ജലജാപ്രസാദ്, മഞ്ചേരി
ഓരോ ആളും
ഒറ്റയ്ക്കാണ് പിറക്കുന്നതെങ്കിലും
അവനും അവളും
കുഞ്ഞുങ്ങളെയും
വയസ്സായോരെയും
സമപ്രായക്കാരെയും
ഉള്ളിൽ
പെറ്റുകൂട്ടാറുണ്ട്
ഒറ്റക്കിരുന്ന്
പ്രാന്താവുമോന്ന്
തോന്നുമ്പോഴാണ്
ആരും കാണാത്ത മുറികളിൽ
‘ചടേ’ന്ന് പ്രസവം നടക്കുന്നത്
സുഖപ്രസവമാണെങ്കിലും
ചിലതിന്
സിസേറിയൻ കഴിഞ്ഞ
നോവാകും
കനത്ത കരളും
കരിഞ്ഞ കണ്ണുമുള്ള ജനനം
വേദനതന്നെ
ചിലപ്പോൾ
തന്നോളം പോന്നവരെയാവും
പെറുന്നത്.
രസമാണ്
അവരോടൊപ്പം കളിയ്ക്കാൻ
ചിരിക്കാൻ
വഴക്കിടാൻ
യാത്ര പോകാൻ
നേരം പോണത്
അറിയുകയേ ഇല്ല
ചില എതിർലിംഗങ്ങൾ
പെട്ടെന്നാവും
ഉള്ളിൽ വളരുക
കൃത്യമായ ശുശ്രൂഷ
അതാവശ്യപ്പെടും
പൊരിവെയിലിൽ അവർ
തണലാകും
ഒരു മഴയിൽ
ഇരുമേനി നനയും
രണ്ടു കാടുകൾ
ഒരുമിച്ച് പൂക്കും
പാതിരാവിലും
സൂര്യനുദിക്കും.
ഈ സമയം കടന്നു പോകല്ലേ..
എന്നവർ
പ്രാർഥിച്ചു കൊണ്ടേയിരിക്കും
മരിക്കുന്നതിന് മുമ്പ്
നാം പല തവണ
ജനിച്ചിട്ടുണ്ടാവും
പലതവണ ജനിപ്പിച്ചിട്ടുണ്ടാവും
ആരുമറിയാതെ
ആണും പെണ്ണും
ഇങ്ങനെ
പെറ്റു കൂട്ടുന്നതു കൊണ്ടാണ്
ഭ്രാന്താശുപത്രികൾ
പെരുകാത്തത്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.