കേരളത്തിലെ പതിനാല് ജില്ലകളിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വിനിമയകേന്ദ്രമായ ഭാരത് ഭവൻ സംഘടിപ്പിച്ച സാംസ്‌കാരിക പഠനയാത്രയുടെ സമാപനം നാളെ സാഹിത്യ അക്കാദമിയിൽ. കാസർഗോഡ് നിന്നും തിരുവനന്തപുരത്തുനിന്നും ഏപ്രിൽ നാലിന് യാത്ര ആരംഭിച്ച വിദ്യാർത്ഥികൾ നാളെ സാഹിത്യ അക്കാദമിയിൽ ഒത്തുചേരും. യാത്രയുടെ സമാപന സമ്മേളനവും യാത്രാംഗങ്ങൾക്കായുള്ള സാക്ഷ്യപത്ര വിതരണവും സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിക്കും. ചടങ്ങിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷത വഹിക്കും. സിനിമാ, നാടക സംവിധായകനും ഭാരത് ഭവൻ മെംബർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ സ്വാഗതം പറയും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ മുഖ്യാതിഥിയാണ്. ബാബുജോസ് ചടങ്ങിൽ നന്ദി പറയും.
കാസർഗോഡുനിന്നും തിരുവനന്തപുരത്തുനിന്നും രണ്ട് സംഘങ്ങളാണ് സാംസ്‌കാരിക പഠനയാത്ര നടത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന പ്രൊമോഷൻ ഓഫ് എക്‌സലൻസ് എമങ്ങ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിലെ കുട്ടികളെയാണ് സാംസ്‌കാരിക പഠനയാത്രയിൽ തിരഞ്ഞെടുത്തത്.
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ യുഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ ആദ്യറാങ്ക് കിട്ടിയ കുട്ടികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ക്യാമ്പിൽനിന്നാണ് പഠനയാത്രയിലെ കുട്ടികളെ കണ്ടെത്തിയതെന്ന് ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പറഞ്ഞു. ജനറൽ മെറിറ്റ്, പട്ടികജാതി, പട്ടികവർഗ്ഗ സംവരണം, ഭിന്നശേഷിയുള്ള കുട്ടികൾ എന്നിവർക്കുള്ള സംവരണം പാലിച്ചാണ് കുട്ടികളെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ജില്ലകളിൽ നിന്നുള്ള കുട്ടികൾക്ക് വടക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിൽ നിന്നുള്ള കുട്ടികൾക്ക് തെക്കൻ ജില്ലകളും സന്ദർശിക്കാൻ അവസരമൊരുക്കിയാണ് ഭാരത് ഭവൻ യാത്ര സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങൾ സന്ദർശിച്ച സംഘങ്ങൾക്ക് വിവിധയിടങ്ങളിൽ സ്വീകരണവും പരിപാടികളും ഒരുക്കിയിരുന്നു.