തിരുവനന്തപുരം: സാഹിത്യത്തിനുള്ള ഇരുപത്തിയെട്ടാമത് മുട്ടത്തു വർക്കി പുരസ്കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിനെ തിരഞ്ഞെടുത്തു. 50,000 രൂപയും പ്രഫ.പി.ആർ.സി. നായർ രൂപകൽപന ചെയ്ത ദാരുശില്പവും പ്രശംസാപത്രവുമാണ് പുരസ്കാരം. കെ.ആർ. മീര, എൻ. ശശിധരൻ, പ്രഫ.എൻ.വി. നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.
മുട്ടത്തു വർക്കിയുടെ ചരമവാർഷിക ദിനമായ 28 ന് പന്തളത്ത് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ വർഷം കെ.ആർ. മീരക്കായിരുന്നു പുരസ്കാരം ലഭിച്ചത്.