നിധിന്‍ വി.എന്‍.
സ്വ- അനുഭവങ്ങളുടെ ചൂടും ചൂരുമാണ് ആവിഷ്കാരത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്റെ രീതി. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വന്തം ഭാഷയില്‍ രചനകള്‍ നടത്തുക വഴി തന്റെ കഥാപാത്രങ്ങളെ വ്യത്യസ്തരാക്കാന്‍ ബഷീറിനു കഴിഞ്ഞു. സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യരുടെ ഭാഷയിലുള്ള രചനകള്‍ വായനക്കാരെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിക്കുകയും ചെയ്തു. ചിരിയിലൂടെ ചിന്തയിലേക്കുള്ള യാത്രയായിരുന്നു ബഷീര്‍ രചനകളിലേത്.
“ഈശ്വരന്റെ എണ്ണിയാലൊടുങ്ങാത്ത കലാസൃഷ്ടികളില്‍ ഒന്നായ സ്വയം കലാകാരനെന്നു വിചാരിക്കുന്ന ഒരു പാവപ്പെട്ട മനുഷ്യനാണ് ഞാനെന്നു വിചാരിക്കുന്നു. എന്റെ കലാസൃഷ്ടികള്‍ക്കെല്ലാമുണ്ട് മഹത്തായ ഉദ്ദേശം” എന്ന് പറയുന്ന ബഷീര്‍, ആ മഹത്തായ ഉദ്ദേശത്തിന്റെ പാതയില്‍ ആയിരുന്നു. മലയാള സാഹിത്യത്തില്‍ പ്രതിനായകന്മാരായും, കള്ളന്മാരയുമൊക്കെ അവതരിപ്പിച്ചിരുന്ന മുസ്ലീം ജനതയെ ബഷീര്‍ അവതരിപ്പിക്കുന്നിടത്ത് നിന്നാണ് അവരുടെ ജീവിതപരിസരങ്ങളെ കൂടുതലറിയാന്‍ കഴിഞ്ഞത്. പ്രതിനായക സ്ഥാനങ്ങളില്‍ നിന്നും നായക സ്ഥാനങ്ങളിലേക്ക് അവരെ കൊണ്ടുവരാനായത്.
1908 ജനുവരി 21-ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോല പറമ്പില്‍ ജനിച്ചു. കായി അബ്ദുറഹ്മാന്റെയും കുഞ്ഞാച്ചുമ്മയുടെയും മൂത്തമകന്‍. തലയോലപ്പറമ്പിലെ മലയാളം സ്കൂളിലും, വൈക്കം ഇംഗ്ലീഷ് സ്കൂളിലും പഠിച്ചു. ഗാന്ധിജിയെ കാണുന്നതിനുവേണ്ടി വീട്ടില്‍ നിന്നിറങ്ങിയ ബഷീര്‍, ഞാന്‍ ഗാന്ധിജിയെ തൊട്ടുമ്മാ എന്ന് പിന്നീട് എഴുതുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിച്ചു. ഭഗത്സിംഗിന്റെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ഉജ്ജീവനം എന്ന വാരിക പ്രസിദ്ധീകരിച്ചു. ജയകേരളം മാസികയില്‍ പ്രസിദ്ധീകരിച്ച “തങ്കം” ആണ് ആദ്യകഥ. മലയാള സാഹിത്യത്തിലെ യഥാതഥ (റിയലിസ്റ്റ്) പ്രസ്ഥാനത്തിന്റെ വിത്തിടുകയായിരുന്നു 1940- കളുടെ തുടക്കത്തില്‍ ബഷീര്‍. പ്രേമലേഖനം(1943), ബാല്യകാലസഖി(1944) എന്നീ നോവലുകള്‍ റിയലിസത്തിന്റെ ആദ്യകിരണങ്ങളായി.
“പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍ – എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്.
സാറാമ്മയോ?
ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍” പ്രേമലേഖനത്തിലെ വരികളാണ്. പ്രണയമെന്ന ജീവിതാവസ്ഥയെ ബഷീര്‍ തന്റെ അക്ഷരങ്ങളാല്‍ ജീവിപ്പിക്കുന്നു. സ്ത്രീ എന്നാല്‍ സ്വാര്‍ത്ഥതയുടെ ചിഹ്നങ്ങള്‍ ആണെന്ന് മാത്രം കരുതിപോന്ന ഒരു സമൂഹത്തെ തിരുത്താന്‍ കഴിയുന്നുണ്ട് നോവലിന്. സ്ത്രീകളുടെ ബുദ്ധിയെകുറിച്ച് ഇത്രമേല്‍ അടയാളപ്പെടുത്തിയ മറ്റൊരു കഥാകാരനും ഉണ്ടാകില്ല. അവനവന്റെ ഇഷ്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പരം സ്നേഹിക്കാനും ഒരുമിച്ചു ജീവിക്കാനും കഴിയണമെന്ന കാഴ്ചപ്പാടും ഈ നോവല്‍ പുലര്‍ത്തുന്നുണ്ട്.
