അനഘ സുരേഷ്
കേരളീയരുടെ ഉത്സവങ്ങളെല്ലാം കാര്‍ഷിക സംസ്‌കാരവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. കാര്‍ഷിക സംസ്‌കാരം കേവലം വാക്കുകളില്‍ ഒതുങ്ങികൊണ്ടിരിക്കുകയാണെന്ന് മുറവിളി കൂട്ടുന്ന ജനതയ്ക്ക് ഒരു മറുപടിയും വിഷു കൈ നീട്ടവുമായി എത്തിയിരിക്കുകയാണ് ആവളപ്പാണ്ടിയിലെ സുവര്‍ണ്ണ കതിരുകള്‍.
നമ്മള്‍ മറന്നു തുടങ്ങിയ കൃഷിയ്ക്ക് കേരളത്തിനാകെ മാതൃകയാവുകയാണ് കോഴിക്കോട് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ ആവളപ്പാണ്ടി പാടശേഖരം. മൂന്ന് പതിറ്റാണ്ടോളം പുല്ലും കാടും പായലും നിറഞ്ഞ് കൃഷിക്കാര്‍ നെല്‍ക്കൃഷി ഉപേക്ഷിച്ച് പോയ കോഴിക്കോടിന്റെ നെല്ലറ. എന്നാല്‍ ഇന്നതല്ല അവസ്ഥ. ഇപ്പോഴവിടെ പാടം പൊന്‍ കതിരണിഞ്ഞ് നില്‍ക്കുകയാണ്.
2016 ഡിസംബറില്‍ ആണ് ആവളപ്പാണ്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇന്ത്യ കണ്ടതില്‍ തന്നെ വെച്ചുള്ള ഏറ്റവും വലിയ കാര്‍ഷിക സര്‍ജിക്കല്‍ ട്രീറ്റ്‌മെന്റായിരുന്നു ആവളപ്പാണ്ടിയില്‍ നടന്നത്. അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് ആയിരത്തോളം ഏക്കര്‍ വരുന്ന പാടശേഖരത്ത് അന്നിറങ്ങിയത്. കോഴിക്കോടിന്റെ നെല്ലറയെ തിരിച്ച് പിടിയ്ക്കാനായി നെല്ല് നമ്മുടെ അന്നം, എല്ലാരും പാടത്തേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവിടെ വിത്ത് വിതയ്ക്കാനായി കര്‍ഷകരും അവരുടെ സഹായത്തിനായെത്തിയവരും എത്തിച്ചേര്‍ന്നത്.
തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രിയും പേരാമ്പ്ര എംഎല്‍എയുമായ ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മണ്ഡലത്തിലെല്ലാം തരിശ് രഹിത പാടശേഖരങ്ങളാകണം എന്ന ലക്ഷ്യത്തില്‍ നിന്നാണ് ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. മൃതപ്രാണനു വേണ്ടി കരഞ്ഞു കൊണ്ടിരുന്ന ഭൂമിയെ ഒരു പറ്റം നാട്ടുകാരുടെ നിശ്ചയ ദാര്‍ഢ്യത്തില്‍ നിന്നാണ് കൈ പിടിച്ചുയര്‍ത്തിയത്. അനുദിനം കുറഞ്ഞു വരുന്ന വയലുകളും വര്‍ധിച്ചു വരുന്ന തരിശ് ഭൂമിയെയും തിരിച്ച് പിടിക്കാന്‍ പ്രചോദനമാണ് ആവളപ്പാണ്ടിയിലെ ജീവസ്സുറ്റ പാടശേഖരം.
ഈ വിഷുവിനും നൂറ്റിയൊന്നുമേനി വിളഞ്ഞ് പുഞ്ചിരി തൂകി നില്‍ക്കുകയാണ് ആവളപ്പാണ്ടി. കേരളമാകെ കതിരണിയട്ടെ ആയിരം ആവളപ്പാണ്ടികള്‍.