്ണുകളിലായി ഒരു കിനാവ്
തുറിച്ചുന്തി നിൽക്കുന്നു.

തറയിലങ്ങിങ്ങായി
വിസർജ്ജ്യങ്ങൾ
പറ്റിപ്പിടിച്ചിരിക്കുന്നു.

യൗവനയുക്തയായ
സ്ത്രീയുടെ മരണം
ചിന്തകളുടെ കാടുകൾ
താണ്ടുവാൻ നിങ്ങളെ
പ്രേരിപ്പിച്ചേക്കാം.

സംശയത്തിന്റെ
കയറിൽ കുരുങ്ങി
നിങ്ങളും പലതവണ
ആത്മഹത്യ ചെയ്തേക്കാം.

മരണത്തിന്റെ വേരുകൾ
ചിക്കിച്ചികയുന്ന വേളയിൽ
ഉടയാത്ത മാറിടം കണ്ട്
അദ്ഭുതപ്പെടരുത്.

ഹൃദയം തുരക്കുമ്പോൾ
പ്രണയത്തിന്റെ തിരുമുറിവ്
ദൃശ്യമാകാത്തതിൽ
അല്പംപോലും
ദുഃഖിക്കുകയുമരുത്.

തലച്ചോറ് കീറി
പരിശോധിക്കുമ്പോൾ
സ്വാർത്ഥ പ്രണയത്തിന്റെ
വെടിയുണ്ട കണ്ട്
കിട്ടിയില്ലയെങ്കിൽ
ലജ്ജിക്കരുത്.

ഗർഭപാത്രത്തിന്റെ
ഉള്ളറകളിൽ
ബീജത്തിന്റെ അംശങ്ങൾ
കാണുന്നില്ലയെങ്കിൽ,
അതോർത്ത്
നിരാശനാകരുത്.

വേരുകൾ
അവസാനിക്കുന്നിടത്തെ
ശൂന്യത നിങ്ങളുടെ
നെറ്റിയിൽ
അസ്വസ്ഥതയുടെ
ചുളിവുകൾ വീഴ്ത്തുമ്പോൾ
അവളുടെ മരണവും
ആത്മഹത്യയുടെ
കോളങ്ങളിലേക്കോ,
ദുരൂഹ മരണങ്ങളുടെ
പട്ടികയിലേക്കോ
ഒപ്പുവയ്ക്കപ്പെടുന്നു.

ഞാനിപ്പോഴും
ഉറപ്പിച്ചു പറയുന്നു.

അവളുടെ മരണം
ആത്മഹത്യയല്ല
കൊലപാതകമാണ്;

മറ്റാരെക്കാളും
എനിക്കതു ബോധ്യമുണ്ട്.

അവളും ഞാനും തമ്മിൽ
ഒരു ശ്വാസത്തിന്റെ
ദൈർഘ്യമേയുള്ളൂ…

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here