“ഓ!… എന്നെ അങ്ങു കെട്ടിക്കൊണ്ടുപോയാല്‍പ്പിന്നെ എന്റെ തീറ്റച്ചെലവിനും, ഉടുപ്പുകെട്ടിനും, തേച്ചുകുളിക്കും, പൗഡറിനും, സ്പ്രേയ്ക്കും സെന്റുകുപ്പിക്കും, പേറിനും പെറപ്പിനും എന്റെ ചാവടിയന്തിരത്തിനും പണം വേണ്ടേ? അതു ഞാന്‍ നേരത്തേ തന്നാലേ എന്നെ കെട്ടിക്കൊണ്ടുപോകൂ!” എന്ന സാറാമ്മയുടെ വാക്കുകള്‍ സ്ത്രീധനമെന്ന വ്യവസ്ഥിതിയെ ആക്ഷേപഹാസ്യത്തോടെ വിമര്‍ശന വിധേയമാക്കുന്നതാണ്. നാടന്‍ ഭാഷയുടെ മാധുര്യവും, അതിന്റെ കാഠിന്യവും ബഷീര്‍ കൃതികളില്‍ കാണാനാകും. ആനവാരി രാമന്‍നായര്‍, കണ്ടം പറിയാന്‍, മുഴയം നാണു, എട്ടുകാലി മമ്മുഞ്ഞ്, തൊരപ്പന്‍ അവറാന്‍, ഒറ്റക്കണ്ണന്‍ പോക്കര്‍, ഡ്രൈവര്‍ പപ്പുണ്ണി, കൊച്ചുത്രേസ്യ, സൈനബ, മണ്ടന്‍ മുസ്‌തഫ എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് തീക്ഷണമായ അനുഭവങ്ങള്‍ക്കൊണ്ട് നമ്മെ ചുറ്റിവരിയുന്നത്.
“ഒരു മനുഷ്യനി”ലെ കള്ളന്‍ മനുഷ്യത്വം നശിക്കാത്തവരുടെ മുഖവുമായി നമ്മെ പൊള്ളിക്കുന്നു. കഥകളെല്ലാം ജീവിതങ്ങളാണ്. അനുഭവങ്ങളാണ്. അതെ ബഷീര്‍ ഇമ്മിണി ബല്ല്യ എഴുത്തുകാരനാണ്. സംഗീതത്തെ ഏറെ സ്നേഹിച്ചിരുന്ന സുല്‍ത്താന്‍, സോജാ രാജകുമാരി എന്ന ഗാനം പലവട്ടം കേള്‍ക്കാറുണ്ടായിരുന്നു. സംഗീതം മുറിവിനുള്ള മരുന്ന് തന്നെയാണെന്ന് ബഷീര്‍ വിശ്വസിച്ചിരുന്നു. ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട് ബഷീര്‍. അദ്ദേഹത്തിന്റെ കഥകളില്‍ താന്‍ ജീവിച്ച ജീവിത പരിസരം അതേപടി അടയാളപ്പെടുത്തിയിട്ടുണ്ട്. വലിയ ശബ്ദങ്ങളുടെ ഇടയില്‍ ജീവിച്ച അദ്ദേഹം അതെല്ലാം തന്റെ കഥകളിലേക്ക് കൊണ്ടുവന്നു. ആടും, കാക്കയും, പൂച്ചയും, നായയും, തൊടിയിലെ മാവും, ചാമ്പയുമെല്ലാം അദ്ദേഹത്തിന്റെ കഥകളില്‍ വന്ന് നമ്മെ തൊട്ടു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച ബഷീര്‍, ആഫ്രിക്ക, അറേബിയ തുടങ്ങിയ രാജ്യങ്ങളും സഞ്ചരിച്ചു. ഈ അനുഭവങ്ങള്‍ ബഷീറിനെ നല്ലൊരു മനുഷ്യനാക്കുകയായിരുന്നു.
പ്രേമലേഖനം, ബാല്യകാലസഖി,പാത്തുമ്മയുടെ ആട്, ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്, ശബ്ദങ്ങള്‍, മാന്ത്രികപ്പൂച്ച, ആനവാരിയും പൊന്‍കുരിശും, താരാ സ്പെഷ്യല്‍, മതിലുകള്‍, ജീവിത നിഴല്‍പ്പാടുകള്‍, അനുരാഗത്തിന്റെ ദിനങ്ങള്‍ മുതലായവ പ്രധാന നോവലുകളാണ്. വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ഒരു മനുഷ്യന്‍, നീലവെളിച്ചം, പൂവന്‍പഴം തുടങ്ങി നിരവധി ചെറുകഥകള്‍. കഥാബീജം എന്ന നാടകം, ഓര്‍മ്മയുടെ അറകള്‍ എന്ന ആത്മകഥ, ഭാര്‍ഗവിനിലയം എന്ന സിനിമയുടെ തിരക്കഥ എന്നിങ്ങനെ നീണ്ടു കിടക്കുന്നതാണ് ബഷീറിന്റെ രചനാലോകം. 1994 ജൂലൈ 5-ന് കഥാവശേഷനായ ആ കാഥികന്‍ നമ്മെ ഇന്നും ഭാഷകൊണ്ട് വിസ്മയിപ്പിക്കുന്നു.